ഓങ്കാര  പൊരുള്‍തേടി... -പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

ഓങ്കാര പൊരുള്‍തേടി... -പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം

HIGHLIGHTS

കണ്ണൂരില്‍നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കില്‍ മക്രേരി എന്നാണ് മറ്റൊരു പേര്.

 

ത്രേതായുഗത്തില്‍ ശ്രീരാമനാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യത്തില്‍ പ്രതിപാദിക്കുന്നു. വനവാസക്കാലത്ത് രാവണന്‍ സീതയെ അപഹരിച്ചപ്പോള്‍ ശ്രീരാമചന്ദ്രന്‍- ലക്ഷ്മണ- ഹനുമാന്‍ സമേതനായി തെക്കേദിശയിലേക്ക് യാത്ര പുറപ്പെട്ടു. ആ യാത്രാമദ്ധ്യേ അയ്യപ്പന്‍കാവിലെത്തി, ക്ഷേത്രം ദര്‍ശിച്ച ശ്രീരാമന് അവിടെ സുബ്രഹ്മണ്യ സാന്നിദ്ധ്യം അനുഭവപ്പെടുകയും ആ ചരിത്രം ഹനുമാനോടും ലക്ഷ്മണനോടുമായി പറഞ്ഞുകൊടുക്കുകയും ചെയ്തു.

ഒരിക്കല്‍ ബാലസുബ്രഹ്മണ്യന്‍ ബ്രഹ്മാവിനോട് ഓംകാരത്തിന്‍റെ പൊരുള്‍ എന്താണെന്ന് ചോദിക്കുകയുണ്ടായി. എന്നാല്‍, വേദവിധാതാവായ ബ്രഹ്മാവിന് അതിന്‍റെ അര്‍ത്ഥം യഥാവിധി പറഞ്ഞുകൊടുക്കാനായില്ല. ദേഷ്യം വന്ന സുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ തടവിലിടുവാന്‍ വീരബാഹുവിനോട് കല്‍പ്പിച്ചു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായതോടെ പ്രപഞ്ചത്തില്‍ സൃഷ്ടി നിലച്ചു. ദേവകള്‍ പരമേശ്വരനെക്കണ്ട് ഇതിനൊരു പ്രതിവിധി കാണണമെന്ന് അപേക്ഷിക്കുകയുണ്ടായി.

പരമശിവന്‍റെ നിര്‍ദ്ദേശമനുസരിച്ച് സുബ്രഹ്മണ്യന്‍ ബ്രഹ്മാവിനെ മോചിപ്പിച്ചു. പക്ഷേ.., പിന്നീട് അദ്ദേഹത്തിന് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു. കുറച്ചുകാലം ഏകാന്തതയില്‍ അജ്ഞാതവാസം നയിക്കാനായിരുന്നു ദേവഗുരുവിന്‍റെ നിര്‍ദ്ദേശം. അതനുസരിച്ച് ഇവിടെ അയ്യപ്പന്‍ കാവ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഒരു പൊട്ടക്കിണറ്റില്‍ ഏകാന്തവാസം നയിച്ചു. വെയിലും മഞ്ഞും മഴയും ഏല്‍ക്കാതെ ഒരു സര്‍പ്പം ഫണം കുടയാക്കിപ്പിടിച്ച് അദ്ദേഹത്തെ കാത്തുപോന്നു. അതുകൊണ്ടുതന്നെ ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക് സുപ്രധാനമായ സ്ഥാനം നല്‍കി പൂജിക്കണമെന്ന് ശ്രീരാമന്‍ പറഞ്ഞു.

അങ്ങനെ അവര്‍ ക്ഷേത്രദര്‍ശനം നടത്തുകയും ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്‍റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അയ്യപ്പന്‍, താനിരിക്കുന്ന പ്രധാന ശ്രീകോവില്‍ സുബ്രഹ്മണ്യ പ്രതിഷ്ഠയ്ക്കായി തരാമെന്ന് അറിയിക്കുകയും ചെയ്തു.

ശ്രീകോവിലിന്‍റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്‍കിയാല്‍ മതിയെന്നും ശ്രീരാമനോട് പറയുകയുണ്ടായി. അതുപോലെതന്നെ പ്രധാന ശ്രീകോവിലിന്‍റെ തെക്കുഭാഗത്ത് കിഴക്കോട്ട് മുഖമായി ശ്രീകോവില്‍ പണികഴിപ്പിച്ച് ശ്രീ അയ്യപ്പനെ അവിടെ പ്രതിഷ്ഠിച്ചു. സുബ്രഹ്മണ്യസ്വാമിയെ സ്വീകരിക്കാന്‍ വേണ്ടിയെന്ന വണ്ണം അയ്യപ്പന്‍ ആദ്യമിരുന്ന ശ്രീകോവിലിന്‍റെ മുഖം കിഴക്കുഭാഗമായിരുന്നത് മാറ്റി പടിഞ്ഞാറ് ഭാഗത്തെ പ്രവേശനകവാടത്തിന് നേരെയാക്കി. കിഴക്കേനട അടച്ചാണ് മുഖം പടിഞ്ഞാറോട്ടാക്കിയത്.(കിഴക്കേനടയുടെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെ കാണാന്‍ കഴിയും.)

വിഗ്രഹത്തിനാവശ്യമായ, ശ്രേഷ്ഠമായ ശില കണ്ടെത്തി ശില്‍പ്പിയെക്കൊണ്ട് പണികഴിപ്പിച്ച് കൊണ്ടുവരാനായി ശ്രീരാമന്‍ ഹനുമാനെ വടക്കെ ദിശയിലേക്കയച്ചു. വിഗ്രഹത്തിന് പോയ ഹനുമാന്‍ പ്രതിഷ്ഠാമുഹൂര്‍ത്തമായിട്ടും തിരിച്ചെത്തിയില്ല.

ശുഭമുഹൂര്‍ത്തം തെറ്റാതിരിക്കുവാന്‍ ശ്രീരാമന്‍ തന്‍റെ കൈയിലെ പെരുവള ഊരിയെടുത്ത് ബിംബത്തിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അപ്പോഴേയ്ക്കും ഹനുമാന്‍ ബിംബവുമായി എത്തി. ശ്രീരാമന്‍ വളയുടെ മേലെ തന്നെ ബിംബം പ്രതിഷ്ഠിക്കാന്‍ നോക്കുന്നത് കണ്ട ഹനുമാന്‍ വള പിഴുതെടുത്ത് ബിംബം പ്രതിഷ്ഠിക്കുന്നതല്ലേ നല്ലതെന്ന് ചോദിച്ചു. വള ഇനി എടുക്കാനാവില്ലെന്നായിരുന്നു മറുപടി.

എന്നാല്‍, ഹനുമാന്‍ തന്‍റെ ശരീരബലം കാണിക്കാനെന്ന വണ്ണം വളയില്‍ പിടിച്ച് ആഞ്ഞുവലിച്ചു. വള പക്ഷേ, ഇളകി വന്നില്ല. അതുമാത്രവുമല്ല, അതിന്‍റെ കടയ്ക്കല്‍ ഭാഗത്തുനിന്നും ഒരു സര്‍പ്പം ഫണമുയര്‍ത്തി ഉയര്‍ന്നുവരികയും വളയെടുക്കരുതെന്ന സൂചനയോടെ ഫണമിളക്കി താഴേ ഭാഗത്തേയ്ക്ക് തന്നെ ഇറങ്ങിപ്പോകുകയും ചെയ്തു.
അതേത്തുടര്‍ന്ന്, ശ്രീരാമന്‍ അതിന്‍റെ മുകളില്‍തന്നെ ബിംബം പ്രതിഷ്ഠിച്ച് വേണ്ടുന്ന ചടങ്ങുകളെല്ലാം ചിട്ടയോടെ നിര്‍വഹിക്കുകയും ചെയ്തു. അങ്ങനെ'പെരുവള പ്രതിഷ്ഠിക്കപ്പെട്ട' ക്ഷേത്രവും പ്രദേശവും 'പെരുവളശ്ശേരി' എന്നറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ ആ ദേശം പെരളശ്ശേരി എന്ന് പ്രസിദ്ധി നേടി.

മക്രേരിക്ഷേത്രവും രണ്ടമ്പലദര്‍ശനവും

പെരളശ്ശേരിയില്‍ പ്രതിഷ്ഠിക്കാന്‍ ഹനുമാന്‍ എത്തിച്ച വിഗ്രഹം പ്രതിഷ്ഠാസമയം വൈകിപ്പോയതിനാല്‍ തൊട്ടടുത്ത മര്‍ക്കടശ്ശേരി എന്ന മക്രേരിയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രീരാമന്‍ പറഞ്ഞു. അപ്രകാരം തന്നെ ഹനുമാന്‍ പ്രതിഷ്ഠ നടത്തി പൂജ ചെയ്തു. പെരളശ്ശേരിയിലെത്തുന്നവര്‍ മക്രേരിയിലും ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. രണ്ടമ്പലപുണ്യദര്‍ശനമെന്ന് പറയുന്നതും അതുകൊണ്ടാണ്.

മക്രേരിക്ഷേത്രം പ്രതിഷ്ഠ നടത്തിയ ശ്രീഹനുമാന്‍ ക്ഷേത്രതന്ത്രിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷിപ്രകോപിയായ ഹനുമാനെ സാന്ത്വനിപ്പിക്കാന്‍ ഇവിടെ മൂന്ന് മഹാവിഷ്ണുപ്രതിഷ്ഠയും ഉണ്ട്.

വഴിപാടുകള്‍

ഇവിടുത്തെ പ്രധാന വഴിപാട് ഗദ ഒപ്പിക്കലാണ്. അവിലാണ് നിവേദ്യം.
മക്രേരിയ്ക്കടുത്തുതന്നെ പഞ്ചപാണ്ഡവന്മാര്‍ കുളിച്ച കുളം ഐവര്‍കുളം എന്ന പേരില്‍ അറിയപ്പെടുന്നു.

സര്‍പ്പത്തിന് കോഴിമുട്ട സമര്‍പ്പിക്കല്‍

കേരളത്തില്‍ നാഗാരാധനനടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി ക്ഷേത്രം. സര്‍പ്പത്തിന് കോഴിമുട്ട സമര്‍പ്പക്കലും സര്‍പ്പബലിയുമാണ് പ്രധാന പ്രാര്‍ത്ഥനാവഴിപാട്. അശോകമരച്ചുവട്ടിലുള്ള സര്‍പ്പക്കൂട്ടില്‍ മുട്ട സമര്‍പ്പിക്കുകയാണ് ചെയ്യുക. ആയില്യം നാളില്‍ ഈ വഴിപാട് നടത്തുവാന്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉത്സവം

ധനുമാസത്തിലാണ് പെരളശ്ശേരി ക്ഷേത്രത്തിലെ ഉത്സവം. 4-ാം തീയതി കൊടിയേറ്റം നടക്കും. ആറ് ദിവസമാണ് ഉത്സവകാലം. കൊടിയേറുന്ന ദിവസം കൂട്ടി ഏഴുദിവസത്തെ ഉത്സവം പ്രൗഢഗംഭീരമായി നടക്കും.

പ്രധാന വഴിപാട് 

സര്‍പ്പബലിപൂജ സുബ്രഹ്മണ്യപൂജ കോഴിമുട്ട സമര്‍പ്പണം 

കണ്ണൂരില്‍നിന്നും 14 കി.മീ തലശ്ശേരിയില്‍നിന്നും 14 കി.മീ കൂത്തുപറമ്പില്‍നിന്നും 10 കി.മീ