പിതൃസ്മരണ പരമപ്രധാനം -ആചാര്യന്‍ അഖില്‍ നമ്പീശന്‍

പിതൃസ്മരണ പരമപ്രധാനം ആചാര്യന്‍ അഖില്‍ നമ്പീശന്‍

HIGHLIGHTS

ബലികര്‍മ്മങ്ങള്‍ മുടക്കാതെ, യഥാവിധി അത് നടത്തുകയെന്നത് തന്നെയാണ് പ്രധാനം. അതേസമയം, ശാരീരികമായോ, മറ്റേതെങ്കിലും ഒഴിച്ചുകൂടാനാവാത്ത അസൗകര്യങ്ങള്‍ മൂലമോ, പുണ്യതീര്‍ത്ഥങ്ങളിലെത്തി പിതൃതര്‍പ്പണം ചെയ്യാന്‍കഴിയാത്ത അവസരങ്ങള്‍ പലപ്പോഴും ഉണ്ടായേക്കാം. ആ സാഹചര്യങ്ങളിലും തെല്ലും വിഷമിക്കേണ്ടതില്ല. അതാത് ഭവനങ്ങളില്‍ തന്നെ ഏറ്റവും ലളിതമായി കര്‍മ്മങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. പിതൃക്കള്‍ക്ക് അതേറെ പ്രിയകരമാണെന്ന് പ്രമാണങ്ങളും വ്യക്തമാക്കുന്നുണ്ട്.  പാലക്കാട്, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പിതൃകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആചാര്യന്‍ അഖില്‍ നമ്പീശന്‍ 'ജ്യോതിഷരത്ന'ത്തോട് സംസാരിക്കുന്നു.

'മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരെ യഥാവിധി സ്മരിച്ച്, ആത്മസമര്‍പ്പണത്തോടെയുള്ള കര്‍മ്മാനുഷ്ഠാനങ്ങളാല്‍ അവര്‍ക്ക് സദ്ഗതി പകര്‍ന്ന് നല്‍കുകയാണ് പിതൃതര്‍പ്പണങ്ങളുടെ അടിസ്ഥാനലക്ഷ്യം. അതുവഴി പിതൃക്കള്‍ സംപ്രീതരാകുന്നു. അവരുടെ അനുഗ്രഹാശിസ്സുകള്‍ നമുക്കും വരും തലമുറകള്‍ക്കും വഴിവിളക്കുകളാവുകയും ചെയ്യുന്നു.. ആത്മാക്കളുടെ പ്രീതി തന്നെയാണ് കുടുംബാശ്വൈര്യത്തിന്‍റെയും അടിസ്ഥാനധാര. അതോടൊപ്പം അവരുടെ  മോക്ഷപ്രാപ്തിക്കായി, രക്തബന്ധുക്കള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വേണം. ഏത് കാല്‍വയ്പ്പിലും പിതൃസ്മരണയെന്നത് പരമപ്രധാനമാണ്. 

പാലക്കാട്, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പിതൃകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആചാര്യന്‍ അഖില്‍ നമ്പീശന്‍ 'ജ്യോതിഷരത്ന'ത്തോട് സംസാരിക്കുകയായിരുന്നു.

ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്തവാവ് എന്ന നിലയില്‍, കര്‍ക്കിടകവാവിന് പിതൃകര്‍മ്മാനുഷ്ഠാനങ്ങളില്‍ വളരെയധികം പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ മറ്റ് എന്തൊക്കെ തിരക്ക് ഉണ്ടായാലും അതെല്ലാം മാറ്റിവച്ച് കര്‍ക്കിടവാവിലെ പിതൃകര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. ഒരു കാരണവശാലും അതില്‍ വീഴ്ച വരാന്‍ പാടുള്ളതല്ല..' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിതൃക്കളുടെ അദൃശ്യസാന്നിദ്ധ്യം തന്നെയാണ്, നമ്മുടെ ജീവിതയാത്രയില്‍ എന്നും നമുക്ക് വഴികാട്ടികളാകുന്നത്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, അവരുടെ അനുഗ്രഹാശ്ശിസ്സുകള്‍ക്കായി പൂര്‍ണ്ണാര്‍ത്ഥത്തില്‍ നാം സ്വയം സമര്‍പ്പിക്കുകയാണ് വേണ്ടത്. നമ്മള്‍ നേടിയെടുക്കുന്ന ഭൗതികസുഖങ്ങളും നേട്ടങ്ങളും എക്കാലവും നിലനില്‍ക്കാന്‍ പിതൃക്കളുടെ പ്രീതിയാണ് ഏറ്റവുമാവശ്യം. കുടുംബസൗഖ്യവും, ഐശ്വര്യവും, മാനസിക സമാധാനവുമെല്ലാം നിലനില്‍ക്കാന്‍ ആ വിധം അനുഗ്രഹാശിസ്സുകള്‍ കൂടിയേ മതിയാകൂ.

ഉറ്റവര്‍ നമ്മെ വിട്ടുപിരിഞ്ഞുപോയാലും, നമ്മുടെ എല്ലാം ഓര്‍മ്മകളില്‍ അവര്‍ നിറഞ്ഞുനില്‍ക്കണം. ഏത് സുപ്രധാന തീരുമാനം കൈക്കൊള്ളുമ്പോഴും മനസ്സില്‍ നാമവരെ സ്മരിക്കണം. ആ പാദങ്ങള്‍ ഉള്ളില്‍ ഉറപ്പിച്ച് അനുവാദം വാങ്ങണം. അതെല്ലാമാണ് ഐശ്വര്യത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുന്നതെന്നത് നമ്മള്‍ വിസ്മരിക്കാന്‍ പാടില്ല. ഈ വിധം ഓര്‍മ്മകളാകട്ടെ, ശ്രാദ്ധദിനങ്ങളില്‍, ബലികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചതുകൊണ്ടുമാത്രം എന്താണ് പ്രയോജനം? ബാഹ്യമായ പ്രകടനപരതയല്ല, നേരെ മറിച്ച്, ആദ്ധ്യാത്മികബോധ്യത്തോടെ പിതൃക്കളെ ഉള്‍ച്ചേര്‍ത്തുപിടിക്കുകയും അവര്‍ക്കായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വേണമെന്നതാണ് പ്രധാനം. അതുവഴി നമ്മള്‍ ആവശ്യപ്പെടാതെതന്നെയവര്‍ നമ്മെ കാത്ത് സംരക്ഷിക്കുക തന്നെ ചെയ്യും.

ആ വിധത്തില്‍ പിതൃക്കളെക്കുറിച്ചുള്ള സ്മരണകള്‍, എന്നും നമ്മോടൊപ്പം ജീവിതവെളിച്ചത്തിനായി, അവരോട് പ്രാര്‍ത്ഥിക്കുകയാണെന്നുമുള്ള ബോധ്യം പിതൃക്കളില്‍ ഉണര്‍ത്തുവാന്‍ കഴിയുകയും വേണം. വിശേഷനാളുകളിലെ വാവുബലികളുടെയും പിതൃസ്മരണകളുടെയും അടിസ്ഥാന ആശയങ്ങള്‍ ഇതുതന്നെയാണ്.

പിതൃക്കളുടെ ഒരു ദിവസമെന്നത്, നമ്മുടെ ഒരു വര്‍ഷമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നാം ശ്രാദ്ധമൂട്ടുന്നതിലൂടെ അവര്‍ സംപ്രീതരാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ആ നാളുകളില്‍ അവരെ നമ്മള്‍ തര്‍പ്പണങ്ങള്‍ നടത്തി പ്രീതിപ്പെടുത്തുകയും, മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുകയും വേണം.

അതിന് മുടക്കം വന്നാല്‍, ആത്മാക്കള്‍ക്ക് രൂപമാറ്റം സംഭവിക്കും. പ്രേതാവസ്ഥയില്‍ നിന്നും പൈശാചികാവസ്ഥയിലേക്ക് മാറ്റങ്ങള്‍ വരാം. ആ രൂപമാറ്റം ഉണ്ടാകാതെ ആത്മീയ ശക്തിചൈതന്യത്തോടെ അവരെ നിലനിര്‍ത്തുകയെന്നത് രക്തബന്ധുക്കളുടെ കടമയാണ്. ആവിധം കര്‍മ്മാനുഷ്ഠാനങ്ങള്‍ യഥാവിധി പിതൃക്കള്‍ക്കായി നാം അനുഷ്ഠിക്കുന്നതിലൂടെ, കുടുംബത്തിന്‍റെ സകലവിധ ഐശ്വര്യങ്ങള്‍ക്കും വഴിയൊരുക്കുക കൂടിയാണ് നാം ചെയ്യുന്നത്. നമ്മെ വിട്ടുപിരിഞ്ഞ ആത്മാക്കള്‍ നമുക്ക് ഐശ്വര്യം ഉണ്ടാകട്ടെ എന്നുമാത്രമേ കരുതുകയുള്ളൂ. അതിനുള്ള അനുഗ്രഹമാണ് എപ്പോഴും അവര്‍ ചൊരിയുന്നതും. എന്നാല്‍ ബോധപൂര്‍വ്വം അതെല്ലാം തിരസ്ക്കരിക്കുകയും, പിതൃക്കളോടുള്ള കടമ നിറവേറ്റാതിരിക്കുകയും ചെയ്യുന്നത് പിതൃകോപങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതും പറയാതെവയ്യ.

നമുക്ക് പിതൃക്കള്‍ പ്രിയപ്പെട്ടവരാകുന്നതുപോലെ പിതൃക്കള്‍ക്ക് നമ്മളും പ്രിയങ്കരായിരിക്കുമല്ലോ? അങ്ങനെയുള്ള പിതൃക്കള്‍ നമ്മള്‍ക്ക് എതിരായി ചിന്തിക്കുമോ, കോപിക്കുമോ എന്നെല്ലാം ചിന്തിച്ചേക്കാം. സാധാരണഗതിയില്‍ പിതൃക്കള്‍ക്ക് ബന്ധുക്കളോട് ആ വിധത്തില്‍ കോപിക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍, അവര്‍ക്കുവേണ്ടി നാം അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങളില്‍ നിരന്തരം വീഴ്ചകള്‍ ബോധപൂര്‍വ്വം വരുത്തിയാലോ? നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അശ്രദ്ധ മൂലം അവര്‍ക്ക് മോക്ഷം ലഭിക്കാത്ത സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. 

അതൊരിക്കലും ഉറ്റബന്ധുക്കള്‍ വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിക്കുള്ള കര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കുന്നതില്‍ വീഴ്ച ഉണ്ടാകരുത്. നിറഞ്ഞ പ്രാര്‍ത്ഥനകളോടെ അവര്‍ക്ക് അന്നമൂട്ടുക തന്നെ വേണം.

കര്‍ക്കിടകവാവ്, തുലാംവാവ്, വൈശാഖവാവ്, കുംഭവാവ് തുടങ്ങിയ വിശേഷാവസരങ്ങളിലെ പിതൃബലികള്‍ക്കുള്ള പ്രാധാന്യവും ഇതുതന്നെയാണ്. ഈ വിശിഷ്ടാവസരങ്ങള്‍ക്ക് പുറമെ, മറ്റ് ദിവസങ്ങളിലും പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ഏറെശ്രേഷ്ഠമാണ്.

എല്ലാദിവസവും രാവിലെ അഞ്ചരയോടെയാണ് കരിമ്പുഴ ക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് തൊട്ടരികിലൂടെ ഒഴുകുന്ന കരിമ്പുഴ പുഴയില്‍ കുളിക്കാം. ഈറനണിഞ്ഞ്, പ്രാര്‍ത്ഥനാഭരിത മനസ്സോടെ കര്‍മ്മങ്ങള്‍ നടത്താം. പിതൃകര്‍മ്മങ്ങള്‍ വിധിപ്രകാരം നടത്താന്‍ വിപുലമായ സംവിധാനങ്ങളാണ് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിചയസമ്പന്നരായ 'ആചാര്യര്‍' കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ഉണ്ടാവുകയും ചെയ്യും. പിതൃതര്‍പ്പണത്തിനോടനുബന്ധിച്ച് തിലഹോമം, വിഷ്ണു സായൂജ്യപൂജ എന്നിവ എല്ലാ മാസവും കറുത്തവാവ് ദിവസം കരിമ്പുഴ ക്ഷേത്രത്തില്‍ നടത്തിവരുന്നുണ്ട്.

ശരീരവും മനസ്സും സമര്‍പ്പിക്കുന്ന ശ്രാദ്ധം

ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത് അത്യധികം ശ്രദ്ധയോടെയും, ശരീരവും മനസ്സും പൂര്‍ണ്ണമായും സമര്‍പ്പിച്ചുകൊണ്ടുമായിരിക്കണം. കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ അതിനായുള്ള തയ്യാറെടുപ്പുകളും പ്രധാനമാണ്. ജീവിതചര്യയില്‍ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്ന ഭക്ഷണശീലമാണ് ഉണ്ടാകേണ്ടത്. 'ഒരിക്കല്‍ ഊണ്' എന്നുപറയുന്നതുപോലും അതുകൊണ്ടുതന്നെയാണ്. ആര്‍ക്കുവേണ്ടിയാണ്, കര്‍മ്മം ചെയ്യേണ്ടത്, അവര്‍ക്ക് വേണ്ടി നാം നേരത്തെതന്നെ തയ്യാറെടുക്കണം. തലേന്നാള്‍ എങ്കിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അവര്‍ക്കായി നാം സ്വയം നീക്കിവയ്ക്കണം. 

ഈശ്വരകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രാര്‍ത്ഥനകളില്‍ മുഴുകണം. 
പിതൃകര്‍മ്മങ്ങള്‍ ആചാര്യസാമീപ്യത്തില്‍ നടത്തുന്നതാണ് എപ്പോഴും ഉത്തമം. തര്‍പ്പണവേളയില്‍ ഏതെങ്കിലുമൊരു കൈപ്പിഴ വന്നാല്‍, അതെല്ലാം, ശരിയാക്കി നേര്‍വഴി നിര്‍വഹിക്കുകയാണ് ആചാര്യര്‍ ചെയ്യുന്നത്. അതുതന്നെയാണ് ആചാര്യനിര്‍ദ്ദേശപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനങ്ങളുടെ പ്രാധാന്യവും.

ഗൃഹാങ്കണ ശ്രാദ്ധം

ബലികര്‍മ്മങ്ങള്‍ മുടക്കാതെ, യഥാവിധി അത് നടത്തുകയെന്നത് തന്നെയാണ് പ്രധാനം. അതേസമയം, ശാരീരികമായോ, മറ്റേതെങ്കിലും ഒഴിച്ചുകൂടാനാവാത്ത അസൗകര്യങ്ങള്‍ മൂലമോ, പുണ്യതീര്‍ത്ഥങ്ങളിലെത്തി പിതൃതര്‍പ്പണം ചെയ്യാന്‍കഴിയാത്ത അവസരങ്ങള്‍ പലപ്പോഴും ഉണ്ടായേക്കാം. ആ സാഹചര്യങ്ങളിലും തെല്ലും വിഷമിക്കേണ്ടതില്ല. അതാത് ഭവനങ്ങളില്‍ തന്നെ ഏറ്റവും ലളിതമായി കര്‍മ്മങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. പിതൃക്കള്‍ക്ക് അതേറെ പ്രിയകരമാണെന്ന് പ്രമാണങ്ങളും വ്യക്തമാക്കുന്നുണ്ട്. 

പിതൃതര്‍പ്പണങ്ങളില്‍, പ്രധാനയിടങ്ങളെ പരാമര്‍ശിക്കുമ്പോള്‍, 'ഇല്ലം, വല്ലം, നെല്ലി' എന്നാണല്ലോ പറയാറ്. ഇതില്‍ ഇല്ലം എന്നുപറയുന്നത് ഗൃഹം തന്നെയാണ്. അതിനാല്‍ ഗൃഹത്തില്‍ പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും ശ്രേയസ്ക്കരം തന്നെ.

നമ്മുടെ ഉള്ളിലുള്ളവര്‍ തന്നെയാണ്, നമ്മെ വിട്ടുപോയ പിതൃക്കള്‍, അതിനാല്‍തന്നെ, ആത്മാര്‍ത്ഥതയോടെ, ഏറ്റവും ലളിതമായി നല്‍കുന്നതുപോലും സന്തോഷത്തോടെ അവര്‍ സ്വീകരിക്കും. വീടും പരിസരവും വൃത്തിയാക്കി, സുഗന്ധധൂമങ്ങള്‍ പുകച്ച്, ആധ്യാത്മിക വിശുദ്ധി പകരണം. കഴിയുമെങ്കില്‍ ക്ഷേത്രത്തില്‍ നിന്നും പുണ്യാഹം കൊണ്ടുവന്ന് തളിക്കുകയും ആകാം. തലേന്നാള്‍ ഒരിക്കലൂണും, മറ്റ് വ്രതങ്ങളും അനുഷ്ഠിക്കണം.

പിതൃതര്‍പ്പണത്തിനായി ഗൃഹാന്തരീക്ഷത്തിലേക്ക് അവരെ പ്രാര്‍ത്ഥനയോടെ ആവാഹിക്കുക, അവര്‍ക്കിരിക്കാനായി ഒരു പീഠം സങ്കല്‍പ്പത്തോടെ ഒരുക്കുക. അവര്‍ക്കായി നാം ഒരുക്കിയ ഭോജനം(അന്നം) നല്‍കുക. അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. ഇതെല്ലാം എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് നാം നടത്തുന്നതെന്നാണ് മുഖ്യം; ഏത് കര്‍മ്മത്തിലും മനസ്സാണ് പ്രധാനം. അതിനുശേഷം, പിതൃക്കള്‍ക്ക് സദ്ഗതി നല്‍കണേ എന്ന പ്രാര്‍ത്ഥനയോടെ, അവരെ വിഷ്ണു പദത്തിലേക്ക് നമുക്ക് പറഞ്ഞയയ്ക്കാം.

നേരത്തെ പറഞ്ഞല്ലോ, ഭവനങ്ങളില്‍ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍, ചിട്ടവട്ടങ്ങള്‍ക്ക് അല്ല പ്രാധാന്യം. എത്രത്തോളം പ്രാര്‍ത്ഥനയോടെ നാമത് ചെയ്യുന്നുവെന്നതാണ് പ്രധാനം. അപ്പോള്‍ ഏതെങ്കിലും വീഴ്ചകള്‍ വന്നാല്‍ പോലും പിതൃക്കള്‍ അത് പൊറുത്ത് അനുഗ്രഹിക്കുക തന്നെ ചെയ്യും. നമ്മുടെ മനസ്സ് തിരിച്ചറിഞ്ഞ് അവര്‍ സംപ്രീതരാകും. കുടുംബത്തിന് ഐശ്വര്യസമൃദ്ധികള്‍ നേരുകയും ചെയ്യും.

കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം: ഫോണ്‍: 8304091033
ഫോട്ടോ: പ്യാരിലാല്‍ പാട്യം.

Photo Courtesy - jyothisharathnam