രോഗശാന്തിയുടെ അവസാനവാക്ക് പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം
പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിന് 900 വര്‍ഷങ്ങര്‍ക്കുമേല്‍ പഴക്കമുണ്ടെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ധന്വന്തരി ഭഗവാനെത്തേടി പെരിങ്ങാവിലെത്തുന്നു. രോഗികള്‍ മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ വരെ ഈ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. തങ്ങളുടെ ആവലാതികളും വേവലാതികളും അവര്‍ ഭഗവാന്റെ മുന്നില്‍ അര്‍പ്പിക്കുന്നു. ചിലര്‍ ഭജനമിരിക്കുന്നു. ഭഗവാന്‍ വേര്‍തിരിവില്ലാതെ അവരിലെല്ലാം പ്രസാദ മരുളുന്നു. രോഗികളെ രോഗമുക്തരാക്കുകയും ഉദ്ദിഷ്ട കാര്യസിദ്ധി അനുഭവേദ്യമാക്കുകയും ചെയ്യുന്നു. അവിടുത്തെ ഭസ്മത്തിനു പോലും രോഗശമനത്തിന്റെ ശക്തിയുണ്ടാകുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
മഹാവിഷ്ണുവിന്റെ അവതാരരൂപമായ ശ്രീധന്വന്തരീ മൂര്‍ത്തിയാണ് ആയുര്‍വേദത്തിന്റെ അധിദേവനെന്ന് സങ്കല്‍പ്പം. രോഗശാന്തിയുടെ അവസാനവാക്കായാണ് ധന്വന്തരി ഭഗവാനെ ഭക്തര്‍ കാണുന്നത്. ഏതസുഖം വന്നാലും ധന്വന്തര മൂര്‍ത്തിയെ ഉപാസിച്ചാല്‍ ആ രോഗത്തിന് പൂര്‍ണമായ ശമനമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം . പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിന്റെ പ്രാധാന്യവും അതാണ്.
ഒരു ദിവസം ശരീരം മുഴുവന്‍ വ്രണവുമായി ഒരാള്‍ ധന്വന്തരി ക്ഷേത്രത്തില്‍ ഭഗവദ് ദര്‍ശനത്തിനായെത്തി. തന്റെ രോഗം പൂര്‍ണമായും ശമിപ്പിച്ചു തരണമെന്നയാള്‍ ദേവനോട് അകമഴിഞ്ഞു പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥിച്ചുകൊണ്ടുനിന്ന സമയത്ത് മേല്‍ശാന്തി തീര്‍ത്ഥം നല്‍കി. ധന്വന്തരി മൂര്‍ത്തിയെ അഭിഷേകം ചെയ്ത ഭസ്മം മേല്‍ശാന്തി അയാളുടെ കൈയിലേയ്ക്കിട്ടു കൊടുത്തു കൊണ്ടു പറഞ്ഞു: 'ഈ ഭസ്മം ഒരു നുള്ള് വായിലിട്ടു നുണയുക. ബാക്കിയുള്ളത് വ്രണമുള്ള ഭാഗങ്ങളില്‍ തൂവുക.'അയാള്‍ മേല്‍ശാന്തി പറഞ്ഞതുപോലെ ചെയ്തു.
'നിങ്ങള്‍ പുറത്തു പോയി അവിടെ ഇരിക്കൂ. ഇന്നു മുക്കുടി നിവേദ്യമുള്ള ദിവസമാണ്. പതിനൊന്നു മണി കഴിയുമ്പോള്‍ അത് ഭക്തര്‍ക്ക് നല്‍കും. ആ നിവേദ്യം നിങ്ങള്‍ വാങ്ങി കഴിക്കൂ... എല്ലാത്തിനും ശമനമുണ്ടാകും.' മേല്‍ശാന്തി അയാള്‍ക്ക് ഉപദേശം നല്‍കി.
അയാള്‍ പുറത്തേയ്ക്ക് കടന്ന് മറ്റു ഭക്തര്‍ക്കൊപ്പം അവിടെയിരുന്നു. എല്ലാ മലയാള മാസത്തേയും ആദ്യത്തെ വ്യാഴാഴ്ച ധന്വന്തരി ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യം നേദിക്കാറുണ്ട്. നട അടച്ചശേഷം അതു ഭക്തര്‍ക്ക് വിതരണം ചെയ്യും. അന്നത്തെ ദിവസം മലയാള മാസത്തിലെ ആദ്യ വ്യാഴാഴ്ചയായിരുന്നു.
ഭഗവാനെ തൊഴുതു മടങ്ങിയ ആരോഗി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ധന്വന്തരി ഭഗവാനു മുന്നിലെത്തുമ്പോള്‍ അയാളുടെ അസുഖം പൂര്‍ണമായി മാറിയിട്ടുണ്ടായിരുന്നു.
കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ധന്വന്തരി ഭഗവാനെത്തേടി പെരിങ്ങാവിലെത്തുന്നു. രോഗികള്‍ മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ വരെ ഈ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. തങ്ങളുടെ ആവലാതികളും വേവലാതികളും അവര്‍ ഭഗവാന്റെ മുന്നില്‍ അര്‍പ്പിക്കുന്നു. ചിലര്‍ ഭജനമിരിക്കുന്നു. ഭഗവാന്‍ വേര്‍തിരിവില്ലാതെ അവരിലെല്ലാം പ്രസാദ മരുളുന്നു. രോഗികളെ രോഗമുക്തരാക്കുകയും ഉദ്ദിഷ്ട കാര്യസിദ്ധി അനുഭവേദ്യമാക്കുകയും ചെയ്യുന്നു.
ഇനി അല്‍പം ചരിത്രത്തിലേക്ക്
ആയുര്‍വേദ ആചാര്യനായ ധന്വന്തരിയുടെ അവതാരം ദേവന്മാരുടെ ദു:ഖ നിവൃത്തിക്കുവേണ്ടിയാണെന്നാണ് പുരാണം പറയുന്നത്. ദുര്‍വാസാവിന്റെ ശാപംമൂലം ദേവന്മാര്‍ സര്‍വ ഐശ്വര്യങ്ങളും നഷ്ടപ്പെട്ട് ജരാനര ബാധിച്ച് അലഞ്ഞു തിരിയേണ്ട അവസ്ഥ വന്നു. ഒരു ഗത്യന്തരവുമില്ലാതായപ്പോള്‍ അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. പാല്‍ക്കടല്‍ കടഞ്ഞ് അമൃത് എടുത്തു സേവിച്ചാല്‍ പരിഹാരമുണ്ടാകുമെന്നും ഭഗവാന്‍ അരുളിചെയ്തു.
പക്ഷേ, അവശരായി ഒന്നിനും കഴിയാത്ത ദേവന്മാരാല്‍ അതു കഴിയില്ലെന്നും മഥനം ചെയ്യണമെങ്കില്‍ അസുരന്മാരെ കൂടെ കൂട്ടിയാല്‍ മതിയെന്നും വിഷ്ണുഭഗവാന്‍ ഉപദേശിച്ചു. അതിനു വേണ്ടതൊക്കെ താന്‍ ചെയ്തു കൊള്ളാമെന്നും വാക്കു കൊടുത്തു. അങ്ങനെ പാലാഴികടയല്‍ ആരംഭിച്ചു.
എന്നാല്‍ ഗണപതിയെ പ്രീതിപ്പെടുത്താതെ ദേവാസുരന്മാര്‍ പാലാഴിമഥനം തുടങ്ങിയതിനാല്‍ പല വിഘ്‌നങ്ങളുമുണ്ടായെങ്കിലും മഹാവിഷ്ണുവിന്റെ സാമീപ്യം അതിനെയൊക്കെ തരണം ചെയ്തു മഥനം തുടങ്ങി. കടഞ്ഞപ്പോള്‍ ആദ്യം ഹാലാഹാലമെന്ന അത്യുഗ്രവിഷമാണ് പാലാഴിയില്‍ നിന്നും ലഭിച്ചത്. ആ വിഷം സാക്ഷാല്‍ ശ്രീ പരമശിവന്‍ തന്നെ ഏറ്റുവാങ്ങി അതു മുഴുവന്‍ കുടിച്ചു. അങ്ങനെ ലോകത്തെ ആകമാനം മഹാദേവന്‍ ആ വിഷം പാനം ചെയ്തു രക്ഷിച്ചു.
വീണ്ടും മഥനം തുടര്‍ന്നപ്പോള്‍ ശാപം മൂലം ദേവമാര്‍ക്ക് നഷ്ടപ്പെട്ട എല്ലാ സുഖഭോഗവസ്തുക്കളും പാലാഴിയില്‍ നിന്നും വരാന്‍ തുടങ്ങി. അവയെല്ലാം ദേവന്മാര്‍ വിഭജിച്ചെടുത്തു. ഒടുവില്‍ മഹാവിഷ്ണു തന്നെ കൈയില്‍ അമൃതകലശവുമായി പാലാഴിയില്‍ നിന്നും പൊങ്ങി വന്നു. ആ പൊങ്ങി വന്ന കാരുണ്യമൂര്‍ത്തിയാണ് ആയുര്‍വേദാ ചാര്യനായ ധന്വന്തരി മൂര്‍ത്തി.
ഭക്തിപൂര്‍വം ധന്വന്തരി മൂര്‍ത്തിയെ ഭജിക്കുന്ന ഭക്തജനങ്ങള്‍ക്കെല്ലാം രോഗശാന്തിയും ദു:ഖ നിവൃത്തിയും അനുഗ്രഹിച്ചു നള്‍കുന്നതായി കാണുന്നു. കൂടാതെ നാം സ്വയം ആ നിര്‍വൃതി അനുഭവിക്കുകയും ചെയ്യുന്നു. ആയുര്‍വേദം ധന്വന്തരിമൂര്‍ത്തിയെ എന്നും ഗുരുവായാണ് ആരാധിക്കുന്നത്.
പെരിങ്ങാവും ധന്വന്തരിമൂര്‍ത്തിയും
100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി രാജവംശത്തിലെ അംഗവും വിശ്വപ്രസിദ്ധനായ വിഷചികിത്സകനുമായ കൊച്ചുണ്ണിത്തമ്പുരാന്‍ ധന്വന്തരി മൂര്‍ത്തിയുടെ ഉപാസകനായി പെരിങ്ങാവില്‍ താമസമാക്കി. ക്ഷേത്രത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയ തമ്പുരാന്റെ ഭരണകാലത്താണ് ചുറ്റമ്പലവും ഗോപുരവും ചുറ്റുമതിലുമൊക്കെ നിര്‍മ്മിച്ചത്. വിഷചികില്‍സയില്‍ തമ്പുരാന് അത്ഭുതസിദ്ധി കൈവന്നത് ധന്വന്തരി ഭഗവാന്റെ കൃപാകടാക്ഷത്താലാണ്. അവിടുത്തെ ഭസ്മത്തിനു പോലും രോഗശമനത്തിന്റെ ശക്തിയുണ്ടാകുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിന് 900 വര്‍ഷങ്ങര്‍ക്കുമേല്‍ പഴക്കമുണ്ടെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. പെരികാവ് എന്ന ഇപ്പോഴത്തെ പെരിങ്ങാവുദേശം കൊച്ചിരാജാവിന്റെ അധീനതയിലുള്ളതായിരുന്നു. അന്ന് രാജാവിന്റെ പ്രിയപ്പെട്ട ഗജവീരന് മാറാരോഗം ബാധിക്കുകയും ദിനങ്ങള്‍ കഴിയുന്തോറും രോഗം മൂര്‍ച്ചിച്ച് മൃതപ്രായനായി മാറിക്കൊണ്ടിരുന്നു. പല ശുശ്രൂഷകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ അഷ്ടവൈദ്യനായ തൈക്കാട് മൂസ്സ് ആനയുടെ ചികിത്സ ഏറ്റെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ആനയെ സുഖപ്രാപ്തിയി ലെത്തിച്ചു. അതില്‍ സംപ്രീതനായ മഹാരാജാവ് ധന്വന്തരി ക്ഷേത്രമുള്‍പ്പെടുന്ന സ്ഥലവും സമീപപ്രദേശത്തുള്ള സ്ഥലവും മൂസ്സിന് ഇഷ്ടദാനമായി പതിച്ചു നല്കി.
അഷ്ടവൈദ്യന്മാരുടെ ഈറ്റില്ലമായ തൈക്കാട്ട് മനയിലെ പ്രശസ്ത വൈദ്യന്‍ പഴനെല്ലി അച്ഛന്‍മൂസ്സാണ് ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയും ജീര്‍ണോദ്ധാരണവും നടത്തിയത്. തൈക്കാട് അഷ്ടവൈദ്യന്‍മാര്‍ക്ക് ആയുര്‍വേദ ചികിത്സയില്‍ അപാരമായ കൈപ്പുണ്യവും യശസ്സും കൈവന്നത് പെരിങ്ങാവ് ധന്വന്തരിമൂര്‍ത്തിയുടെ അനുഗ്രഹത്താലാണെന്ന് മൂസ്സ് മനസ്സിലാക്കി. പിന്നീട് മൂസ്സിന്റെ കാര്‍മ്മികത്വത്തിലാണ് ദൈനംദിനപൂജകള്‍ നടത്തിവന്നത്.
1968-ല്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം അന്നത്തെ തൈക്കാട്ട് അഷ്ടവൈദ്യന്‍ നാരായണന്‍ മൂസ്സ് നാട്ടുകാര്‍ക്ക് കൈമാറി.
1974 ഓഗസ്റ്റ് 21 ന് എല്ലാ രേഖകളും കൈമാറിയതോടെ തട്ടകത്തെ ഹൈന്ദവ ഭക്തരെ അംഗങ്ങളാക്കി പെരിങ്ങാവ് ദേവസ്വം രൂപീകരിച്ചു.കൊച്ചിന്‍ ദേവസ്വത്തിന്റെ കീഴിലാണ് പെരിങ്ങാവ് ധന്വന്തരിക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് അംഗങ്ങള്‍ക്കാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല. 2022 മുതല്‍ ദേവസ്വം സെക്രട്ടറി അഡ്വ. മനോജ്കുമാറാണ്. ക്ഷേത്ര മേല്‍ശാന്തി മുരളീകൃഷ്ണന്‍ നമ്പൂതിരി. ധനുമാസത്തിലെ സ്വര്‍ഗവാതില്‍ ഏകാദശിയാണ് പ്രധാനം. മീനമാസത്തിലെ അത്തം നാളില്‍ പ്രതിഷ്ഠാദിനം കൊണ്ടാടുന്നു. കര്‍ക്കിടക മാസം 16 ന് ഔഷധ സേവാദിനമായി ആചരിക്കുന്നു.
തൃശൂര്‍ റൗണ്ടില്‍ നിന്നും രണ്ടര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ചെമ്പൂക്കാവ് വഴിയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടില്‍ പെരിങ്ങാവ് കവല വഴിയും ക്ഷേത്രത്തിലെത്താം. രാവിലെ അഞ്ചരയ്ക്ക് നട തുറന്ന് പത്തു മണിക്ക് അടയ്ക്കും. വൈകിട്ട് അഞ്ചിനു തുറന്ന് രാത്രി എട്ടിന് നട അടയ്ക്കും.
ശ്രീകുമാര്‍ ഗുരുവായൂര്‍
(9447725649)
