പൊങ്കാലയുടെ മഹത്വം
ആറ്റുകാലില്‍ നടക്കുന്ന വഴിപാടുകളില്‍ ഏറ്റവും പ്രധാനം ആറ്റുകാല്‍ പൊങ്കാലയാണ്. ഭക്തര്‍ക്ക് സ്വയം ദേവിക്ക് നേദ്യം നല്‍കാം എന്നതാണ് പൊങ്കാലയുടെ പ്രത്യേകത. ഓരോരുത്തരും ദേവിക്ക് സ്വന്തം ആത്മാവ് തന്നെ സമര്‍പ്പിക്കുന്നതിന്‍റെ പ്രതീകം കൂടിയാണ് പൊങ്കാല.
ആറ്റുകാലില്‍ നടക്കുന്ന വഴിപാടുകളില്‍ ഏറ്റവും പ്രധാനം ആറ്റുകാല്‍ പൊങ്കാലയാണ്. ഭക്തര്‍ക്ക് സ്വയം ദേവിക്ക് നേദ്യം നല്‍കാം എന്നതാണ് പൊങ്കാലയുടെ പ്രത്യേകത. ഓരോരുത്തരും ദേവിക്ക് സ്വന്തം ആത്മാവ് തന്നെ സമര്‍പ്പിക്കുന്നതിന്‍റെ പ്രതീകം കൂടിയാണ് പൊങ്കാല.
കുംഭമാസത്തിലെ പൂരം നക്ഷത്രത്തിലാണ് എല്ലാവര്‍ഷവും പൊങ്കാല നടത്തുന്നത്. പാണ്ഡ്യരാജാവിനെ വധിച്ച് വിജയശ്രീ ലാളിതയായി എത്തിയ ഭദ്രകാളി ദേവിയെ സ്ത്രീകള്‍ പൊങ്കാല നല്‍കി സ്വീകരിച്ചത് അന്നാണ്. അതാണ് പൊങ്കാലയുടെ പ്രാധാന്യം.
ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്നത് കാപ്പുകെട്ടി ദേവിയെ പാടി കൂടിയിരുന്നതോടെയാണ്.

ഉത്സവത്തിന്‍റെ പ്രധാന ചടങ്ങും ഇതാണ്. ശ്രീകോവിലിന് അഭിമുഖമായി പ്രത്യേകം തയ്യാറാക്കുന്ന പച്ചപ്പന്തലില്‍ നിറപറയും, നിലവിളക്കും ഗണപതിനിവേദ്യവും വച്ചാണ് തോറ്റംപാട്ട് പാടുന്നത്. പ്രധാന പാട്ടുകാരോടൊപ്പം മൂന്നുപേരാണ് സംഘത്തിലുള്ളത്.
ഒന്നാം ദിവസം കൊടുങ്ങല്ലൂര്‍ അമ്മയെ പാടി കുടിയിരുത്തുന്ന കുടിയിരുത്ത് പാട്ട് നടക്കും.
ദേവിയുടെ സാന്നിദ്ധ്യം ആറ്റുകാല്‍ ശ്രീകോവിലില്‍ മനസ്സിലാക്കുന്ന പ്രധാന പാട്ടുകാരനായ ആശാന്‍ അത് പാടുമ്പോള്‍ ഭഗവതിയുടെ പള്ളിവാളില്‍ തന്ത്രി തങ്കക്കാപ്പ് കെട്ടുന്നു. മേല്‍ശാന്തിയുടെ കയ്യിലും കാപ്പുചാര്‍ത്തും.
ഒന്നും രണ്ടും ദിവസങ്ങളില്‍ ഭദ്രകാളിചരിതമാണ് പാടുന്നത്. ശ്രീപരമേശ്വരന്‍റെ മൂന്നാം തൃക്കണ്ണില്‍ നിന്നും ഉത്ഭവിക്കുന്ന ഭദ്രകാളീദേവിയുടെ ജനനം മുതല്‍ ദാരികവധം വരെ.
മൂന്നും നാലും ദിവസങ്ങളില്‍ ഭൂമിയില്‍ മനുഷ്യരൂപം ധരിച്ച് കണ്ണകിയായി വാഴുന്ന ദേവിയുടെ തിരുകല്യാണവും, അടയാഭരണങ്ങള്‍ അണിഞ്ഞ ദേവിയുടെ വിവരണവും വാഴ്ത്തും. 'മാലപ്പുറം' പാട്ട് എന്നാണ് ഈ പാട്ടിന് പറയുന്നത്. പൊന്നണിഞ്ഞ് പട്ടുടുത്ത് അണിഞ്ഞൊരുങ്ങിയ ദേവിയെ കോവിലന്‍ (പാലകന്‍) താലി ചാര്‍ത്തുന്നതാണ് 'മാലപ്പുറം പാട്ട്.' ശ്രികോവിലില്‍ അമ്മയ്ക്ക് പട്ടും ഹാരവും താലിമാലയും ചാര്‍ത്തി ഈ സമയത്ത് വാദ്യമേളങ്ങളോടെ ദീപാരാധന നടക്കും. പതിനായിരക്കണക്കിന് കന്യകമാര്‍ മംഗല്യസിദ്ധിക്ക് പ്രാര്‍ത്ഥിക്കാനെത്തുന്നത് ഈ ദിവസമാണ്.

അഞ്ചാം ദിവസം കോവിലനെ സ്വര്‍ണ്ണം വില്‍ക്കാനായി ദേവി മധുരയിലേക്ക് അയയ്ക്കുന്ന ഭാഗം പാടും.
ആറാം ദിവസം കോവിലനെ മധുരയിലെ ഒരു സ്വര്‍ണ്ണപണിക്കാരനും പാണ്ഡ്യരാജാവും ചേര്‍ന്ന് 'ചിലമ്പ് മോഷ്ടിച്ച കള്ളന്‍' എന്ന കുറ്റം ചുമത്തി വധിക്കുന്ന വിവരണം പാടും. ദുഃഖസൂചകമായി ശ്രീകോവിലില്‍ നട അപ്പോള്‍ അടയ്ക്കും.
ഏഴാം ദിവസം രാവിലെ ഭര്‍ത്താവിന്‍റെ മരണവാര്‍ത്ത സ്വപ്നദര്‍ശനത്തില്‍ അറിഞ്ഞ ദേവി അദ്ദേഹത്തെ തിരക്കി യാത്രയാവുന്ന ഭാഗമാണ് പാടുന്നത്. ഈ യാത്രയില്‍ പശു, മയില്‍, പ്രാവ്, മ്ലാവ് തുടങ്ങിയവയ്ക്ക് തിരുവരം നല്‍കും. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ മൃതശരീരം കാണുന്ന ദേവി അതീവ ദുഃഖത്തോടെ കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍നിന്ന് വരം വാങ്ങി ഭര്‍ത്താവിനെ ജീവിപ്പിക്കുന്നു.
എട്ടാം ദിവസം ഭര്‍ത്താവിനെ വധിച്ച പാണ്ഡ്യരാജാവിന്‍റെ നാട്ടിലേക്ക് കോപാഗ്നി ജ്വലിപ്പിച്ചുകൊണ്ട് ദേവി എത്തുന്ന ഭാഗം പാടുന്നു. പാണ്ഡ്യരാജാവിനെ വധിച്ച് ശിരസ് ശ്രീപരമേശ്വരന് കാഴ്ചവയ്ക്കുന്ന പാട്ട് അതീവഹൃദ്യമാണ്.
ഒമ്പതാം ദിവസം പാണ്ഡ്യരാജാവിനെ വധിച്ച് എത്തുന്ന ഭദ്രാദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല അര്‍പ്പിച്ച് എതിരേല്‍ക്കുന്നതിന്‍റെ പ്രതീകമാണ് ആറ്റുകാല്‍ പൊങ്കാല. പാണ്ഡ്യരാജാവുമായുള്ള യുദ്ധത്തില്‍ തന്‍റെ ഭടന്മാര്‍ക്ക് മുറിവേറ്റതിനു പ്രതീകമായി ഒമ്പതാം ദിവസം രാത്രി വ്രതമുള്ള ബാലന്മാര്‍ക്ക് ചൂരല്‍ കുത്തുന്നു. കുത്തിയോട്ട ബാലന്മാര്‍ക്കും താലപ്പൊലിയേന്തിയ ബാലികമാര്‍ക്കുമൊപ്പം രാത്രി മണക്കാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ദേവി എഴുന്നെള്ളുന്നു.
.jpg)
പത്താം ദിവസം രാവിലെ തിരുച്ചെഴുന്നെള്ളുന്ന ദേവിയെ ശ്രീകോവിലിലേക്ക് ആനയിച്ച് ഉത്സവനാളുകളില്‍ ഉണ്ടായ ദൃഷ്ടിദോഷം മാറാന്‍ പിണിപ്പാട്ട് പച്ചപ്പന്തലില്‍ പാടും. തുടര്‍ന്ന് ആറ്റുകാലില്‍ പൊങ്കാല ഉത്സവത്തിനായി കുടിയിരുന്ന കൊടുങ്ങല്ലൂര്‍ ദേവിയെ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചയയ്ക്കുന്ന കുടിയിളക്ക് പാട്ട് പാടും. അതിനുശേഷം പള്ളിവാതില്‍ കാപ്പഴിച്ച് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ കുരുതി തര്‍പ്പണം നടത്തി കുംഭ പൊങ്കാല ചടങ്ങുകള്‍ പൂര്‍ണ്ണമാവുന്നു.
