പുണ്യവാഹിനി പമ്പ

പുണ്യവാഹിനി പമ്പ

HIGHLIGHTS

തപോഭൂമിയുടെ പവിത്രത കൊണ്ടും, ശ്രേഷ്ഠമായ താന്ത്രിക കര്‍മ്മങ്ങളുടെ ശക്തികൊണ്ടും ജനലക്ഷങ്ങളുടെ നിഷ്ക്കളങ്കമായ ഭക്തിയും പ്രാര്‍ത്ഥനകൊണ്ടും മഹാത്ഭുതശക്തിയായി പമ്പാഗണപതി കുടികൊള്ളുന്നു. തപസ്വിയായ അനുജന് കൂട്ടിരിക്കുന്ന സ്നേഹനിധിയായ ജ്യേഷ്ഠന്‍ കൂടിയാണ് ഇവിടെ ഗണപതി ഭഗവാന്‍. പമ്പാഗണപതിയെ തൊഴുത് പ്രദക്ഷിണം ചെയ്ത് നാളികേരമുടച്ച് ഏത്തമിട്ട് പ്രാര്‍ത്ഥിച്ചുമാത്രമേ മലകയറാവൂ എന്നതാണ് വിശ്വാസം. ശബരിമലയില്‍ നിത്യപൂജയില്ല. എന്നാല്‍ ശബരിഗിരീശന്‍റെ ജ്യേഷ്ഠനായ പമ്പാഗണപതിക്ക് വര്‍ഷത്തില്‍ എല്ലാദിവസവും പൂജകള്‍ നടത്തുന്നു.

 

ശബരിമലയുടെ പ്രവേശനകവാടമാണ് പമ്പ. ദക്ഷിണഗംഗയായ പമ്പാനദിയിലെ സ്നാനം തീര്‍ത്ഥസ്നാനമാണത്രേ. സര്‍വ്വപാപങ്ങളും കഴുകിക്കളഞ്ഞ് തെളിഞ്ഞ മനസ്സോടെയാണ് സാക്ഷാല്‍ അയ്യപ്പസ്വാമിക്കരികിലെത്തുന്നത്. ശബരിമലയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള നദിക്കരയാണിത്. മണികണ്ഠനെ പന്തളം രാജാവിന് ലഭിക്കുന്നത് ഇവിടെ വച്ചാണ്. പമ്പാസദ്യയും, വിളക്കും വിശേഷപ്പെട്ടത്. പമ്പയിലെ പിതൃതര്‍പ്പണവും ഏറെ പ്രാധാന്യം.

1968 ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രാക്കുളം ഭാസിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇന്ന് കാണുന്ന ക്ഷേത്രപരിവേഷം പമ്പാതടത്തില്‍ വരുന്നത്. പരശുരാമ മഹര്‍ഷിയുടെ തന്ത്രിവര്യന്‍ താഴ്മണ്‍ മഠമാണ് പമ്പാതീരത്ത് ആല്‍ത്തറയില്‍ സര്‍വ്വവിഘ്നനിവാരണമൂര്‍ത്തിക്ക് സ്ഥാനം കല്‍പ്പിച്ച് മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് നാളികേരമുടച്ച് തുടക്കം കുറിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍വ്വകര്‍മ്മങ്ങളുടേയും ആദ്യാവസാനമൂര്‍ത്തിയായ വിനായകന് ശബരിമല യാത്രയിലും പ്രാധാന്യം ലഭിച്ചു. പമ്പാതടത്തില്‍ മുങ്ങിനിവര്‍ന്ന് ഗണപതി മൂര്‍ത്തിയെ ദര്‍ശിച്ച്, നാളീകേരമുടച്ച് ഏത്തമിട്ടാല്‍ പിന്നെ മലകയറാന്‍ ധൈര്യമായി.

നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതമെടുത്ത് ശരണമന്ത്രവുമായി എത്തുന്ന അയ്യപ്പന്മാര്‍ പുണ്യനദിയായ പമ്പയിലെ കുളികഴിഞ്ഞ് പാപശാന്തി നേടി, നദീതീരത്തെ ഗണപതി ക്ഷേത്രത്തിലാണ് ആദ്യം ദര്‍ശനം നടത്തുന്നത്. സര്‍വ്വ ശാരീരിക അവശതകളേയും അതിജീവിച്ച് വൃദ്ധന്മാരും, ശാരീരിക പരിമിതിയുള്ളവര്‍ക്കും മലകയറിച്ചെല്ലാന്‍ ധൈര്യവും ശക്തിയും നല്‍കുന്നത് 'പമ്പാഗണപതി' എന്ന അത്ഭുത ശക്തിയാണ്.

തപോഭൂമിയുടെ പവിത്രത കൊണ്ടും, ശ്രേഷ്ഠമായ താന്ത്രിക കര്‍മ്മങ്ങളുടെ ശക്തികൊണ്ടും ജനലക്ഷങ്ങളുടെ നിഷ്ക്കളങ്കമായ ഭക്തിയും പ്രാര്‍ത്ഥനകൊണ്ടും മഹാത്ഭുതശക്തിയായി പമ്പാഗണപതി കുടികൊള്ളുന്നു. തപസ്വിയായ അനുജന് കൂട്ടിരിക്കുന്ന സ്നേഹനിധിയായ ജ്യേഷ്ഠന്‍ കൂടിയാണ് ഇവിടെ ഗണപതി ഭഗവാന്‍. പമ്പാഗണപതിയെ തൊഴുത് പ്രദക്ഷിണം ചെയ്ത് നാളികേരമുടച്ച് ഏത്തമിട്ട് പ്രാര്‍ത്ഥിച്ചുമാത്രമേ മലകയറാവൂ എന്നതാണ് വിശ്വാസം. ശബരിമലയില്‍ നിത്യപൂജയില്ല. എന്നാല്‍ ശബരിഗിരീശന്‍റെ ജ്യേഷ്ഠനായ പമ്പാഗണപതിക്ക് വര്‍ഷത്തില്‍ എല്ലാദിവസവും പൂജകള്‍ നടത്തുന്നു.

ഗണപതിക്കൊപ്പം ത്രേതായുഗത്തിന്‍റെ അവതാരപുണ്യമായ ശ്രീരാമസ്വാമിയും, രാമഭക്തനായ ആഞ്ജനേയ സ്വാമിയും, ലോകമാതാവായ ശ്രീപാര്‍വ്വതിയും നാഗദൈവങ്ങളും ഇവിടെ കുടികൊള്ളുന്നു. വെറ്റിലമാലയും, വടമാലയും അണിഞ്ഞ മഹാബലശാലിയായ ആഞ്ജനേയ രൂപം ഭക്തരില്‍ മലകയറാനുള്ള ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യും. നിത്യജീവിതത്തിലെ വിഘ്നങ്ങള്‍ നീക്കുന്നതിന് പമ്പാഗണപതിയെ വിളിച്ചാല്‍ മതിയെന്ന് പ്രത്യക്ഷ അനുഭവമുള്ളവര്‍ ഏറെയാണ്.

രണ്ട് മേല്‍ശാന്തിമാരുള്ള പമ്പാഗണപതി ക്ഷേത്രത്തിലെ തന്ത്രിസ്ഥാനം താഴ്മണ്‍ കുടുംബക്കാര്‍ക്കാണ്. മഹാഗണപതിക്ക് ഉണ്ണിയപ്പവും, മോദകവും, ഹനുമാന്‍ സ്വാമിക്ക് വെണ്ണ ചാര്‍ത്തലും വളരെ ശക്തിയേറിയ വഴിപാടുകലാണ്.  നിത്യപൂജ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ നട അടച്ചിരിക്കുന്ന ദിവസങ്ങളിലും ധാരാളം ഭക്തര്‍ പമ്പാഗണപതി ക്ഷേത്രസന്നിധിയിലെത്തും. ചിങ്ങമാസത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന സഹസ്രനാമ ലക്ഷാര്‍ച്ചനയും, കളഭാഭിഷേകവും ഏറെ പ്രാധാന്യമാണ്. ജീവിതപ്രതിസന്ധികള്‍ മാറുന്നതിനും, ആത്മീയതലത്തില്‍ നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയശക്തിയെ, കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തുന്നതിന് വേണ്ടിയും ഗണേശ സങ്കല്‍പ്പവും, ആരാധനയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

വിവേകത്തിന്‍റെയും ബുദ്ധിയുടേയും അറിവിന്‍റെയും ശക്തിയുടേയും പ്രതീകമായി ഗണപതിയെ ആചാര്യന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഗണപതിപൂജ കൂടാതെ അനുഷ്ഠിക്കുന്ന ഏതൊരു കര്‍മ്മവും നിഷ്ഫലമാകും എന്നതാണ് വാസ്തവം. ഏത് വിഷയത്തിലും ആദ്യപൂജാര്‍ഹന്‍ ഗണപതിയാണെന്നതും സാക്ഷാല്‍ ശിവഭഗവാന്‍ തന്നെ ഗണപതിക്ക് അനുഗ്രഹം നല്‍കിയെന്നതും ഗണേശപൂജയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ദേവദേവന്‍

Photo Courtesy - jyothisharathnam