പത്താമുദയം പുണ്യദിനം

പത്താമുദയം പുണ്യദിനം

HIGHLIGHTS

മേടം പത്തിനാണ് പത്താമുദയം. ജ്യോതിഷപ്രകാരം സൂര്യന്‍ അത്യുച്ചരാശിയില്‍ എത്തുന്നു എന്നതാണ് സങ്കല്‍പ്പം. അതായത് സൂര്യന്‍ ഏറ്റവും ബലവാനായി നിലകൊള്ളുന്ന ദിനമാണ് പത്താമുദയം. സൂര്യ ആരാധനയ്ക്ക് വിശേഷപ്പെട്ട ദിനമെന്ന പോലെ ദേവീപൂജയ്ക്കും, ആരാധനയ്ക്കും ഏറെ വിശേഷപ്പെട്ട ദിനമാണ് പത്താമുദയം. കേരളത്തിലെ പ്രശസ്തമായ നിരവധി ദേവീക്ഷേത്രത്തില്‍ അന്നേദിനം ഉത്സവങ്ങളും ദേവീപൂജകളും നടക്കുന്നുണ്ട്. പത്താമുദയദിനം 21 തവണ അരയാല്‍ പ്രദക്ഷിണം നടത്തിയാല്‍ ജന്മ, മുന്‍ജന്മ പാപങ്ങള്‍ ഇല്ലാതാകും. 

 

മേടം പത്തിനാണ് പത്താമുദയം. ജ്യോതിഷപ്രകാരം സൂര്യന്‍ അത്യുച്ചരാശിയില്‍ എത്തുന്നു എന്നതാണ് സങ്കല്‍പ്പം. അതായത് സൂര്യന്‍ ഏറ്റവും ബലവാനായി നിലകൊള്ളുന്ന ദിനമാണ് പത്താമുദയം. മേടം രാശി സൂര്യന്‍റെ ഉച്ചരാശിയാണ്. ഇതില്‍ മേടം പത്താണ് അത്യുച്ചം. നവഗ്രഹ കേന്ദ്രമാണ് സൂര്യന്‍. പ്രപഞ്ചത്തെ പരിപാലിച്ച് പോകുന്ന പ്രപഞ്ചശക്തിയുടെ കേന്ദ്രവും ഇതുതന്നെ. സൂര്യമണ്ഡലത്തിലൂടെ സര്‍വ്വമൂര്‍ത്തികളും പത്താമുദയദിനം അനുഗ്രഹം ചൊരിയുമെന്നാണത്രേ വിശ്വാസം. ഈ സുദിനത്തിന്‍റെ പ്രത്യേകതയും ഇതുതന്നെ. പത്താമുദയദിനം സൂര്യദേവനെ സ്മരിക്കുകയും ശരീര- മാനസിക ശുദ്ധിയോടെ 'ഓം ഘ്യാണി സൂര്യാദിത്യ' എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുകയും ചെയ്യുക. ഉത്തമനായ കര്‍മ്മിയെക്കൊണ്ട് ഇന്നേദിനം ഗായത്രി ഹോമം ചെയ്യിക്കുന്നതും സൂര്യപ്രീതിക്ക് കാരണമാകും.

ത്വക്ക്, നേത്ര, പിത്ത, ഹൃദയ, ഉഷ്ണരോഗമുള്ളവര്‍, അലസത- ബുദ്ധി, ഓര്‍മ്മക്കുറവ്, അസ്ഥികളുടെ ബലക്കുറവുള്ളവര്‍, ശത്രുക്കളുടെ ഉപദ്രവം മൂലം ജീവിതം വഴിമുട്ടുന്നവര്‍  സൂര്യപ്രീതി നേടുക. രോഗശമനം നേടാം. ഗായത്രിമന്ത്രം 108 തവണ ഇതിനായി ചൊല്ലുക. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാനും സൂര്യഭജനം ഏറെ നന്ന്. സൂര്യഭഗവാന്‍റെ ശക്തിയേറിയ മന്ത്രമാണ് ആദിത്യഹൃദയം. ശത്രുക്ഷയത്തിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച് നല്‍കിയ മന്ത്രമാണിത്. ആദിത്യഹൃദയജപം പതിവാക്കിയാല്‍ അജ്ഞതയും, വിഷാദവും നീങ്ങി ജീവിതം ഐശ്വര്യപൂര്‍ണ്ണമാകുമെന്ന് വിശ്വാസം. സൂര്യാസ്തമനത്തിനുശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കേണ്ടതില്ല.

നാഗപൂജയ്ക്കും, നാഗപ്രീതി മന്ത്രങ്ങള്‍ചൊല്ലുന്നതിനും ഏറെ വിശേഷപ്പെട്ട ദിനങ്ങളാണ് വിഷു മുതലുള്ള പത്ത് ദിനങ്ങള്‍. ക്ഷിപ്രഫലമുണ്ടാകും. 

വിഷു മുതലുള്ള പത്ത് ദിനങ്ങളില്‍ രണ്ട് നേരം സഹസ്രാവര്‍ത്തി ഗായത്രിമന്ത്രം, അഷ്ടാക്ഷരീ മന്ത്രം, പഞ്ചാക്ഷരീമന്ത്രം, ആദിത്യമന്ത്രം എന്നിവ ചൊല്ലുക.

പത്താമുദയദിനം 21 തവണ അരയാല്‍ പ്രദക്ഷിണം നടത്തിയാല്‍ ജന്മ, മുന്‍ജന്മ പാപങ്ങള്‍ ഇല്ലാതാകും. വ്രതാനുഷ്ഠാനത്തോടെ ഈറനായി അരയാല്‍ പ്രദക്ഷിണം നടത്തുക. വിഘ്നങ്ങള്‍ മാറുന്നതിനായി 18 തവണയും, കാര്യവിജയത്തിനായി 36 പ്രാവശ്യവും അരയല്‍ പ്രദക്ഷിണം നടത്തുക.

വിത്ത് വിതക്കലിന്‍റേയും വൃക്ഷത്തൈകള്‍ നടുന്നതിന്‍റേയും ദിനം കൂടിയാണ് പത്താമുദയം. തെങ്ങിന്‍തൈ നടുവാന്‍ ഏറെ വിശേഷപ്പെട്ട ദിവസമാണ് പത്താമുദയം. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്താം നാള്‍ ഉദയസൂര്യനെ 'വെള്ളിമുറം കാണിക്കുക' എന്നൊരു ചടങ്ങ് പണ്ടുകാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഈ അരിപ്പൊടി ഉപയോഗിച്ച് പലഹാരങ്ങള്‍ ഉണ്ടാക്കി പ്രസാദമായി കഴിക്കുകയും വിതരണം നടത്തുകയും ചെയ്യുമായിരുന്നു.

സൂര്യ ആരാധനയ്ക്ക് വിശേഷപ്പെട്ട ദിനമെന്ന പോലെ ദേവീപൂജയ്ക്കും, ആരാധനയ്ക്കും ഏറെ വിശേഷപ്പെട്ട ദിനമാണ് പത്താമുദയം. കേരളത്തിലെ പ്രശസ്തമായ നിരവധി ദേവീക്ഷേത്രത്തില്‍ അന്നേദിനം ഉത്സവങ്ങളും ദേവീപൂജകളും നടക്കുന്നുണ്ട്. വിഷുനാളില്‍ ചാല് കീറിയ വയലില്‍ വിത്ത് വിതയ്ക്കുന്നത് പത്താമുദയത്തിനാണ്. മലബാര്‍ഭാഗത്ത് പത്താമുദയത്തിന് കാലിച്ചാല്‍ തെയ്യം വീടുകള്‍ തോറും കയറി അനുഗ്രഹം നല്‍കുന്ന പതിവുണ്ടായിരുന്നു. വയനാട്ടില്‍ കുറിച്യ വിഭാഗക്കാര്‍ ആയോധനകലാപ്രദര്‍ശനം നടത്തുന്നതും പത്താമുദയനാളിലാണ്.