പുണ്യദര്‍ശനമായി പൊന്‍കുന്നത്തെ ദശാവതാര ക്ഷേത്രങ്ങള്‍
ദശാവതാര ക്ഷേത്രങ്ങള്‍ നിരവധിയുണ്ടെങ്കിലും ഒരു ദേശത്ത് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ശംഖിന്റെ ആകൃതിയില്‍ നിലകൊള്ളുന്നത് അത്യപൂര്‍വ്വം. കോഴിക്കോട് ബാലുശ്ശേരി റോഡില്‍ കാക്കൂരിലുള്ള പൊന്‍കുന്നത്ത് മലയുടെ അടിവാരത്തിലാണത്രേ ഈ പുണ്യക്ഷേത്ര സന്നിധികള്‍. ഗൗതമമുനി തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലമാണ് പൊന്‍കുന്നത്ത് മല. പരശുരാമ മഹര്‍ഷി 108 ശിവാലയങ്ങളും, ദുര്‍ഗ്ഗാലയങ്ങളും സ്ഥാപിച്ചതിനുശേഷം വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠകള്‍ സ്ഥാപിക്കാനായി ഗൗതമമുനിയോടൊപ്പം ഇവിടെ ദശാവതാര ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു എന്നതാണ് ഐതിഹ്യം.
വ്യാപനശീലമുള്ളവന്‍(പ്രപഞ്ചമെങ്ങും വ്യാപിച്ചത്) എന്നതാണ് 'വിഷ്ണു' എന്ന പദത്തിന്റെ അര്‍ത്ഥം. സ്ഥിതികാരകനായ ഭഗവാന് വിഷ്ണു യജ്ഞസ്വരൂപനും, സര്വ്വമംഗളകാരകനുമാണത്രേ. ദശാവതാരങ്ങള്‍ ഭഗവാന്റെ വിവിധ രൂപങ്ങളാണെന്നും ഇവ ഓരോന്നും ഓരോ കാലഘട്ടത്തില്‍ ധര്‍മ്മ, ലോക സംരക്ഷണത്തിനായി എത്തിയെന്നുമാണ് വിശ്വാസം. നാലമ്പലദര്‍ശനം പോലെ വിഷ്ണുഭക്തര്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ് ദശാവതാര ക്ഷേത്ര ദര്‍ശനവും.
പെരുമീന്‍പുറം ശ്രീമഹാവിഷ്ണു ക്ഷേത്രം
മഹാപ്രളയത്തില്‍നിന്ന് മനുവിനേയും സപ്തര്‍ഷികളേയും സംരക്ഷിച്ച അവതാരമാണ് ഭഗവാന്റെ മത്സ്യാവതാരം.
ബാലുശ്ശേരി പൊന്‍കുന്നത്ത് മലയുടെ താഴ്വാരത്തിലാണ് ദശാവതാര ക്ഷേത്രങ്ങളിലെ ആദ്യക്ഷേത്രമായ പെരുമീന്‍പുറം ശ്രീമഹാവിഷ്ണു ക്ഷേത്രമുള്ളത്. മഹാപ്രളയം ഉണ്ടായ സമയത്ത് പ്രജാപതിയുടെ കൈക്കുമ്പിളില്‍ നിന്നും ഭഗവാന് വിഷ്ണു മത്സ്യാവതാരം കൈക്കൊണ്ട് ജീവജാലങ്ങളെ രക്ഷിച്ചു. എല്ലാവര്‍ഷവും മേടമാസത്തിലെ മത്സ്യാവതാരദിനത്തില് ഇവിടെ നടക്കുന്ന മീനൂട്ട് മഹോത്സവം ഏറെ പ്രശസ്തമാണ്. സര്‍വ്വ ഐശ്വര്യത്തിന് വേണ്ടിയാണ് ഭക്തര്‍ മീനൂട്ട് വഴിപാട് നടത്തുന്നത്. കൂടാതെ കാര്യസിദ്ധി, സന്താനസൗഭാഗ്യം, വിദ്യാലാഭം, ധനലാഭം, വിവാഹതടസ്സം എന്നിവ മാറുന്നതിന് മീനൂട്ട് വഴിപാടായി നടത്തുന്നു. അയ്യപ്പനും ഗണപതിയുമാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. രാവിലെ 6 മണി മുതല്‍ 10 മണിവരെയാണ് നട തുറക്കുന്നത്. ഇവിടെ വൈകിട്ട് പൂജ ഉണ്ടാവില്ല.
ആമമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രം
ഭഗവാന്റെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മാവതാരം. സംസ്കൃതത്തില്‍ കൂര്‍മ്മം എന്നാല്‍ 'ആമ' എന്നാണര്‍ത്ഥം. ദേവ-അസുരന്മാര് ചേര്‍ന്ന് അമൃതിന് വേണ്ടി പാലാഴി കടഞ്ഞെടുക്കുമ്പോള്‍ സമുദ്രത്തിന്റെ ആഴങ്ങളിലേയ്ക്ക് താഴ്ന്ന മന്ഥരപര്‍വ്വതത്തെ ഉയര്‍ത്താന്‍ ഭഗവാന് ആമയുടെ രൂപം സ്വീകരിച്ച് മന്ഥരയെ തന്റെ പുറത്ത് താങ്ങി നിര്‍ത്തിയത്രേ. ആമയ്ക്ക് അതിന്റെ പുറംതോടിലേയ്ക്ക് പിന്‍വാങ്ങാനുള്ള കഴിവുണ്ട്. ഭൗതികലോകത്തില് നിന്നുള്ള വേര്‍പിരിയലിന്റെ പ്രതീകമാണിത്. സമുദ്രം ഇളകുമ്പോള്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആമ പര്‍വ്വതത്തെ താങ്ങിനിര്ത്തിയതുപോലെ ഭഗവാന് വിഷ്ണുവിന്റെ സാന്നിധ്യം പ്രപഞ്ചത്തെ സന്തുലാവസ്ഥയില്‍ നിലനിര്‍ത്തുന്നു. ക്ഷമയുടേയും, സ്ഥിരോത്സാഹത്തിന്റേയും, പ്രതിരോധശേഷിയുടേയും പ്രതീകം കൂടിയാണത്രേ ആമ.
കേരളത്തിലെ ഏക കൂര്‍മ്മാവതാര ക്ഷേത്രമാണിത്. ദേവീസമേതനായിട്ടാണ് ഭഗവാന് ഇവിടെ കുടിയിരിക്കുന്നത്. അതിനാല്‍ ക്ഷേത്രത്തിലെ ലക്ഷ്മീനാരായണ പൂജ ഏറെ വിശേഷപ്പെട്ടതാണ്. മിഥുനമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ നടത്തിവരാറുള്ള വിശേഷാല്‍പൂജകളും ഏറെ വിശേഷപ്പെട്ടതാണ്. ആമവാതരോഗശമനത്തിനായി ഇവിടെ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയാകുമെന്നാണ് വിശ്വാസം.
ഭദ്രകാളി, അയ്യപ്പന്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ദുര്‍ഗ്ഗാ എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. കാക്കൂര്‍ പതിനൊന്നേ നാലില്‍ റോഡരികിലാണ് ക്ഷേത്രം.
പന്ന്യംവള്ളി വാര്യമഠം മഹാവിഷ്ണുക്ഷേത്രം
കോഴിക്കോട്- ബാലുശ്ശേരി വഴിമദ്ധ്യേ നന്മണ്ട പന്ത്രണ്ടില്‍ നിന്ന് പൊന്‍കുന്ന് മലയുടെ കിഴക്കന്‍ ചെരുവിലാണ് വരാഹപ്രതിഷ്ഠയുള്ള പന്ന്യംവള്ളി വാര്യമഠം മഹാവിഷ്ണുക്ഷേത്രം.
ഭഗവാന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. ഹിരണ്യാക്ഷന് എന്ന അസുരന് ഭൂമിദേവിയെ ആദിമജലത്തില്‍ ഒളിപ്പിക്കുന്നു. ഭൂമിയെ സംരക്ഷിക്കാന്‍ വിഷ്ണുഭഗവാന് പന്നിയുടെ തലയും, മനുഷ്യശരീരവുമായി അവതരിക്കുകയും ഹിരണ്യാക്ഷനെ നിഗ്രഹിച്ച് ഭൂമിയെ സംരക്ഷിക്കുന്നു.
കേരളത്തില്‍ വരാഹപ്രതിഷ്ഠ അത്യപൂര്‍വ്വമാണ്. വൃത്താകൃതിയിലുള്ള ക്ഷേത്ര ശ്രീകോവിലില്‍ വരാഹപ്രതിഷ്ഠയും, ചുറ്റമ്പലത്തിന് പുറത്തായി ഗണപതിയുടേയും, ഭഗവതിയുടേയും അയ്യപ്പന്റേയും ഉപപ്രതിഷ്ഠകളുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമിനാളിലാണ് വരാഹമൂര്‍ത്തി അവതരിക്കുന്നത്. എല്ലാവര്‍ഷവും ഈ ദിനം ക്ഷേത്രോത്സവം കൊണ്ടാടുന്നു. ദര്‍ശനസമയം രാവിലെ 6 മുതല്‍ എട്ടരവരെയും വൈകിട്ട് അഞ്ച് മുതല്‍ ആറരവരേയും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇവിടെ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയാകുമെന്നാണ് ഭക്തവിശ്വാസം.
തൃക്കോയിക്കല്‍ നരസിംഹക്ഷേത്രം
കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ കാക്കൂര്‍ പതിനൊന്നാം മൈലില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരമുള്ള നടുവല്ലൂരിലാണ് വിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹ പ്രധാന പ്രതിഷ്ഠയായിട്ടുള്ള തൃക്കോയിക്കല്‍ നരസിംഹ ക്ഷേത്രം. രാവിലെ അഞ്ചര മുതല്‍ ഒമ്പതര വരേയും വൈകിട്ട് അഞ്ചര മുതല്‍ ഏഴ് വരെയുമാണ് ദര്‍ശനസമയം.
ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാനും, ഹിരണ്യകശിപുവിനെ വകവരുത്താനുമായി ഭഗവാന് വിഷ്ണുവിന്റെ ഉഗ്രരൂപത്തിലുള്ള അവതാരമാണ് നരസിംഹം. മനുഷ്യനെന്നോ മൃഗമെന്നോ പറയാനാകാത്ത സിംഹത്തിന്റെ ശിരസ്സും, മനുഷ്യശരീരവുമാണ് നരസിംഹത്തിന്റെ രൂപം.
നരസിംഹമൂര്‍ത്തിക്കും, മഹാവിഷ്ണുവിനും തുല്യപ്രാധാന്യം നല്‍കിയാണ് ക്ഷേത്രത്തിലെ പൂജകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗണപതി, ശിവഭഗവാന് എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തില്‍ വാണരുളുന്ന നരസിംഹമൂര്‍ത്തി ദുഷ്ടപ്രവണതകളില് നിന്നും, ദുരനുഭവങ്ങളില്‍ നിന്നും ഭക്തരെ കാത്തുപരിപാലിക്കുമെന്നതാണ് ഭക്തവിശ്വാസം. മഹാക്ഷേത്രങ്ങളില്‍ മാത്രം കാണുന്ന ഷഡാധാര പ്രതിഷ്ഠയാണിവിടെയുള്ളത്. രോഗശമനത്തിനായി ഇവിടെ നടത്തുന്ന പാനകപൂജ വിശേഷപ്പെട്ടതാണ്. തൃമധുരം, പാല്‍പ്പായസം എന്നിവയും പ്രധാന വഴിപാടാണ്.
തീര്‍ഥങ്കര വാമനക്ഷേത്രം
കാക്കൂര്‍ പതിനൊന്നേ രണ്ടില്‍ നിന്നും 700 മീറ്റര്‍ ദൂരത്തില്‍ പൊന്‍കുന്ന് മലയുടെ അടിവാരത്തിലാണ് തീര്‍ഥങ്കര വാമനക്ഷേത്രം. നരസിംഹ ക്ഷേത്രത്തില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരമാണ് ഇവിടേയ്ക്ക്. എല്ലാ വ്യാഴാഴ്ചയും, ഞായറാഴ്ചയും രാവിലെ 6 മുതല്‍ ഏഴരവരേയും വൈകിട്ട് 6 മുതല്‍ ആറേമുക്കാല്‍ വരേയുമാണ് ദര്‍ശനസമയം.
ഭഗവാന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്. ഭഗവാന്റെ ആദ്യ മനുഷ്യരൂപ അവതാരവുമാണിത്. വാമനന് എന്നാല്‍ 'കുള്ളന്‍' എന്നാണര്‍ത്ഥം. മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കാന്‍ മൂന്നടി മണ്ണ് ആവശ്യപ്പെട്ട് പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയെ കുള്ളന്‍ ബ്രാഹ്മണന്റെ രൂപമാണ് വാമനന്.
ശാസ്താവ്, ദക്ഷിണാമൂര്‍ത്തി, ഒക്കത്ത് ഗണപതി (ഉണ്ണി ഗണപതി), ശാന്തിദുര്‍ഗ്ഗ, യോഗീശ്വരന് എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്.
തുമ്പപ്പൂ അര്‍ച്ചന, കദളിപ്പഴം, പാല്‍പ്പായസം എന്നിവയാണ് ഭഗവാനുള്ള നേദ്യങ്ങള്‍. ഇവിടുത്തെ യോഗീശ്വരപൂജ ഏറെ വിശേഷപ്പെട്ടതാണ്. ജാതകദോഷങ്ങള്‍ മാറുന്നതിനും, സര്വ്വപാപദോഷ പരിഹാരത്തിനുമായിട്ടാണ് യോഗീശ്വരപൂജ നടത്തുന്നത്.
കാക്കൂര്‍ പരശുരാമക്ഷേത്രം
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ക്ഷേത്രമാണിത്. ക്ഷേത്രപുനരുദ്ധാരണപ്രവര്ത്തനങ്ങള് നടക്കാതെ കിടക്കുന്ന ഏക ദശാവതാര ക്ഷേത്രമാണിത്. കാക്കൂര്‍ പോലീസ്സ്റ്റേഷന് പറമ്പിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റേതെന്ന് കരുതുന്ന തറയും, ചതുരക്കിണറും പോലീസ്സ്റ്റേഷന് പരിസരത്തുണ്ട്. കാക്കൂര്‍ ഒമ്പതേയഞ്ചില് വ്യാഴാഴ്ച തോറും വിളക്ക് തെളിയിക്കുന്നുണ്ട്.
രാമല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രം
ഭഗവാന്റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്. ധര്‍മ്മത്തിന്റേയും, ഉത്തമപുരുഷന്റേയും പ്രതീകവും, രാവണനെ വധിച്ച് ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ അവതരിച്ച ത്രേതായുഗത്തിലെ രാജാവുമാണ് ശ്രീരാമസ്വാമി.
കോഴിക്കോട്-ബാലുശ്ശേരി വഴിമദ്ധ്യേ കാക്കൂര്‍ പതിനൊന്നാം മൈലില്‍ നിന്നും രാമല്ലൂര്‍ റോഡില്‍ 1 കിലോമീറ്റര്‍ ദൂരമാണ് ശ്രീരാമസ്വാമി ക്ഷേത്രത്തിലേയ്ക്ക്. ശ്രീരാമപ്രതിഷ്ഠയുള്ള ഇവിടെ രാവിലെ 6 മുതല്‍ 9 വരെയും വൈകിട്ട് 6 മുതല്‍ 7 വരെയുമാണ് ദര്‍ശനസമയം. രാമല്ലൂരിന്റെ ദേശക്ഷേത്രമായിട്ടാണ് ശ്രീരാമസ്വാമി ക്ഷേത്രത്തെ കണക്കാക്കിയിരിക്കുന്നത്.
ചുറ്റമ്പലത്തോടും, ബലിക്കല്പുരയോടുംകൂടി പഴയ രീതിയില്‍ തന്നെയാണ് ഇപ്പോഴും ക്ഷേത്രമുള്ളത്. വര്‍ഷംതോറും കര്‍ക്കിടകമാസത്തില്‍ ഇവിടെ വിശേഷാല്‍പൂജകളും, രാമായണ പാരായണവും നടത്തിവരുന്നു. ദേശക്കാരുടെ വകയായി ശ്രീരാമനവമിയും വര്‍ഷം തോറും ആഘോഷിക്കുന്നുണ്ട്. ഗണപതി, ശാസ്താവ്, എന്നീ ഉപദേവതാസങ്കല്പ്പവും ക്ഷേത്രത്തിലുണ്ട്.
കാവില്‍ മഹാവിഷ്ണു ശ്രീ ബലരാമക്ഷേത്രം
കാക്കൂര്‍- നരിക്കുനി റോഡില്‍ 500 മീറ്റര്‍ സഞ്ചരിച്ചാല്‍ കാവില്‍ മഹാവിഷ്ണു ശ്രീ ബലരാമ ക്ഷേത്രസന്നിധിയിലെത്താം. രാവിലെ 6.30 മുതല്‍ 9 വരെയാണ് ദര്‍ശനസമയം. വൈകിട്ട് പൂജയില്ല.
ബലവാനും മറ്റുള്ളവരെ രമിപ്പിക്കുന്നവനുമായ ഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്. കൃഷ്ണഭഗവാന്റെ ജ്യേഷ്ഠന്, കലപ്പ ആയുധമാക്കിയവന്, മഹാഭാരതയുദ്ധത്തില്‍ പങ്കെടുത്തവന് എന്നീ പ്രത്യേകതകളും ബലരാമനുണ്ട്.
രണ്ടായിരം വര്‍ഷം പഴക്കം പറയുന്ന കാവില്‍ മഹാവിഷ്ണു ശ്രീബലരാമക്ഷേത്രം കാലാന്തരത്തില്‍ ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ക്ഷേത്രം പുരോഗതിയുടെ പാതയിലാണ്.
ക്ഷേത്രത്തിലെ വഴിപാടായ വെള്ളച്ചോറ് നിവേദ്യം ഉദരസംബന്ധിയായ രോഗങ്ങളെ ശമിപ്പിക്കുന്നു.
ബലരാമസന്നിധിയിലെ ലക്ഷ്മിനാരായണപൂജ സര്‍വ്വദോഷപരിഹാരം, വിവാഹതടസ്സങ്ങളെ പരിഹരിക്കുന്നതുമാണ്.
വെള്ളപുഷ്പംകൊണ്ട് പൂജിച്ച പാല്‍പ്പായസ നിവേദ്യം, കൃഷി, വ്യവസായ അഭിവൃദ്ധിക്ക് സഹായകം.
ബ്രഹ്മരക്ഷസിന് പാല്‍പ്പായസ നിവേദ്യവും ഉണ്ട്.
ഈന്താട് ശ്രീകൃഷ്ണക്ഷേത്രം
കാക്കൂര്‍- പാവണ്ടൂര്‍ വഴിമദ്ധ്യേ 1 കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലുള്ളത്.
എല്ലാ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 10 വരെയാണ് ദര്‍ശനസമയം. വൈകിട്ട് പൂജയില്ല.
ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമാണ് ഭഗവാന് ശ്രീകൃഷ്ണന്. ഭൂമിയുടെ ഭാരം കുറയ്ക്കാനും, ധര്‍മ്മം പുനഃസ്ഥാപിച്ച് അധര്‍മ്മികളെ നിഗ്രഹിക്കുവാനുമായിട്ടാണ് ഭഗവാന് കൃഷ്ണനായി അവതരിച്ചത്. ഭഗവാന്റെ ഒമ്പതാമത്തെ അവതാരമാണിത്.
കാവില്‍ ബലരാമ ക്ഷേത്രത്തില്‍ നിന്നും കുറച്ച് മാറിയാണ് ഈന്താട് ശ്രീകൃഷ്ണക്ഷേത്രം. വയലേലയുടെ മദ്ധ്യേയാണ് ക്ഷേത്രം നിലകൊള്ളുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരന്മാര് ആയതിനാല്‍ രണ്ട് ക്ഷേത്രവും ഒരേ ദിശയിലാണുള്ളത്. പരസ്പരം മുഖം നോക്കി നില്ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.
വിവിധതരത്തിലുള്ള പുഷ്പാഞ്ജലികള്‍, ലക്ഷ്മീനാരായണ പൂജ, പാല്‍പ്പായസം, നെയ്വിളക്ക്, വെണ്ണനിവേദ്യം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.
കല്‍ക്കി ക്ഷേത്രം
കലിയുഗാന്ത്യം ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ അവതരിക്കുമെന്ന് വിശ്വസിക്കുന്ന ഭഗവാന്റെ അവസാന അവതാരമാണത്രേ കല്‍ക്കി.
ദശാവതാര ക്ഷേത്രങ്ങളില്‍ ഇനിയും കണ്ടെത്താനാകാത്ത ക്ഷേത്രമാണിത്. പെരുമീന്‍പുറം മഹാവിഷ്ണു ക്ഷേത്രത്തിന് ദൂരെയല്ലാതെ ക്ഷേത്രം നിലനിന്നിരുന്നു എന്നതാണ് വിശ്വാസം. കല്‍ക്കിയുടെ അവതാരപ്പിറവിയുമായി ബന്ധപ്പെട്ടതാണ് കാക്കൂര്‍ എന്ന നാടിന്റെ പേര് രൂപപ്പെട്ടതെന്നും വിശ്വാസമുണ്ട്.
ദശാവതാര ക്ഷേത്രങ്ങളിലെ പുണ്യദര്‍ശനം പൂര്വ്വജന്മ പാപങ്ങള്‍ക്ക് പരിഹാരമെന്നതാണ് വിശ്വാസം.
എസ്.പി.ജെ
