പത്താമുദയ പുണ്യം പത്താമുദയത്തിന് പത്തു തൈ
ജ്യോതിഷപ്രകാരവും ഏറ്റവും നല്ല ദിവസമാണ് മേടം പത്ത്. മുഹൂര്‍ത്തം ലഭിക്കാതെ മാറ്റിവച്ച ഏതെങ്കിലും നല്ല കാര്യമുണ്ടെങ്കില്‍ അത് തുടങ്ങുവാന്‍ ഏറ്റവും ഉചിതമായ ദിവസം പത്താമുദയമാണെന്ന് സങ്കല്‍പ്പമുണ്ട്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പത്താമുദയത്തിന് പ്രത്യേക പൂജകളുണ്ട്. മേടം ഒന്നിന് കൊടിയേറി പത്താമുദയ ദിവസം കൊടിയിറങ്ങുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. മേടവിഷുവിനെന്നപോലെ പത്താമുദയത്തിനും പുലര്‍ച്ചെ ഉണര്‍ന്ന് കണികാണുന്ന രീതി പണ്ടുകാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇന്നും അപൂര്‍വ്വം കര്‍ഷകകുടുംബങ്ങളില്‍ ഈ ആചാരം തുടരുന്നുണ്ട്.
വിഷുവും ക്ഷേത്രോത്സവങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന ആഘോഷങ്ങളുടെ വര്‍ണ്ണാഭയുള്ള മാസമാണല്ലോ മേടമാസം. അതിലുപരി കാര്‍ഷിക കാര്യങ്ങള്‍ക്ക് ഏറ്റവും അത്യുത്തമം കൂടിയാണ് ഈ മലയാളമാസം. കാര്‍ഷികാചാരങ്ങളുടെ മാസമായിട്ടുകൂടിയാണ് മേടമാസത്തെ കാണുന്നത്. ദക്ഷിണായനരേഖയില്‍ നിന്ന് സൂര്യന്‍റെ വടക്കോട്ടുള്ള യാത്രയായ ഉത്തരായനത്തിനിടെ ഭൂമധ്യരേഖയ്ക്ക് നേരെ മുകളില്‍ സൂര്യന്‍ വരുന്ന ദിവസമാണ് വിഷു. രാവും പകലും തുല്യമായി വരുന്ന ദിവസമാണിത്.
തുടര്‍ന്നുവരുന്ന വിഷുസംക്രമമാണ് മേടവിഷുവായി നാം ആചരിക്കുന്നത്. ആചാരപരമായ കാര്യങ്ങളില്‍ നാം പിന്‍തുടരുന്ന നിരയണ രീതിയനുസരിച്ച് ഏപ്രില്‍ 14 നാണ് മേടവിഷു സംക്രമം വരുന്നത്. അതുകഴിഞ്ഞ് പത്താം ദിവസമാണ് പത്താമുദയം. ഉത്തരാര്‍ദ്ധ ഗോളത്തില്‍ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഒന്നാണിത്. കേരളത്തില്‍ മേടം ഒന്നിലെ വിഷു ദിവസത്തോടെയാണ് കാര്‍ഷികാചാരങ്ങള്‍ക്ക് തുടക്കമാവുക. മേടം 10 ന് ആണ് പത്താമുദയം അഥവാ മേടം പത്ത് അനുഷ്ഠിക്കുന്നത്.
വിഷുവും അതിന്‍റെ പത്താം നാളിലെ മേടപ്പത്തും കര്‍ഷകര്‍ക്ക് വളരെയേറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്. വിത്തിറക്കാനും പുതിയ തൈ നടാനുമെല്ലാമുള്ള ദിവസമാണിത്. പത്താമുദയം, മേടപ്പത്ത് എന്നിങ്ങനെയെല്ലാം ഈ ദിവസം അറിയപ്പെടുന്നു. അന്നേദിവസം സൂര്യന്‍ അത്യുച്ഛരാശിയില്‍ വരും. പത്താമുദയം, മേടസംക്രമം, അക്ഷയതൃതീയ, ഉത്സവങ്ങള്‍, പൂരങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ മംഗളകാര്യങ്ങള്‍ നടക്കുന്ന കാലം കൂടിയാണിത്.
സാധാരണയായി രണ്ട് പത്താമുദയമാണുള്ളത്. മേടപ്പത്തും തുലാപ്പത്തും.
കൃഷിക്ക് ആവശ്യമുള്ള രീതിയില്‍ പ്രകൃതിയെ ലഭിക്കുന്നത് മേടം പത്തിനാണ്. സൂര്യന്‍ വളരെ കരുത്തനായിരിക്കുന്ന സമയം. എന്നാല്‍ തുലാപ്പത്ത് കൃഷിക്ക് ഒട്ടും അനുയോജ്യമല്ല. സൂര്യനെ വളരെ ബലഹീനനായിട്ടാണ് അന്ന് കാണാനാവുക. കാലവര്‍ഷം തുടങ്ങുന്നതാണ് അതിനുകാരണം.
അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഈ ദിനം ഏറെ പ്രിയങ്കരം. മേടവിഷു ശ്രീകൃഷ്ണപ്രീതികരവും പത്താമുദയം സൂര്യപ്രീതികരവുമാണ്. വിഷുദിനത്തില്‍ ശ്രീകൃഷ്ണചിന്തയോടെ കൃഷിയിടങ്ങള്‍ കൃഷിക്കായി പാകമാക്കും. ഒന്നുരണ്ട് വേനല്‍മഴ കിട്ടി, പാടവും പറമ്പും മേടം പത്ത് ആകുമ്പോഴേക്കും കുതിര്‍ന്നിരിക്കും. അനന്തരം സൂര്യപ്രീതികര്‍മ്മങ്ങളോടെ പത്താമുദയത്തിന് പാടത്ത് വിത്തിറക്കുകയോ പുതിയ തൈകള്‍ നടുകയോ ചെയ്യും. ഇതാണ് ആചാരം.
കൃഷി ഈശ്വരീയ കര്‍മ്മമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരുടെ ആചാരാനുഷ്ഠാനമാണ് പത്താമുദയം. വിഷു ദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. വിതയ്ക്കാനുള്ള ചാലുകീറല്‍ അഥവാ നിലം ഉഴല്‍ ആണ് ആദ്യം. ഏത് വിളവാണെങ്കിലും അതിനുശേഷം പത്താമുദയത്തിനാണ് വിത്തുവിതയ്ക്കാനും തൈ നടാനുമൊക്കെ തെരഞ്ഞെടുക്കുന്നത്. ഏത് ശുഭകാര്യത്തിനും ഉത്തമദിനമാണിത്. അതുകൊണ്ടുതന്നെ വിത്തുവിതയ്ക്കാനും തൈ നടാനും മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് പഴമക്കാരുടെ വിശ്വാസം.
ഈ ദിവസങ്ങളില്‍ സൂര്യോദയത്തിന് മുന്‍പേ ദീപം തെളിയും.
കര്‍മ്മസാക്ഷിയായ ഉദയസൂര്യനെ ദീപം തെളിയിച്ചാണ് വരവേല്‍ക്കുക. കന്നുകാലികള്‍ക്ക് ദീപം കാണിച്ച് ഭക്ഷണം കൊടുക്കുകയും ചെയ്യും. നിത്യപൂജയില്ലാത്ത കാവുകളില്‍ ഈ സമയത്ത് പൂജ നടത്തും. വീടുപാലുകാച്ചലിന് ഈ ദിനം ഉത്തമമായി കരുതുന്നു. വയനാട്ടിലെ കുറിച്യര്‍ വിഭാഗം പത്താമുദയത്തിന് ആയോധനകലയുടെ പ്രദര്‍ശനം നടത്താറുണ്ട്.
പത്താമുദയത്തിന് പത്ത് തൈ എങ്കിലും നടണമെന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
ഉഷ്ണകാലമായ മേടം പത്തിന് തൈകള്‍ നട്ടാല്‍ തുടര്‍ന്നുള്ള നാളുകളില്‍ ചൂടുകുറഞ്ഞ് ക്രമേണ മഴക്കാലത്തിലേയ്ക്ക് പ്രവേശിക്കും. ഇടവപ്പാതിക്ക് കാലവര്‍ഷം തുടങ്ങും എന്ന കണക്ക് പലപ്പോഴും തെറ്റാറില്ല. അതുകൊണ്ടുതന്നെ പത്താമുദയത്തിന് തൈനട്ട് ആദ്യദിവസങ്ങളില്‍ ചെറുതായി നനച്ചുകൊടുത്താല്‍ അത് മണ്ണില്‍ പിടിക്കുമെന്ന് പഴമക്കാര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിന് പത്തു തൈ എങ്കിലും നടണമെന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.
ജ്യോതിഷപ്രകാരവും ഏറ്റവും നല്ല ദിവസമാണ് മേടം പത്ത്. മുഹൂര്‍ത്തം ലഭിക്കാതെ മാറ്റിവച്ച ഏതെങ്കിലും നല്ല കാര്യമുണ്ടെങ്കില്‍ അത് തുടങ്ങുവാന്‍ ഏറ്റവും ഉചിതമായ ദിവസം പത്താമുദയമാണെന്ന് സങ്കല്‍പ്പമുണ്ട്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പത്താമുദയത്തിന് പ്രത്യേക പൂജകളുണ്ട്. മേടം ഒന്നിന് കൊടിയേറി പത്താമുദയ ദിവസം കൊടിയിറങ്ങുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്.
മേടപ്പത്ത് പുലര്‍ച്ചെ സൂര്യോദയം തുടങ്ങി ആറാം നാഴിക മുതല്‍(രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് മുതല്‍) ഒന്നരമണിക്കൂര്‍ നേരം വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്നതിനാല്‍ ഈ സമയം ഗൃഹസംബന്ധമായ മുഹൂര്‍ത്തങ്ങള്‍ക്കും ശുഭപ്രദമാണെന്ന് ജ്യോതിഷം പറയുന്നു.
മേടവിഷുവിനെന്നപോലെ പത്താമുദയത്തിനും പുലര്‍ച്ചെ ഉണര്‍ന്ന് കണികാണുന്ന രീതി പണ്ടുകാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇന്നും അപൂര്‍വ്വം കര്‍ഷകകുടുംബങ്ങളില്‍ ഈ ആചാരം തുടരുന്നുണ്ട്. അതുപോലെ ഉണക്കലരി പൊടിച്ച് മുറത്തിലാക്കി പത്താമുദയദിവസം, സൂര്യോദയശേഷം വീടിന്‍റെ മുറ്റത്ത് കൊളുത്തിവച്ച നിലവിളക്കിന് മുന്നില്‍ വച്ച് വെയില്‍ കൊള്ളിച്ചശേഷം, ആ അരിമാവുകൊണ്ട് സൂര്യ- ശിവപ്രീതികരങ്ങളായ പലഹാരങ്ങളുണ്ടാക്കി, അത് നിവേദ്യമായി സങ്കല്‍പ്പിച്ച് കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ആചാരം ഇപ്പോഴും തുടരുന്ന പ്രദേശങ്ങളുണ്ട്. അടുത്ത ഒരു കൊല്ലം ആ കുടുംബത്ത് സര്‍വ്വഐശ്വര്യവും ഉണ്ടാകുന്നതിന് സൂര്യദേവന്‍റെ എല്ലാ അനുഗ്രഹവും അവര്‍ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. 'വെളിമുറം' എന്നാണ് ഈ ചടങ്ങിന് പറയുന്നത്. കുടുംബത്തിലെ സ്ത്രീകളാണ് ഇതില്‍ പ്രധാനമായി പങ്കെടുക്കുന്നത്. സൂര്യക്ഷേത്രങ്ങളിലും സ്ത്രീകള്‍ ഈ ചടങ്ങ് അനുഷ്ഠിക്കാറുണ്ട്.
ഐതിഹ്യം
പത്താമുദയവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്:
ഭഗവാന്‍ ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമുള്ള പത്താം നാളാണ് പത്താമുദയം എന്നാണ് ഐതിഹ്യം. തന്‍റെ കൊട്ടാരത്തിലേക്ക് അനുവാദമില്ലാതെ സൂര്യരശ്മികള്‍ അയയ്ക്കുന്നു എന്ന കാരണത്താല്‍ രാവണന്‍ സൂര്യന് നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും, എന്നാല്‍ രാവണനിഗ്രഹത്തിനുശേഷം സൂര്യന്‍ നേരെ ഉദിച്ചുവെന്നും, പത്താമുദയത്തിന് പരിപൂര്‍ണ്ണ തേജസ്സോടെ സൂര്യന്‍ ഉദിച്ചുവെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് സൂര്യഭഗവാനെ ധ്യാനിച്ച് ഈ ദിവസം ചെയ്യുന്ന എല്ലാ കാര്യവും ശുഭകരമായിത്തീരുമെന്നും വിശ്വസിക്കുന്നു.
