ഉഗ്രരൂപിയായ ശ്രീമഹാദേവന്‍ -പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം

ഉഗ്രരൂപിയായ ശ്രീമഹാദേവന്‍ -പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം

HIGHLIGHTS

പഴയ ശ്രീകണ്ഠേശ്വരവും പുതിയ ശ്രീകണ്ഠേശ്വരവും ഇരുഭാഗങ്ങളിലായി കുടികൊള്ളുന്നുണ്ടെങ്കിലും ഇരുക്ഷേത്രങ്ങളും തമ്മില്‍ ആചാരപരമായി ഇപ്പോഴും ചില ബന്ധങ്ങളുണ്ട്. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പന്തിരുനാഴി പൂജ നടത്തി പ്രസാദം കൊണ്ടുചെന്നതിനുശേഷം മാത്രമേ ഇപ്പോഴും പുതിയ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കുകയുള്ളൂ. കാലം ഒരുപാട് പിന്നിട്ടെങ്കിലും ഇപ്പോഴും അനന്തപുരിയിലെ പഴമക്കാരില്‍ പലരും പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാത്രമേ പുതിയ ക്ഷേത്രത്തിലേക്ക് പോവുകയുള്ളൂ.

ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോള്‍ എല്ലാ വിശ്വാസികളുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാദേവക്ഷേത്രമാണ്. എന്നാല്‍ ഇതേ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവര്‍ക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല. എന്നാല്‍ അനന്തപുരിയിലെ പഴമക്കാരെ സംബന്ധിച്ചിടത്തോളം ശ്രീകണ്ഠേശ്വരമെന്നാല്‍ ആദ്യം മനസ്സിലെത്തുന്നത് കോവില്‍വിള മഹാദേവ ക്ഷേത്രമെന്ന് അറിയപ്പെടുന്ന പഴയ ശ്രീകണ്ഠേശ്വര ക്ഷേത്രമാണ്. ഓവര്‍ ബ്രിഡ്ജിന് സമീപത്തെ എസ്.എം.വി സ്ക്കൂളിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാത ക്ഷേത്രം പരിപാലിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.

ഇവിടെ കിഴക്കോട്ട് ദര്‍ശനം അരുളുന്ന രണ്ട് ക്ഷേത്രങ്ങളാണുള്ളത്. അവ യഥാക്രമം തെക്കുഭാഗത്ത് ശിവക്ഷേത്രവും വടക്ക് മഹാവിഷ്ണുക്ഷേത്രവുമാണ്. ശിവക്ഷേത്രം ഓടുമേഞ്ഞതാണ്. അത് കരിങ്കല്‍ വൃത്താകൃതിയില്‍ മുഖമണ്ഡപത്തോടുകൂടിയാണ് സ്ഥിതി ചെയ്യുന്നത്. വാതിലിന് പുറത്ത് സുബ്രഹ്മണ്യനും ശാസ്താവും കൂടാതെ കന്നിയില്‍ ഗണപതി ഭഗവാനും അതിന് സമീപം സര്‍പ്പദൈവങ്ങളും ഉപദേവന്മാരായി കുടികൊള്ളുന്നുണ്ട്. വിഷ്ണുക്ഷേത്രമാകട്ടെ വൃത്താകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ചെമ്പുമേഞ്ഞ മേല്‍ക്കൂരയാണ് ഉള്ളത്. ചതുര്‍ബാഹു രൂപത്തിലുള്ള വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ഭഗവാന്‍റെ മുന്നിലായി നടപ്പന്തലും കിഴക്കുഭാഗത്ത് കവാടമാളികയും സ്ഥിതി ചെയ്യുന്നുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ പരിപാലിക്കുന്ന പുതിയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമെന്ന് അറിയപ്പെടുന്ന ഇവിടെ മഹാദേവന്‍റെ സ്വയംഭൂ ലിംഗമാണ് കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. ഇവിടെ മഹാദേവന്‍ ഉഗ്രരൂപിയാണ്. ഭഗവാന്‍ ആഡംബരപ്രിയനല്ല. മുന്‍കാലത്ത് മഹാദേവന്‍റെ മുന്നിലായി നേര്‍വാതില്‍ ഉണ്ടായിരുന്നു. പക്ഷേ, ഭഗവാന്‍റെ ഉഗ്രത കുറയ്ക്കാന്‍ വേണ്ടി സമീപത്ത് വിഷ്ണുവിനെ പ്രതിഷ്ഠിക്കുകയും പഴയ വാതില്‍ കെട്ടി അടയ്ക്കുകയും ചെയ്തു. അതോടുകൂടി വീഥിക്ക് അഭിമുഖമായുള്ള നേര്‍നട മഹാവിഷ്ണുവിന് മുന്നില്‍ മാത്രമായി.

പുതിയ ശ്രീകണ്ഠേശ്വരവുമായി ബന്ധപ്പെട്ട് ഒരു വിശ്വാസകഥ നിലനില്‍ക്കുന്നുണ്ട്. അതിങ്ങനെയാണ്- പണ്ടൊരിക്കല്‍, പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ അടിച്ചുതളിക്കാരിക്ക് ക്ഷേത്രത്തിലെത്താന്‍ പ്രായാധിക്യം മൂലം സാധിക്കാതെ വന്നു. ഇതോടെ അവര്‍ ഭഗവാനെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചെന്നും അവര്‍ക്ക് ഭഗവാന്‍ വീട്ടില്‍ ദര്‍ശനം അരുളിയെന്നുമാണ് പറയപ്പെടുന്നത്. അങ്ങനെയാണ് പുതിയ ശ്രീകണ്ഠേശ്വരം പിറവിയെടുത്തതത്രേ. ഇതോടെ പൂര്‍വ്വക്ഷേത്രം പഴയ ശ്രീകണ്ഠേശ്വരമായി മാറിയെന്നാണ് കരുതപ്പെടുന്നത്. തിരുവനന്തപുരം നഗരം വികസിക്കുന്നതിന് മുമ്പ് രണ്ട് ക്ഷേത്രങ്ങളും തമ്മില്‍ വലിയ അകലമൊന്നുമില്ലായിരുന്നു. റോഡും റെയില്‍പാളവുമൊക്കെ വന്നതോടെയാണ് ഇരുക്ഷേത്രങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചത്.

പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ കൊടിമരം ഇല്ല എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. കുംഭശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും ഒരുപോലെ ഇവിടെ വിശേഷമാണ്. ശിവരാത്രി ഉത്സവം 11 ദിവസം നീണ്ടുനില്‍ക്കും. രുദ്ര ഏകാദശിക്കാണ് ഉത്സവം ആരംഭിക്കുന്നത് എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. പഴയ ശ്രീകണ്ഠേശ്വരവും പുതിയ ശ്രീകണ്ഠേശ്വരവും ഇരുഭാഗങ്ങളിലായി കുടികൊള്ളുന്നുണ്ടെങ്കിലും ഇരുക്ഷേത്രങ്ങളും തമ്മില്‍ ആചാരപരമായി ഇപ്പോഴും ചില ബന്ധങ്ങളുണ്ട്. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പന്തിരുനാഴി പൂജ നടത്തി പ്രസാദം കൊണ്ടുചെന്നതിനുശേഷം മാത്രമേ ഇപ്പോഴും പുതിയ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിക്കുകയുള്ളൂ. കാലം ഒരുപാട് പിന്നിട്ടെങ്കിലും ഇപ്പോഴും അനന്തപുരിയിലെ പഴമക്കാരില്‍ പലരും പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാത്രമേ പുതിയ ക്ഷേത്രത്തിലേക്ക് പോവുകയുള്ളൂ.

എല്ലാദിവസവും പുലര്‍ച്ച 5.30 മുതല്‍ രാവിലെ പത്ത് മണിവരെയാണ് ദര്‍ശനസമയം. വിശേഷ ദിവസങ്ങളില്‍ അഞ്ചുമണിക്കരും നട തുറക്കുക. വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ദര്‍ശനം. സര്‍വ്വവിഘ്നനിവാരണത്തിനും വിദ്യാവിജയത്തിനുമായി ഗണപതി ഹോമവും ആദിത്യദോഷപരിഹാരം, രോഗശാന്തി എന്നിവയ്ക്കായി കറുകഹോമവും ഉദ്ദിഷ്ടകാര്യസിദ്ധി, ഗ്രഹപ്പിഴ നിവാരണം എന്നിവയ്ക്കായി വിഷ്ണുപൂജയും അര്‍പ്പിക്കാന്‍ ഇവിടെ നിരവധി ഭക്തരാണ് എത്തുന്നത്.