പ്രേത വിചാരം
പ്രേതം, പ്രേതകഥകള്‍, തല്‍സംബന്ധമായ സിനിമകള്‍ ഇവ എല്ലാ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും പ്രിയങ്കരമാണ്. ബഷീറിന്‍റെ നീലവെളിച്ചം എന്ന കഥ ഭാര്‍ഗ്ഗവിനിലയമായതും എസ്കോര്‍സിസ്റ്റ്, ഒമെന്‍ മുതലായ വിദേശചിത്രങ്ങളുടെ കഥകളും മുമ്പ് അനാവരണം ചെയ്തതാണ്. പക്ഷേ കഥകള്‍ തീരുന്നില്ല, കാലം കഥ പറഞ്ഞുകൊണ്ടേയിരിക്കും. പ്രേതശല്യംകൊണ്ട് സന്താനനാശവും, രോഗദുരിതം, വിവാഹതടസ്സം മുതലായ കാര്യങ്ങളാണ് ജ്യോതിഷികള്‍ വിവക്ഷിക്കുന്നത്.
പ്രേതം, പ്രേതകഥകള്‍, തല്‍സംബന്ധമായ സിനിമകള്‍ ഇവ എല്ലാ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും പ്രിയങ്കരമാണ്.
ബഷീറിന്‍റെ നീലവെളിച്ചം എന്ന കഥ ഭാര്‍ഗ്ഗവിനിലയമായതും എസ്കോര്‍സിസ്റ്റ്, ഒമെന്‍ മുതലായ വിദേശചിത്രങ്ങളുടെ കഥകളും മുമ്പ് അനാവരണം ചെയ്തതാണ്. പക്ഷേ കഥകള്‍ തീരുന്നില്ല, കാലം കഥ പറഞ്ഞുകൊണ്ടേയിരിക്കും.
പണ്ട് ഇലക്ട്രിക് ലൈറ്റില്ലാത്ത കാലം. മുനിഞ്ഞുകത്തി രണ്ടോ മൂന്നോ മണിക്കൂറില്‍ തിരികെടുന്ന പഞ്ചായത്ത് വിളക്കുകളുള്ള ഗ്രാമങ്ങള്‍. അന്നത്തെ ഇടവഴികളും, ക്ഷേത്രസങ്കേതങ്ങളും, യക്ഷി, ഭൂത പ്രേതപിശാചുക്കളുടെ താവളമായിരുന്നു. ഇലക്ട്രിക് ലൈറ്റുകളും ജനപ്പെരുപ്പവും മൂലം ഇവര്‍ക്കെല്ലാം സഞ്ചരിക്കാന്‍ തന്നെ പ്രയാസമായി. പ്രേതബാധയും, മന്ത്രവാദവും, ബാധ ഒഴിപ്പിക്കാന്‍ വേണ്ടി കോമരങ്ങള്‍ ഉറഞ്ഞുതുള്ളി, അരമണി കിലുക്കുന്ന ശബ്ദവും വളരെ വിരളമായി. എന്നാലും വെളിച്ചം കയറാത്ത ഉള്‍നാടുകളില്‍ ഇന്നും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്.
വന്നു, കണ്ടു...
ഒരിക്കല്‍ അഞ്ചാറുവര്‍ഷം മുമ്പ്, ഒരു വിമുക്തഭടനും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നൈറ്റ് വാച്ചറുമായിരുന്ന നാണുനായര്‍ വന്നു. സംസാരമദ്ധ്യേ അദ്ദേഹം ശബരിമലയില്‍ വാച്ചറായിരുന്ന കാലത്ത് നടന്ന ഒരു സംഭവം വിശദീകരിച്ചു.
സീസണ്‍ കഴിഞ്ഞാല്‍ കുറച്ച് ദിവസത്തിനകം സന്നിധാനം ശൂന്യമാവും. ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പിയ സ്ഥലമെല്ലാം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാവും. വാച്ച് ടവറിലിരുന്ന് രസകരമായി കാഴ്ചകള്‍ കാണും. രാത്രി രണ്ട് മണിയോടടുക്കുമ്പോള്‍ അകലെ ഉള്‍വനത്തില്‍ കൂട്ടശരണം വിളി കേള്‍ക്കും. അത് ശബരിമല ഭക്തരായി, കാലം ചെയ്ത പ്രേതാത്മാക്കളുടെ ശരണം വിളിയാണത്രെ. മനുഷ്യര്‍ കടന്നുകയറാന്‍ മടിക്കുന്ന ഭീകരവനത്തില്‍ നിന്നും രാത്രിയുടെ മദ്ധ്യയാമത്തില്‍ ഉയരുന്ന ആരവവും, അതിന്‍റെ ദൃക്സാക്ഷ്യവും എന്നില്‍ അതിശയം ജനിപ്പിച്ചു.
വൈക്കം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം നടന്നത് ചരിത്രം പറയുന്നത് 1924 ല്‍. മഹാത്മാഗാന്ധിയും മന്നത്തുപത്മനാഭനും ശ്രീനാരായണഗുരുവും, ടി.കെ. മാധവനും, രാമന്‍ ഇളയതും, ആമചാടി തേവനും ഇണ്ടന്‍തുരുത്ത് മനയും അതിലെ കഥാപാത്രങ്ങളാണ്. വാസ്തവത്തില്‍ 1880 ല്‍ വേലുത്തമ്പി ദളവയുടെ കാലത്താണ് ആദ്യസമരം അരങ്ങേറിയത്. ആര് നയിച്ചു ആരെല്ലാം കൊല്ലപ്പെട്ടു എന്നൊന്നും രേഖകളില്ല. സമരക്കാരെ ദളവയുടെ പടയാളികള്‍ അരിഞ്ഞുവീഴ്ത്തി, ക്ഷേത്രത്തിന്‍റെ കിഴക്കുഭാഗത്തുള്ള ദളവാക്കുളത്തില്‍ ജീവനോടെ കുഴിച്ചുമൂടി. പ്രസ്തുത സ്ഥലത്തുകൂടി പണ്ടുകാലത്ത് പകല്‍ പോലും ആരും നടക്കാന്‍ ധൈര്യപ്പെട്ടില്ല. അന്യാധീനമായി പ്രേതഭൂമിയായി കിടന്ന സ്ഥലമാണ് ഇന്നത്തെ പ്രൈവറ്റ് ബസ്സ്റ്റാന്‍റ്. രാത്രികാലങ്ങളില്‍ അവിടെ നിന്നുയര്‍ന്നിരുന്ന അപശബ്ദങ്ങളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ വൈക്കത്തുകാര്‍ ഇന്നും പറയാറുണ്ട്.
നിമിത്തങ്ങള്‍
നായ, ചിലതരം പക്ഷികള്‍, മുതലായവ പ്രേത സാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. വസ്തുതകള്‍ എന്തായാലും പണ്ട് മനുഷ്യരെ ഭയപ്പെടുത്താന്‍ തല്‍പ്പരകക്ഷികള്‍ രൂപപ്പെടുത്തിയതാവാം അത്തരം കഥകള്‍. ഇന്ന് കാടുമൂടിക്കിടന്ന സ്ഥലങ്ങളെല്ലാം ജനപഥങ്ങളായി. ക്ഷേത്രസങ്കേതങ്ങള്‍ക്ക് ചുറ്റും ഏത് യാമത്തിലും വിളക്കും വെളിച്ചവും വന്നു. എന്നാലും ഭീതിജനകമായ കഥകള്‍ ഇന്നും ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷങ്ങളില്‍ അലയടിക്കുന്നുണ്ട്.
ജ്യോതിഷം പറയുന്നു
മനുസ്മൃതിയില്‍ പ്രേതബാധയെപ്പറ്റി പറയുന്നത് മരിച്ച വ്യക്തിക്ക് മരണാനന്തരക്രിയകള്‍ ചെയ്യാതിരുന്നാല്‍ മരിച്ചയാള്‍ പ്രേതമായി നടന്നു ശല്യം ചെയ്യുമെന്നാണ്. പ്രശ്നത്തിലാവട്ടെ ഗുളികന്‍റെ അനിഷ്ടരാശിയും ബാധകാധിപത്യവും പ്രേതത്തെ നിരൂപിക്കുന്നു. ഗുളികന്‍റെ അനിഷ്ടരാശി, 6-8-12-3 ഇവയാണ്. ഗുളികന്‍ ഭവനാധിപനായി ബാധാരാശിയില്‍ നിന്നാല്‍ പ്രേതത്തെ കണക്കാക്കണമെന്ന് അനുഷ്ഠാനപദ്ധതിയില്‍ പറയുന്നു. കേതു ബാധാരാശിയില്‍ വന്നാലും ബാധയെ, പ്രേതത്തെപ്പറയാം. ഗുളികന്‍ ഒരേ ഭാവത്തില്‍ നില്‍ക്കുന്നതിനനുസരിച്ച്, കാമുകന്‍, കാമുകി, ഭര്‍ത്താവ്, ഭാര്യ, അമ്മാവന്‍, സഹോദരന്‍, ശത്രു, മുതലായവരെ പറയാം. ബ്രാഹ്മണ പ്രേതത്തെ രക്ഷസ്സായിക്കാണും. ഓരോ ഗ്രഹങ്ങളുടെയും ധര്‍മ്മമനുസരിച്ച് മരണനിര്‍വചനങ്ങളുണ്ട്. ചൊവ്വ അഗ്നിയാണ്. ചന്ദ്രന്‍ ജലമാണ്. രാഹു പാമ്പാണ്. സ്ത്രീരാശിയിലെ ഗുളികന്‍ സ്ത്രീപ്രേതത്തെയും പുരുഷരാശി പുരുഷപ്രേതത്തെയും വിഭാവനചെയ്യും. ഇത്തരം കാര്യങ്ങള്‍ വായനക്കാര്‍ക്ക് തികച്ചും അപ്രാപ്യമായിരിക്കും. ഇതെല്ലാം ഇത്തരം വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചവര്‍ക്ക് മാത്രമേ മനസ്സിലാവൂ. പ്രേതശല്യംകൊണ്ട് സന്താനനാശവും, രോഗദുരിതം, വിവാഹതടസ്സം മുതലായ കാര്യങ്ങളാണ് ജ്യോതിഷികള്‍ വിവക്ഷിക്കുന്നത്.
മേമ്പൊടി: ഏത് ബാധാദോഷവും മാറാന്‍ ചെലവുകുറഞ്ഞ പ്രതിവിധി തൃപ്രയാര്‍ തേവര്‍ക്ക്(ശ്രീരാമന്‍) വെടിവഴിപാട് നടത്തലാണ്.
ശങ്കരാടില്‍ മുരളി, 9074507663
