സ്ത്രീകളുടെ ശബരിമല പഴയകുളം പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രം

സ്ത്രീകളുടെ ശബരിമല പഴയകുളം പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രം

HIGHLIGHTS

സ്ത്രീകളുടെ ശബരിമലയെന്ന് കേഴ്വികേട്ട, ശബരിമലയുടെ പശ്ചാത്തല സൗകുമാര്യങ്ങള്‍ ഒത്തുചേര്‍ന്ന ഈ പുണ്യമലയിലേക്ക് സ്ത്രീകള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി, ഭഗവാനെ മനം നിറയെ കണ്ടുവണങ്ങുന്നു. നെയ്യഭിഷേകവും, കളഭാഭിഷേകവും മനസ്സിലേറ്റുവാങ്ങുന്നു. അമൃതകലശമേന്തി വരമരുളുന്ന ഭഗവാന്‍റെ അനുഗ്രഹാശീര്‍വാദത്തില്‍ ആകെ മുങ്ങിനിറഞ്ഞവര്‍ ഒരേ മനസ്സോടെ കൈകള്‍ കൂപ്പി ശരണം വിളിക്കുന്നു. 'സ്വാമിയേ ശരണമയ്യപ്പാ...'

ഒറ്റമുടിക്കെട്ടില്‍ നെയ്ത്തേങ്ങയുമായി ശരണം വിളിച്ച് മലകയറുകയാണവര്‍... കനത്ത മഞ്ഞിനേയും, പാറക്കെട്ടുകളേയും കൂസാതെ കുത്തനെയുള്ള പടികള്‍ ഒന്നൊന്നായി കയറുകയാണവര്‍. അതില്‍ ഏറെയും സ്ത്രീകള്‍ തന്നെ.

ഏറെ ദൂരം വ്യാപരിച്ച് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍; പൂക്കള്‍ നിറഞ്ഞ വള്ളിച്ചെടികള്‍, പാറകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങിയൊഴുകുന്ന നീര്‍ച്ചാലുകള്‍. 'സ്ത്രീകളുടെ ശബരിമല' എന്ന് പേരുകേട്ട, പഴയകുളം പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രമാണിത്.

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ഒട്ടേറെ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടെങ്കിലും, കാനനാന്തരീക്ഷത്തോട് ചേര്‍ന്നുനിന്ന്, ശബരിമലയ്ക്ക് തുല്യമായ അനുഷ്ഠാന സവിശേഷതകളും, ഭൂപ്രകൃതിയും ഒത്തുചേരുന്ന ഇതുപോലൊരു മഹത്സന്നിധാനം ഇല്ലെന്നുതന്നെ വേണം പറയാന്‍.

ആശ്രയിക്കുന്നവര്‍ക്ക് ആയുസ്സും, ആരോഗ്യവും പകര്‍ന്നുനല്‍കുന്ന കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവ് കയ്യില്‍ അമൃതകലശവുമായി വാണരുളുന്ന പുണ്യസങ്കേതമാണിത്. മലകയറിയെത്തുമ്പോള്‍ തന്നെ ശാസ്താവിന്‍റെ ശ്രീകോവില്‍ കാണാം. തൊട്ടടുത്തുതന്നെയാണ് മഹാഗണപതിയുടേയും ദേവിയുടേയും സന്നിധാനങ്ങളും.

മലമുകളിലെ അപൂര്‍വ്വചൈതന്യം

വിസ്തൃത പാറക്കെട്ടുകളും, ചുറ്റിലും വന്‍മരങ്ങളും പുല്‍മേടുകളും നിറഞ്ഞ ഇവിടെ കൗമാരപ്രായക്കാര്‍ കന്നുകാലികളെ മേയ്ക്കാനായി എത്താറുണ്ടായിരുന്നു. ആ പ്രദേശത്തിന് വേര്‍തിരിച്ച് പറയാനാകാത്ത വിധത്തില്‍ പ്രത്യേക ചൈതന്യം അവര്‍ അനുഭവിച്ചുവന്നു. ഓരോ ദിവസവും അവിടെ എത്താനുള്ള വ്യഗ്രത ആയി അവര്‍ക്ക്.  പിന്നീട് അവിടെ കണ്ട ചൈതന്യം സ്ഫുരിക്കുന്ന ശിലയെ അവര്‍ പുഷ്പവൃഷ്ടി നടത്തുകയും പായസം വെച്ച് സമര്‍പ്പിക്കുകയും ചെയ്തുപോന്നു.

കൗമാരപ്രായക്കാരുടെ ചെയ്തികളെക്കുറിച്ചറിഞ്ഞ മുതിര്‍ന്നവര്‍, ആ ചൈതന്യത്തില്‍ അത്ഭുതസ്തബന്ധരാവുകയും, ദേവപ്രശ്നം നടത്തുകയും ചെയ്തു. കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവ് അഭീഷ്ടവരദായകനായി അവിടെ കുടികൊള്ളുകയാണെന്ന വിവരം അങ്ങനെയാണവര്‍ തിരിച്ചറിഞ്ഞത്. പഴയകുളം പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഈ വിധത്തിലാണ്.

പാറക്കെട്ടുകളും, കാട്ടുമുള്‍ച്ചെടികളും നിറഞ്ഞ കാനനപാത താണ്ടി, ഭക്തര്‍ ഇവിടേക്ക് എത്തിത്തുടങ്ങിയത് അങ്ങനെയാണ്. പിന്നീടാണ് മലമുകളിലെത്താന്‍ പടിക്കെട്ടുകള്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍, ശരണം വിളികളോടെ 172 പടികളും താണ്ടിയാണ് ഭക്തര്‍ ഭഗവാനെ കണ്ടുവണങ്ങാനായി മലകയറുന്നത്.

ബാലകഭാവത്തിലെ ഭഗവാന്‍

'ബാലകഭാവത്തിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. കയ്യിലേന്തിരിയിക്കുന്നതാവട്ടെ, അമൃതകുംഭവും. ധന്വന്തരി സങ്കല്‍പ്പത്തിനൊപ്പം ധര്‍മ്മശാസ്താ സന്നിധാനമായി ഇവിടം മാറുന്നത് അതുകൊണ്ടാണ്. ഒപ്പം തന്നെ സരസ്വതി സാന്നിധ്യവും കൂടി ഉള്ളതിനാല്‍, ആയുരാരോഗ്യസൗഖ്യത്തിനൊപ്പം, വിദ്യാനുഗ്രഹവും പ്രദാനം ചെയ്യുന്ന അപൂര്‍വ്വ സന്നിധാനമായി ഇവിടം കേള്‍വികേള്‍ക്കുന്നു...' ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിഹരസുതന്‍ 'ജ്യോതിഷരത്ന'ത്തോട് പറഞ്ഞു.

ഭഗവാന്‍ ബാലകഭാവത്തില്‍ ആയതിനാല്‍, സ്ത്രീകളോട് പ്രത്യേക വാത്സല്യം തന്നെയാണുള്ളത്. തന്‍റെ മുന്നിലെത്തുന്ന ഭക്തകളിലൊക്കെയും മാതൃത്വമാണ് സ്വാമി കാണുന്നതും. അനുഗ്രഹത്തിലും, വാത്സല്യത്തിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നത് ആ വിധത്തില്‍ മാതാ-പുത്രബന്ധം തന്നെയാണ്. ആ അനുഭവത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് ഇപ്പോഴും എനിക്കറിയില്ല. അത്രത്തോളം ദിവ്യമായ ഒരു അനുഭൂതിയാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ അതേ ചിട്ടവട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ആരാധനാവിധികളാണ് പഴയകുളം പാറ ക്ഷേത്രത്തിലുമുള്ളത്. എല്ലാ മലയാള മാസം ഒന്നാം തീയതിയും, നട തുറക്കും. മണ്ഡലകാലത്തും,  മകരവിളക്കിനും വിശേഷാല്‍ പൂജകളും സമംഗളമായി നടത്തിവരുന്നു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും നടയില്‍ പൂജകള്‍ നടക്കുകയും ചെയ്യും.

'വൃശ്ചികമാസത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളാണ് ഇവിടെ ഉത്സവകാലം. അതില്‍ ആദ്യം വരുന്ന ഞായറാഴ്ച ഭഗവാന്  വിശേഷാല്‍ കളഭാഭിഷേകവും നടക്കും. ഈ ദിവസങ്ങളിലെല്ലാം വ്രതമെടുത്ത സ്ത്രീകള്‍, നെയ്ത്തേങ്ങയുമായി ശരണം വിളികളോടെ  പടിക്കെട്ടുകള്‍ താണ്ടി ഭഗവാനെ കാണാനെത്തും. വിദൂരദിക്കില്‍ നിന്നുമെത്തുന്നവര്‍ ഒരാഴ്ചയില്‍ കുറയാതെ വ്രതമെടുത്ത് സമീപസ്ഥക്ഷേത്രങ്ങളില്‍ നിന്ന് ഒറ്റമുടിക്കെട്ടില്‍ നെയ്ത്തേങ്ങയുമായി ധര്‍മ്മശാസ്താവിനെ കണ്ടുതൊഴാനെത്തുന്നു. നെയ്യഭിഷേകം കണ്ട് നിറഞ്ഞ മനസ്സോടെയാണവര്‍ മലയിറങ്ങുന്നത്. മുന്‍ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ ബാലമുരളി ഇവിടെ എത്തിയപ്പോള്‍, ചൂണ്ടിക്കാണിച്ചതും ഈ ക്ഷേത്രത്തിന്‍റെ ഈവിധം ചൈതന്യ പ്രാധാന്യത്തെ തന്നെയാണ്. 

ശബരിമലയിലെന്നതുപോലെയുള്ള ദിവ്യത്വമാണിവിടെ നിറഞ്ഞുനില്‍ക്കുന്നതെന്ന അദ്ദേഹത്തിന്‍റെ വാക്കുകളെ അത്യധികം ഭക്ത്യാദരവുകളോടെയാണ് ഞങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്നത്..'

ദേവസ്വം ഭാരവാഹികളായ ബാബുരാജ് ദാമോദരനും, വല്ലത്തുപറമ്പില്‍ ദേവദാസനും, രമേശന്‍ കളരിക്കലുമെല്ലാം 'ജ്യോതിഷരത്ന'ത്തോട് മനസ്സ് തുറക്കുന്നു.

അപ്പംമൂടലും പൂമൂടലും

ഗണപതിക്ക് അപ്പംമൂടല്‍, ദേവിക്ക് വിശേഷാല്‍ പൂജ, നാഗദേവതകള്‍ക്കയി നൂറും  പാലും, ഗന്ധര്‍വ്വപ്രീതിക്കായി ഗന്ധര്‍വ്വപൂജ തുടങ്ങിയവയെല്ലാം ഇവിടുത്തെ സവിശേഷപൂജകളാണ്. കൂടാതെ, ശനീശ്വരപൂജ, വിദ്യാഗോപാലമന്ത്രാര്‍ച്ചന, രോഗശമനപുഷ്പാഞ്ജലി, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി, ഒറ്റയപ്പ നിവേദ്യം തുടങ്ങിയ വഴിപാടുകള്‍ക്കുമായി ഒട്ടേറെ ഭക്തരാണിവിടെ എത്തുന്നത്.

ഏത് വേനലിലും വറ്റാത്ത നീരുറവയാണ് ക്ഷേത്രപരിസരത്തെ മറ്റൊരു സവിശേഷത. പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുകയാണ് ആ ദിവ്യജലധാര. ഇന്നിപ്പോള്‍ ആള്‍മറകെട്ടി കിണര്‍ പോലെ ആ ഉറവയെ സംരക്ഷിച്ചുവരികയാണ്.

പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന ഈ തീര്‍ത്ഥാടനസാമീപ്യമാകാം, 'പഴയകുളം പാറ' എന്ന പേരിന് അടിസ്ഥാനമായതെന്നാണ് വിശ്വാസം.

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്താണ് ഈ ദിവ്യസന്നിധാനം കുടികൊള്ളുന്നത്. ചാലക്കുടിയില്‍ നിന്നും കുറ്റിച്ചിറ വഴി കുണ്ടുകുഴിപ്പാടം വഴി ക്ഷേത്രത്തിലെത്തിച്ചേരാം. ഇവിടേക്ക് വാഹനസൗകര്യം എപ്പോഴും ലഭ്യവുമാണ്.


സ്ത്രീകളുടെ ശബരിമലയെന്ന് കേഴ്വികേട്ട, ശബരിമലയുടെ പശ്ചാത്തല സൗകുമാര്യങ്ങള്‍ ഒത്തുചേര്‍ന്ന ഈ പുണ്യമലയിലേക്ക് സ്ത്രീകള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി, ഭഗവാനെ മനം നിറയെ കണ്ടുവണങ്ങുന്നു. നെയ്യഭിഷേകവും, കളഭാഭിഷേകവും മനസ്സിലേറ്റുവാങ്ങുന്നു. അമൃതകലശമേന്തി വരമരുളുന്ന ഭഗവാന്‍റെ അനുഗ്രഹാശീര്‍വാദത്തില്‍ ആകെ മുങ്ങിനിറഞ്ഞവര്‍ ഒരേ മനസ്സോടെ കൈകള്‍ കൂപ്പി ശരണം വിളിക്കുന്നു. 'സ്വാമിയേ ശരണമയ്യപ്പാ...'

മഞ്ഞണിഞ്ഞ പ്രകൃതിയും, നനവാര്‍ന്ന ഇലച്ചാര്‍ത്തുകളും ഇളങ്കാറ്റിലിളകിയാടി ശരണമന്ത്രധ്വനികള്‍ ഏറ്റുപാടുന്നു. 'കലിയുഗവരദാ കാത്തരുളേണമേ...'


ഫോട്ടോ: പ്യാരിലാല്‍ പാട്യം
പഴയകുളം പാറ
ശ്രീധര്‍മ്മശാസ്താക്ഷേത്രം,
9745553612