പട്ടാളം ഭരിക്കുന്ന ക്ഷേത്രം: ചൈതന്യസമ്പൂർണ്ണമീ പ്രപഞ്ച ഗണപതി
വേണാടിന്റെ പൂർവ്വകാല തലസ്ഥാനമായ പത്മനാഭപുരത്തുനിന്നും കൂട്ടിക്കൊണ്ടുവന്ന രണ്ട് മഹാദേവന്മാരുടെ ചൈതന്യ സാന്നിധ്യത്താൽക്കൂടി ധന്യമാണ് അനന്തപത്മനാഭൻ പള്ളികൊള്ളുന്ന അനന്തപുരി. മാർത്താണ്ഡവർമ്മയുടെ കാലശേഷം വേണാടിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടതോടുകൂടിയാണ് പഴവങ്ങാടി ഗണപതിയും ഒ.ടി.സി ഹനുമാനും തിരുവനന്തപുരത്തുകാരായി മാറിയത്. തലസ്ഥാനമാറ്റത്തെത്തുടർന്ന് തിരുവിതാംകൂറിന്റെ പട്ടാളമായിരുന്നു നായർ ബ്രിഗേഡിന്റെ ആസ്ഥാനവും തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ അവരാണ് പത്മനാഭപുരത്ത് തങ്ങൾ ആരാധിച്ചുകൊണ്ടിരുന്ന ഗണപതിയേയും ഹനുമാനേയും ഒപ്പം കൂട്ടിയതും പാളയത്തും പഴവങ്ങാടിയിലുമായി കുടിയിരുത്തിയതും. ഇതിൽ ഹനുമാന് ആലയമൊരുക്കിയത് പാളയത്തെ മിലിറ്ററി ക്യാമ്പിൽ തന്നെയായിരുന്നു. അതിനാലാണ് ഈ ക്ഷേത്രത്തെ ഒ.ടി.സി ഹനുമാൻ ക്ഷേത്രം എന്നുവിളിക്കുന്നത്(ഒ.ടി.സി- ഓർഗനൈസേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ്). കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ ആരാധനയ്‌ക്കെത്തുന്ന ഹനുമാൻ ക്ഷേത്രം എന്ന നിലയിൽ ഏറെ പ്രശസ്തമാണ്. ഒ.ടി.സി ഹനുമാൻ ക്ഷേത്രം, കിഴക്കേക്കോട്ടയിൽ പഴവങ്ങാടിയിലുള്ള ഗണപതി ക്ഷേത്രമാകട്ടെ കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലാണ് പ്രശസ്തം.
അതുമാത്രമല്ല, കേരളത്തിൽ ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷിക്കുന്ന ക്ഷേത്രം കൂടിയാണിത്. പഴവങ്ങാടിയിലെ ഗണപതി വിഗ്രഹത്തിന് മറ്റ് ഗണപതി വിഗ്രഹങ്ങളിൽ നിന്നും എടുത്തുപറയാവുന്ന ഒരു പ്രത്യേകതകൂടിയുണ്ട്. പീഠത്തിൽ ഇരിക്കുന്ന ഭാവത്തിലുള്ള മറ്റ് എല്ലാ ഗണപതിവിഗ്രഹങ്ങളുടെയും വലതുകാൽ ഒന്നുകിൽ താഴെ നിലത്ത് തൊട്ടുള്ള ഭാവത്തിലോ അല്ലെങ്കിൽ മടക്കിവച്ച് കാൽപത്തി താഴേക്ക് വച്ചോ ആണെങ്കിൽ പഴവങ്ങാടി ഗണപതിയുടെ മടക്കിവെച്ച വലതുകാലിന്റെ കാൽപ്പത്തി അങ്ങനെ താഴേക്ക് വയ്ക്കുന്നില്ല. തൊട്ടടുത്തുതന്നെ, നടന്നുപോകാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പത്മനാഭ സ്വാമിക്ഷേത്രത്തിലെ അനന്തശായിയായ ഭഗവാന്റെ ശിരസിൽ തന്റെ കാൽ സ്പർശിക്കാതിരിക്കാനാണ് പഴവങ്ങാടി ഗണപതി വലതുകാൽ അങ്ങനെ മടക്കിവച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
മറ്റൊരു പ്രത്യേകത, ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇൻഡ്യൻ കരസേനയുടെ മദ്രാസ് റെജിമെന്റാണ് ക്ഷേത്രം നോക്കി നടത്തുന്നത്. അങ്ങനെ പട്ടാളം ഭരണനിർവ്വഹണം നടത്തുന്ന ഒരു ക്ഷേത്രം കേരളത്തിൽ മറ്റെങ്ങുമില്ല.
മേലാങ്കോട്ട് യക്ഷിയും സ്വയംഭൂ ഗണപതിയും
പത്മനാഭപുരം വേണാടിന്റെ തലസ്ഥാനമായിരുന്ന കാലത്ത് കൊട്ടാരത്തിന്റെയും കോട്ടകൊത്തളങ്ങളുടെയുമൊക്കെ സംരക്ഷണച്ചുമതല തിരുവിതാംകൂറിന്റെ സൈന്യമായിരുന്ന നായർ പട്ടാളത്തിനായിരുന്നു. അന്ന് കോട്ടയുടെ ഒരു ഭാഗത്തായി മേലാങ്കോട് യക്ഷിയുടെ ഒരു ശ്രീകോവിൽ സ്ഥിതി ചെയ്തിരുന്നു. ഉഗ്രപ്രതാപിയായ മേലാങ്കോട് യക്ഷിയുടെ ഭീകരത ഭയന്നു രാത്രികാലത്ത് ആ ഭാഗത്ത് പാറാവുനിൽക്കുവാൻ സൈനികരാരും തയ്യാറായിരുന്നില്ല. പാറാവ് നിന്നിരുന്ന സൈനികർ പിറ്റേന്നുകാലത്ത് ബോധരഹിതരായി നിലത്തു കിടക്കുന്നതായി കാണപ്പെടുക പതിവായിരുന്നു.
അങ്ങനിരിക്കെ ഒരു ദിവസം കടുത്ത ദൈവഭക്തനായ ഒരു സൈനികനാണ് പാറാവ് നിൽക്കുവാനുള്ള ചുമതല ലഭിച്ചത്. ചുമതല ഏൽക്കും മുൻപ് പതിവുപോലെ കുളിക്കുവാനായി സമീപത്തുള്ള വള്ളിയൂർ നദിയിൽ മുങ്ങിയ അയാളുടെ പാദം നദിയുടെ അടിഭാഗത്തെ മൺതിട്ടയിൽ കിടന്ന ഒരു കല്ലിൽ തടഞ്ഞു. എടുത്തുനോക്കിയപ്പോൾ ഏതാണ്ട് ആറിഞ്ച് വലിപ്പമുള്ള ഒരു ഗണപതി വിഗ്രഹം! ദൈവഭക്തനായ ആ സൈനികന് തനിക്ക് ലഭിച്ച വിഗ്രഹത്തിന്റെ ദിവ്യത്വം മനസ്സിലാക്കുവാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അന്ന് പാറാവിന് പോയപ്പോൾ അയാൾ ആ വിഗ്രഹവും കൂടെക്കൊണ്ടുപോയി.
പതിവുപോലെ രാത്രി നന്നേ ഇരുട്ടിയപ്പോൾ ശ്രീകോവിലിൽ നിന്നും ഇറങ്ങിവന്ന മേലാങ്കോട് യക്ഷി സൈനികനെ ഭയപ്പെടുത്തുവാൻ ആവത് ശ്രമിച്ചെങ്കിലും ഗണപതി ഭഗവാന്റെ സാന്നിധ്യം അയാൾക്ക് തുണയായി. പിറ്റേദിവസം ഒരാപത്തും കൂടാതെ അയാൾ തിരികെ എത്തിയപ്പോൾ മറ്റ് സൈനികർ ആശ്ചര്യത്തോടെ വിവരം തിരക്കി. ആദ്യമൊക്കെ അയാൾ ഉഴപ്പിമാറിയെങ്കിലും ഒടുവിൽ തനിക്ക് ലഭിച്ച ഗണപതി വിഗ്രഹത്തിന്റെ കാര്യം വെളിപ്പെടുത്തുകയും, ആ ഗണപതിയാണ് തനിക്ക് തുണയായതെന്ന് പറയുകയും ചെയ്തു.
അതോടെ ഗണപതി വിഗ്രഹം പത്മനാഭപുരം സൈനികത്താവളത്തിൽ സ്ഥാപിക്കുകയും സൈനികർ അവരുടെ ദിനചര്യ ആരംഭിക്കുന്നതിന് മുൻപായി ഗണപതി ഭഗവാനെ ആരാധിക്കുന്നത് പതിവാക്കി മാറ്റുകയും ചെയ്തു. അങ്ങനെ ആ ഗണപതി ഭഗവാൻ നായർ ബ്രിഗേഡിന്റെ രക്ഷിതാവും യുദ്ധദൈവവുമായി കണക്കാക്കപ്പെട്ടു. പിന്നെ കാലാകാലം ആ സ്വയംഭൂ വിഗ്രഹം പൂജ നടത്തി സംരക്ഷിച്ചുപോന്നത് നായർ ബ്രിഗേഡായിരുന്നു. ഐതിഹ്യം പറയുന്നത്, ഒരു യോഗിവര്യൻ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇതെന്നും, അദ്ദേഹം ദർശനത്തിന് പോകുന്ന ക്ഷേത്രങ്ങളിലൊക്കെയും ഈ വിഗ്രഹത്തെയും കൊണ്ടുപോയിരുന്നു എന്നുമാണ്. ഒടുവിൽ തന്റെ സമാധിക്ക് മുൻപ് താൻ ആർജ്ജിച്ച മുഴുവൻ ചൈതന്യവും ഈ വിഗ്രഹത്തിലേക്കാവാഹിക്കുകയും, പ്രപഞ്ച ഗണപതിയായി സങ്കൽപ്പിച്ച് പുത്തനാറിന്റെ ആഴങ്ങളിൽ നിക്ഷേപിക്കുകയുമായിരുന്നത്രെ.
പിന്നീട് തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ സൈനികർ, തങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹവും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോരുകയായിരുന്നു. അതെന്തായാലും എ.ഡി. 1771 ലെ മതിലകം രേഖകളിൽ, മഹാരാജാവിന്റെ എഴുന്നെള്ളത്ത് സമയത്ത് മഴ പെയ്യുന്നത് ഒഴിവാക്കുവാനായി വിഘ്‌നവിനാശകനായ പഴവങ്ങാടി ഗണപതിയുടെ ക്ഷേത്രത്തിൽ 300 നാളീകേരം ഉടയ്ക്കുവാൻ നിർദ്ദേശം നൽകിയതായി കാണുന്നതിനാൽ അതിനും മുൻപേ പഴവങ്ങാടിയിൽ ഗണപതി ക്ഷേത്രം ഉണ്ടായിരുന്നതായി അനുമാനിക്കാം.
പട്ടാളം ഭരിക്കുന്ന ക്ഷേത്രം
1760-ാമാണ്ടിലാണ് തലസ്ഥാനമാറ്റമുണ്ടായതും, ഗണപതിവിഗ്രഹം സൈനികർ തിരുവനന്തപുരത്ത് കൊണ്ടുവന്നതും. അങ്ങനെകൊണ്ടുവന്ന വിഗ്രഹം ആദ്യം കുറേക്കാലം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ വച്ചാണ് പൂജിച്ചിരുന്നത്. പിന്നീട് 1765-ാമാണ്ടിലാണ് ഇന്നത്തെ പഴവങ്ങാടിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് രേഖകൾ.
ഇൻഡ്യാ മഹാരാജ്യം സ്വാതന്ത്ര്യം നേടിയശേഷം തിരുവിതാംകൂറിന്റെ സൈന്യമായ നായർ ബ്രിഗേഡ് ഇൻഡ്യൻ മിലിട്ടറിയുടെ ഭാഗമായി മാറി. അതിനുമുമ്പ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുവാൻ നായർ ബ്രിഗേഡ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ അത് ഒരു വാർഷികാഘോഷമായി തീരുകയും തുടർന്ന് കമ്മിറ്റിയുടെ പേര് തിരുവാതിര കമ്മിറ്റി എന്ന് അറിയപ്പെടുകയും ചെയ്തു. 1956 നവംബർ 13 ന് ആണ് മദ്രാസ് റെജിമെന്റ് ക്ഷേത്രഭരണ നിർവ്വഹണം ഏറ്റെടുത്തത്. പട്ടാളം ഭരണനിർവ്വഹണം നടത്തുന്ന ക്ഷേത്രം എന്ന നിലയിൽ പഴവങ്ങാടി ഗണപതിയെ പട്ടാളഗണപതി എന്നും വിളിച്ചുപോരുന്നു. ഇപ്പോഴത്തെ ഭരണസംവിധാനം, നിത്യകാര്യങ്ങൾക്കായി ഒരു അഡ്‌ഹോക്ക് കമ്മിറ്റിയും, അതിന് മുകളിൽ തിരുവാതിര കമ്മിറ്റിയും എന്നതാണ്. തിരുവാതിര കമ്മിറ്റിയിൽ 50 ശതമാനം നാട്ടുകാരും 50 ശതമാനം മദ്രാസ് റെജിമെന്റിന്റെ ആളുകളുമാണ.് ഈ തിരുവാതിര കമ്മിറ്റിയാണ് ക്ഷേത്രകാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നത്.
വേട്ടയ്‌ക്കൊരു മകൻ ദുർഗ്ഗാഭഗവതി, നാഗദൈവങ്ങൾ എന്നീ ഉപദേവതകളുണ്ട്. ക്ഷേത്രത്തിലെ പ്രധാനിശേഷം വിനായക ചതുർത്ഥി തന്നെയാണ്. അന്നേദിവസം മൂന്ന് ആനപ്പുറത്ത് ഭഗവാന്റെ എഴുന്നെള്ളത്തുണ്ട്. പടിഞ്ഞാറേക്കോട്ട- കിഴക്കേക്കോട്ട വഴി പോയി പത്മനാഭ സ്വാമി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷമാകും എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തുക. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ആയിരക്കണക്കിന് ഭക്തർ ഗണപതി സ്‌തോത്രം ഉച്ചരിച്ചുകൊണ്ട് എഴുന്നെള്ളത്തിനെ അനുഗമിക്കും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്ര കഴിഞ്ഞാൽ അനന്തപുരിയിൽ ഏറ്റവും കൂടുതൽ ഭക്തർ പങ്കെടുക്കുന്നത് പഴവങ്ങാടി ഗണപതിയുടെ എഴുന്നെള്ളത്തിലാണ്.
കാര്യസിദ്ധിക്കായും, വിഘ്‌നങ്ങൾ ഒഴിവാക്കിക്കിട്ടുവാനുമായി ദിവസവും ആയിരങ്ങളാണ് ഈ വിഘ്‌നേശ്വര സന്നിധിയിലെത്തുന്നത്. പ്രധാനവഴിപാട് നാളീകേരം ഉടയ്ക്കൽ തന്നെ. ഒരു ദിവസം എത്ര നാളീകേരങ്ങളാണ് പഴവങ്ങാടി ഗണപതിക്ക് മുന്നിൽ വിഘ്‌നങ്ങളകറ്റുവാനായി എറിഞ്ഞുടയ്ക്കുന്നതെന്നുള്ളതിന് കണക്കില്ല. ക്ഷേത്രം തുറന്നിരിക്കുന്ന മുഴുവൻ സമയവും വിഘ്‌നേശ്വര നാമജപവും തേങ്ങാ ഉടയ്ക്കുന്നതിന്റെ ശബ്ദവും കൊണ്ട് അന്തരീക്ഷം മുഖരിതമായിരിക്കും. ഇടതടവില്ലാതെ ഇഷ്ട ഭഗവാന് മുന്നിൽ ഭക്തർ വഴിപാടർപ്പിക്കുന്ന മറ്റൊരു ക്ഷേത്രം ശബരിമല അയ്യപ്പസന്നിധി മാത്രമായിരിക്കും എന്നുപറയുമ്പോൾ, അവിടെ പക്ഷേ പഴവങ്ങാടിയിലെപ്പോലെ ദിവസവും ഭക്തർ എത്തുന്നില്ല എന്ന വ്യത്യാസമുണ്ട്. പണ്ട് മഹാരാജാവ് ക്ഷേത്രദർശനം നടത്തുന്ന സമയത്ത് അതിശക്തമായ മഴയുണ്ടായി എന്നും, അത് അതിജീവിക്കുവാൻ, ഭഗവാന് മുന്നിൽ നാളീകേരം ഉടയ്ക്കുവാൻ മഹാരാജാവ് പ്രജകൾക്ക് നിർദ്ദേശം നൽകി എന്നുമാണ് പറയപ്പെടുന്നത്. അന്ന് മുതലാണത്രേ വിഘ്‌നങ്ങളകറ്റുവാനായി പഴവങ്ങാടി ഗണപതിക്ക് നാളീകേരം ഉടയ്ക്കുന്നത് പ്രധാന വഴിപാടായത്.
ദിവസവും അഞ്ച് പൂജയും,മഹാഗണപതിഹോമവും, പഞ്ചഗവ്യ കലശാഭിഷേകവും നടക്കുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രമാണ്, ഗുരുവായൂർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഭക്തർ ദിവസവും ദർശനത്തിനെത്തുന്ന ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രവരുമാനം കൊണ്ട് ഇത്രയധികം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു ക്ഷേത്രം കേരളത്തിലില്ല എന്നുള്ളതും എടുത്തുപറയേണ്ടതുണ്ട്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം, ശ്രീചിത്രാ പൂവർഹോമിന് സഹായം.. ഒക്കെ നൽകുന്ന ക്ഷേത്രം, വട്ടിയൂർക്കാവിലെ ഇലിപ്പോട് എന്ന സ്ഥലത്ത് ഒരു വൃദ്ധസദനവും നടത്തുന്നുണ്ട്. അങ്ങനെ മാനവസേവ മാധവസേവ എന്ന ആപ്തവാക്യം അന്വർത്ഥമാകുക കൂടി ചെയ്യുന്നു ക്ഷേത്രഭാരവാഹികൾ.
Photo Courtesy - കാർത്തിക് ഗോപൻ
