ക്ഷേത്രങ്ങളിലെ പൂജാ ഉപകരണങ്ങള്‍
നാം സാധാരണയായി ക്ഷേത്രങ്ങളില്‍ കാണുന്ന പൂജാ ഉപകരണങ്ങള്‍ പരിചിതമാണെങ്കിലും ചിലത് നമുക്ക് തീരെ അറിയാത്തവയായിരിക്കും. കണ്ടുപരിചയമില്ലാത്തവയും. ഇത്തവണ ക്ഷേത്രത്തിലെ ചില പൂജാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.
നാം സാധാരണയായി ക്ഷേത്രങ്ങളില്‍ കാണുന്ന പൂജാ ഉപകരണങ്ങള്‍ പരിചിതമാണെങ്കിലും ചിലത് നമുക്ക് തീരെ അറിയാത്തവയായിരിക്കും. കണ്ടുപരിചയമില്ലാത്തവയും. ഇത്തവണ ക്ഷേത്രത്തിലെ ചില പൂജാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ. ആദ്യമായി എവിടെയും എല്ലാ പൂജകള്‍ക്കും കാണുന്ന നിലവിളക്ക് തന്നെയാവട്ടെ!
നിലവിളക്ക്: ചില ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള നിലവിളക്കുകള്‍ കാണാം. സാധാരണയായി ഓടുകൊണ്ടുള്ള ഓട്ടുവിളക്കുകളാണ് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്. എല്ലാ ചടങ്ങുകള്‍ക്കും ആദ്യം നിലവിളക്ക് കൊളുത്തിയാണ് തുടക്കം കുറിക്കുന്നത്. തറയില്‍ വയ്ക്കുന്ന വിളക്ക്, സര്‍വ്വ ഐശ്വര്യത്തിന്‍റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രികപ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്രസാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.
കൊടിവിളക്ക്: ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ട് തിരി കൂട്ടിയിട്ടാണ് കത്തിക്കുന്നത്.
കവരവിളക്ക്: ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ള വിളക്ക്.
ദീപാരാധനത്തട്ട്: 3, 5, 7, 9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച് തിരിവെയ്ക്കാന്‍ കുഴികളുണ്ടാകും.
ആവണപ്പലക: പൂജയ്ക്ക് ഇരിക്കാനായി ഉപയോഗിക്കുന്നത്. കൂര്‍മ്മത്തിന്‍റെ ശിരസ്സും കാലുകളുമെല്ലാം അടങ്ങിയ മരപ്പലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.
കിണ്ടി: പൂജയ്ക്ക് വെള്ളം നിറച്ചുവെയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുതഥാപനത്തിന്‍റെ പ്രതീകം.
മണി(ഘണ്ട): പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തില്‍ കെട്ടിത്തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനിനാദങ്ങളുടെ പ്രതീകമാണത്രെ പൂജാമണിനാദം. സോപാനത്ത് കെട്ടിത്തൂക്കിയ മണിയടിച്ചാണ് മേല്‍ശാന്തി നടതുറക്കുക.
ശംഖും ശംഖുകാലും: ശംഖ് എന്നത് ഒരു കടല്‍ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതും, ഇത്തരം ശംഖുകള്‍ പൂജിക്കപ്പെടുകയുമാണ് പതിവ്. മൂന്നുകാലുകളും നടുക്ക് ശംഖ് വയ്ക്കാന്‍ പാകത്തില്‍ ഒഴിവുള്ളതുമാണ് ശംഖുകാല്.
ധൂപക്കുറ്റി: അഷ്ടഗന്ധം, ദശാംഗം തുടങ്ങിയ പുകയ്ക്കുവാന്‍ വേണ്ടി കനല്‍ കോരുവാനുള്ള പാത്രം.
പൂപ്പാലിക: പൂജയ്ക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചുവയ്ക്കുവാന്‍ വേണ്ടിയുള്ള പാത്രം.
ചാണയും ചന്ദനഓടവും: ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്. ഇതില്‍ വെള്ളമൊഴിച്ച് ചന്ദനമുട്ടികൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്. അരച്ച ചന്ദനം ഉപയോഗിക്കുവാന്‍ ഉരുളിപോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.
പവിത്രം: രണ്ടിഴ ദര്‍ഭപ്പുല്ലുകൊണ്ട് പവിത്രക്കെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷക്രിയ ചെയ്യുമ്പോള്‍ വലതുകയ്യിലെ മോതിരവിരലില്‍ അണിയുന്നു.
കലശക്കുടം: സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ജലം, ക്ഷീരം, ഘൃതം മുതലായ ദ്രവ്യങ്ങള്‍ പൂജിക്കാനുപയോഗിക്കുന്നു. കലശക്കുടം ഭൗതിക ശരീരത്തിന്‍റെയും അതിനുപുറമെ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടേയും നിറയ്ക്കുന്ന ജലം ജീവചൈതന്യത്തിന്‍റേയും പ്രതീകത്വം വഹിക്കുന്നു.
ധാരക്കിടാരം: ധാരചെയ്യാന്‍ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.
ജലദ്രോണി: ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് പൂജിച്ച് വയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നുപറയുന്നു.
പ്രാണീതൊടം: ഓടുകൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
പൂവട്ടക: ചെമ്പുകൊണ്ടോ വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയില്‍ ഉണ്ടാക്കുന്ന ചെറിയവട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.
വീശുപാള: ഹോമാഗ്നി വീശിക്കത്തിക്കുവാന്‍ ഉപയോഗിക്കുന്നു. കവുങ്ങിന്‍പാള വാലോടുകൂടി വൃത്താകൃതിയില്‍ മുറിച്ചാണ് ഇതുണ്ടാക്കുന്നത്.
സ്രുവം: ഹോമിക്കുവാനുള്ള നെയ്യ് പൂവട്ടകയില്‍ നിന്ന് കോരി എടുക്കുവാനുള്ള ഉപകരണം.
ജൂഹു: ഹോമിക്കുമ്പോള്‍ ദ്രവ്യം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം തവി/കയില്‍. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നത്.
ബാബുരാജ് പൊറത്തിശ്ശേരി, 9846025010
