മലക്കുട മഹോത്സവവും ദുര്യോധനക്ഷേത്രവും -പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം

മലക്കുട മഹോത്സവവും ദുര്യോധനക്ഷേത്രവും -പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം

HIGHLIGHTS

ദക്ഷിണഭാരതത്തിലെ ഏക ദുര്യോധനക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ പോരുവഴി പെരുവിരുത്തി മലനട. ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇവിടെ ഇല്ല. ആല്‍ത്തറയെ(മണ്ഡപം) ആരാധനാമൂര്‍ത്തിയായി സങ്കല്‍പ്പിച്ച് നാനാജാതിമതസ്ഥരും ഇവിടെയെത്തി ആരാധന നടത്തുന്നു. മഹാഭാരതത്തിലെ കൗരവപ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂര്‍ത്തി. മലക്കുട മഹോത്സവത്തിന് ഊരാളി കൈയിലേന്തുന്ന കുട മലനാഥനായ ഊരാളിയുടെ അധികാരത്തിന്‍റെ പ്രതീകമാണ്. കാര്‍ഷികവിളകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളാണ് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. കള്ള്, അടുക്ക്(വെറ്റ, പുകയില, പാക്ക്), കോഴി, കാള, ആട് മുതലായവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. കലശത്തിനായി ഉപയോഗിക്കുന്നത് കള്ളാണ്. ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നതും കള്ളാണ്.

 

ക്ഷിണഭാരതത്തിലെ ഏക ദുര്യോധനക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ പോരുവഴി പെരുവിരുത്തി മലനട. ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇവിടെ ഇല്ല. ആല്‍ത്തറയെ(മണ്ഡപം) ആരാധനാമൂര്‍ത്തിയായി സങ്കല്‍പ്പിച്ച് നാനാജാതിമതസ്ഥരും ഇവിടെയെത്തി ആരാധന നടത്തുന്നു. മഹാഭാരതത്തിലെ കൗരവപ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂര്‍ത്തി. മലയപ്പൂപ്പന്‍ എന്ന സങ്കല്‍പ്പത്തിലാണ് ദുര്യോധനനെ ഇവിടെ ആരാധിക്കുന്നത്. ഭൂമിക്ക് കരംപിരിവ് നടത്തുന്ന കാലം മുതല്‍ പാട്ടാധാരത്തിന്‍റെ സ്ഥാനത്ത് ദുര്യോധനന്‍ എന്ന പേര് ചേര്‍ത്താണ് മലനട നിവാസികള്‍ കരം ഒടുക്കിയിരുന്നത്. പടിഞ്ഞാറും തെക്കും വിശാലമായ നെല്‍പ്പാടങ്ങളുടെയും കിഴക്കും വടക്കും കൃഷിഭൂമികളുടെയും നടുക്ക് പ്രകൃതിഭംഗിയാല്‍ മനോഹരമായ മലമുകളിലാണ് 'അപ്പൂപ്പന്‍' എന്ന സങ്കല്‍പ്പത്താല്‍ ദുര്യോധനന്‍ കുടികൊള്ളുന്നത്.

ദ്രാവിഡ സംസ്ക്കാരത്തില്‍പ്പെട്ട പൂജകളാണ് ഇവിടെ തലമുറകളായി നടന്നുവരുന്നത്. കുറവ സമുദായത്തില്‍പ്പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളി നൂറ്റാണ്ടുകളായി ദ്രാവിഡ ആചാരപ്രകാരം പൂജാകര്‍മ്മങ്ങള്‍ നടത്തിവരുന്നു. മലക്കുട മഹോത്സവത്തിന് ഊരാളി കൈയിലേന്തുന്ന കുട മലനാഥനായ ഊരാളിയുടെ അധികാരത്തിന്‍റെ പ്രതീകമാണ്. 

കാര്‍ഷികവിളകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളാണ് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. കള്ള്, അടുക്ക്(വെറ്റ, പുകയില, പാക്ക്), കോഴി, കാള, ആട് മുതലായവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. കലശത്തിനായി ഉപയോഗിക്കുന്നത് കള്ളാണ്. ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നതും കള്ളാണ്.

ദുര്യോധനന്‍ ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയായതിന് പിന്നില്‍ തലമുറകളായി വിശ്വസിച്ചുപോരുന്ന ഒരു ഐതിഹ്യമുണ്ട്. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്ത് അവരെ അന്വേഷിച്ചു ദേശസഞ്ചാരത്തിനിറങ്ങിയ കൗരവര്‍ മലനടക്കുന്നില്‍ എത്തുകയും ദാഹിച്ചു പരവശനായ ദുര്യോധനന്‍ മലനട ക്കുന്നിന് വടക്ക് പടിഞ്ഞാറുള്ള കടുത്താംശ്ശേരി കുടുംബത്തില്‍ എത്തുകയും ദാഹജലം ആവശ്യപ്പെടുകയും ചെയ്തു. അവിടത്തെ സ്ത്രീ കുടിക്കുവാന്‍ ഒരു കുടം ശുദ്ധമായ ചെത്തു കള്ള് കൊടുത്തു. 

സന്തോഷത്തോടെ അദ്ദേഹം അത് പാനം ചെയ്യുകയും ആ സ്ത്രീ തിരിഞ്ഞുനടന്നപ്പോള്‍ കഴുത്തിലെ പുറത്താലി കാണുകയും അത് കുറവ സമുദായത്തില്‍പ്പെട്ട സ്ത്രീയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ആ പ്രദേശത്തിന്‍റെ ദൈവികതയും ആളുകളുടെ അതീന്ദ്രിയശക്തിയും മനസ്സിലാക്കാന്‍ കഴിഞ്ഞ ദുര്യോധനന്‍ മലമുകളിലിരുന്ന് അവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി ശിവനെ ധ്യാനിക്കുകയും മഹാഭാരതയുദ്ധം കൊടുമ്പിരിക്കൊണ്ട സമയം അദ്ദേഹം പ്രദേശവാസികളോട് അനുവാദം ചോദിച്ച് യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു. പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോടായി ഇപ്രകാരം പറയുകയുണ്ടായി. 

'മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തില്‍ വിജയശ്രീലാളിതനായി ഞാന്‍ തിരിച്ചുവരും. അന്ന് എന്നെ സ്വീകരിക്കുന്നതിന് മീനമാസത്തിലെ ഒന്നാം വെള്ളിയാഴ്ച മുതല്‍ സകലവിധ ഒരുക്കങ്ങളോടും കൂടി നില്‍ക്കണം. മീനമാസം രണ്ടാം വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ എന്നെ കാണുന്നില്ലെങ്കില്‍ യുദ്ധത്തില്‍ ഞാന്‍ മരിച്ചതായി കണക്കാക്കി എനിക്കുവേണ്ടി ഉദകക്രിയകള്‍ ചെയ്യണം.' അതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് മീനമാസം ഒന്നാം വെള്ളിയാഴ്ച കൊടിയേറി എട്ടുദിവസത്തെ ആഘോഷങ്ങളോടുകൂടി മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും വെടിക്കെട്ടോടും കൂടി ദുര്യോധനനെ വരവേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ മലനട നിവാസികള്‍ നടത്തുന്നത്. 

മലക്കുട ദിവസം അര്‍ദ്ധരാത്രിയില്‍ ക്ഷേത്രത്തിലെ പ്രധാന ആല്‍ത്തറയില്‍ പനമ്പായ വിരിച്ച് പായ്ക്കരികില്‍ കര്‍മ്മം നടത്തുന്നതും തുടര്‍ന്ന് അമ്പെയ്ത്ത് നടത്തുന്നതും ഈ വിശ്വാസത്തിന്‍റെ പ്രതീകമായിട്ടാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്സവദിവസം ഇറങ്ങാതെ മൂന്നാം വെള്ളിയാഴ്ച മാത്രമാണ് കൊടിയിറങ്ങുന്നത്. പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേ മുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളിലെ വലിയ എടുപ്പുകുതിരകളും ഇടയ്ക്കാട്ടു കരയില്‍ നിന്നും വലിയ എടുപ്പുകാളകളും നൂറുകണക്കിന് ചെറുതും വലുതുമായ കെട്ടുരുപ്പടികളും മലക്കുട മഹോത്സവത്തിനായി മാറ്റുകൂട്ടുന്നു.

ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന പള്ളിപ്പാനയ്ക്കും പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. വേല സമുദായത്തില്‍പ്പെട്ടവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പൂജ 12 ദിവസം നീണ്ടുനില്‍ക്കും. 

ചൂരല്‍വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്നത്  പള്ളിപ്പാനയിലെ വിശേഷചടങ്ങാണ്. കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെ ഇത് അനുസ്മരിപ്പിക്കുന്നു. 2023 ലാണ് ഒടുവിലത്തെ പള്ളിപ്പാന നടന്നത്. പനപ്പെട്ടി, കലമ്പടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം, ഇടയ്ക്കാട് തെക്ക്, ഇടയ്ക്കാട് വടക്ക് എന്നീ കരകളില്‍ നിന്നും ഹൈന്ദവ സമുദായത്തില്‍പ്പെട്ട എല്ലാ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 അംഗങ്ങളാണ് ക്ഷേത്രഭരണം നടത്തുന്നത്.