പൊന്നു പതിനെട്ടാംപടിയും തത്ത്വമസിയും
വ്രതനിഷ്ഠ കൂടാതെ പതിനെട്ടാംപടി ചവിട്ടരുത് എന്നുപറയുന്നതിന്‍റെ കാരണമെന്താണെന്ന് മിക്കവര്‍ക്കുമുള്ള സംശയമാണ്. അതിന്‍റെ കാരണം ഇതാണ്.
അയ്യപ്പഭക്തന്മാരുടെ കറുത്ത വേഷം ജീവിത വിരക്തിയേയും ശരണംവിളി ആത്മീയ ജീവിതചര്യയേയും കാണിക്കുന്നു. ഇരുമുടി ക്കെട്ടിന്‍റെ മുന്‍വശം തീര്‍ത്ഥാടനമാര്‍ഗ്ഗത്തേയും പിന്‍വശം ജീവിത പ്രാരാബ്ധത്തേയും സൂചിപ്പിക്കുന്നു. പതിനെട്ട് തട്ടുകളാകുന്ന പതിനെട്ട് പടികള്‍ ഇവയാണ്. 1. ജ്ഞാനം 2. അജ്ഞാനം- ത്രിഗുണങ്ങള്‍, 3. സാത്വികം 4. രാജസം 5. താമസം- അഷ്ടരാഗങ്ങള്‍ 6. കാമം 7. ക്രോധം 8. മോഹം 9. ലോഭം 10. മദം 11. മാത്സര്യം 12. തത്ത്വം 13. അഹങ്കാരം- പഞ്ചേന്ദ്രിയങ്ങള്‍ 14. കണ്ണ് 15. മൂക്ക് 16. കാത് 17. നാക്ക് 18. ത്വക്ക്
വ്രതനിഷ്ഠ കൂടാതെ പതിനെട്ടാംപടി ചവിട്ടരുത് എന്നുപറയുന്നതിന്‍റെ കാരണമെന്താണെന്ന് മിക്കവര്‍ക്കുമുള്ള സംശയമാണ്. അതിന്‍റെ കാരണം ഇതാണ്. ലോകത്ത് ഒരു ക്ഷേത്രത്തിലും ക്ഷേത്രപ്പടികളില്‍ ഹവിസ്സ് തുകാറില്ല. ഹവിസ്സ് എന്നാല്‍ ദേവതകള്‍ക്ക് ഹോമാഗ്നിയില്‍ അര്‍പ്പിക്കുന്ന പവിത്രമായ അന്നമാണ്. അത് പടികളില്‍ തൂവുന്നതിന്‍റെ പൊരുള്‍ എന്തെന്നാല്‍, പടികളില്‍ ഹവിസ്സിന് പാദസ്പര്‍ശം ചെയ്താണ് നാം അയ്യപ്പനെ കാണേണ്ടത്. അത്ര പവിത്രമായ പടികളെ വ്രതശുദ്ധി കൂടാതെ സ്പര്‍ശിക്കാമോ? പാടില്ല തന്നെ.
തത്ത്വമസിയുടെ പൊരുള്‍
തത്ത്വമസി- ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്‍റെ പരമപദം. തത്ത്വമസി എന്ന സംസ്കൃതപദം പരാമര്‍ശിക്കപ്പെടുന്നത് സാമവേദത്തില്‍ ആണത്രെ. അതില്‍പോലും ഈ പദത്തിനര്‍ത്ഥം പറയുന്നത് ഇത് മൂന്ന് വാക്കുകളുടെ സംയോജനം ആണെന്നും അതായത് തത് എന്നാല്‍ 'അത്' ത്വം എന്നാല്‍ 'നീ' അസി എന്നാല്‍ 'ആകുന്നു.' അതായത് തത്ത്വമസി എന്നാല്‍ അത് നീ തന്നെ ആകുന്നു എന്നര്‍ത്ഥം. ഞാന്‍ തന്നെയാണ് നീ, നീ തന്നെയാണ് ഞാന്‍ എന്നാണ് അയ്യപ്പന്‍ തന്‍റെ ഭക്തരോട് പറയുന്നത്.
ശബരിമല സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കും അവിടെ ക്ഷേത്രത്തിന് മുന്‍പില്‍ എഴുതിവെച്ചിരിക്കുന്ന ഈ വാക്ക് മറക്കാന്‍ സാധിക്കില്ല. ഇനി ഇത് അവിടെ എഴുതിവെച്ചതുവഴി നാം എന്താണ് മനസ്സിലാക്കേണ്ടത് എന്ന് നോക്കിയാല്‍ ആ പരാമാര്‍ത്ഥം വ്യക്തമാകും. നാല്‍പ്പത്തൊന്ന് ദിവസത്തെ കഠിനവ്രതമെടുത്ത് സുഖഭോഗങ്ങള്‍ എല്ലാം ഉപേക്ഷിച്ചു മുദ്ര അണിഞ്ഞു താന്‍ കാണാന്‍ പോകുന്ന ഭഗവാന്‍റെ ഒരംശമായി ആ നാമം സ്വീകരിച്ചു കറുപ്പുമുടുത്ത് കല്ലും മുള്ളും ചവുട്ടി പുണ്യപാപങ്ങളുടെ ഇരുമുടിയും എടുത്തു കാതങ്ങള്‍ക്ക് അകലെനിന്നു കാല്‍നടയായി എത്തി ഒടുവില്‍ ആ പതിനെട്ടുപടികള്‍ കയറി ഭഗവാനെ അന്വേഷിച്ച് ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭക്തന്‍ അവിടെ നേരിട്ട് ദൈവത്തെ കാണുന്നില്ല. പകരം 'തത്ത്വമസി' എന്ന ഈ വാക്ക് മാത്രം കാണുന്നു. അതെ ഇതെല്ലാം ചെയ്ത് ദൈവത്തെ അന്വേഷിച്ചുതളര്‍ന്ന ഭക്തനോട് ശബരിമല പറയുന്നു 'തത്ത്വമസി,' അതെ അത് നീതന്നെ ആണെന്ന്.
വളരെ വലിയ ആശയം ഉള്‍ക്കൊള്ളുന്ന ചെറിയ വാക്യം. അതായത് അകത്തിരിക്കുന്ന അയ്യപ്പനും നീയും ഒന്നുതന്നെയെന്ന് സാരം. അവിടെ ഭക്തനും സ്വാമി ഭഗവാനും സ്വാമി. അഹങ്കാരവും അറിവില്ലായ്മയും ഇല്ലാതായി. ഈശ്വരനും, ഭക്തനും ഒന്നാകുന്ന സമത്വത്തിന്‍റെ പരമപദമാണ് അയ്യപ്പസന്നിധാനം.
വ്രതം എടുക്കുമ്പോള്‍ തന്നെ മുദ്ര നല്‍കുകയും ഭഗവാന്‍റെ നാമം നല്‍കി അവനെസ്വാമി എന്ന് വിളിക്കുകയും ചെയ്ത് ഒടുവില്‍ പരമമായ ആ സത്യം അവനെ ശബരിമല പഠിപ്പിക്കുന്നു. അതായത് നീ അന്വേഷിച്ചുനടക്കുന്ന ആ ദൈവം നീ തന്നെ എന്ന.് ലോകത്തില്‍ അനേകായിരം മതങ്ങളും ദൈവങ്ങളും ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ശബരിമല മാറുന്നതും ഇവിടെയാണ്. തന്നെ കാണാന്‍ വരുന്ന ഒരു ഭക്തന് സ്വന്തം നാമം നല്‍കുന്ന ഒരു വിശ്വാസവും വേറെ ഇല്ല. ദൈവത്തെ അന്വേഷിച്ചുതളര്‍ന്ന ഭക്തന് ഇതിലും നല്ലൊരു പാഠം നല്‍കാനുമില്ല. നീ തന്നെ ആണ് ദൈവം എന്നും, ദൈവത്തില്‍ നിന്നും നീ പ്രതീക്ഷിക്കുന്നത് മറ്റുള്ളവര്‍ക്കായി ചെയ്യേണ്ട കടമ നിന്നില്‍തന്നെ നിക്ഷിപ്തമാണെന്നും സ്വാമി അയ്യപ്പന്‍ തരുന്നു.
ശ്രീകോവിലിനകത്ത് കോടി സൂര്യപ്രഭയോടെ അയ്യപ്പവിഗ്രഹം അനുഗ്രഹം ചൊരിയുമ്പോള്‍ പുറത്ത് അയ്യപ്പാ എന്നുവിളിച്ച് തൊഴുന്നതും അയ്യപ്പന്‍. ഒരു ഭക്തന്‍ മറ്റൊരു ഭക്തനെ വിളിക്കുന്നതും അയ്യപ്പാ എന്നുതന്നെ. എത്രമനോഹരമായ കാഴ്ച. ഭക്തനും ഭഗവാനും ഒന്നായിത്തീരുന്ന പുണ്യക്ഷേത്രമായിത്തീരുന്നു ശബരിമല. ലോകത്ത് മറ്റൊരു ദേവാലയത്തിലും ഇതുപോലൊരു ദര്‍ശനസൗഭാഗ്യം നമുക്ക് ദര്‍ശിക്കുവാനും കഴിയില്ല.
കലിയുഗവരദനായ ഹരിഹര പുത്രന്‍റെ അനുഗ്രഹം തേടി ഭക്തകോടികള്‍ കരിമല, നീലിമല താണ്ടി കാനനവാസനായ ശ്രീധര്‍മ്മ ശാസ്താവിന്‍റെ തിരുസന്നിധാനത്തേക്ക് ഒഴുകിയെത്തുമ്പോഴും അവിടെ തത്ത്വമസി എന്ന മഹാകാവ്യം നമ്മെ കാത്തിരിപ്പുണ്ട്. ഈശ്വരന്‍ നീയാണ് എന്ന ഓര്‍മ്മപ്പെടുത്തലുമായി.
ഇതൊക്കെ മനസ്സിലാക്കി ദൈവത്തെ അന്വേഷിച്ച് അലഞ്ഞു ജന്മം പാഴാക്കാതെ സ്വന്തം കടമ നിര്‍വ്വഹിച്ച് പരോപകാരപ്രദമായി തന്നാല്‍ ആവുന്നത് ചെയ്തു ജീവിച്ചാല്‍ നന്ന് എന്ന് ചുരുക്കം.
ഛാന്ദോഗ്യോപനിഷത്തിലുള്ള മഹാവാക്യം
തത്- അത് (ബ്രഹ്മം)
ത്വം- നീ
അസി- ആകുന്നു.
പരമാത്മാവും ജീവാത്മാവും ഒന്നുതന്നെ(അത് നീ തന്നെ) എന്ന് സാമാന്യ അര്‍ത്ഥം.
ഛാന്ദോഗ്യോപനിഷത്തില്‍ ഉദ്ദാലകന്‍ തന്‍റെ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണിത്. തത്ത്വമസി- അത് നീ തന്നെ ആകുന്നു. അതുകേട്ട് ശ്വേതകേതുവിനും സംശയം. ഞാന്‍ എങ്ങനെ പരമാത്മാവാകും? അതിന് മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് അഗ്നി കൊണ്ടുവരുവാന്‍ പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചുകൊണ്ടുവന്നു. നിന്നോട് അഗ്നി കൊണ്ടുവരുവാനല്ലേ പറഞ്ഞത്? വീണ്ടും അതേ ചോദ്യം. ശ്വേതകേതു പിന്നീടൊരു തിരി കത്തിച്ചുകൊണ്ടുവന്നു. നിന്നോട് അഗ്നി കൊണ്ടുവരുവാനല്ലേ പറഞ്ഞത്? വീണ്ടും അതേ ചോദ്യം. ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്ത് ചകിരിയില്‍ വെച്ചുകൊണ്ടുവന്നു. നിന്നോട് അഗ്നി കൊണ്ടുവരാനല്ലെ പറഞ്ഞത്? ശ്വേതകേതുവിന് സഹികെട്ടു. അവന്‍ തിരിച്ച് ചോദിച്ചു. എങ്ങനെയാണ് അഗ്നി മാത്രമായി കൊണ്ടുവരിക. അതിനൊരു ഇരിപ്പിടം വേണ്ടെ?
'അതെ, അതാണ് നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതിചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്. അതുപോലെ പരമാത്മാവിന് ഇരിക്കാനുള്ള ഉപാധിയാണ് നിന്‍റെ ശരീരം. അതായത് പരമാത്മാവ് നിന്നിലും സര്‍വ്വചരാചരങ്ങളിലും സ്ഥിതിചെയ്യുന്നു.'
ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കും ശബരിമലയുടെ ചിത്രം കണ്ടിട്ടുള്ളവര്‍ക്കും ആദ്യം മനസ്സില്‍ വരുന്നത് പതിനെട്ടാംപടിക്കുമുകളില്‍ നാലമ്പലത്തിന്‍റെ മുമ്പില്‍ എഴുതിയ 'തത്ത്വമസി' എന്ന ബോര്‍ഡാണ്. സ്വാമി ചിന്മയാനന്ദന്‍റെ നിര്‍ദ്ദേശാനുസരണം സ്ഥാപിച്ചതാണ് ഈ ബോര്‍ഡ് എന്ന് ഇന്ന് പലര്‍ക്കുമറിയില്ല. മനുഷ്യന്‍റെ മനസ്സറിഞ്ഞു സഞ്ചരിച്ച മഹായോഗി കൂടിയായിരുന്നു സ്വാമി ചിന്മയാനന്ദന്‍. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി ഉപനിഷത്തുക്കളെയും വേദത്തെയും ഭഗവത്ഗീതയേയും സരസമായി നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച മഹാപണ്ഡിതന്‍. വിശ്വവേദികളില്‍ ഹൈന്ദവ തത്ത്വചിന്തകളും ഹൈന്ദവ സംസ്ക്കാരവും, ഭാരതീയ പൈതൃകവും അവതരിപ്പിച്ച് ഇത്രയേറെ കയ്യടി വാങ്ങിയ, ആദരവ് നേടിയ മറ്റൊരു മലയാളിയില്ല.
ഒരിക്കല്‍ സ്വാമി സന്നിധാനത്ത് ദര്‍ശനത്തിന് വന്നപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു അത്. ഭഗവാനും ഭക്തനും ഒന്നാണെന്ന ഉപനിഷദ് സൂക്തം. അത് ഞാന്‍ തന്നെയാണ് എന്ന ബോധത്തോടെ ഈശ്വരനെ വണങ്ങുക എന്ന ഉപനിഷദ് സങ്കല്‍പ്പമാണ് സ്വാമി ചിന്മയാനന്ദന്‍ ഭക്തരുടെ മുന്നിലേക്ക് വെച്ചത്. കഠിനവ്രതം നോറ്റ്, കാനനപാതകള്‍ താണ്ടി, മലകള്‍ കയറി തിരുസന്നിധിയിലെത്തുമ്പോള്‍ ഭഗവാന്‍ താന്‍ തന്നെയാണെന്നും ഈശ്വരാംശം തന്നില്‍തന്നെ ഉണ്ടെന്നും തിരിച്ചറിയുക എന്ന മഹാസങ്കല്‍പ്പം.
