പോസിറ്റീവ് എനര്‍ജി കേന്ദ്രങ്ങള്‍
പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
പാദരക്ഷ പുറത്ത്
ക്ഷേത്രമതില്‍ക്കെട്ട് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോടുകൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.
പുരുഷന്മാരുടെ മേല്‍വസ്ത്രം
പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് ആചാരം. വിഗ്രഹത്തിന് മുന്‍പില്‍ സമാന്തരമായി തൊഴുതുനില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വരചൈതന്യം നേരിട്ട് പതിക്കുന്നതിനുവേണ്ടിയാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്ന് പറയുന്നത്.
ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം
ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്‍റെ വ്യത്യാസം ദേവബിംബത്തെയും സ്വാധീനിക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു.
പ്രദക്ഷിണം വയ്ക്കുന്നതെന്തിന്
പ്രദക്ഷിണം വയ്ക്കുകയെന്നത് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം.
വിഘ്നേശ്വരന് മുന്നില്‍ ഏത്തമിടുന്നത്
വിഘ്നേശ്വരന് മുന്നില്‍ സര്‍വ്വവിധ വിഘ്നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതു സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്മാരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
ശബ്ദം നാമജപത്തിന് മാത്രം
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍ ശബ്ദം നാമജപത്തിന് മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്.
നടയ്ക്ക് നേരെ നിന്ന് തൊഴരുത്
നടയ്ക്ക് നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങിനിന്നുവേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഭക്തരുടെ പ്രാണോര്‍ജ്ജം ഭക്തരുടെ തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.
ബലിക്കല്ലില്‍ ചവിട്ടുന്നത്
ക്ഷേത്രശാസ്ത്രത്തിന്‍റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.
ആല്‍മര പ്രദക്ഷിണം
ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മര പ്രദക്ഷിണം ചെയ്യണമെന്നാണ് ശാസ്ത്രം. പഞ്ചാമൃതത്തിന്‍റെ ഗുണങ്ങളാണ് ആല്‍മരത്തിനുള്ളത്. അതുകൊണ്ടുതന്നെ ആല്‍മര പ്രദക്ഷിണം പഞ്ചാമൃതത്തിന്‍റെ ഗുണം നല്‍കും എന്നാണ് ശാസ്ത്രം.
സ്ത്രീകളും സാഷ്ടാംഗ നമസ്ക്കാരവും
ക്ഷേത്രദര്‍ശനത്തില്‍ സ്ത്രീകള്‍ സാഷ്ടാംഗ നമസ്ക്കാരം ചെയ്യാന്‍ പാടില്ല. കാരണം നമസ്ക്കരിക്കുമ്പോള്‍ മാറിടം, നെറ്റി, കണ്ണ്, കൈമുട്ടുകള്‍, കാലടികള്‍ എന്നിവ നിലത്ത് മുട്ടണം. എന്നാല്‍ സ്ത്രീകളുടെ ശരീരഘടനയനുസരിച്ച് ഇവയൊന്നും ശരിയായ രീതിയില്‍ നിലത്ത് മുട്ടുകയില്ല. ഇത് വിപരീതഫലം ഉണ്ടാക്കും.
തീര്‍ത്ഥം സേവിക്കണം
പ്രസാദം വാങ്ങുന്നതും തീര്‍ത്ഥം സേവിക്കുന്നതും നിര്‍ബന്ധമാണ്. വിഗ്രഹത്തെ മന്ത്രധ്വനികളാല്‍ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും.
തരവത്ത് ശങ്കരനുണ്ണി
(9847118340)
Photo Courtesy - jyothisharathnam
