പിതൃക്കൾ  പിണ്ഡം സ്വീകരിക്കുന്നുവോ?

പിതൃക്കൾ പിണ്ഡം സ്വീകരിക്കുന്നുവോ?

പിതൃപ്രീതിയാൽ സമസ്ത ദോഷവും പരിഹരിക്കപ്പെടും. വംശനാശം ഭവിക്കാതിരിക്കാനും സന്തതി പരമ്പരകൾ നല്ലവരായി തീരാനും പിതൃകർമ്മങ്ങൾ നാം അനുഷ്ഠിച്ചുപോരുന്നു. പിതൃതർപ്പണകർമ്മങ്ങളിൽ ബഹുഭൂരിപക്ഷവും വിശ്വാസം പുലർത്തുന്നവരാണ്.

എന്നാൽ പിതൃക്കൾക്കായി ബലിയർപ്പിക്കുന്ന അവസരത്തിൽ പിതൃക്കൾ നേരിൽ വന്ന് പിണ്ഡം സ്വീകരിക്കുന്നില്ല. കാക്കയുടെ രൂപത്തിൽ വന്ന് പിതൃക്കൾ ബലി സ്വീകരിക്കുന്നു എന്നാണ് പൊതുവേ നമ്മുടെ വിശ്വാസം. കാക്ക കൊത്തിയാൽ പിതൃക്കൾ കർമ്മം സ്വീകരിച്ചതായി നാം വിശ്വസിക്കുന്നു.

മുൻകാലങ്ങളിൽ പിതൃക്കൾ നേരിൽ വന്ന് പിണ്ഡം സ്വീകരിക്കുമായിരുന്നു എന്ന് പ്രസ്താവനയുണ്ട്. എന്നാൽ ശ്രീരാമചന്ദ്രന്റെ ശാപം ഹേതുവായിട്ടാണത്രേ പിതൃക്കൾ നേരിൽ വരാതായത്. മറഞ്ഞുനിന്ന് പിതൃക്കൾ പിണ്ഡം സ്വീകരിച്ചാൽ മതിയെന്ന് ശ്രീരാമചന്ദ്രൻ കൽപ്പിക്കുകയുണ്ടായി. ഇത് സംബന്ധിച്ചുളവായ സംഭവത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും ഇപ്രകാരം പറയപ്പെടുന്നു.

ഭഗവാൻ ശ്രീരാമചന്ദ്രൻ രാവണനിഗ്രഹം കഴിഞ്ഞശേഷം സീതാസമേതം അയോദ്ധ്യയിൽ തിരിച്ചെത്തി, ധർമ്മത്തെ മുൻനിർത്തി രാജ്യഭരണം നിർവ്വഹിച്ചുതുടങ്ങി. അക്കാലത്ത് ശ്രീരാമചന്ദ്രൻ സകുടുംബം പുണ്യതീർത്ഥസ്‌നാനവും പിതൃകർമ്മങ്ങളും അനുഷ്ഠിക്കുന്നതിനായി ഒരു തീർത്ഥയാത്ര ആരംഭിച്ചു. പല പുണ്യതീർത്ഥങ്ങളിലും സ്‌നാനം നിർവ്വഹിച്ചശേഷം അവർ കാശിയിലെത്തി. 'ഫൽഗു'നദീതീരത്തുള്ള വടവൃക്ഷവും, വിഷ്ണുപാദവും ദർശിച്ച ശേഷം പാപനാശിനിയായ ഗംഗയിലിറങ്ങി ശ്രീരാമചന്ദ്രൻ തന്റെ പിതാവായ ദശരഥനെ ഉദ്ദേശിച്ച് ആമപിണ്ഡം പിതാവിനായി സമർപ്പിച്ചു. എന്നാൽ പുത്രനാൽ സമർപ്പിക്കപ്പെട്ട പിണ്ഡം സ്വീകരിക്കാൻ ദശരഥൻ നേരിൽ വന്നില്ല.

കൂടെയുണ്ടായിരുന്നവർ അവരവരുടെ പിതൃക്കൾക്കായി സമർപ്പിച്ച പിണ്ഡം സ്വീകരിക്കാൻ പിതൃക്കൾ നേരിൽ വന്ന് സ്വീകരിക്കുന്ന കാഴ്ച ശ്രീരാമചന്ദ്രൻ കണ്ടു. തന്റെ പിതാവ് ദശരഥൻ ഒഴികെ മറ്റ് പിതൃക്കൾ വന്ന് പിണ്ഡം സ്വീകരിച്ചിരിക്കുന്നു. തന്നാൽ സമർപ്പിക്കപ്പെട്ട പിണ്ഡം സ്വീകരിക്കാൻ തന്റെ പിതാവ് മാത്രം എത്തിയില്ല. എത്താതിരിക്കത്തക്കവിധം ഏതോ പാപകർമ്മം നടന്നിട്ടുണ്ടാവാമെന്ന് ശ്രീരാമചന്ദ്രൻ ബലമായി സംശയിച്ചു.

സീതാദേവി പുഷ്പിണിയായിരുന്നിട്ടും മണ്ണുകൊണ്ട് പിണ്ഡം ഉരുട്ടിവെച്ചു. ശ്രീരാമചന്ദ്രന് വല്ലാത്ത നിരാശയും കോപവുമുണ്ടായി. മാതാവിനോട് ചോദിച്ചു. 'അമ്മേ പിതാവ് എന്തുകാരണത്താലാണ് പിണ്ഡം സ്വീകരിക്കാൻ വരാത്തത്?  എന്താ ഞാനും ലക്ഷ്മണനും പിതാവിന്റെ പുത്രന്മാരല്ലെന്ന് വരുമോ?'

മകന്റെ കാലുഷ്യം നിറഞ്ഞ ചോദ്യം കേട്ട് കൗസല്യാദേവി പറഞ്ഞു. 'പുത്രാ പാതീവ്രത്യഭംഗത്തിന് ഇടയാക്കുന്ന ഒരു കർമ്മവും ഞാൻ ചെയ്തിട്ടില്ല. നിന്റെ പിതാവിനെയല്ലാതെ അന്യപുരുഷനെ ഞാനിതുവരെ ചിന്തിക്കുപോലും ഉണ്ടായിട്ടില്ല. ഞാൻ സത്യമാണ് പറയുന്നത്. എന്റെ പാതിവ്രത്യശുദ്ധിക്ക് സൂര്യചന്ദ്രന്മാരും ദേവന്മാരും സാക്ഷികളായിട്ടുണ്ട്.' കൗസല്യ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു.

'അമ്മയുടെ വാക്കുകൾ സത്യമായിരിക്കും. എങ്കിലും പിതാവ് വരാതിരുന്നതിന്റെ കാരണം അന്വേഷിച്ചേ മതിയാകൂ.' ശ്രീരാമചന്ദ്രൻ നിശ്ചയിച്ചു. ഉടനെ വായുപുത്രനും തന്റെ പരമഭക്തനുമായ ശ്രീ ആഞ്ജനേയ സ്വാമിയെ തന്റെ മുൻപിൽ ഹാജരാക്കുന്നതിനായി ശ്രീരാമന് മനസ്സാ കൽപ്പിച്ചു. തൽക്ഷണം എഴുന്നെള്ളിയ ഹനുമാനോട് ഉടനെ സത്യലോകത്തുചെന്ന് പിതാവിനെ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

വായുവേഗത്തിൽ ഹനുമാൻ ചെന്ന് ദശരഥനോടൊപ്പം ശ്രീരാമചന്ദ്രന്റെ മുന്നിൽ പ്രത്യക്ഷനായി. പിതാവിനെക്കണ്ട മാത്രയിൽ രാമലക്ഷ്മണന്മാർ സീതാദേവിയോടൊപ്പം വന്ദിച്ചു. ദശരഥൻ പുത്രനെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. പുത്രാ നിന്റെ പിതൃകർമ്മത്തിൽ ഞാൻ സംപ്രീതനാണ്. പിണ്ഡം സ്വീകരിക്കാൻ വരാതിരുന്നതിന് കാരണമുണ്ട്. നിന്റെ ശക്തിസ്വരൂപിണിയായ ജാനകിയാൽ സമർപ്പിക്കപ്പെട്ട പിണ്ഡം ഞാൻ ആദ്യനേരിൽ സ്വീകരിക്കാൻ വന്നില്ലെന്നേയുള്ളൂ. സ്വർഗ്ഗലോകത്തുനിന്ന് ഭൂലോകത്തിലെത്തി തൃപ്തിയാവോളം  ഊണുകഴിച്ച് തൃപ്തിവന്നവന് വീണ്ടുമുണ്ണാൻ ഉടനെ കഴിയില്ലല്ലോ? ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. നിന്റെ മാതാവ് കൗസല്യയിൽ ഒരിക്കലും ദോഷം ആരോപിക്കരുത്. ഇത്രയും പുത്രനോട് പറഞ്ഞശേഷം ദശരഥൻ അപ്രത്യക്ഷനായി.

പിതൃവാക്യം കേട്ട് ശ്രീരാമചന്ദ്രൻ വിസ്മയിച്ചു. 'ഇന്ന് മുതൽ പിതൃക്കൾ ആരും തന്നെ നേരിൽ വന്ന് പിണ്ഡം സ്വീകരിക്കാതിരിക്കട്ടെ' എന്ന് ശ്രീരാമചന്ദ്രൻ പിതൃക്കളെ ശപിച്ചു. അതിൽ പിന്നീട് പിതൃക്കൾ മറവിൽ നിന്നുകൊണ്ട് പിണ്ഡം സ്വീകരിക്കാൻ തുടങ്ങി.

പിതൃക്കൾ നേരിൽ വന്ന് പിണ്ഡം സ്വീകരിക്കാത്തതിന്റെ കാരണം ശ്രീരാമചന്ദ്രന്റെ ശാപമാണെന്ന് പറയപ്പെടുന്നു.