പ്രശ്നക്രിയ തുടങ്ങുന്നതിന് മുന്‍പ് ദൈവജ്ഞന്‍ ചെയ്യേണ്ട കാര്യങ്ങള്‍?

പ്രശ്നക്രിയ തുടങ്ങുന്നതിന് മുന്‍പ് ദൈവജ്ഞന്‍ ചെയ്യേണ്ട കാര്യങ്ങള്‍?

HIGHLIGHTS

ദൈവജ്ഞന്‍ ജ്യോതിഷശാസ്ത്രരീതിയില്‍ ചിന്തിക്കുമ്പോള്‍ കൃത്യമായി ഫലങ്ങള്‍ മനസ്സില്‍ ഉദിക്കുകയും പ്രവചനം സഫലമാവുകയും ചെയ്യും.

 

ദൈവജ്ഞന്‍ പതിവുള്ള പ്രാഥമിക നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചശേഷം ശുദ്ധനായി ഈശ്വരപ്രാര്‍ത്ഥനയോടുകൂടി പ്രശ്നക്രിയയ്ക്ക് തയ്യാറാകണം. അന്നത്തെ ഉദയാസ്തമനസമയങ്ങള്‍, കാലവിശേഷം, പഞ്ചാംഗ വിശേഷങ്ങള്‍ സ്ഫുടാദികള്‍, ഹോരാസമയങ്ങള്‍, മുഹൂര്‍ത്തവിശേഷങ്ങള്‍ എന്നിവ കുറിച്ചുവയ്ക്കണം. വിളക്ക് കൊളുത്തണം. ഗണപതിപജ, മഹേശ്വരപൂജ, ഗ്രഹപൂജ, രാശി പൂജ എന്നിവ യഥാവിധി ചെയ്യണം. ജ്യോതിഷത്തിന്നധികാരിയായ സുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കണം. കിഴക്കോട്ട് ദര്‍ശനമായിട്ടാണ് ഇരിക്കേണ്ടത്.

മുന്‍പിലുള്ള രാശിപ്പലകയില്‍ ഒരു കോല്‍ ചതുരമുള്ള രാശിചക്രത്തിന്‍റെ മധ്യസ്ഥാനത്ത് വരുന്ന നാല് ഖണ്ഡങ്ങളെ ചതുര്‍ദ്ദല പത്മമായും ചുറ്റുമുള്ള 12 ഖണ്ഡങ്ങളെ രാശികളായും സങ്കല്‍പ്പിച്ച് അര്‍ച്ചനചെയ്യണം. ശുദ്ധിയാക്കി വച്ചിട്ടുള്ള 108 കവിടികളെ എണ്ണി ആരൂഢം കാണുന്നതിനായി രാശിപ്പലകയില്‍ ഒരറ്റത്ത് വയ്ക്കണം. ഗ്രഹങ്ങളെയും ഗുരുക്കന്മാരെയും ഉപാസനാമൂര്‍ത്തികളെയും പ്രതിനിധീകരിച്ചു താഴെപ്പറയുന്ന പ്രകാരം കവിടികള്‍ വയ്ക്കേണ്ടതാണ്.

കവിടിപ്പലകയില്‍ വലതുഭാഗത്ത് മോതിരവിരല്‍ കൊണ്ട് 'ഓം ഹരിശ്രീ ഗണപതയേ നമഃ' എന്നുകുറിച്ച്, അതിന് താഴെയായി ഒന്‍പത് ഗ്രഹങ്ങള്‍ക്കും ഗുളികനുമായി 10(9+1) കവിടികള്‍ വരിയായി നിരത്തിവയ്ക്കണം. കവിടിപ്പലകയുടെ മുകളില്‍ ഇടതുഭാഗത്ത് 3 കവിടികള്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സങ്കല്‍പ്പിച്ച് വയ്ക്കണം. ഗുരുനാഥനും ഇഷ്ടദൈവങ്ങള്‍ക്കും സ്ഥലദൈവങ്ങള്‍ക്കുമായി സങ്കല്‍പ്പിച്ച് ഓരോ കവിടികള്‍ പ്രാര്‍ത്ഥിച്ച് വയ്ക്കാവുന്നതാണ്.

ആരൂഢ നിര്‍ണ്ണയത്തിനുള്ള 108 കവിടികള്‍ 108 നക്ഷത്രപാദങ്ങളെ പ്രതിനിധീകരിക്കുന്നു. അതുപോലെ 9 ഗ്രഹങ്ങള്‍ക്കും 12 രാശികള്‍ക്കുമായും ഇവയെ (9 ത 12= 108) സങ്കല്‍പ്പിക്കാവുന്നതാണ്. ഇവയെ രാശിചക്രത്തിന്‍റെ ഇരുവശത്തായി ഒതുക്കിവയ്ക്കാവുന്നതാണ്. രാശിചക്രത്തിലെ അന്നത്തെ ഗ്രഹസ്ഥിതി മനസ്സില്‍ ഉറപ്പിച്ചുവയ്ക്കണം.

12 രാശികളെ 'ഓം മേഷായ നമഃ' എന്നു തുടങ്ങി ഓം മത്സ്യായ നമഃ എന്നുവരെയും 10 ഗ്രഹങ്ങളെ(9+1) ഓം സൂര്യായ നമഃ എന്നുതുടങ്ങി ഓം ഗുളികായ നമഃ എന്നുവരെയും സങ്കല്‍പ്പിച്ച് ജപിക്കണം. എന്നിട്ട് സൂര്യഭഗവാനെ സങ്കല്‍പ്പിച്ചുകൊണ്ട് ഓം മൂര്‍ത്തിത്വേ പരികല്‍പ്പിതേ(ബൃഹത് ജാതകം) എന്ന മന്ത്രത്തേയും ദക്ഷിണാമൂര്‍ത്തിയെ സങ്കല്‍പ്പിച്ചുകൊണ്ട് 'ഓം കൈലാസാദ്രീശകോണേ'(പ്രശ്നമാര്‍ഗ്ഗം) എന്ന മന്ത്രത്തേയും ഭക്തിയോടെ ഉറക്കെ ചൊല്ലണം.

പൃച്ഛകന്‍ വന്നു പൃച്ഛ ചെയ്യുമ്പോള്‍ പൃച്ഛാസമയവും പൃച്ഛകന്‍റെ വാക്ക്, നോട്ടം, ഭാവഭാവാദികള്‍ ദൈവജ്ഞന്‍റെ ശ്വാസം, നിമിത്തങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.
'ഇന്ന നക്ഷത്രത്തില്‍ ജനിച്ച ഇന്ന പേരുള്ള പൃച്ഛകന്‍റെ ഭൂതവര്‍ത്തമാനഭാവികാലത്തെ ശുഭാശുഭങ്ങളെയും വിശേഷിച്ച് ഇപ്പോള്‍ ചിന്തിക്കുന്ന കാര്യത്തിലെ ലബ്ധിയും അലബ്ധിയും കുടുംബ,ധന, സന്താനഗൃഹാദികളിലുള്ള ശുഭാശുഭങ്ങള്‍ എല്ലാം തന്നെ അവിടുത്തെ അനുഗ്രഹം കൊണ്ട് എന്‍റെ മനസ്സില്‍ കൃത്യമായി തോന്നിപ്പിക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കണം. 

എന്നിട്ട് കവിടികളെ മൊത്തമായി തഴുകി ഒരുപിടി വാരി നെഞ്ചോട് ചേര്‍ത്ത് പ്രാര്‍ത്ഥിച്ചുകൊണ്ട് കവിടിപ്പലകയില്‍ മാറ്റിവയ്ക്കണം. അവയുടെ എണ്ണത്തെ 12 ല്‍ ഹരിച്ച് ശിഷ്ടത്തിന്‍റെ എണ്ണത്തിനനുസരിച്ച് വരുന്ന രാശിയെ ആരൂഢ രാശിയായി കാണണം. പ്രകൃതിയും ഗ്രഹങ്ങളും പൃച്ഛകന്‍റെയും ദൈവജ്ഞന്‍റേയും മനസ്സുമായി പ്രതിപ്രവര്‍ത്തിക്കുന്നു. അപ്പോള്‍ ദൈവജ്ഞന്‍ ജ്യോതിഷശാസ്ത്രരീതിയില്‍ ചിന്തിക്കുമ്പോള്‍ കൃത്യമായി ഫലങ്ങള്‍ മനസ്സില്‍ ഉദിക്കുകയും പ്രവചനം സഫലമാവുകയും ചെയ്യും.

കെ. മോഹനചന്ദ്രന്‍, 
വെള്ളായണി, 9495303081