പുനര്‍ജന്മം സത്യമോ മിഥ്യയോ...?
ഗീതയില്‍ പുനര്‍ജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ശ്ലോകങ്ങളാണുള്ളത്. ഗീത പുനര്‍ജന്മത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ശ്രീശങ്കരാചാര്യസ്വാമികളുടെ 'ഭജഗോവിന്ദം' എന്ന സുപ്രധാനകൃതിയില്‍ 'പുനരപിജനനം പുനരപിമരണം,പുനരപിജനനിജഠരേ ശയനം' എന്നാണത്രേ പറഞ്ഞിരിക്കുന്നത്.
ശരീരം നശിക്കുമ്പോള്‍ ആത്മാവ് പുറത്തുകടന്ന് മറ്റൊരു പുതിയ ശരീരത്തില്‍ പ്രവേശിക്കുന്നു. നമ്മുടെ ജനനം സത്യമാണ്. ഇതിന് മുന്‍പ് ജനിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ ജന്മം പുനര്‍ജന്മമാണത്രേ. നമ്മള്‍ ജീവിതത്തില്‍ ചെയ്തിട്ടുള്ള സര്‍വ്വപ്രവൃത്തികളും ആവര്‍ത്തിക്കുന്നു. അതുപോലെ ജനനം എന്ന പ്രക്രിയയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഓര്‍മ്മശക്തിക്ക് അതിന്‍റേതായ പരിമിതികള്‍ ഉണ്ട്. പൂര്‍വ്വജന്മത്തെക്കുറിച്ച് ഓര്‍മ്മ ഇല്ലാത്തതിനാല്‍ പൂര്‍വ്വജന്മം ഇല്ലെന്ന് അനുമാനിക്കാനാവില്ല.
ജനിച്ച ദിവസത്തെക്കുറിച്ചോ, തുടര്‍ന്നുള്ള ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ചുപോലും നമുക്ക് ഓര്‍ക്കാനാവില്ല. അതുകൊണ്ട് ജനിച്ച ദിനം തൊട്ട് നടന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ ആയിരുന്നില്ല എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. പുനര്‍ജന്മം നമുക്ക് ദര്‍ശിക്കാമോ, ഓര്‍ത്തിരിക്കാനോ കഴിയുന്ന സംഭവമല്ല. നമുക്കതിനെ അളക്കുവാനോ, തൂക്കി നോക്കാനോ, ഫോട്ടോയെടുത്ത് വയ്ക്കാനോ കഴിയില്ല. കാരണം ഇത് ഇന്ദ്രിയസംവേദനത്തിന് അതീതമാണത്രേ.
പുനര്‍ജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗീതയിലെ ശ്ലോകങ്ങള്‍
മരിക്കുമ്പോള്‍ സംഭവിക്കുന്നത്
ശരീരം യദവാപ്നോതി
യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി
വായുര്‍ഗന്ധാനിവാശയാത്(അദ്ധ്യായം 15, ശ്ലോകം 8)
പൂവില്‍ നിന്ന് കാറ്റ് സുഗന്ധത്തെ കൊണ്ടുപോകുന്നതുപോലെ ജനനമരണങ്ങളില്‍ ആത്മാവ് ഇന്ദ്രിയങ്ങളുടെ വാസനയെ ഗ്രഹിച്ചുകൊണ്ട് പോകുന്നു.
പുനര്‍ജന്മനിശ്ചയം
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മമൃതസുച
തസ്മാദ പരിഹാരര്യേര്‍ത്ഥേ
നത്വം ശോചിതുമര്‍ഹസി(അദ്ധ്യായം 2 ശ്ലോകം 270)
ജനിച്ചവന് മരണം നിശ്ചയം. അതുപോലെതന്നെ മരിച്ചവന് ജനനവും നിശ്ചയമാണത്രേ. ഇതിന്‍റെ പേരില്‍ ദുഃഖിച്ചിട്ട് കാര്യമില്ല.
ആത്മാവ് നശിക്കുന്നില്ല
നൈനം ഛിന്ദന്തി ശാസ്ത്രാണി
നൈനം ദഹതി പാവകഃ
നചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത(അദ്ധ്യായം 2 ശ്ലോകം 23)
മരിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല. ഈ ശരീരം വിട്ട് മറ്റൊരു ശരീരം ആത്മാവ് നേടുന്നു. ആത്മാവിനെ മാരകായുധങ്ങള്‍ മുറിപ്പെടുത്തുകയില്ല. അഗ്നിയില്‍ അവ കത്തുകയില്ല, വെള്ളത്തില്‍ അലിയുകയില്ല. വായുവിനെ അതിനെ ശോഷിപ്പിക്കാനുമാകില്ല.
ഈ ശരീരം നശിച്ചാല്‍ മറ്റൊരു ശരീരം ലഭിക്കും
വാസാംസി ജീര്‍ണ്ണണി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാശരീരാണി വിഹായ ജീര്‍ണ്ണാ
ന്യനാനി സംയാതി നവാനി ദേഹി(അദ്ധ്യായം 2 ശ്ലോകം 22)
ഈ ശരീരം ഇല്ലാതാകുമ്പോള്‍ അതിനെവിട്ട് ആത്മാവ് പുതിയൊരു ശരീരത്തെ സ്വീകരിക്കുന്നു.
മരണസമയത്തെ അനുസരിച്ച് പുനര്‍ജന്മം
യം യം വാപി സ്മരന്‍ ഭാവം
തൃജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവ ഭാവിതഃ(അദ്ധ്യായം 8, ശ്ലോകം 6)
മനുഷ്യര്‍ക്ക് സത്, രജോ, തമോ ഗുണങ്ങള്‍ ഉള്ളതിനാല്‍ മരണനേരത്തെ ഗുണമനുസരിച്ചായിരിക്കും അയാള്‍ക്കുള്ള ആഗ്രഹം. മരണസമയത്തെ ആഗ്രഹം അനുസരിച്ചുള്ള ഭാവത്തിലായിരിക്കും പുനര്‍ജന്മം.
മരണമില്ലാത്ത ആത്മാവ്
ദേഹീ നിത്യമവധ്യോയം
ദേഹേ സര്‍വ്വസ്യഭാരത
തസ്മാത് സര്‍വ്വാണി ഭൂതാനി
നത്വം ശോചിതുമര്‍ഹസി(അദ്ധ്യായം 2 ശ്ലോകം 30)
ആത്മാവിനെ നശിപ്പിക്കാനാകില്ല. ശരീരമാണ് നശിക്കുന്നത്. അതിനാല്‍ മരിക്കുന്ന ജീവിയെച്ചൊല്ലി ദുഃഖിക്കേണ്ടതില്ല.
ഈശ്വരന്‍ സൃഷ്ടികര്‍ത്താവ്
മയാദ്ധ്യഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതു നാനേനകൗന്തേയ
ജഗദ്വിപരിവര്‍ത്തതേ(അദ്ധ്യായം 9 ശ്ലോകം 10)
എന്‍റെ സാന്നിധ്യത്തില്‍ സര്‍വ്വചരാചരങ്ങള്‍ക്കും പ്രകൃതി സൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നു. എന്‍റെ മുമ്പില്‍ സംസാരചക്രം ആവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പഞ്ചഭൂതോദയ ഫലങ്ങള്‍
പ്രശ്നം വയ്ക്കുമ്പോള്‍ ഉദിക്കുന്ന ഭൂതോദയത്തിന് ഓരോ വിശേഷഫലങ്ങളാണ് ഉള്ളത്. അഞ്ച് തരത്തിലുള്ള ഭൂതോദയം ഉള്ളതുകൊണ്ടാണ് ഇതിനെ പഞ്ചഭൂതോദയം എന്നുപറയുന്നത്.
1. പൃഥ്വിഭൂതോദയം
2. ജലഭൂതോദയം
3. അഗ്നിഭൂതോദയം
4. വായു ഭൂതോദയം
5. ആകാശഭൂതോദയം
പൃഥ്വിഭൂതോദയം വന്നാല്‍ രോഗശാന്തിയും മരണവും ഇവ രണ്ടും സംഭവിക്കില്ല.
ജലഭൂതോദയം- ഉദ്ദിഷ്ടകാര്യസിദ്ധി
അഗ്നിഭൂതോദയം- വിരോധം, മരണം
വായുഭൂതോദയം- ഗമനാഗമനകാര്യങ്ങള്‍ നടക്കും.
ആകാശഭൂതോദയത്തില്‍- രോഗവും കാര്യനാശവുമാണത്രേ ഫലം.
എസ്.പി.ജെ
