പുനര്‍വിവാഹവും വൈധവ്യയോഗവും ജാതകത്തില്‍

പുനര്‍വിവാഹവും വൈധവ്യയോഗവും ജാതകത്തില്‍

HIGHLIGHTS

ജാതകത്തില്‍ പുനര്‍വിവാഹം വൈധവ്യം മുതലായ ലക്ഷണങ്ങള്‍ ഉണ്ടോ  എന്ന് നോക്കുന്നത് വരും വിപത്തിന്‍റെ കദനഭാരത്തിന് തെല്ലൊരു ആശ്വാസം പകരും.

മംഗല്യം തന്തുനാ അനേന
മമ ജീവന ഹേതുനാ
കണ്ഠേ ബധ്നാമി ശുഭകേ
ത്വം ജീവശാശ്വതം ശതം

മംഗലയായ പെണ്ണേ നീയുമായി ഇന്ന് ഞാന്‍ തുടങ്ങുന്ന ദാമ്പത്യജീവിതം നല്ല നിലയില്‍ ആയിരിക്കും എന്ന് ഞാന്‍ ഉറപ്പുനല്‍കി ഈ തിരുമംഗല്യം നിന്‍റെ കഴുത്തില്‍ അണിയിക്കുന്നു. എന്‍റെ ജീവിതസഖിയായി എന്‍റെ സുഖദുഃഖങ്ങളില്‍ പങ്കാളിയായി നിറഞ്ഞ യോഗങ്ങളോടെ  നീ നൂറ്റാണ്ടുകാലം ജീവിക്കുമാറാകട്ടെ.

ഈ പരിപാവനമായ മന്ത്രം ചൊല്ലിയാണ് വിവാഹം നടത്തുന്നതെങ്കിലും ചിലതെല്ലാം വിവാഹമോചനത്തില്‍ കലാശിക്കുന്നു. ഇതിനെ വിധി എന്നുപറഞ്ഞ് ആശ്വസിക്കാനേതരമുള്ളൂ.

എന്നിരുന്നാലും ജാതകത്തില്‍ പുനര്‍വിവാഹം വൈധവ്യം മുതലായ ലക്ഷണങ്ങള്‍ ഉണ്ടോ  എന്ന് നോക്കുന്നത് വരും വിപത്തിന്‍റെ കദനഭാരത്തിന് തെല്ലൊരു ആശ്വാസം പകരും.

വിവാഹം എപ്പോഴും ഏഴാം ഭാവം കൊണ്ടാണ് ചിന്തിക്കുന്നത്. താഴെ പറയുന്ന ഗ്രഹനിലകള്‍ പുനര്‍വിവാഹത്തെ സൂചിപ്പിക്കുന്നു. രണ്ടാം ഭാവം ഉഭയരാശിയായി അവിടെ 7-ാം ഭാവാധിപന്‍ പാപയോഗത്തോടുകൂടി നില്‍ക്കുക, 7-ാം ഭാവത്തില്‍ ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും നില്‍ക്കുക, 7-ാം ഭാവത്തില്‍ ചന്ദ്രനും ശനിയും നില്‍ക്കുക, പാപദൃഷ്ടനായ രവി 7-ാം ഭാവത്തില്‍ നില്‍ക്കുക, അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കുക, ഏഴാം ഭാവത്തില്‍ പാപദൃഷ്ടിയോടുകൂടി പാപഗ്രഹങ്ങള്‍ നില്‍ക്കുക, ഏഴില്‍ ചൊവ്വ നില്‍ക്കുക, ഏഴാം ഭാവാധിപന്‍ പാപദൃഷ്ടിയോടുകൂടി അഷ്ടമത്തില്‍ നില്‍ക്കുക, അഷ്ടമാധിപന്‍ ഏഴില്‍ നില്‍ക്കുക, ഏഴാം ഭാവത്തിന്‍റെ ഇരുപുറത്തും പാപഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ 7 ല്‍ പാപദൃഷ്ടിയുണ്ടാവുക, അഷ്ടമാധിപന്‍ രണ്ടാം ഭാവത്തില്‍ നില്‍ക്കുക, ലഗ്നം ഉഭയരാശിയാവുകയും ചന്ദ്രനും 7-ാം ഭാവാധിപനും ഉഭയരാശിയിലും ഉഭയനവാംശകത്തിലും നില്‍ക്കുക, രണ്ടാം ഭാവാധിപന്‍ ദുര്‍ബലന്‍ ആകുകയും രണ്ടാം ഭാവത്തിന് പാപയോഗമോ പാപദൃഷ്ടിയോ വരിക, 7-ാം ഭാവത്തില്‍ കേതു നില്‍ക്കുക, ലഗ്നം ഉഭയരാശിയാവുമ്പോള്‍ 7-ാം ഭാവത്തില്‍ ശനിയോ ബുധനോ നില്‍ക്കുക, 7-ാം ഭാവത്തില്‍ കുജനും രവിയും നില്‍ക്കുക ഇവ എല്ലാം പുനര്‍വിവാഹത്തെ സൂചിപ്പിക്കുന്ന ഗ്രഹനിലകള്‍ ആണ്.

വൈധവ്യത്തെ കാണിക്കുന്ന ഗ്രഹനിലയെപ്പറ്റി ഇനിപ്പറയാം. ജാതകത്തില്‍ കേതു 5, 7, 9 എന്നീ ഭാവങ്ങളില്‍ നില്‍ക്കുക, 8-ാം ഭാവത്തില്‍ രവി നില്‍ക്കുക, 9-ാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കാതെ 7-ാം ഭാവത്തിലും അഷ്ടമത്തിലും പാപന്മാര്‍ നില്‍ക്കുക, 7-ാം ഭാവത്തില്‍ പാപദൃഷ്ടിയുള്ള കുജന്‍ നില്‍ക്കുക, 7-ാം ഭാവത്തില്‍ ആഗ്നേയഗ്രഹങ്ങള്‍(സൂര്യന്‍, കുജന്‍, കേതു) നില്‍ക്കുക, 7-ാം ഭാവത്തില്‍ മൂന്നോ അതിലധികമോ പാപന്മാര്‍ നില്‍ക്കുക, ലഗ്നത്തില്‍ രവി നില്‍ക്കുക, പാപയോഗദൃഷ്ടിയോടുകൂടിയ ചൊവ്വ, ലഗ്നം, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുക, പാപയുക്തനായ രാഹു, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ ഒന്നിച്ചുനില്‍ക്കുക. അത് മേടമോ വൃശ്ചികമോ രാശിയാവുക.

പാപദൃഷ്ടരായ ഏഴാം ഭാവാധിപനും എട്ടാം ഭാവാധിപനും പരസ്പരം ദൃഷ്ടി ചെയ്യുക, ചന്ദ്രലഗ്നഭാവങ്ങളില്‍ നിന്ന് നാല്, ഏഴ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ പാപനോ രാഹുവോ കേതുവോ ഉണ്ടായിരിക്കുക ഇവയെല്ലാം വൈധവ്യത്തെ കാണിക്കുന്ന സൂചനകള്‍ മാത്രം.

ഇടതുകയ്യിലെ തള്ളവിരലിന്‍റെ ചുവട്ടില്‍ നിന്നൊരു രേഖ ചെറുവിരലിന്‍റെ ചുവട്ടില്‍ ചെന്നുനില്‍ക്കുന്നത് വൈധവ്യത്തെ കാണിക്കുന്നു എന്ന് ഹസ്തരേഖാശാസ്ത്രത്തില്‍ പറയുന്നു.

പുനര്‍വിവാഹത്തിനും വൈധവ്യത്തിനും മേല്‍പ്പറഞ്ഞ ഗ്രഹനിലകള്‍ ചിലത് മാത്രമാണെന്ന് ധരിച്ചുകൊള്ളണം.

കെ.എന്‍. നാരായണന്‍,
(9400481576)