പൊന്വെയിലിന് ഐശ്വര്യം പേറി... വിഷു
ഗ്രാമവഴികളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞുനില്‍ക്കുന്നു. എങ്ങും എവിടെയും സ്വര്‍ണ്ണനിറത്തിന്റെ വിസ്മയം. ഈ വര്‍ഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂര്‍ണ്ണമായി വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് മലയാളികള്‍. വിഷുനാളില്‍ നാം ചെയ്യുന്ന നന്മയുള്ള, നല്ല കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം... അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ വിഷുദിനം വരെ നീണ്ടുനില്‍ക്കുമെന്നാണ് വിശ്വാസം.
കേരളത്തിന്റെ, മലയാളികളുടെ കാര്‍ഷികോത്സവമാണ് വിഷു. ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒക്കെ ഉത്സവമാണ് വിഷു.
വിഷുക്കണി ഒരുക്കുക, കണികാണുക, കൈനീട്ടം കൊടുക്കുക... അല്ലെങ്കില്‍ വാങ്ങുക, വിഷുക്കോടി വസ്ത്രങ്ങള്‍ അണിയുക, വിഷുസദ്യയും വിഷു അടയും സ്വാദിഷ്ടമായും സംതൃപ്തിയോടെയും കഴിക്കുക, ശ്രീകൃഷ്ണ ഭഗവാനെ വന്ദിക്കുക. ക്ഷേത്രദര്‍ശനം നടത്തുക.. ഇതൊക്കെയാണ് വിഷുദിനത്തില്‍ മലയാളികള്‍ ആചരിക്കുന്നതും ആഘോഷിക്കുന്നതുമായ പ്രധാന ചടങ്ങുകള്‍.
പൊന്‍വെയിലിന്റെ തിളക്കമുള്ള മഞ്ഞനിറത്തിലുള്ള കൊന്നപ്പൂക്കള്‍ വിഷുക്കാലത്ത് പ്രധാനമായ ഒന്നാണ്. കണി ഒരുക്കുമ്പോള്‍ ഫലങ്ങള്‍ക്കൊപ്പം കണിക്കൊന്നപ്പൂക്കളുടെ സാമീപ്യം വിശേഷപ്പെട്ടത് തന്നെ.
വിഷുനാളില്‍ നാം ചെയ്യുന്ന നന്മയുള്ള, നല്ല കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം... അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ വിഷുദിനം വരെ നീണ്ടുനില്‍ക്കുമെന്നാണ് വിശ്വാസം.
മലയാളികള്‍ക്കിടയില്‍ ശ്രീകൃഷ്ണഭഗവാന്റെ ആരാധനയും പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രത്യേകമായ ഒരു പ്രാധാന്യം തന്നെയുണ്ട്.
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷുവിന്റെ ഐശ്വര്യവും ചൈതന്യവും നിലനില്‍ക്കുന്നതുകൊണ്ടുതന്നെ മേട വിഷു വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്.
നരകാസുരന് ശ്രീകൃഷ്ണനായി വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യത്തില്‍ പ്രതിപാദിക്കുന്നത്. രാവണന്റെ മേല്‍ രാമന് നേടിയ വിജയം ആഘോഷിക്കുന്ന ചടങ്ങാണ് വിഷുവെന്നും മറ്റൊരു ഐതിഹ്യമുണ്ട്.
സാധാരണ ആദിത്യന് ഉച്ചരാശിയിലേക്ക് സംക്രമിക്കുന്നത് മേടമാസം ഒന്നിനാണ്. രാവും പകലും തുല്യമായ ദിനം. വിഷുവത്ത്, വിഷുവം... എന്നീ സംസ്കൃത പദങ്ങളില്‍ നിന്നാണ് 'വിഷു' എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.
വസന്തഋതുവിന്റെ ആരംഭകാലമാണിത്. കാര്‍ഷികവിഭവങ്ങള്‍ ഭൂമിയിലെ മണ്ണില്‍ ഉണര്‍വ്വിലും ഉത്സാഹത്തോടെയും വിളയുന്ന കാലം. പ്രകൃതിതന്നെ മഞ്ഞവെയിലിന്റെ സ്വര്‍ണ്ണത്തിളക്കത്തില്‍ പ്രസന്നമായിത്തീരുന്ന നാളുകള്‍. മേടമാസത്തിന്റെ ആരംഭദിനത്തില്‍ 'വിഷു' എന്ന മഹോത്സവത്തിന് പ്രാധാന്യം വന്നതും അങ്ങനെയാണ്.
വിഷുവിന് വൃക്ഷഫലങ്ങളില്‍ പ്രധാനമാണ് വെള്ളരിയും ചക്കയും. പിന്നെ കണിക്കൊന്നപ്പൂക്കളും. ഈ പൂക്കളില്ലാതെ വിഷുക്കണി ഒരുക്കുന്നതില്‍ അര്‍ത്ഥമില്ല.
പുതുവസ്ത്രം, വാല്‍കണ്ണാടി, നാണയത്തുട്ടുകള്‍, സ്വര്‍ണ്ണം, കോടിവസ്ത്രം, അരി, കൃഷ്ണവിഗ്രഹം, മാങ്ങ, ആപ്പിള്‍, മുന്തിരി, ഓറഞ്ച് തുടങ്ങിയ കായ്കനികള്‍ തുടങ്ങിയവയെല്ലാം കണി ഒരുക്കാന്‍ വേണ്ടത് തന്നെ.
വിഷുക്കണിയുടെ ദേവന് ശ്രീകൃഷ്ണഭഗവാനാണ്. വെളുപ്പിനുണര്‍ന്ന് ദീപക്കാഴ്ചയോടെയുള്ള ഈ കണികാണല്‍ മനസ്സിനും ഹൃദയത്തിനും സംതൃപ്തി നല്‍കും. വെളുപ്പിനുണര്‍ന്നാല്‍ മറ്റൊന്നും കാണാതെ ആദ്യദര്‍ശനം ഈ കണിയൊരുക്കിയതുതന്നെയാണെങ്കില് നന്മയും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അമ്മമാര്‍ കുട്ടികളുടെ കണ്ണുകള്‍ പൂട്ടിയാണ് കണികാണലിന് കൊണ്ടുവരുന്നത്.
അതിമനോഹരമായ ആ ദര്‍ശനത്തിന്റെ പുണ്യം ഏറ്റുവാങ്ങിക്കൊണ്ട് ഒരു വര്‍ഷത്തിന്റെ ഐശ്വര്യം ആവാഹിച്ചെടുത്തതിന്റെ നിര്‍വൃതിയോടെ ആത്മസംതൃപ്തിയോടെ എല്ലാവരും വിഷുനാളില്‍ കുടുംബത്തിലെ കാരണവരില്‍ നിന്നും നാണയത്തുട്ടുകള്‍ കൈനീട്ടമായി വാങ്ങുന്നതും ഐശ്വര്യവും പുണ്യവുമായി കരുതുന്നു. തൊഴിലാളികളുണ്ടെങ്കില്‍ അവര്‍ക്കും കൈനീട്ടം സമ്മാനിക്കും. കാരണവന്മാര് ഈ ജോലിയും നടപ്പാക്കുന്നതിലൂടെ വേര്‍തിരിവുകളില്ലാത്ത, എല്ലാവരും തുല്യരാണെന്ന തിരിച്ചറിവ് നല്കുന്ന, ഒരടയാളം കൂടിയാണിത്. സമാനമായ ചിന്താഗതിയെ വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കുന്നു.
ഒരു വര്‍ഷത്തിന്റെ സമ്പാദ്യമായി ചിലര്‍ ഈ നാണയത്തുട്ടുകള്‍ നഷ്ടപ്പെടുത്താതെ സൂക്ഷിച്ചുവയ്ക്കുന്ന പതിവുണ്ട്. അതും ഐശ്വര്യം വിട്ടുപോകരുതെന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. കുടുംബകാരണവരും മറ്റ് കുടുംബാംഗങ്ങളും ജോലിക്കാരുമെല്ലാം സമന്വയത്തില്‍ ജീവിക്കുന്നു എന്ന് വിളിച്ചോതുന്ന ഒരു ചടങ്ങുകൂടിയായി ഇതിനെ കരുതാവുന്നതാണ്.
ഇങ്ങനെ മലയാളികളുടെ ഓരോ ആഘോഷങ്ങളും സമൃദ്ധിയുടെയും സമ്പന്നതയുടെയും സംസ്ക്കാരത്തിന്റെയും ഭാഗമായി മാറുന്നു. വിഷു മലയാളികളുടെ മാത്രം സ്വന്തമല്ല, തമിഴ്നാട്ടുകാര്‍ക്കും തെലുങ്കാനക്കാര്ക്കും കര്‍ണ്ണാടകക്കാര്‍ക്കും ഒക്കെ ഈ ദിനം വിശേഷപ്പെട്ടതാണ്. ആ ദിനങ്ങളെല്ലാം വേറിട്ട പേരുകളിലും അറിയപ്പെടുന്നു. ദേശം മാറിയാലും പേരുമാറിയാലും ഈ ദിനം ഓരോരുത്തര്‍ക്കും പുതിയ ദിനമായും പുത്തന്‍ പരിവേഷമായും മാറുമ്പോള്‍ ഐതിഹാസികതയുടെ ശക്തിയിലും തിളക്കത്തിലും ഐശ്വര്യവും ഭാഗ്യവും നശിക്കാതിരിക്കുന്നു.
കാലം അതു തുടരട്ടെ...
ലോകാ സമസ്താ സുഖിനോ ഭവന്തുഃ
ജി. കൃഷ്ണന്
നിഷാസാരംഗ്, റയാന്
ഫോട്ടോ:
ചിത്രാ കൃഷ്ണന്‍കുട്ടി
