പഴികേള്‍ക്കുന്ന നക്ഷത്രങ്ങള്‍
വെറുതേ പഴികേള്‍ക്കുന്ന ഒരു വിഭാഗം ആളുകള്‍ സാമൂഹ്യചുറ്റുപാടിലുണ്ട്. അതുപോലെ കുറ്റാരോപിതരായ കുറെ നാളുകള്‍ നമുക്കുണ്ട്.
അശ്വതി, മകം, മൂലം, -ആയില്യം തൃക്കേട്ട രേവതി.
അതൊരു ഗ്രൂപ്പാണ്. അടുത്തത്
ചിത്തിര, പൂരാടം, പൂയം, അത്തം
ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ ഗണ്ഡാന്തദോഷത്തിന്റെ പേരിലാണ് കുറ്റാരോപിതരാവുന്നത്.
അശ്വതി മകം മൂലം മുതലായവരുടെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ഗണ്ഡാന്തദോഷമുണ്ട്. ഗണ്ഡാന്തത്തില്‍ ജനിച്ചാല്‍ അവര്‍ ജനിച്ച വീടിനും കുലത്തിനും ദോഷം വരുത്തി, സകലതിനെയും ചവുട്ടിമെതിച്ച് ജാതര്‍ സ്വയം രാജപദവിയില്‍ കഴിയുമെന്നാണ് ആചാര്യമതം. അതിന് പാഠഭേദങ്ങള്‍ ധാരാളമുണ്ട്. വ്യാഴത്തിന്റെ അല്ലെങ്കില്‍ മറ്റു ശുഭഗ്രഹങ്ങളുടെ യോഗസ്ഥിതി, ദൃഷ്ടി ഇവ കാര്യങ്ങളെ മാറ്റിമറിക്കും. ഗണ്ഡാന്തത്തിലെ ജനനം മൂന്നേമുക്കാല്‍ നാഴികയേ ജീവിക്കൂ. ദീര്ഘായുര്യോഗങ്ങളുണ്ടായാല് അവര്‍ കയറിപ്പോരും. എന്നാല്‍ ദിനവും തിഥിയും, ചന്ദ്രബലവും ഒത്തുവന്നാലേ യോഗം ഫലിക്കൂ എന്നതാണ് സത്യം.
ആയില്യം കേട്ട രേവതി- 4-ാം പാദത്തിലെ ജനനത്തിനാണ് ഈ ദോഷം. അതില്‍ കോട്ടയുടെ അവസാനപാദവും മൂലത്തിന്റെ ആദ്യപാദവും ചേരുന്ന അത്ഭുതസന്ധിയില് ജനിക്കുന്നത് വളരെ കഷ്ടമായി കരുതുന്നു. അത്തരക്കാര്‍ കള്ളന്മാരോ, ക്രിമിനലുകളോ വീടും നാടും വിട്ട് അലയുന്നവരോ ആയേക്കാം. തൃക്കേട്ട ജനിച്ചാല്‍ മൂത്തസഹോദരന് നാശം വരുത്തുമെന്ന് ചൊല്ലുണ്ട്.
മകം, മൂലം നക്ഷത്രങ്ങള്‍ക്കും ധാരാളം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു.
ആയില്യം നക്ഷത്രക്കാര്‍ സര്പ്പദൃഷ്ടിയുള്ളവരാണെന്നും, അവരുടെ നോട്ടം തട്ടിയാല്‍ അയല്പക്കം മുടിയുമെന്നും പറയാറുണ്ട്. അതിനു പരിഹാരമായി വീടിന്റെ അതിര്‍ത്തിയില്‍ മുള നട്ടുവളര്‍ത്താറുണ്ടായിരുന്നു. ഇപ്പോള്‍ അതുസാധ്യമല്ല. മൂന്ന് സെന്റിലും നാലുസെന്റിലുമുള്ള വീടുകളില്‍ എങ്ങനെ അത് സാദ്ധ്യമാവും. അഥവാ അങ്ങനെചെയ്താല്‍ അയല്പക്കക്കാരന്റെ കയ്യും നട്ടവന്റെ പുറവും കൂട്ടിമുട്ടും.
മൂലം നാളിനും കുറ്റാരോപണമുണ്ട്. ഒന്നാം പാദം പിതാവിനും രണ്ടാം പാദം മാതാവിനും, മൂന്നാം പാദം ധനനാശവും ആരോപിക്കപ്പെടുന്നു.
പൂയം നക്ഷത്രവും കളങ്കിതരുടെ നിഴലിലാണ്. ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ജാതനും, രണ്ടാം പാദം മാതാവിനും, മൂന്നാം പാദം പിതാവിനും, നാലാം പാദം അമ്മാവനും ദോഷം വരുത്തുമത്രെ.
അത്തം നാളിനും ദോഷാരോപണമുണ്ട്. അത്തം ഒന്നാംകാല്‍ ജനനം പിതാവിനും രണ്ടാം കാല് അമ്മാവനും, മൂന്നാം പാദം ജാതനും, നാല് മാതാവിനും ദോഷം വരുത്തും.
ചിത്തിര ഒരു വീട്ടിലുണ്ടായാല്‍- 'അത്തറ തോണ്ടും-' ചിത്തിരപ്പന് പെരുവഴിയില്‍ എന്നെല്ലാം ആക്ഷേപങ്ങള്‍ സഹിക്കുന്ന നക്ഷത്രമാണ്.
വേദവ്യാസന്റെയും ശുക്രാചാര്യരുടെയും നക്ഷത്രമായ പൂരാടത്തിനില്ലാത്ത കുറ്റങ്ങള്‍ നിരവധിയാണ്. ഒന്നാം പാദം ജനനം മാതാവിനും, രണ്ടാം കാല് പിതാവിനും, മൂന്നാം പാദം അമ്മാവനും, നാല്- ജാതനുതന്നെയും ദോഷം വരുത്തും. പൂരാടത്തിന് ഇതല്ലാത്ത അനവധി കുറ്റങ്ങള്‍ പലരും ചാര്‍ത്തി കൊടുക്കാറുണ്ട്.
പ്രാസമൊപ്പിച്ച് പല നാളുകള്‍ക്കും പല ഗുണങ്ങളും ദോഷങ്ങളും ആരോപിക്കാറുണ്ട്. പെണ്മൂലം പൊല്മൂലം, ചോതിക്ക് ചോദ്യമില്ല, അവിട്ടം തകിട്ടിലും ഗുണം കാര്‍ത്തിക കീര്‍ത്തിമാനാകും, പൂരം പിറന്ന പുരുഷന്, മകം പിറന്ന മങ്ക, തിരുവോണം തിരിഞ്ഞുതിരിഞ്ഞു നടക്കും. ചതയം ചതഞ്ഞുകിടക്കും. രേവതിക്ക് നൂറുശീലം- അങ്ങനെപലതും.
ഇതിലൊന്നിലും ഒരു കാര്യവുമില്ലെന്നതാണ് സത്യം. ജനനസമയവും, ഗ്രഹനിലകളും ചന്ദ്രബലവുമാണ് മനുഷ്യന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. യോഗങ്ങള്‍ അതിന് പ്രയോക്താക്കളാവും. നക്ഷത്രങ്ങളുടെ പാപദോഷവും, കൂറുദോഷവും ഫലിക്കണമെങ്കില്‍, ആഴ്ച, തിഥി മുതലായവ ഒത്തുവരണം.
മേമ്പൊടി: ആറ്റില്‍ കളഞ്ഞാലും അളന്നുകളയണം.
ശങ്കരാടില് മുരളി
(9074507663)
