അസുരനിഗ്രഹനും സദ്സംഗപാലകനുമായ ശ്രീമുരുകന്‍ -പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

അസുരനിഗ്രഹനും സദ്സംഗപാലകനുമായ ശ്രീമുരുകന്‍ -പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

HIGHLIGHTS

ചങ്ങനാശ്ശേരി പെരുന്ന ശ്രീ മുരുകക്ഷേത്രം ദക്ഷിണകേരളത്തിലെ ഏറെ പ്രശസ്തമായ സുബ്രഹ്മണ്യദേവ സന്നിധിയാണ്. കേരളത്തിലെ പ്രമുഖ സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണിത്. വിശ്വാസികള്‍ക്ക് വരദായകനായി അസുരനിഗ്രഹകനായി ശ്രീമുരുകന്‍ ഇവിടെ വസിക്കുന്നു.  കൂപ്പുകൈകളോടെ നിറമനസ്സോടെ തൊഴുതുവണങ്ങിയാല്‍ ഒരു ജന്മസാഫല്യം കൈവരമാകുന്ന ഇവിടെയാണ് അവതാരപുരഷനായ മുരുകന്‍ പൂര്‍ണ്ണതേജസ്വിയായി നില്‍ക്കുന്നതെന്ന് ഭക്തര്‍ കരുതുന്നു. പാര്‍വ്വതിദേവിയുടെ തപസ്സിന്‍റെ ഫലം. ദേവന്മാരുടെ പ്രാര്‍ത്ഥനയുടെ ഫലം. ഇതെല്ലാം ഒത്തുചേര്‍ന്ന പുണ്യമാണ് ശ്രീമുരുകന്‍. ഇത്രയേറെ ശ്രേഷ്ഠനായി മറ്റൊരു ദേവനും ഇല്ല എന്ന് സ്കന്ദപുരാണം പ്രതിപാദിക്കുന്നു. 

ങ്ങനാശ്ശേരി പെരുന്ന ശ്രീ മുരുകക്ഷേത്രം ദക്ഷിണകേരളത്തിലെ ഏറെ പ്രശസ്തമായ സുബ്രഹ്മണ്യദേവ സന്നിധിയാണ്. കേരളത്തിലെ പ്രമുഖ സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണിത്. വിശ്വാസികള്‍ക്ക് വരദായകനായി അസുരനിഗ്രഹകനായി ശ്രീമുരുകന്‍ ഇവിടെ വസിക്കുന്നു. ഭഗവാന്‍ പെരുന്നയില്‍ അവതരിച്ചത് തീര്‍ച്ചയായും അസുരനിഗ്രഹത്തിന് വേണ്ടിയാണ്.

അതെ ആസൂരിഭാവം പൂണ്ട, ക്രൂരബ്രാഹ്മണരെ വധിക്കാന്‍ വേണ്ടിയാണ് ഇടശ്ശേരി നമ്പൂതിരിയോടൊപ്പം ഭഗവാന്‍ ഇവിടെ എഴുന്നെള്ളിയത്. ഇത് ഐതിഹ്യകഥയായിരിക്കാം. എന്നാല്‍ കഥയ്ക്ക് അനുയോജ്യമായ അനവധി തെളിവുകള്‍ ഭക്തര്‍ നിരത്തുമ്പോള്‍, നമ്മള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ കഴിയുമോ? സത്യമാണ്, ഇത് തികച്ചും സത്യമാണ് എന്ന് നാമും ഏറ്റുപറഞ്ഞുപോകും. ഇതാണ് പെരുന്ന ശ്രീമുരുകന്‍റെ ഐതിഹ്യകഥ. 

ഇനി  ആ ഐതിഹ്യക്കലവറയുടെ ചിത്രവാതില്‍ ഒന്ന് തള്ളിത്തുറക്കാം. ഇന്നും പുതുമയോടെ നിലകൊള്ളുന്ന ആ കലവറയുടെ അകമുറികളില്‍ എത്തിച്ചേരാം. ഭഗവാന്‍റെ ഐതിഹ്യാവതാരം നോക്കിക്കണ്ട് തിരിച്ചറിയാം. ഇതാ ഒരു മണികിലുക്കം കേള്‍ക്കണില്ലേ? ശരിയാണ്, കലവറയുടെ വാതില്‍ തൂക്കുന്ന മണികിലുക്കം.

പെരുന്ന, എന്ന ഒരു ചെറുഗ്രാമം. തികച്ചും സാത്വികരായ ബ്രാഹ്മണരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ദേവകാര്യങ്ങളിലും വേദകാര്യങ്ങളിലും തല്‍പ്പരനായിരുന്ന ഇക്കൂട്ടര്‍ക്ക് സാമ്പത്തിക പരാധീനതതള്‍ ഏറി വന്നു. എന്തിനും, ഏതിനും ദേവനില്‍ അഭയം കണ്ടെത്തിയിരുന്ന കൂട്ടര്‍, പട്ടിണി മാറാനും ഈശ്വരനില്‍തന്നെ അഭയം തേടിയെത്തി. ദുരിതനിവാരണത്തിനായി ഒരു ശിവസന്നിധി അവര്‍ പണിതുടങ്ങി. 

'കീഴ്ക്കുളങ്ങര മഹാദേവ ക്ഷേത്രമാണ്' പെരുന്നയിലെ സത്തുക്കള്‍ പണിതീര്‍ത്ത ദേവസന്നിധി. ക്ഷേത്രത്തിന് അഭിവൃദ്ധി ഉണ്ടായപ്പോള്‍ ഗ്രാമവാസികള്‍ക്കും അഭിവൃദ്ധിയുണ്ടായി. എന്നാല്‍, പെരുന്നവാസികള്‍ക്ക്  പെട്ടെന്ന് സംഭവിച്ച ഈ ഉയര്‍ച്ച, അടുത്തസ്ഥലവാസികളായ 'ഉമ്പിഴി' ഗ്രാമവാസികള്‍ക്ക് തീരെ സുഖിച്ചില്ല. ഏതുപ്രകാരവും പെരുന്ന വാസികളെ നശിപ്പിക്കണമെന്ന് ഉമ്പിഴിക്കാര്‍ തീരുമാനിച്ചു.

ഉമ്പിഴി ഗ്രാമത്തില്‍ നാല്‍പ്പതോളം ബ്രാഹ്മണകുടുംബങ്ങള്‍ പാര്‍ത്തിരുന്നു. അതില്‍ ഏറിയ പങ്കും മന്ത്രവാദികളും, ദുര്‍മന്ത്രവാദികളുമായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തന്‍ 'ഏഴാന്തി പട്ടേരി'യാണ്. ദേവസന്നിധികളില്‍ പോലും ദുര്‍ദേവതകളെ ആവാഹിച്ചിരുത്താല്‍ അതിവിദഗ്ദ്ധനാണ് ഏഴാന്തി പട്ടേരി. പിന്നെയപ്പോള്‍ അയല്‍ഗ്രാമത്തില്‍ ശ്രേയസ്സ് ഏറിവരുന്നത് തടയാന്‍ ഏഴാന്തിക്ക് എന്താ ഒരു   തടസ്സം? വളരെ നിസ്സാരമല്ലേ?

'കീഴ്കുളങ്ങര മഹാദേവ ക്ഷേത്രമാണ്. ഐശ്വര്യത്തിന് കാരണം, ആരാണ് അത് ചുട്ടുകരിക്കുക.' ഏഴാന്തിയും കൂട്ടരും തീരുമാനിച്ചു. അപ്രകാരം തന്നെചെയ്തു. ഒരു ദിവസം രാത്രിയില്‍ ഏഴാന്തിയും കൂട്ടരും പെരുന്നയില്‍ എത്തി പാതിരാസമയത്ത് ഐശ്വര്യദേവനായ മഹാദേവന്‍റെ ക്ഷേത്രം നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിക്കിരയാക്കി. സര്‍വ്വവും നശിച്ചു. ഏഴാന്തിയും കൂട്ടരും സന്തോഷത്തോടെ മടങ്ങി.

എന്നാല്‍ അന്നുരാത്രി പെരുന്ന ഗ്രാമത്തില്‍ ഒരാള്‍ക്ക് മാത്രം ഉറങ്ങാന്‍ കഴിഞ്ഞില്ല. അതിഭയങ്കരമായ ചൂട്; ദേഹമാകെ ചുട്ടു പൊള്ളുന്ന തോന്നല്‍.  അദ്ദേഹം കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റു. കായലിലെ വെള്ളത്തില്‍ എടുത്തുചാടി. എന്നിട്ടും ചൂട്. സഹിക്കവയ്യ. കരയില്‍ കയറി, ലക്ഷ്യമില്ലാതെ ഓടി. എവിടെപ്പോയാലും അഗ്നിയില്‍ ദേഹം വേവുന്ന ചൂട്; ലക്ഷ്യമില്ലാതെ ഒരു ഭ്രാന്തനെപ്പോലെ ആ മഹാത്മന്‍ ഓടുകയാണ്. മലകളും സമതലങ്ങളും കടന്നുകടന്ന്.

ഒടുവില്‍ അദ്ദേഹം എത്തിച്ചേര്‍ന്നതോ? പഴനി ആണ്ടവന്‍റെ തിരുസന്നിധിയില്‍. ചൂട് മാറി. ശരീരത്തിനും മനസ്സിനും നല്ല കുളിര്‍മ്മ. അദ്ദേഹം അവിടെതന്നെ ഭജനം പാര്‍ത്തു. പഴനി മുരുകനെ ധ്യാനിച്ച്, ധ്യാനിച്ച് വര്‍ഷങ്ങളോളം അവിടെതന്നെ കഴിച്ചുകൂട്ടി. പെരുന്ന ഇടമന ഇല്ലത്തെ മൂസാസൂരിയായിരുന്നു ആ മഹാഭക്തന്‍.

വര്‍ഷങ്ങള്‍ പലതും കൊഴിഞ്ഞുവീണു. നമ്പൂതിരി മുരുകഭജനം തുടര്‍ന്നുപോന്നു. ഒരുനാള്‍ പ്രഭാതത്തില്‍ അദ്ദേഹത്തിന് ഒരു ദിവ്യദര്‍ശനം ലഭിച്ചു. മുരുകന്‍ തേജോരൂപത്തില്‍ മുന്നില്‍ വന്നുനിന്നു. തിരികെ പൊയ്ക്കോളൂ കൂടെ ഞാനും ഉണ്ടാകും. അവിടെച്ചെന്ന് എനിക്കൊരു ക്ഷേത്രം പണിയുക. ഗ്രാമത്തിലെ ദുരിതങ്ങള്‍ ഒക്കെ മാറിക്കിട്ടും. തേജസ്സ് അപ്രത്യക്ഷമായി. തിരുമേനി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. ഏറെ നാളായി കാണാതിരുന്ന നമ്പൂതിരി തിരികെയെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് സന്തോഷമായി. ഭഗവാന്‍റെ ദിവ്യദര്‍ശനവും അരുളപ്പാടും ഇടമന നമ്പൂതിരി ഗ്രാമവാസികളെ അറിയിച്ചു.

കൊടുന്തുറ ആലപ്പുഴയില്‍ ഭഗവാന്‍റെ ദിവ്യശില്‍പ്പം  കിടക്കുന്നതായും അവിടെച്ചെന്ന് ശിലാരൂപം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്താനും ഭഗവാന്‍ അരുള്‍ ചെയ്തതായി അറിയിക്കുകയും ചെയ്തു. അപ്രകാരം 'കൈപ്പട്ടൂര്‍ കൊടുന്തുറയാറ്റില്‍ നിന്ന് ദിവ്യവിഗ്രഹം കണ്ടെടുത്തു. ക്ഷേത്രം പണിയാന്‍ കാലതാമസം വരികയാല്‍, വേങ്ങല്‍ എന്ന സ്ഥലത്ത് ബാലാലയം പണിത് പൂജ തുടര്‍ന്നു. ക്ഷേത്രപ്പണികള്‍ പൂര്‍ത്തിയായ ശേഷം ഒരു മീനം 10-ാം തീയതി ഭഗവാന്‍റെ വിഗ്രഹം പെരുന്നയില്‍ പ്രതിഷ്ഠിച്ചു. 

താരകാസുരവധത്തിനുശേഷം താഴ്ന്നുനില്‍ക്കുന്ന ശൂലമുനയോടുകൂടിയതാണ് ഭഗവാന്‍റെ ശിലാരൂപം എല്ലാവര്‍ഷവും മീനം 10-ാം തീയതി ഭഗവത് വിഗ്രഹത്തിന് ഒരു പ്രത്യേക തിളക്കം കാണപ്പെടുന്നതായി ഭക്തജനങ്ങള്‍ പറയപ്പെടുന്നു. യുഗയുഗങ്ങളായി വേദമുനികള്‍ പൂജിച്ചുപോന്ന വിഗ്രഹമാണ് കൊടുന്തുറ പുഴയില്‍ നിന്നും ലഭിച്ചതെന്നും അതിനാലാണ് ഇത്ര അഭൗമപ്രഭ കാണപ്പെടുന്നതെന്ന് വിശ്വസിക്കുന്നു. ഇനി കഥയിലേയ്ക്ക് കടക്കാം.

പെരുന്നയില്‍ ഭഗവാന്‍റെ നിറഞ്ഞ വിഗ്രഹം പ്രഭചൊരിഞ്ഞപ്പോള്‍ ഉമ്പിഴി ഗ്രാമക്കാര്‍ ഒന്നൊന്നായി നശിക്കാന്‍ തുടങ്ങി. നാല്‍പ്പത് ഇല്ലങ്ങളും നശിച്ചു. ഉമ്പിഴിക്കാരുടെ ദേവസ്ഥാനങ്ങളായ ഭഗവതിക്ഷേത്രം തീര്‍ത്തും നശിച്ച് മണ്ണോട് ചേര്‍ന്നു. ഉമ്പിഴിയിലെ മറ്റ് ക്ഷേത്രങ്ങളായ തിരുമല ശിവക്ഷേത്രവും കൃഷ്ണക്ഷേത്രവും നശിച്ചു. എന്നാല്‍ ശിവക്ഷേത്രവും, കൃഷ്ണക്ഷേത്രവും അടുത്തകാലത്തായി പുനരുദ്ധരിക്കപ്പെട്ടു. 

താരകാസുരനെ വധിച്ച അതേ ബാലന്‍ തന്നെയാണ് തമോഗുണ സമ്പന്നരായ ബ്രാഹ്മണരെ വധിച്ചതും. അന്നത്തെപ്പോലെതന്നെ ഇന്നും, അസുര നിഗ്രഹകനും സത്സംഗ പാലകനുമായി ഭഗവാന്‍ ശ്രീമുരുകന്‍ പെരുന്നയില്‍ മരുവുന്നു. തലകീഴായി പിടിച്ചിരിക്കുന്ന ശൂലവും അഷ്ടദിക് പാലകരുടെ സേവനവും ഭഗവാന് മാത്രം സ്വന്തം.

ക്ഷേത്രം

ചങ്ങനാശ്ശേരി കവലയില്‍ നിന്ന്, വെറും രണ്ട് കിലോമീറ്റര്‍ മാത്രമേ ഇവിടേയ്ക്ക് ദൂരമുള്ളൂ. റോഡ് തിരിയുമ്പോള്‍ തന്നെ ആല്‍മരം കാണാം. അതിന്‍റെ ചുവട്ടിലായി വലിയ ഒരു ആണ്‍മയിലിന്‍റെ ശില്‍പ്പവും. അടുത്തേയ്ക്ക് എത്തുമ്പോള്‍ ഇടതുഭാഗത്തായി മഹാദേവ ക്ഷേത്രം.  തുടര്‍ന്ന് മുരുകന്‍റെ വലിയ പടിവാതില്‍. അകത്തായി ആനക്കൊട്ടിലും കൊടിമരവും, പിന്നീട് അഷ്ടദിക്ക്പാലകര്‍ കാവല്‍ നില്‍ക്കുന്ന വലിയ ശീവേലിക്കല്ല്. മുഖമണ്ഡപം കടന്നുചെന്നാല്‍ വരദായകനായ മുരുകന്‍റെ സോപാനം. 

കൂപ്പുകൈകളോടെ നിറമനസ്സോടെ തൊഴുതുവണങ്ങിയാല്‍ ഒരു ജന്മസാഫല്യം കൈവരമാകുന്ന ഇവിടെയാണ് അവതാരപുരഷനായ മുരുകന്‍ പൂര്‍ണ്ണതേജസ്വിയായി നില്‍ക്കുന്നതെന്ന് ഭക്തര്‍ കരുതുന്നു. പാര്‍വ്വതിദേവിയുടെ തപസ്സിന്‍റെ ഫലം. ദേവന്മാരുടെ പ്രാര്‍ത്ഥനയുടെ ഫലം. ഇതെല്ലാം ഒത്തുചേര്‍ന്ന പുണ്യമാണ് ശ്രീമുരുകന്‍. ഇത്രയേറെ ശ്രേഷ്ഠനായി മറ്റൊരു ദേവനും ഇല്ല എന്ന് സ്കന്ദപുരാണം പ്രതിപാദിക്കുന്നു. 

ഋഷികളുടെയും ദേവന്മാരുടെയും പ്രാര്‍ത്ഥനകേട്ട് ശിവപാര്‍വ്വതീപുത്രനായി അഭിമജ്യോതിസ്സ് താരകാസുരനെ വധിക്കാനായി ജന്മമെടുത്തതായി വിശ്വസിക്കുന്നു. പെരുന്ന ശ്രീമുരുകന്‍റെ സങ്കല്‍പ്പവും ഇപ്രകാരം തന്നെയാണ്. ദേവമുനികള്‍ പൂജിച്ചുതൊഴുതുവണങ്ങിയ വിഗ്രഹമാണ് ഇവിടുത്തെ കൃഷ്ണശില എന്ന് ഏവരും വിശ്വസിക്കുന്നു. അനുഭവസ്ഥര്‍ക്ക് മറിച്ചൊന്നും കരുതാനും ആവില്ല.

Photo Courtesy - jyothisharathnam