പ്രദോഷ വ്രതഫലങ്ങള്‍

പ്രദോഷ വ്രതഫലങ്ങള്‍

HIGHLIGHTS

എല്ലാ ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവം സര്‍വ്വവും താനായി വ്യാപിച്ചു നില്‍ക്കുന്ന കാലമാണ് പ്രദോഷം എന്നതിനാല്‍ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും അന്ന് ശിവനെ ദര്‍ശിക്കുന്നതും സര്‍വ്വ ഐശ്വര്യ സിദ്ധിയേകുന്നു.

ചാണ്ഡില്യ മഹര്‍ഷിയോട് ഉപദേശം നേടി ഈ വ്രതം അനുഷ്ഠിച്ച ഒരു സാധുപെണ്‍കുട്ടി, വ്രത ഫലത്താല്‍ രാജകീയ ജീവിതം നേടിയെന്ന് പുരാണത്തില്‍ പറയുന്നു. അതിരാവിലെ ഹരിനാമജപത്തിനും അന്തിനേരമായ പ്രദോഷകാലം ഹര(ശിവ)ന്‍റെ നാമം ജപിക്കുന്നതും അത്യുത്തമമായി കരുതപ്പെടുന്നു. പ്രദോഷവേളയില്‍ ദേവന്മാരും മഹര്‍ഷിമാരും വണങ്ങി നില്‍ക്കുന്നു. പ്രദേഷവേളയില്‍ ശിവനെ തൊഴുത് പ്രര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് പരമേശ്വരന്‍ സര്‍വ്വ ഐശ്വര്യങ്ങളും അനുഗ്രഹിച്ചേകുന്നതായി ഗ്രന്ഥങ്ങളില്‍ പറയുന്നു. പ്രദോഷം വരുന്ന ആഴ്ച(ദിവസം)യോടനുബന്ധിച്ചും സവിശേഷമായ ഫലങ്ങള്‍ ഉണ്ടാകുമെന്നും പുരാണങ്ങളില്‍ പറയുന്നു. ഓരോ ദിവസവും വരുന്ന പ്രദോഷങ്ങളുടെ ഫലങ്ങള്‍

ഞായറാഴ്ച

ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശമനം കിട്ടും. ജാതകത്തില്‍ സൂര്യന്‍റെ സ്ഥിതി കാരണമോ സൂര്യദശ കാരണമോ തടസ്സങ്ങളോ സങ്കടങ്ങളോ ഉണ്ടാകുന്നെങ്കില്‍ ഞായറാഴ്ചയിലെ പ്രദോഷ വഴിപാടിലൂടെ അതിന് ശമനം കിട്ടും.  കുടുംബത്തിന്‍റെ ഐക്യം ദൃഢപ്പെടും. പിതൃവഴി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. സര്‍വ്വ മംഗളങ്ങളുമുണ്ടാവും.

തിങ്കളാഴ്ച

പരമേശ്വരന് ചന്ദ്രശേഖരന്‍ എന്നും പേരുണ്ട്. തിങ്കളാഴ്ച ചന്ദ്രന്‍റെ ദിവസമാകയാല്‍ സോമവാരം അഥവാ തിങ്കളാഴ്ച വരുന്ന പ്രദോഷത്തിന് ഏറെ സവിശേഷതയുണ്ട്. ചന്ദ്രന്‍ ബുദ്ധിയുടെ കാരകനാണ് എന്നതിനാല്‍ സോമവാര പ്രദോഷത്തില്‍ പങ്കെടുക്കുന്നത് മനസ്സിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു. ബുദ്ധിവികാസമുണ്ടാകുന്നു. മാനസികരോഗങ്ങള്‍ അകലും. മാതാവിന്‍റെ അനുഗ്രഹവും കിട്ടും. ജാതകത്തില്‍ ചന്ദ്രനാല്‍ എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടെങ്കില്‍ സോമവാര  പ്രദോഷ വഴിപാട് അതിന് ശമനമേകും
 

ചൊവ്വാഴ്ച 

അംഗാരകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വയുടെ ദിവസമാകയാല്‍ അന്നേദിവസം വരുന്ന പ്രദോഷത്തില്‍ പങ്കുകൊള്ളുന്നത് ഋണം എന്ന കടം, രോഗങ്ങള്‍ എന്നിവ ശമിക്കാന്‍ ഉത്തമമാണെന്ന് ഐതിഹ്യം. ഒപ്പം ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ എന്നിവയ്ക്ക് അനുകൂലമായ തീര്‍പ്പും ലഭിക്കും. ചൊവ്വാദോഷത്തിന്‍റെ കടുത്ത ദോഷങ്ങള്‍ അകലും. സഹോദരങ്ങള്‍ക്കിടയില്‍ ഐക്യം വളരും. കുടുംബസ്വത്ത് ലഭിക്കും. ദാരിദ്ര്യം അകലും.

ബുധനാഴ്ച 

ജ്ഞാനത്തിന്‍റെ കാരകനായ ബുധന്‍റെ ദിവസമാണ് ബുധനാഴ്ച എന്നതിനാല്‍ ഈ ദിവസം വരുന്ന പ്രദേശത്തില്‍ പങ്കെടുത്താല്‍ വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിക്കും. ജാതകത്തിലെ ബുധന്‍ മൂലമുള്ള ദോഷങ്ങള്‍ അകലും. ഒപ്പം സന്താനപ്രാപ്തിയും ഉണ്ടാകും.

 വ്യാഴാഴ്ച 

സര്‍വഗ്രഹ ദോഷങ്ങളെയും തന്‍റെ നോട്ടം കൊണ്ട് അകറ്റുന്ന വ്യാഴ(ഗുരു) ത്തിന്‍റെ ദിവസമാണ് വ്യാഴാഴ്ച എന്നതിനാല്‍ ഈ ദിവസം വരുന്ന പ്രദോഷത്തിന് സര്‍വ്വദോഷങ്ങളെയും അകറ്റാനുള്ള ശക്തിയുണ്ട്. മാത്രമല്ല പരമശിവന്‍ തന്നെ ദക്ഷിണാമൂര്‍ത്തിയായി മൗനഗുരുവായി വിളങ്ങുന്നു എന്നതിനാല്‍ 'ഗുരുവാര' പ്രദോഷം എന്ന വ്യാഴാഴ്ചത്തെ പ്രദോഷത്തില്‍ പങ്കെടുക്കുന്നത് സര്‍വ്വ കലയിലും ജ്ഞാനസിദ്ധി ഉണ്ടാകുന്നു. ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിച്ച് ശുഭകാര്യങ്ങളും കരഗതമാവും. 

വെള്ളിയാഴ്ച 

കളത്രകാരകനായ ശുക്രന്‍റെ ദിവസമായ വെള്ളിയാഴ്ച വരുന്ന പ്രദോഷത്തില്‍ പങ്കെടുക്കയാല്‍ കുടുംബ ഐക്യം വര്‍ദ്ധിക്കും. ദമ്പതിമാര്‍ക്കിടയില്‍ സ്നേഹം എന്നെന്നും നിലനില്‍ക്കും. മാത്രമല്ല ബന്ധുക്കള്‍ തമ്മിലുള്ള ശത്രുത മറയും. ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കും. വിവാഹ തടസ്സങ്ങള്‍ അകലും.

 ശനിയാഴ്ച 

ശനിയാഴ്ച വരുന്ന പ്രദോഷത്തിന് ശനി മഹാപ്രദോഷം എന്ന് പറയുന്നു. ജാതകത്തില്‍ എത്ര കടുത്ത ദോഷം ഉണ്ടെങ്കിലും അതിന് ഉടന്‍ ശമനമേകാനുളള ശക്തി ശനി മഹാപ്രദോഷദര്‍ശനത്തിനുണ്ട്. ഓരോ തവണയും ശനിപ്രദോഷ വഴിപാടുകളില്‍ പങ്കെടുത്താല്‍ 108 പ്രാവശ്യം മറ്റുള്ള പ്രദോഷനാളുകളില്‍ പങ്കെടുത്ത ഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശനി പ്രദോഷത്തിന്‍റെ മാഹാത്മ്യം ബ്രഹ്മദേവനുപോലും വിവരിക്കാനാവില്ലെന്ന് പ്രദോഷ മാഹാത്മ്യത്തില്‍ പറയുന്നു....