പിതൃദോഷവും കുലദേവതാ വഴിപാടും

പിതൃദോഷവും
കുലദേവതാ വഴിപാടും

HIGHLIGHTS

നമ്മുടെ സംസ്‌ക്കാരപ്രകാരം മാതാ, പിതാ, ഗുരു, ദൈവം എന്നാണ് വന്ദിക്കേണ്ടവരെ ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ദൈവത്തിന് നാലാമതായിട്ടാണ് സ്ഥാനം നല്‍കപ്പെട്ടിട്ടുള്ളത്. നമ്മള്‍ ഈ ഭൂമിയില്‍ വരുന്നതിന് കാരണഭൂതരായി ഭവിച്ച, നമുക്ക് ദേഹം നല്‍കിയ മാതാവിനേയും പിതാവിനേയും ദൈവത്തേക്കാള്‍ ഉന്നതമായ സ്ഥാനത്ത് വെച്ച് ആദ്യം വന്ദിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ശരീരവും ജീവനും നല്‍കിയ മാതാപിതാക്കളെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, ബഹുമാനിച്ച് വണങ്ങി, അവര്‍ ഇഹലോകവാസം വെടിഞ്ഞ ശേഷവും ആണ്ടുതോറും അവരുടെ ഓര്‍മ്മദിവസം അവരെ വണങ്ങി, അവരുടെ വിശപ്പടക്കേണ്ടത് (ശ്രാദ്ധം ചെയ്യേണ്ടത്) ജീവിച്ചിരിക്കുന്ന നമ്മുടെ ഏറ്റവും വലിയ കടമയാണ്...

മ്മുടെ സംസ്‌ക്കാരപ്രകാരം മാതാ, പിതാ, ഗുരു, ദൈവം എന്നാണ് വന്ദിക്കേണ്ടവരെ ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ദൈവത്തിന് നാലാമതായിട്ടാണ് സ്ഥാനം നല്‍കപ്പെട്ടിട്ടുള്ളത്. നമ്മള്‍ ഈ ഭൂമിയില്‍ വരുന്നതിന് കാരണഭൂതരായി ഭവിച്ച, നമുക്ക് ദേഹം നല്‍കിയ മാതാവിനേയും പിതാവിനേയും ദൈവത്തേക്കാള്‍ ഉന്നതമായ സ്ഥാനത്ത് വെച്ച് ആദ്യം വന്ദിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ശരീരവും ജീവനും നല്‍കിയ മാതാപിതാക്കളെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, ബഹുമാനിച്ച് വണങ്ങി, അവര്‍ ഇഹലോകവാസം വെടിഞ്ഞ ശേഷവും ആണ്ടുതോറും അവരുടെ ഓര്‍മ്മദിവസം അവരെ വണങ്ങി, അവരുടെ വിശപ്പടക്കേണ്ടത് (ശ്രാദ്ധം ചെയ്യേണ്ടത്) ജീവിച്ചിരിക്കുന്ന നമ്മുടെ ഏറ്റവും വലിയ കടമയാണ്. മാതാവ്- പിതാവ്, മുത്തച്ഛന്‍- മുത്തശ്ശി, മുതുമുത്തച്ഛന്‍- മുതുമുത്തശ്ശി എന്നിങ്ങനെ ഈ ചങ്ങല കണ്ണികളെ പിന്തുടര്‍ന്നുചെന്നാല്‍ അത് ആദിപ്രഥമനായ പരംപൊരുളില്‍ എത്തിച്ചേരും.

നമ്മുടെ സംസ്‌ക്കാരത്തില്‍ മാത്രമുള്ള ഒരു ശ്രേഷ്ഠമായ വഴിപാടാണ് 'കുലദേവതാ' വഴിപാട്. വാസ്തവത്തില്‍ നമ്മുടെ കുലത്തിനും കുടുംബത്തിനും എല്ലാമായി വര്‍ത്തിച്ച്, നമുക്ക് ശരീരം നല്‍കിയ മുതുമുത്തച്ഛന്‍, മുതുമുത്തശ്ശി എന്നിവരെ വണങ്ങിയ ശേഷം ദൈവത്തെ വണങ്ങുന്നതാണ് കുലദൈവവഴിപാട്. അവര്‍ നമുക്ക് നല്‍കിയ ജീവിതത്തിന് നന്ദി പ്രകടിപ്പിക്കുന്നതാണിത്. ജ്യോതിഷശാസ്ത്രപ്രകാരം 'പിതൃദോഷം' എന്നാല്‍ എന്താണെന്ന് പരിശോധിക്കാം.
 

പിതൃക്കള്‍ എന്നാല്‍ പൂര്‍വ്വികര്‍ എന്ന് പൊരുള്‍. ദോഷം എന്നാല്‍ കുറ്റം എന്നും, ഇതിനെയാണ് നമ്മുടെ കാരണവന്മാര്‍ 'പിതൃദോഷം' എന്നുപറഞ്ഞുവച്ചിട്ടുള്ളത്. നവഗ്രഹങ്ങളില്‍ സൂര്യനാണ് പിതാവ്, ചന്ദ്രന്‍ മാതാവും. സൂര്യനെ'പിതൃകാരകന്‍' എന്നും ചന്ദ്രനെ'മാതൃകാരകന്‍' എന്നും പറയുന്നു. മൂലവെളിച്ചമായ സൂര്യനിലൂടെയാണ് നമ്മള്‍ ജീവിക്കുന്ന ഭൂമിയും സമൃദ്ധമായി തഴച്ചുവളരുന്നത്. സൂര്യനെ'ശിവസൂര്യന്‍', സൂര്യനാരായണന്‍ എന്നൊക്കെ ജ്ഞാനഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്. ഈ ഇരുവരില്‍ ആര്‍ക്കെങ്കിലുമൊപ്പം രാഹു, കേതു, ശനി എന്നീ ഗ്രഹങ്ങള്‍ ഒന്നിച്ച് അവരെ ദുര്‍ബലമാക്കുന്ന അവസ്ഥയെയാണ് പിതൃദോഷം എന്നുപറയുന്നത്.

ജാതകത്തില്‍ സൂര്യ-ചന്ദ്രന്മാരുടെ ബലമാണ് പ്രധാനമായി നോക്കുക. ഒരാളുടെ ജാതകത്തില്‍ സൂര്യനെ അടിസ്ഥാനമാക്കി ലഗ്നവും, ആ ജീവന് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ശരീരമായി ചന്ദ്രന്‍ നില്‍ക്കുന്ന ഭാവത്തെ രാശിയാവും ഗണിക്കപ്പെടുന്നു. സൂര്യനും ചന്ദ്രനും മാതാപിതാക്കളെ പ്രതിനിധീകരിക്കുന്നതുപോലെ രാഹു പിതാവിന്റെ പൂര്‍വ്വികരേയും, കേതു മാതാവിന്റെ പൂര്‍വ്വികരേയും പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങളാണ്.

രാഹുവോ, കേതുവോ, ജീവനായ സൂര്യനൊപ്പമോ, ശരീരമാകുന്ന ചന്ദ്രനൊപ്പമോ ചേര്‍ന്ന് ബലഹീനപ്പെടുത്തുന്നതാണ് 'പിതൃദോഷം.' ഒരാളുടെ ജാതകത്തിലെ പൂര്‍വ്വജന്മ നന്മ-തിന്മകളെ അടിസ്ഥാനമാക്കി ഈ ജന്മത്തിലെ ഭാഗ്യങ്ങളെ കുറിക്കുന്ന ഭാവങ്ങളാണ്. അഞ്ചും ഒന്‍പതും. ഛായാഗ്രഹങ്ങള്‍ ഈ ഭാവങ്ങളില്‍ ഇരിക്കുന്നത് പിതൃദോഷമാണ്.

പിതൃദോഷം എന്നത് സൂര്യ-ചന്ദ്രന്മാര്‍ക്കൊപ്പം രാഹു ബന്ധപ്പെടുന്നതുകൊണ്ടുള്ള ദോഷമാണെന്ന് പറയപ്പെടുന്നതിന്റെ പരോക്ഷമായ കാരണം സൂര്യന്‍ തന്റെ ശുഭത്വത്തേയും ആ ജാതകന് നന്മകളേകുന്ന മറ്റ് ഗ്രഹങ്ങളും തങ്ങളുടെ ബലം നഷ്ടപ്പെടുത്തുന്നതാണ്. അതേസമയം പ്രകാശഗ്രഹങ്ങളായ സൂര്യനും ചന്ദ്രനും ഒപ്പം രാഹു ചേരുന്നതുകൊണ്ടുതന്നെ ഒരു മനുഷ്യന് ലഭിക്കേണ്ട കാര്യങ്ങള്‍ ഒന്നും നടക്കാതെ പോകും എന്ന് തീര്‍ത്ത് പറയാനാവില്ല. ഇതിന് ഉദാഹരണമായി ഈ ഛായാഗ്രഹങ്ങള്‍ സൂര്യനും ചന്ദ്രനുമായി യോജിച്ച എത്രയോ പേര്‍ ഉന്നത ഉദ്യോഗത്തിലും പദവിയിലും ഉള്ളത് ചൂണ്ടിക്കാണിക്കാനാവും.

അതുപോലെ സര്‍പ്പഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തിലാണെന്നതുകൊണ്ടുമാത്രം ഒരാള്‍ സന്താനഭാഗ്യം ഇല്ലാതാവുകയില്ല. അതുകൊണ്ട് രാഹു- കേതുക്കള്‍ എത്ര ഡിഗ്രിയില്‍ അവരുമായി അടുത്ത് ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ട് എന്ന് കൃത്യമായി ഗണിച്ചശേഷമേ പിതൃദോഷം ഗണിച്ചു പറയാനാവൂ.
 

ഒരു ജാതകത്തില്‍ ഏത് ഗ്രഹഘടന കാരണമാണ് വിവാഹം, സന്താനഭാഗ്യം, ഉദ്യോഗലബ്ധി എന്നിവ ലഭിക്കാത്തത് എന്ന് ഗണിച്ച് കണ്ടെത്താനാവാത്ത ചിലര്‍ക്ക് പരിഹാരം പറയാന്‍ പ്രയോജനപ്പെടുന്ന ആയുധമായിട്ടാണ് ഈ പിതൃദോഷത്തെ കരുതുന്നത്. ഗ്രഹങ്ങളുടെ ഘടനയും ജാതകപ്രകാരമുള്ള തടസ്സങ്ങളും വ്യക്തമായി ഗണിച്ച്, അതിന് യഥാവിധിയിലുള്ള പരിഹാരക്ഷേത്രങ്ങളിലേയ്ക്ക് ആ ജാതകനെ അയച്ച് പരംപൊരുളിന്റെ അനുഗ്രഹം നേടാനുള്ള അവസരം സൃഷ്ടിച്ചാല്‍ തന്നെ മതിയാവും.

ഏത് ദോഷമാണെങ്കിലും എല്ലാം പരംപൊരുളിന്റെ കാരുണ്യത്തിന് വിധേയമാണ്.  ജാതകന്‍ ക്ഷേത്രദര്‍ശനം നടത്തി മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ തന്നെ എല്ലാ ദോഷങ്ങളും പരിഹരിക്കപ്പെടും. അതുപോലെ പിതൃക്കള്‍ക്കുള്ള കര്‍മ്മങ്ങളും യഥാവിധി ചെയ്തുപോന്നാല്‍ എല്ലാ നന്മകളുമുണ്ടാവുന്നതോടൊപ്പം കുലത്തിന് അഭിവൃദ്ധിയുമുണ്ടാവും.