പ്രശ്നം വയ്പ്പില്‍ പലവിധ ആരൂഢങ്ങള്‍
HIGHLIGHTS
സാധാരണ പ്രശ്നം, പ്രശ്നാരൂഢം കൊണ്ടും ഉദയാരൂഢം കൊണ്ടും ആണല്ലോ ചിന്തിക്കുന്നത്. ചില ജ്യോത്സ്യന്മാര്‍ താംബൂല പ്രശ്നം എന്നുപറഞ്ഞ് താംബൂലാരൂഢം കൊണ്ട് ചിന്തിക്കും. അപ്പോള്‍ പ്രശ്നാരൂഢത്തിനും ഉദയാരൂഢത്തിനും പ്രാധാന്യം കുറച്ചാണ് കാണുന്നത്. അഷ്ടമംഗലപ്രശ്നത്തിലാവട്ടെ, ഷഡാരൂഢങ്ങളാ സ്വര്‍ണ്ണാരൂഢം, ഉദയാരൂഢം, ഉദയാംശകം, ഛത്രാരൂഢം, ചന്ദ്രാരൂഢം, സ്പൃഷ്ടാംഗാരൂഢം ഇവകൊണ്ടും ചില ദൈവജ്ഞര്‍ തംബൂലഗ്രന്ഥം കൂടിയെടുത്ത് ചിന്തിക്കും. മറ്റുചില ദൈവജ്ഞരാകട്ടെ സ്ഥിത്യാരൂഢത്തിന് പ്രാധാന്യം കല്‍പ്പിച്ചും ചിന്തിക്കുന്നുണ്ട്. ഇതുകൂടാതെ വേറെയും ആരൂഢങ്ങള്‍ ഉണ്ട്. ആരൂഢങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം.
സാധാരണ പ്രശ്നം, പ്രശ്നാരൂഢം കൊണ്ടും ഉദയാരൂഢം കൊണ്ടും ആണല്ലോ ചിന്തിക്കുന്നത്. ചില ജ്യോത്സ്യന്മാര്‍ താംബൂല പ്രശ്നം എന്നുപറഞ്ഞ് താംബൂലാരൂഢം കൊണ്ട് ചിന്തിക്കും. അപ്പോള്‍ പ്രശ്നാരൂഢത്തിനും ഉദയാരൂഢത്തിനും പ്രാധാന്യം കുറച്ചാണ് കാണുന്നത്. അഷ്ടമംഗലപ്രശ്നത്തിലാവട്ടെ, ഷഡാരൂഢങ്ങളാ സ്വര്‍ണ്ണാരൂഢം, ഉദയാരൂഢം, ഉദയാംശകം, ഛത്രാരൂഢം, ചന്ദ്രാരൂഢം, സ്പൃഷ്ടാംഗാരൂഢം ഇവകൊണ്ടും ചില ദൈവജ്ഞര്‍ തംബൂലഗ്രന്ഥം കൂടിയെടുത്ത് ചിന്തിക്കും. മറ്റുചില ദൈവജ്ഞരാകട്ടെ സ്ഥിത്യാരൂഢത്തിന് പ്രാധാന്യം കല്‍പ്പിച്ചും ചിന്തിക്കുന്നുണ്ട്. ഇതുകൂടാതെ വേറെയും ആരൂഢങ്ങള്‍ ഉണ്ട്. ആരൂഢങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം.
1. പ്രശ്നാരൂഢം: ജ്യോത്സ്യന്‍ ഈശ്വരപ്രാര്‍ത്ഥനയ്ക്കുശേഷം ഗുരുപദേശമന്ത്രങ്ങളും, നവഗ്രഹ ധ്യാനങ്ങളും മറ്റും കവടിതൊട്ട് തലോടി ജപിച്ച ശേഷം, അതില്‍ നിന്ന് കുറച്ച് കവടിവാരി വച്ച് നിശ്ചയിക്കുന്ന ആരൂഢമാണിത്. സാധാരണ കവടി പ്രശ്നമാണ്.
2. ഉദയാരൂഢം: 12 രാശികള്‍ ആണല്ലോ ഉള്ളത്. ഇതില്‍ 6 രാശി പകലും 6 രാശി രാത്രിയും ഉദിക്കും. ആദിത്യന്‍ നില്‍ക്കുന്ന രാശിയാണ് ആദ്യത്തെ ഉദയരാശി. ഉദയാല്‍പ്പരം സമയം എത്രയാണോ ആദ്യത്തെ ഉദയരാശി അത്രയും സമയമായിരിക്കും. അതുകഴിഞ്ഞ് അടുത്തരാശി മുതല്‍ രാശിപ്രമാണനാഴിക വിനാഴിക അനുസരിച്ച് ഉദിക്കും. പ്രശ്നം വയ്ക്കുന്ന സമയം ഏത് രാശിയാണോ ഉദിച്ചിരിക്കുന്നത് അതാണ് ഉദയാരൂഢം.
ഉദാഹരണത്തിന് 1187 കുംഭമാസം ഒന്നാം തീയതി പരിഷത്ത് പഞ്ചാംഗ പ്രകാരം 6 മണി 49 മിനിട്ട് ഉദയം. ഉദയാല്‍പ്പരം 4 നാഴിക 14 വിനാഴിക. അതായത് ഉദയം 6 മണി 49 മിനിട്ടുമുതല്‍ 4 നാഴിക 14 വിനാഴിക പുലര്‍ന്നുവരെ കുംഭംരാശിയായിരിക്കും ഉദയരാശി. അതുകഴിഞ്ഞാല്‍ മീനംരാശി ഉദയം. അതിനെത്തുടര്‍ന്ന് ഓരോ രാശിയും ഉദിക്കും. അന്നേദിവസം ഒരാള്‍ പകല്‍ 11 മണി 20 മിനിട്ടാണ് പ്രശ്നം എടുക്കുന്നതെങ്കില്‍, ആ പ്രശ്നത്തിന്‍റെ ഉദയരാശി അറിയാന്‍ ഉദയം 6 മണി 49 മിനിട്ട് മുതല്‍ പ്രശ്നം വയ്ക്കുന്ന 11 മണി 20 മിനിട്ട് വരെയുള്ള സമയം എത്ര നാഴിക വിനാഴിക എന്ന് നോക്കുക. അപ്പോള്‍ 11 നാഴിക 7 വിനാഴിക എന്ന് കാണാം. അതില്‍നിന്ന് ഉദയാല്‍പ്പരം 4 നാഴിക 14 നാഴിക കുറയ്ക്കുക. അപ്പോള്‍ 6 നാഴിക 43 വിനാഴിക. അതില്‍നിന്നും മീനംരാശി പ്രമാണം 4 നാഴിക 15 വിനാഴിക കുറയ്ക്കുക. അപ്പോള്‍ 2 നാഴിക 28 വിനാഴിക. മേടം രാശി പ്രമാണം 4 നാഴിക 35 വിനാഴികയേക്കാള്‍ കുറവായതിനാല്‍ മേടംരാശി ഉദയം.
3. സ്വര്‍ണ്ണാരൂഢം: അഷ്ടമംഗല പ്രശ്നത്തില്‍ രാശിചക്രപൂജയ്ക്കുശേഷം ദൈവജ്ഞന്‍ ഈശ്വരപ്രാര്‍ത്ഥനയും ഗുരുപദേശമന്ത്രജപങ്ങള്‍ക്കും ശേഷം, രാശിപ്പണം, . അക്ഷതം, ജലം, ചന്ദനം, പൂവ് തുടങ്ങിയവ ചേര്‍ത്ത് 108 ഉരു പഞ്ചാക്ഷരം ജപിച്ച്, രാശി പണം വയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്ന കുട്ടിയുടെ കയ്യില്‍ കൊടുത്ത്, ആ കുട്ടി ഏത് രാശിയിലാണോ സ്വര്‍ണ്ണം വയ്ക്കുന്നത് ആ രാശിയാണ് സ്വര്‍ണ്ണാരൂഢം. ഇത് ഒരു പരമ്പരാഗത ചടങ്ങാണ്.
4. താംബൂലാരൂഢം: പൃഛകന്‍ താംബൂലം എണ്ണി, അതിനെ ഇരട്ടിയാക്കി 5 കൊണ്ട് ഗുണിച്ച് അതിന്‍റെ കൂടെ ഒന്നുകൂടി അതിനെ 7 കൊണ്ട് ഹരിച്ച് കിട്ടുന്നതാണ് താംബൂലാരൂഢം. അങ്ങനെ ഹരിക്കുമ്പോള്‍ ഒന്ന് ശിഷ്ടം വന്നാല്‍ ആദിത്യന്‍, 2 ശിഷ്ടം വന്നാല്‍ ചന്ദ്രന്‍, 3 ശിഷ്ടം വന്നാല്‍ കുജന്‍, 4 ശിഷ്ടം വന്നാല്‍ ബുധന്‍, 5 ആണെങ്കില്‍ വ്യാഴം, ശിഷ്ടം 6 വന്നാല്‍ ശുക്രന്‍, 7 ശിഷ്ടം വന്നാലും, ഒന്നും ശിഷ്ടം വന്നില്ലെങ്കിലും ശനി. ഇതാണ് താംബൂല നാമങ്ങള്‍. ശിഷ്ടം വന്നത് ഏത് ഗ്രഹത്തിനാണോ, ആ ഗ്രഹം നില്‍ക്കുന്ന രാശിയാണ് താംബൂലാരൂഢം.
5. ഉദയലഗ്നാംശകലഗ്നം: ഉദയലഗ്നസ്ഫുടത്തിന്‍റെ അംശകം ഏത് രാശിയിലാണോ ആ രാശിയാണ് ഉദയലഗ്നാംശകലഗ്നം.
6. ചന്ദ്രലഗ്നം: ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് ചന്ദ്രാരൂഢം.
ചന്ദ്രനെ പൂവിനോടും, മറ്റുഗ്രഹങ്ങളെ ഫലങ്ങളോടും ആണ് ആചാര്യന്മാര്‍ ഉപമിച്ചിരിക്കുന്നത്. പൂവില്‍ നിന്നാണ് ഫലങ്ങളുടെ ഉത്ഭവം. പുഷ്പം നഷ്ടമായാല്‍ ഫലം നശിക്കും. അതുകൊണ്ട് ചന്ദ്രബലം മറ്റുഗ്രഹങ്ങളുടെ ബലത്തിന് പ്രധാനമാണ്.
7. ഛത്രാരൂഢം: പ്രശ്നാരൂഢത്തേയും ഉദയാരൂഢത്തേയും ബന്ധിച്ചുണ്ടാകുന്ന ഒരു ആരൂഢമാണ് ഛത്രാരൂഢം.
ഛത്രാരൂഢം അറിയുന്നതിന് ആദ്യം വീഥിരാശി അറിയണം.വീഥിരാശി കാണുന്നതിങ്ങനെയാണ്.
ആദിത്യന്‍ നില്‍ക്കുന്ന രാശി ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം ഇവയാണെങ്കില്‍ വീഥിരാശി മേടം ആണ്.
വൃശ്ചികം, ധനു, മകരം, കുംഭം ഈ രാശികളിലാണ് ആദിത്യന്‍ നില്‍ക്കുന്നതെങ്കില്‍ വീഥിരാശി മിഥുനമാണ്.
കന്നി, തുലാം, മീനം, മേടം ഈ രാശികളില്‍ ആദിത്യന്‍ നില്‍ക്കുമ്പോള്‍ ഇടവം ആയിരിക്കും വീഥിരാശി.
പട്ടികയായി വീഥിരാശി എളുപ്പത്തിലറിയാന്‍
ആദിത്യന്‍ നില്‍ക്കുന്ന രാശി
ഇടവം
മിഥുനം
കര്‍ക്കിടകം
ചിങ്ങം
വീഥി രാശി
മേടം
ആദിത്യന്‍ നില്‍ക്കുന്ന രാശി
വൃശ്ചികം
ധനു
മകരം
കുംഭം
വീഥി രാശി
മിഥുനം
ആദിത്യന്‍ നില്‍ക്കുന്ന രാശി
കന്നി
തുലാം
മീനം
മേടം
വീഥി രാശി
ഇടവം
ഇനി ആരൂഢത്തില്‍ നിന്ന് എത്രാമത്തെ രാശിയാണോ വീഥിരാശി എന്ന് നോക്കുക.
ഉദാഹരണത്തിന് കര്‍ക്കിടകം ആരൂഢം. ഇടവം ഉദയം. ആദിത്യന്‍ നില്‍ക്കുന്ന രാശി മേടം. മേടത്തിന്‍റെ വീഥിരാശി ഇടവം, ആരൂഢത്തില്‍ നിന്ന് 11-ാമത്തെ രാശി ഉദയാരൂഢം. അപ്പോള്‍ വീഥിരാശിയില്‍ നിന്ന് 11-ാമത്തെ രാശി മീനം ഛത്രാരൂഢം.
8. സ്പൃഷ്ടാംഗാരൂഢം: ശരീരത്തെ 12 രാശികളായി ഭാഗിച്ചിട്ടുണ്ടല്ലോ. പൃഷ്ടാവ് ശരീരത്തിന്‍റെ ഏത് ഭാഗത്ത് തൊടുന്നുവോ ആ ഭാഗത്തിനുള്ള രാശി ഒരു ആരൂഢമാണ്. അതാണ് സൃഷ്ടാംഗലഗ്നം.
ശരീരഭാഗം രാശി
1. തല മേടം
2. മുഖം ഇടവം
3. കഴുത്ത്, ചുമല് മിഥുനം
4. നെഞ്ചിന്‍റെ മേല്‍ഭാഗം കര്‍ക്കിടകം
5. ഹൃദയഭാഗം ചിങ്ങം
6. ഉദരം കന്നി
7. വസ്തിപ്രദേശം തുലാം
8. ലിംഗഭാഗം വൃശ്ചികം
9. തുടകള്‍, പൃഷ്ഠഭാഗം ധനം
10. മുട്ടുകള്‍ മകരം
11. കണങ്കാല് കുംഭം
12. പാദങ്ങള്‍ മീനം
ഇതില്‍ ഏതുഭാഗത്താണ് പൃഷ്ഠാവ് തൊടുന്നത്. ആ ഭാഗത്തിനുള്ള രാശിയാണ് സ്പൃഷാംഗരാശി.
9. കാലഹോരലഗ്നം: ഒരു കാലഹോരാസമയം എന്നുപറയുന്നത് രണ്ടരനാഴികയാണ്. ഉദയം മുതല്‍ പ്രശ്നസമയം വരെ എത്ര നാഴിക വിനാഴികയാണോ, അതില്‍ രണ്ടര നാഴികയ്ക്ക് ഒരു രാശി വീതം നീക്കി വരുന്നതാണ് കാലഹോരാലഗ്നം.
ഈ ലഗ്നം കാണുന്നതിനുള്ള ഒരു പ്രത്യേകത, ഉദയലഗ്നം ഓജരാശിയായാല്‍ ആ ലഗ്നം മുതല്‍ ഉദയരാശി മുതല്‍ നേരെ എണ്ണി വരണം. ഉദയലഗ്നം യുഗ്മരാശിയായാല്‍ ഉദയലഗ്നം മുതല്‍ പുറകോട്ടേയ്ക്കാണ് രണ്ടരനാഴിക വീതം നീക്കി എണ്ണേണ്ടത്.
10. ഘടികാലഗ്നം: ഉദയം മുതല്‍ പ്രശ്നസമയം വരെ എത്ര നാഴിക വിനാഴികയുണ്ടോ എന്ന് നോക്കുക. മേടം രാശി മുതല്‍, ഒരു നാഴികയ്ക്ക് ഒരു രാശി വീതം മാറ്റി അവസാനം വരുന്ന രാശിയാണ് ഘടികാലഗ്നം.
11. ഭാവലഗ്നം: ഉദയം മുതല്‍ പ്രശ്നസമയം വരെ എത്ര നാഴികയുണ്ടെന്ന് നോക്കി, രണ്ടര നാഴികയ്ക്ക് ഒരു രാശി വീതം, വാരാധിപന്‍റെ നവാംശകരാശി മുതല്‍ എണ്ണിവരുന്നതാണ് ഭാവലഗ്നം.
12. അധിപതിലഗ്നം: ശുക്രന്‍ ഓജരാശിയില്‍ നിന്നാല്‍ അതിന്‍റെ നാലാം രാശിയും, യുഗ്മരാശിയില്‍ നിന്നാല്‍ അതിന്‍റെ പത്താം രാശിയുമാണ് അധിപതിലഗ്നം.
13. ദേഹലഗ്നം: ചന്ദ്രാശ്രിത രാശിയുടെ ത്രികോണത്തിലെ ഉഭയരാശിയാണിത്.
14. ജീവലഗ്നം: ഉദയാദിനാഴികയെ 4 കൊണ്ട് ഗുണിച്ച് 12 കൊണ്ട് ഹരിക്കുക. സൂര്യസ്ഥിത രാശി ത്രികോണത്തിലെ ചരരാശി മുതല്‍ എണ്ണിവന്ന് ശിഷ്ടം എത്രയാണോ അത്രാമത്തെ രാശിയാണ് ജീവലഗ്നം.
15. ഭൂപലഗ്നം: നക്ഷത്രത്തില്‍ നാഴിക 5 ന് ഒരു രാശിവീതം ലഗ്നം മുതല്‍ എണ്ണിവരുന്നതാണ് ഭൂപലഗ്നം. ദശാനാഥന്‍ കേതു ആയാല്‍ അശ്വതി, മകം, മൂലം ഈ നക്ഷത്രങ്ങള്‍ ആയാല്‍ ലഗ്നം മുതല്‍ പുറകോട്ടെണ്ണെണം.
16. ദ്രേക്കാണലഗ്നം: ദ്രേക്കാണ നാഥന്‍ നില്‍ക്കുന്ന രാശിയാണിത്. ആരൂഢലഗ്നസ്ഫുടം എടുത്ത് ദ്രേക്കാണം എടുക്കുക.
17. കാരകലഗ്നം: ഉദയാദി നാഴിക കണക്കാക്കുക. എന്നിട്ട് 5 നാഴികയ്ക്ക് ഒരു രാശി വീതം ഗ്രഹസ്ഥിത രാശി മുതല്‍ എണ്ണിവരുന്നതാണ് കാരകലഗ്നം.
18. ആയുര്‍ലഗ്നം: ജനനകാലനാഴികയെ 5 ല്‍ ഹരിച്ച ഫലത്തെ വാരാധിപന്‍റെ നവാംശകരാശി മുതല്‍ എണ്ണിവരുന്നതാണ് ഈ ലഗ്നം.
19. വചനാരൂഢം: പൃഷ്ഠാവ് പറഞ്ഞ വാക്യത്തിലെ ആദിവര്‍ണ്ണം അറിഞ്ഞ്, ആയത് ലഗ്നമായി ഫലം പറയണം.
വചനാരൂഢം കണ്ടുപിടിക്കുന്ന മാര്‍ഗ്ഗം അക്ഷരങ്ങളെ ഓരോ വര്‍ഗ്ഗങ്ങളായി തിരിച്ചിട്ടുണ്ട്.
അ മുതല്‍ അ: വരെയുള്ള സ്വരാക്ഷരങ്ങള്‍- 'അവര്‍ഗ്ഗം'- ഗ്രഹം- സൂര്യന്‍
യ, ര, ല, വ, ശ, ഷ, സ, ഹ- യ വര്‍ഗ്ഗം- ഗ്രഹം, ചന്ദ്രന്‍
വര്‍ഗ്ഗം ഓജാക്ഷരങ്ങള്‍ യുഗ്മാക്ഷരങ്ങള്‍ ഓജാക്ഷരങ്ങള്‍ യുഗ്മാക്ഷരങ്ങള്‍ ഓജാക്ഷരങ്ങള്‍ ഗ്രഹം
ക വര്‍ഗ്ഗം ക ഖ ഗ ഘ ങ കുജന്‍
ച വര്‍ഗ്ഗം ച ഛ ജ ഝ ഞ ശുക്രന്‍
ട വര്‍ഗ്ഗം ട ഠ ഡ ഢ ണ ബുധന്‍
ത വര്‍ഗ്ഗം ത ഥ ദ ധ ന വ്യാഴം
പ വര്‍ഗ്ഗ പ ഫ ബ ഭ മ ശനി
ആദിത്യന് ചിങ്ങവും, ചന്ദ്രന് കര്‍ക്കിടകവും മാത്രമേ രാശികളായി കല്‍പ്പിച്ചിട്ടുള്ളൂ. അതിനാല്‍ ആവശ്യമായ സ്വരാക്ഷരങ്ങളില്‍ തുടങ്ങുന്ന വാചകങ്ങള്‍ക്ക് ചിങ്ങം രാശിയും യവര്‍ഗ്ഗങ്ങളില്‍ തുടങ്ങുന്ന വാചകങ്ങള്‍ക്ക് കര്‍ക്കിടകവും ആയിരിക്കും വചനാരൂഢം. കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ക്ക് പ്രശ്നത്തിന്‍റെ ആദ്യാക്ഷര വര്‍ഗ്ഗത്തിലെ ആദി, മദ്ധ്യം, അന്ത്യം എന്നിവകൊണ്ട് ഓജരാശിയും, മറ്റുള്ളതുകൊണ്ട് യുഗ്മരാശിയും ആരൂഢമായി പറയണം. ഒന്നുകൂടി വിശദമാക്കാം. അതായത് ലഗ്നം ക വര്‍ഗ്ഗാക്ഷരങ്ങളായ കുജന് മേടവും വൃശ്ചികവും ക്ഷേത്രങ്ങളാണ്. ഓജസ്ഥാനാക്ഷരങ്ങളയ(ആദി, മദ്ധ്യം, അന്ത്യം) ക, ഗ, ങ എന്നിവ പ്രശ്നാക്ഷരങ്ങളായി വന്നാല്‍ ഓജരാശിയായ മേടം ആരൂഢമാകും. യുഗ്മസ്ഥാനാക്ഷരങ്ങളായ ഖ, ഘ, എന്നീ അക്ഷരങ്ങള്‍ പ്രശ്നാക്ഷരങ്ങളായി വന്നാല്‍ യുഗ്മരാശിയായ വൃശ്ചികം ആരൂഢമാകും. ഇതുപോല ഓരോ വര്‍ഗ്ഗത്തിലേയും ഓജയുഗ്മാക്ഷരങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യത്തിന് പറഞ്ഞിട്ടുള്ള ഗ്രഹത്തിന്‍റെ ഓജരാശിയാണോ യുഗ്മരാശിയാണോ ലഗ്നം എന്ന് നിശ്ചയിക്കണം.
ബഹുപ്രശ്നം
ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരേസമയത്ത് ചോദ്യം ചോദിക്കുമ്പോഴും ഒന്നില്‍ കൂടുതല്‍ ആളുകളുടെ പ്രശ്നം പറയുമ്പോഴും ഉള്ള പ്രശ്നത്തിന് ബഹുപ്രശ്നം എന്നുപറയും. അങ്ങനെയുള്ള അവസരത്തില്‍ മുന്‍പ് പറഞ്ഞതുപോലെ വചനാരൂഢം എടുക്കുന്നതാണ് നല്ലത്.
20. സ്ഥിത്വാരൂഢം: ദൈവജ്ഞന്‍റെയടുത്ത് പൃഛകന്‍ വന്നുനില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രാശിയാണ് സ്ഥിത്വാരൂഢം. 12 രാശികളും ദൈവജ്ഞന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. കിഴക്കേ ദിക്കില്‍ മേടവും ഇടവവും അഗ്നികോണില്‍ മിഥുനവും തെക്കെ ദിക്കില്‍ കര്‍ക്കിടകവും ചിങ്ങവും തെക്കുപടിഞ്ഞാറ് കന്നിയും, പടിഞ്ഞാറ് തുലാമും, വൃശ്ചികവും, വായുകോണില്‍ ധനുവും വടക്കുഭാഗത്ത് മകരവും കുംഭവും ഈശാനകോണില്‍ മീനവും ആണ് രാശികള്‍. ദൈവജ്ഞന് ചുറ്റുമായി സങ്കല്‍പ്പിച്ചിട്ടുള്ള ഈ രാശിചക്രത്തെ ഭൂമിചക്രം അല്ലെങ്കില്‍ സ്ഥിരചക്രം എന്നാണ് പറയുന്നത്. ഇതില്‍ ഏത് രാശിയിലാണ് പൃച്ഛകന്‍റെ സ്ഥിതി. അതാണ് സ്ഥിത്വാരൂഢം.
21. ആധാനലഗ്നം: ഗര്‍ഭപ്രശ്നത്തിലാണ് ഇത് പ്രധാനം. സ്ത്രീപുരുഷന്മാരുടെ സംയോഗ സമയമാണ് ആധാനലഗ്നം.
ഇത്രയും ആരൂഢങ്ങള്‍ ഇവിടെ പറഞ്ഞെങ്കിലും പ്രശ്നാരൂഢം, സ്വര്‍ണ്ണാരൂഢം, സ്ഥിത്വാരൂഢം, ചന്ദ്രാരൂഢം, താംബൂലാരൂഢം, ഉദയാരൂഢം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. പ്രശ്നസമയത്തെ യുക്തിയ്ക്കനുസരിച്ച് ഓരോ ആരൂഢങ്ങളും നമുക്ക് ചിന്തിക്കാന്‍ സാധിക്കും.
ജോത്സ്യന്‍
പി. ശരത്ചന്ദ്രന്‍
ഫോണ്‍: 0484-2518705
Photo Courtesy - Google