പൊഞ്ഞനത്തമ്മയായി കുടികൊള്ളുന്ന ദശരഥപുത്രി
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം തുല്യദൂരത്തായി സ്ഥിതി ചെയ്യുന്നു പൊഞ്ഞനം ഭഗവതി ക്ഷേത്രം. പടിഞ്ഞാട്ട് ദര്‍ശനമായി വനദുര്‍ഗ്ഗാ സങ്കല്‍പ്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. കുംഭമാസത്തില്‍ ഉത്രം ആറാട്ടായി ഏഴ് ദിവസമാണ് ഇവിടെ പൂരം ആഘോഷിക്കുന്നത്. ആറ് ദിവസം അമ്പലക്കുളത്തിലും(അതില്‍ തന്നെ ഉത്രം ആറാട്ടാണ് പ്രധാനം) പൂയം നാളില്‍ കൂടല്‍മാണിക്യം തീര്‍ത്ഥക്കുളത്തിലുമാണ് ആറാട്ട്. മറ്റൊരു ക്ഷേത്രത്തിലേയും ആറാട്ടിവിടെ പതിവില്ല.
കുംഭമാസത്തിലെ പൂയം നാള്‍. രാവിലെ ഒരാന നെറ്റിപ്പട്ടം കെട്ടി കോലവുമായി ചെണ്ടയുടെ അകമ്പടിയോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക്. ആനകള്‍ സാധാരണയായി മേടമാസത്തിലാണ് അകത്ത് കോലം കയറ്റി പ്രദക്ഷിണം കഴിഞ്ഞ് പള്ളിവേട്ടയ്ക്കും ആറാട്ടിനും മാത്രമായി ക്ഷേത്രത്തില്‍ നിന്നും പുറത്തേയ്ക്ക് പോകുക. അങ്ങനെയുള്ളപ്പോഴാണ് ഒരാന കോലം കയറ്റി ക്ഷേത്രത്തിലേക്ക്? പിന്നീടാണ് അറിയാന്‍ കഴിഞ്ഞത് ഇവിടെ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരത്തുള്ള പൊഞ്ഞനം ഭഗവതി ആറാട്ടിനായി വരുന്നതാണിവിടെ എന്ന്. അപ്പോള്‍ മറ്റൊരു സംശയം. ഇവിടത്തെ ആറാട്ടുപോലും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചാലക്കുടിയ്ക്കടുത്തുള്ള കൂടപ്പുഴയിലും പുതുക്കാടിനടുത്തുള്ള രാപ്പാളിലുമാണ് പോകുന്നത്. പിന്നെന്താണ് ഒരു ഭഗവതി ഇവിടെ ആറാട്ടിനായി വരുന്നത്? അതും ഇവിടുത്തെ കുലീപിനി തീര്‍ത്ഥക്കുളത്തില്‍.
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം തുല്യദൂരത്തായി സ്ഥിതി ചെയ്യുന്നു പൊഞ്ഞനം ഭഗവതി ക്ഷേത്രം. പടിഞ്ഞാട്ട് ദര്‍ശനമായി വനദുര്‍ഗ്ഗാ സങ്കല്‍പ്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. കുംഭമാസത്തില്‍ ഉത്രം ആറാട്ടായി ഏഴ് ദിവസമാണ് ഇവിടെ പൂരം ആഘോഷിക്കുന്നത്. ആറ് ദിവസം അമ്പലക്കുളത്തിലും(അതില്‍ തന്നെ ഉത്രം ആറാട്ടാണ് പ്രധാനം) പൂയം നാളില്‍ കൂടല്‍മാണിക്യം തീര്‍ത്ഥക്കുളത്തിലുമാണ് ആറാട്ട്. മറ്റൊരു ക്ഷേത്രത്തിലേയും ആറാട്ടിവിടെ പതിവില്ല.

പൂരാഘോഷത്തോടനുബന്ധിച്ച് മൂന്നാം ദിവസം കരാഞ്ചിറക്കടുത്തുള്ള കോലോത്തുംകുന്നില്‍ പറയെടുപ്പുണ്ട്. അതിന്‍റെ പ്രത്യേകത എന്തെന്നാല്‍ ആറാട്ടുപുഴപൂരത്തിന് തൃപ്രയാര്‍ തേവര്‍ ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് ആറാട്ടുപുഴയ്ക്ക് പുറപ്പെടുമ്പോള്‍ കോലോത്തുംകുന്നില്‍ പറയെടുപ്പുണ്ട്. മീനത്തിലാണ് ആറാട്ടുപുഴ പൂരം. കൂടല്‍മാണിക്യം ഉത്സവം മേടമാസത്തിലും. സഹോദരന്മാരുടെ ക്ഷേമം അറിയാനും ആഘോഷങ്ങള്‍ക്കും മുന്നോടിയായാണ് മൂത്ത സഹോദരി ഈ രണ്ടിടങ്ങളിലും പോകുന്നത് എന്നാണ് സങ്കല്‍പ്പം. കര്‍ക്കിടകത്തിലെ നാലമ്പല ദര്‍ശനത്തിനായി വരുന്ന ഭക്തര്‍ പൊഞ്ഞനത്തും ദര്‍ശനത്തിനായി വരാറുണ്ട്.
ഇനി ദശരഥപുത്രിയെക്കുറിച്ചറിയണ്ടേ? ശ്രീരാമന്‍റേയും ഭരതന്‍റേയും മൂത്ത സഹോദരിയുടെ കഥ. ആ കഥ ഇങ്ങനെയാണ്.
സമ്പത്തും ഐശ്വര്യവും നിറഞ്ഞതായിരുന്നു ദശരഥ മഹാരാജാവിന്‍റെ ഭരണകാലം. പ്രജകള്‍ പൂര്‍ണ്ണ സംതൃപ്തരുമായിരുന്നു. എല്ലാം തികഞ്ഞിട്ടും ദശരഥ മഹാരാജാവ് ദുഃഖിതനായിരുന്നു. വിവാഹിതനായി പല വര്‍ഷങ്ങള്‍ കടന്നുപോയിട്ടും തന്‍റെ പാരമ്പര്യം നിലനിര്‍ത്താന്‍ ഒരു പുത്രന്‍ ഉണ്ടായില്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദുഃഖം.
ദുഃഖിതനായ മഹാരാജാവ് ഗുരുജനങ്ങളുടെയും ഋഷീശ്വരന്മാരുടെയും ഉപദേശം സ്വീകരിച്ച് പുത്രകാമേഷ്ടിയാഗം നടത്തി. തുടര്‍ന്ന് രാമന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, ഭരതന്‍ എന്നിങ്ങനെ നാല് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. രാമായണത്തിലെ പ്രഥമ ഭാഗമായ ബാലകാണ്ഡത്തില്‍ ഇതൊക്കെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
എന്നാല്‍, ഈ സംഭവങ്ങള്‍ക്ക് മുമ്പുള്ള കോസലരാജ്യത്തിന്‍റെ ചരിത്രത്തില്‍ ദശരഥ മഹാരാജന് ഒരു പുത്രിയുണ്ടായിരുന്നതായി പറയുന്നുണ്ട്. രാമായണത്തില്‍ ഒരു പാഠഭേദമായ 'വസിഷ്ഠരാമായണ'ത്തിലെ ആദിപര്‍വ്വത്തില്‍ കോസല രാജവംശത്തിന്‍റെ ചരിത്രം വിവരിക്കുന്നുണ്ട്.
ദശരഥന്‍റെ ജനനവും അദ്ദേഹം സൂര്യവംശചക്രവര്‍ത്തിയായുമെല്ലാം ഇതില്‍പ്പെടുന്നു. കൂട്ടത്തില്‍ ദശരഥന്‍റെ യൗവ്വനകാലത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയും ഒരു പെണ്‍കുട്ടിയുടെ പിതാവായതിനെപ്പറ്റിയും വിശദീകരിക്കുന്നു. അത്ഭുതരാമായണത്തിലും അദ്ധ്യാത്മരാമായണത്തിലും ഇതിന്‍റെ പരാമര്‍ശമുണ്ട്.
നേമി ദശരഥനായി
ദശരഥന്‍റെ ആദ്യപേര് 'നേമി' എന്നായിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ദക്ഷിണ കോസലത്തിന്‍റെ രാജാവായി അദ്ദേഹം അധികാരമേറ്റു. ചുരുങ്ങിയ കാലം കൊണ്ട് പ്രജാക്ഷേമ തല്‍പ്പരനായ രാജാവെന്ന പേരും സമ്പാദിച്ചു. പത്തുദിക്കുകളിലേക്കും അദ്ദേഹം പടയോട്ടം നടത്തി. പത്തുദിക്കുകളിലേക്കും രഥമോടിക്കാന്‍ വിദഗ്ദ്ധന്‍ എന്ന പേരും സമ്പാദിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് 'ദശരഥന്‍' എന്ന പേര്‍ ലഭിച്ചത്.
ഉത്തരകോസലത്തിലെ രാജാവ് ദശരഥന്‍റെ മേല്‍ക്കോയ്മ അംഗീകരിച്ചു. ആ രാജാവിന് സുന്ദരിയായ ഒരു പുത്രിയുണ്ടായിരുന്നു. കൗസല്യയെ വിവാഹം കഴിക്കാന്‍ ദശരഥന്‍ താല്‍പ്പര്യം കാട്ടുകയും രാജാവ് അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ദശരഥന് കൗസല്യയും താനും ഒരേ ഗോത്രക്കാരാണെന്ന കാര്യം അറിയില്ലായിരുന്നു.

ഭയപ്പെട്ട രാവണന്‍
ലങ്കാധിപനായ രാവണന്‍ വലിയ ശിവഭക്തനായിരുന്നു. ഒരിക്കല്‍ രാവണന്‍ കൈലാസത്തിലെത്തി തന്‍റെ വീണയില്‍ 'സാമവേദം' വായിക്കുകയും ശിവപ്രീതി നേടുകയും ചെയ്തു. സംപ്രീതനായ മഹേശ്വരന്‍ രാവണന് നിരവധി ശക്തികള്‍ നല്‍കി അനുഗ്രഹിച്ചു.
കൈലാസത്തില്‍ നിന്ന് തിരിച്ച് ലങ്കയിലേക്ക് പോകുന്നതിനിടയില്‍ രാവണന്‍ ബ്രഹ്മലോകത്തിറങ്ങി പിതാമഹനായ ബ്രഹ്മാവിനേയും ദര്‍ശിച്ചു. തന്‍റെ ചെറുമകനെ കണ്ടതില്‍ ബ്രഹ്മാവിന് സന്തോഷമായി. അദ്ദേഹം രാവണനെ സസന്തോഷം സ്വീകരിച്ച് അനുഗ്രഹിച്ചു. മഹത്തായ 'ബ്രഹ്മാസ്ത്രം' കൂടി നല്‍കി അതിശക്തനാക്കി മാറ്റി. പിതാമഹന്‍റെ മാനസികനില മനസ്സിലാക്കിയ രാവണന്‍ തന്നെ മരണമില്ലാത്തവനാക്കി മാറ്റണമെന്ന് അപേക്ഷിച്ചു. അത് സാധ്യമല്ലെന്നും രാവണന്‍റെ മരണം ദശരഥനും കൗസല്യയ്ക്കും പിറക്കുന്ന പുത്രന്‍ വഴിയായിരിക്കുമെന്നും ബ്രഹ്മാവ് ഓര്‍മ്മപ്പെടുത്തി.
തുടര്‍ന്ന് നിലതെറ്റിയ രാവണന്‍ കൗസല്യയെ വിവാഹത്തിന് മുന്‍പ് തന്നെ വകവരുത്താന്‍ തീരുമാനിച്ചു. രാവണന്‍റെ ലക്ഷ്യം മനസ്സിലാക്കിയ മണ്ഡോദരി ഇടപെട്ട് രാവണനെ സമാധാനിപ്പിച്ചു. സ്ത്രീഹത്യ പാപമാണെന്നും നിര്‍ബന്ധമാണെങ്കില്‍ കൗസല്യയേയും ദശരഥനേയും തമ്മില്‍ വേര്‍പിരിക്കാമെന്നും നിര്‍ദ്ദേശിച്ചു. രാവണന്‍ ഭാര്യയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും ഏതാനും അസുരന്മാരെ വിവാഹം മുടക്കാന്‍ നിയോഗിക്കുകയും ചെയ്തു.
കൗസല്യയെ തട്ടിയെടുത്ത് ഒരു പെട്ടിയില്‍ അടച്ച് സരയൂ നദിയില്‍ ഒഴുക്കണമെന്ന ദൗത്യമാണ് അസുരന്മാരെ ഏല്‍പ്പിച്ചത്. അങ്ങനെചെയ്താല്‍ സ്ത്രീഹത്യയുടെ പാപം തനിക്ക് ലഭിക്കുകയില്ല. ദശരഥനും കൗസല്യയുമായുള്ള വിവാഹം നടക്കുകയുമില്ല. ഇതായിരുന്നു രാവണന്‍റെ കണക്കുകൂട്ടല്‍.
അങ്ങനെയിരിക്കെ ഒരു ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഒരു യുദ്ധത്തിനുശേഷം സരയൂനദി കടക്കാന്‍ ദശരഥന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്ന് ഒരു പെട്ടി നദിയിലേക്കൊഴുക്കുന്നത് കണ്ടു. ദശരഥന്‍ പെട്ടെന്ന് അവര്‍ക്കുനേരെ സായുധനായി ചാടിവീണു. അവര്‍ രാവണന്‍ നിയോഗിച്ച അസുരന്മാര്‍ ആയിരുന്നു. അവരെ ദശരഥന് തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
നദിയില്‍ പതിച്ച പെട്ടി അതിവേഗം താഴൊട്ടൊഴുകി. ആ പെട്ടിയില്‍ ആരെങ്കിലുമുണ്ടാകുമെന്ന ചിന്തയോടെ രാജാവും വെള്ളത്തില്‍ ചാടി. പെട്ടി അതിവേഗം ഓളത്തില്‍പ്പെട്ട് താഴെക്കൊഴുകി സരയൂനദി ഗംഗയില്‍ ചേരുന്ന സംഗമസ്ഥാനത്തെത്തി. ദശരഥന്‍ ശക്തമായി നീന്തിയിട്ടും പെട്ടി ഒഴുകിപ്പോയി. ക്ഷീണിതനായ ദശരഥന്‍ ഗംഗയില്‍ താഴ്ന്നുപോകുമോ എന്ന് സംശയിച്ച ഘട്ടത്തില്‍ അതുവഴി പറന്നുവന്ന ജടായു കാണുകയും രാജാവിനെരക്ഷിക്കുകയും ചെയ്തു.
ദശരഥനും കൗസല്യയുമായുള്ള വിവാഹം
ജടായുവിനോട് ദശരഥന്‍ നടന്ന സംഭവം പറഞ്ഞു. തുടര്‍ന്ന് ദശരഥനേയും തോളിലേറ്റി ജടായു ജലപ്പരപ്പിന് മുകളിലൂടെ പറന്നു. കുറേദൂരം ചെന്നപ്പോള്‍ ജലസസ്യങ്ങള്‍ക്കിടയില്‍ പെട്ടി കിടക്കുന്നത് കണ്ടു. ഇതേസമയം നടന്നതൊക്കെ മനസ്സിലാക്കിയ നാരദമുനിയും അവിടെയെത്തി. അവര്‍ പെട്ടി കരയ്ക്കടുപ്പിച്ച് തുറന്നു. അതിനുള്ളില്‍ കൗസല്യയെ കണ്ട ദശരഥന്‍ ശരിക്കും തളര്‍ന്നുപോയി. ബോധശൂന്യയായ കൗസല്യയെ നാരദന്‍ തന്‍റെ ദിവ്യശക്തികൊണ്ട് ബോധവതിയാക്കി. ദശരഥന് സന്തോഷമായി.
തുടര്‍ന്ന് ഇതാണ് വിവാഹത്തിന് പറ്റിയ സമയമെന്ന് നാരദന്‍ പറഞ്ഞു. നാരദന്‍ ഉടന്‍തന്നെ ദേവന്മാരെ വിളിച്ചുവരുത്തി ഇരുവരുടെയും വിവാഹം നടത്തുകയും ചെയ്തു. നാരദനും ജടായുവും ദേവഗണങ്ങളും വധൂവരന്മാരെ അനുഗ്രഹിച്ചു. ഉടന്‍തന്നെ ജടായു ദശരഥനേയും കൗസല്യയേയും അയോദ്ധ്യയില്‍ എത്തിക്കുകയും അവിടെ മുറപ്രകാരം വീണ്ടും വിവാഹം നടക്കുകയും ചെയ്തു. വിവാഹത്തിന് സുമന്ത്രരും വസിഷ്ഠനുമാണ് നേതൃത്വം നല്‍കിയത്.

ശാന്തയുടെ ജനനം
കൗസല്യ ഗര്‍ഭിണിയായി. ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ഒരു കാലിന് വൈകല്യമുണ്ടായിരുന്ന ഈ കുട്ടിക്ക് ശാന്തയെന്നാണ് പേരിട്ടത്. കൊട്ടാര ഭിഷഗ്വരന്മാര്‍ കുട്ടിയുടെ കാലിന്‍റെ വൈകല്യം മാറ്റാന്‍ ആവത് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിരാശരായ രാജാവിനെയും രാജ്ഞിയേയും വസിഷ്ഠന്‍ സാന്ത്വനപ്പെടുത്തി. അടുത്ത ബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹിതരായുള്ളതുകൊണ്ടാണ് ഇങ്ങനെ അംഗവൈകല്യം സംഭവിച്ചതെന്ന് വസിഷ്ഠ മഹര്‍ഷി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ദൈവികത്വമുള്ള മാതാപിതാക്കള്‍ക്ക് കുട്ടിയെ ദത്തായി നല്‍കിയാല്‍ കുട്ടിയുടെ അസുഖം മാറുമെന്നും മഹര്‍ഷി നിര്‍ദ്ദേശിച്ചു.
രാജഗുരുവിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ദശരഥ മഹാരാജാവ് പുത്രിയെ അംഗദേശത്തിന്‍റെ രാജാവായ ലോമപാദന് നല്‍കി. ശ്രദ്ധയോടെയുള്ള പരിരക്ഷ കൊണ്ടും ചികിത്സ കൊണ്ടും 'ശാന്ത'യുടെ വൈകല്യം ഇല്ലാതായി. ലോമപാദര്‍ ശാന്തയെ ഋഷ്യശൃംഗ മഹര്‍ഷിക്ക് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു.
പുത്രകാമേഷ്ടിയാഗം
ശാന്തയെ ലോമപാദന് നല്‍കിയശേഷമാണ് ദശരഥന്‍ സുമിത്രയേയും കൈകേയിയേയും വിവാഹം കഴിച്ചത്. ഇവരില്‍ നിന്നും നല്ല ആരോഗ്യമുള്ള കുട്ടികള്‍ ജനിക്കുമെന്ന വിശ്വാസവും രാജാവിനുണ്ടായിരുന്നു. പക്ഷേ അവരെ വിവാഹം കഴിച്ചിട്ടും കുട്ടികള്‍ ജനിക്കാത്തതിനെതുടര്‍ന്നാണ് പുത്രകാമേഷ്ടിയാഗം നടത്തിയത്. ഋഷ്യശൃംഗന്‍റെ നേതൃത്വത്തിലായിരുന്നു യാഗം.
രാമന് ശാന്ത എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നുവെന്ന കാര്യം രാമായണത്തില്‍ വേണ്ടവിധം വ്യക്തമാക്കുന്നില്ല. ഇനി പൊഞ്ഞനം ക്ഷേത്രത്തിലേക്ക് വരാം.

കുംഭത്തിലെ പൂരം
പൂരത്തോടനുബന്ധിച്ച് രാവിലേയും രാത്രിയിലും ദേവസ്വം വക മൂന്നാനപ്പുറത്ത് എഴുന്നെള്ളിപ്പുണ്ട്. അഞ്ച് ദേശക്കാരുടെ വകയായി അഞ്ചാനകളുടെ എഴുന്നെള്ളിപ്പ് വൈകിട്ടും പുലര്‍ച്ചെയുമുണ്ട്. കൂടാതെ കാളകളി(കുതിര) ദാരികന്‍, തട്ടിന്മേല്‍ കളി, താലം വരവ് എന്നിവയും ഉണ്ടാകും. ഇതിനുപുറമെ പൂരദിവസം രാത്രി തന്ത്രിയുടെ ഇല്ലത്ത് പറയെടുപ്പുമുണ്ട്.
മകരമാസത്തില്‍ അശ്വതി പ്രതിഷ്ഠാദിനമായി ആചരിക്കുന്ന ഇവിടെ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ധനുമാസത്തിലെ പത്താമുദയവും ആഘോഷിക്കുന്നു. ദേവിയുടെ പിറന്നാളായ കാര്‍ത്തികയ്ക്ക് എല്ലാ മാസവും അന്നദാനമുണ്ടാകാറുണ്ട്.
ക്ഷേത്രോപദേശ സമിതിയുടേയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റേയും നാട്ടുകാരുടേയും സഹകരണത്തോടെ ക്ഷേത്രം പുതുക്കി പണിയുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. മണക്കാട് പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. കൈമുക്ക് നാരായണന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി. കൂറ്റമ്പിളി മന ശിവദാസന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ മേല്‍ശാന്തി.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
