
ദേവിയുടെ ശക്തി അപ്രകാരം നിറഞ്ഞിരിക്കുന്നതാണ്
ഇവിടുത്തെ തിരുമുടി. തിരുമുടി ദര്‍ശനം
സര്‍വ്വപാപഹരവും, സര്‍വ്വദോഷനിവാരണവുമാണ്...
തെക്കന്‍ കേരളത്തിലെ എണ്ണപ്പെട്ട ദേവീക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ് പീഠികയില്‍ ഭഗവതിക്ഷേത്രം. അടൂര്‍- പത്തനംതിട്ട പാതയില്‍ അടൂര്‍ പട്ടണത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി പന്നിവിഴ എന്ന ഗ്രാമത്തിലാണ് ഭക്തിയുടെ അത്യപൂര്‍വ്വഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പന്നിവിഴ പീഠികയില്‍ ഭഗവതി ക്ഷേത്രം.
ഐതിഹ്യം
ഏകദേശം എണ്ണൂറ് വര്‍ഷങ്ങള്‍ പഴക്കം കരുതപ്പെടുന്ന ക്ഷേത്രമാണ് പന്നിവിഴ പീഠികയില്‍ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തി ഐതിഹ്യത്തോട് ചേര്‍ന്ന് ഇവിടെ സമീപദേശങ്ങളിലുള്ള ഒട്ടനവധി ക്ഷേത്രങ്ങളുടെ ഉല്‍പ്പത്തിയും ചേര്‍ന്നുനില്‍ക്കുന്നു.
കേരളത്തിലെ പ്രശസ്തമായ ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂര്‍ ഗ്രാമം. ചെങ്ങന്നൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണരുടെ ദൈവികസ്ഥാനത്തിനായി ഉത്തമരില്‍ ഉത്തമനായ ബ്രാഹ്മണനെ നിയോഗിക്കുന്നതിനുവേണ്ടി അമൃത്വകര് ഭട്ടതിരിയും, വാഴാമാവേലി ഭട്ടതിരിയും ചേര്‍ന്ന് തെങ്കാശി ക്ഷേത്രത്തിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന ബ്രാഹ്മണ പരമ്പരയായ ഇടമന പണ്ടാരത്തിന്‍റെ വരവില്‍ നിന്നുമാണ് പീഠികഭഗവതിയുടെ ഉത്പത്തി. ഭട്ടതിരിയുടെ ഇഷ്ടപ്രകാരം സ്വദേശം വിട്ട് യാത്ര തുടങ്ങിയപ്പോള്‍ തങ്ങളുടെ പരദേവതാബിംബവും ഇവര്‍ ചേര്‍ത്തുപിടിച്ചിരുന്നു.
യാത്രാമദ്ധ്യേ വിശ്രമിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ പരദേവതയുടെ പൂജകള്‍ അവര്‍ ചെയ്തു. അവിടെ എല്ലാം ദേവിയുടെ സാന്നിദ്ധ്യം ഉണ്ടാവുകയും ചെയ്തു. കരവാളൂര്‍, കാര്യറ, മാലൂര്‍കുളങ്ങര, പന്നിവിഴ പീഠിക ഭഗവതി, പഴയാറ്റില്‍ ഭഗവതി, ചെങ്ങന്നൂര്‍ പേരിശ്ശേരി ഭഗവതി എന്നിവിടെയെല്ലാം ഇടമന പണ്ടാരത്തിന്‍റെ പരദേവതയായ മാമ്പഴത്തറ ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടായി. ഇടമന പണ്ടാരത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ലിഖിതം തെങ്കാശി ഗോപുരത്തില്‍ കല്ലില്‍ എഴുതിവെച്ചിട്ടുണ്ട് എന്നത് ഈ പരമ്പരയുടെ പൂര്‍വ്വഐതിഹ്യത്തെ ബലപ്പെടുത്തുന്നതുമാണ്.
തിരുമുടിയുടെ അത്ഭുതം
കുംഭമാസത്തിലെ തിരുവാതിരയാണ് പീഠികയില്‍ ഭഗവതിയുടെ വാര്‍ഷികവിശേഷം. ഉത്സവവിശേഷത്തിന്‍റെ പ്രധാന ചടങ്ങാണ് ഭഗവതിയുടെ തിരുമുടി എഴുന്നെള്ളത്തും തിരുമുടി ദര്‍ശനവും. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള മുടിപ്പുരയിലാണ് ഭഗവതിയുടെ രൂപം കൊത്തിയെടുത്ത തിരുമുടി സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍(ഉത്സവങ്ങളില്‍) മാത്രമേ തിരുമുടി പുറത്തെടുത്ത് എഴുന്നെള്ളിക്കുകയുള്ളൂ. വെറും പന്ത്രണ്ട് മണിക്കൂര്‍ മാത്രമേ ദര്‍ശനമുള്ളൂ. പ്ലാവിന്‍റെ തടി കൊണ്ട് നിര്‍മ്മിച്ചിരുന്ന പഴയ തിരുമുടി കാലപ്പഴക്കത്താല്‍ ഭംഗി മങ്ങിത്തുടങ്ങിയിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ തിരുമുടി പുതുതായി ഒന്ന് പണിയാന്‍ തീരുമാനിച്ചിരുന്നു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ പൂര്‍ണ്ണവ്രതമെടുത്താണ് ആശാരി ദേവിയുടെ തിരുമുടി പണിയാന്‍ തുടങ്ങിയത്.
അംഗങ്ങളെല്ലാം പൂര്‍ണ്ണമാക്കി പണിതീര്‍ത്ത തിരുമുടി ആശാരിയുടെ മുന്നില്‍ വെച്ചുതന്നെ ആകാശത്തേയ്ക്ക് പറന്നുയര്‍ന്നു. ഉഗ്രശക്തിയോടെയും, കാറ്റിന്‍റെ അകമ്പടി ശബ്ദത്തോടെയും പറന്നുയര്‍ന്ന തിരുമുടിയെ ലക്ഷ്യമാക്കി ആശാരി തന്‍റെ കയ്യിലിരുന്ന ഉളി വലിച്ചെറിഞ്ഞു. ഉളി ചെന്ന് തറച്ചപ്പോള്‍ തിരുമുടി താഴേയ്ക്ക് വന്ന് പതിച്ചു. ഉളിപ്പാട് തറച്ചിരിക്കുന്നതാണ് ഇന്നിപ്പോള്‍ ഇവിടുത്തെ തിരുമുടി. ദേവിയുടെ ശക്തി അപ്രകാരം നിറഞ്ഞിരിക്കുന്നതാണ് ഇവിടുത്തെ തിരുമുടി. തിരുമുടി ദര്‍ശനം സര്‍വ്വപാപഹരവും, സര്‍വ്വദോഷനിവാരണവുമാണ്.
വൃശ്ചികമാസത്തില്‍ നാല്‍പ്പത്തിയൊന്ന് ദിവസം കളമെഴുത്തുപാട്ടും ഗുരുതിയും മാടന് നിത്യനിവേദ്യവും നടത്തിപ്പോരുന്നു. മുടി എഴുന്നെള്ളത്തും മുടിപ്പേച്ചും ആചാരവിധി പ്രകാരം തന്നെ നടത്തിപ്പോരുന്നു. നവരാത്രി അതിവിശേഷ ആചാരങ്ങളാല്‍ ഇവിടെ ആചരിക്കപ്പെടുന്നു.
പീഠികയില്‍ ക്ഷേത്രം
(9447564458)
തയ്യാറാക്കിയത്:
നാരാണയന്‍പോറ്റി