സവിശേഷതയാര്‍ന്ന പുണ്യമാസം കര്‍ക്കിടകം

സവിശേഷതയാര്‍ന്ന പുണ്യമാസം കര്‍ക്കിടകം

HIGHLIGHTS

മലയാളികളെപ്പോലെ തന്നെ തമിഴ്നാട്ടുകാരും ഏറെ പവിത്രമായി കരുതുന്ന മാസമാണ് കര്‍ക്കിടകം. കര്‍ക്കിടകമാസത്തെ 'ആടി' മാസം എന്നാണ് പറയുന്നത്. ഒട്ടേറെ സവിശേഷതകളുള്ള മാസമാണ് കര്‍ക്കിടകം അഥവാ ആടി. സൂര്യന്‍ വടക്കുനിന്നും തെക്കോട്ട് പ്രയാണം തുടങ്ങുന്ന ദക്ഷിണായനപുണ്യകാലം തുടങ്ങുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ 'ആടിപ്പിറവി'യെ തമിഴര്‍ കെങ്കേമമായി തന്നെ പണ്ടുകാലം തൊട്ടേ ആഘോഷിച്ചുവരുന്നു.

 

ലയാളികളെപ്പോലെ തന്നെ തമിഴ്നാട്ടുകാരും ഏറെ പവിത്രമായി കരുതുന്ന മാസമാണ് കര്‍ക്കിടകം. കര്‍ക്കിടകമാസത്തെ 'ആടി' മാസം എന്നാണ് പറയുന്നത്. ഒട്ടേറെ സവിശേഷതകളുള്ള മാസമാണ് കര്‍ക്കിടകം അഥവാ ആടി. സൂര്യന്‍ വടക്കുനിന്നും തെക്കോട്ട് പ്രയാണം തുടങ്ങുന്ന ദക്ഷിണായനപുണ്യകാലം തുടങ്ങുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ 'ആടിപ്പിറവി'യെ തമിഴര്‍ കെങ്കേമമായി തന്നെ പണ്ടുകാലം തൊട്ടേ ആഘോഷിച്ചുവരുന്നു.

ഒരിക്കല്‍ പാര്‍വ്വതീദേവി പരമേശ്വരന്‍റെ അടുത്ത് ഒരു അഭ്യര്‍ത്ഥനവെച്ചു. പരമേശ്വരന്‍റെ ദേഹത്തിന്‍റെ പകുതി മഹാവിഷ്ണുവിന് നല്‍കണം എന്നതായിരുന്നു ദേവിയുടെ അഭ്യര്‍ത്ഥന. ആ അഭ്യര്‍ത്ഥന സ്വീകരിച്ച പരമശിവന്‍ പാര്‍വ്വതിയോട് പശ്ചിമഘട്ടത്തിലെ 'പൊതികൈ മല'യിലുള്ള പുന്നവനത്തില്‍ തപസ്സിരുന്നാല്‍ ദേവിയുടെ ആഗ്രഹം സഫലമാവും എന്ന് അരുളി ചെയ്തു. അതുപ്രകാരം പാര്‍വ്വതിദേവി പൊതികൈ മലയിലെ പുണ്യവനത്തിലെത്തി സൂചിമുനയില്‍ തപസ്സനുഷ്ഠിച്ചു. ദേവിയുടെ തപസ്സില്‍ സംപ്രീതനായ പരമശിവന്‍ ആടി(കര്‍ക്കിടകം) മാസത്തിലെ പൗര്‍ണ്ണമിനാളില്‍ ഉത്രാടം നക്ഷത്രത്തില്‍ ദേവിക്ക് ശങ്കരനാരായണനായി ദര്‍ശനമരുളി. ഈ  സംഭവത്തെ 'ആടിതപസ്സ്' എന്ന പേരില്‍ തിരുനെല്‍വേലി ജില്ലയിലുള്ള ശങ്കരന്‍കോവിലില്‍ ആഘോഷിക്കുന്നു.

'തിരുപ്പാവൈ' കീര്‍ത്തനങ്ങള്‍ പാടി മഹാവിഷ്ണുവിനെ ഭജിച്ച്, അദ്ദേഹത്തില്‍ ശരണാഗതി പ്രാപിച്ച ആണ്ടാള്‍(ലക്ഷ്മി) അവതരിച്ചത് ആടി മാസത്തിലെ പൂരം നക്ഷത്രസുദിനത്തിലാണ്. അതുകൊണ്ട് വര്‍ഷം തോറും ആണ്ടാള്‍ ജനിച്ച ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തില്‍ 'ആടിപൂര' ഉത്സവം രഥയോട്ടത്തോടെ കെങ്കേമമായി നടത്തപ്പെടുന്നു. അന്നേദിവസം ദേവി രഥത്തില്‍ എഴുന്നെള്ളുന്നത് മധുര കള്ളഴകര്‍(വിഷ്ണു) ക്ഷേത്രത്തില്‍ നിന്നും അയയ്ക്കുന്ന പട്ടുസാരി അണിഞ്ഞുകൊണ്ടാണ്. 'ആടിപൂരം' നാളില്‍ ആണ്ടാളിനെ തൊഴുത് പ്രാര്‍ത്ഥിക്കുന്ന സ്ത്രീകള്‍ക്ക് മംഗല്യഭാഗ്യമുണ്ടാവുമെന്നാണ് വിശ്വാസം.

ഒരിക്കല്‍ ഗജേന്ദ്രനെ മുതല കടിച്ചു. കടിവിടാതെ വേദനയാല്‍ പുളഞ്ഞ ആന വിഷ്ണുവിനെ നിനച്ചുകൊണ്ട് 'ആദിമൂലമേ' എന്ന് അലറിക്കരഞ്ഞു. ഗജേന്ദ്രന്‍റെ രോദനം കേട്ട ഭഗവാന്‍ മഹാവിഷ്ണു ഉടന്‍തന്നെ തന്‍റെ ചക്രായുധം തൊടുത്തുവിട്ട് ആനയെ മുതലയില്‍ നിന്നും രക്ഷിച്ച സംഭവം നടന്നത് ആടിമാസത്തിലാണ്. അതുകൊണ്ട് ഈ സംഭവത്തെ ആധാരമാക്കി ആടി മാസത്തില്‍ 'ഗജേന്ദ്രമോക്ഷം' എന്ന പ്രത്യേക ഉത്സവം തമിഴ്നാട്ടിലെ വിഷ്ണുക്ഷേത്രങ്ങളില്‍ നടത്തുന്നു. ഭക്തന്‍റെ വിഷമം കേട്ട മാത്രയില്‍തന്നെ ഭഗവാന്‍ വിഷ്ണു സഹായത്തിനെത്തുമെന്നതിന്‍റെ മികച്ച ഉദാഹരണമായിട്ടാണ് ഗജേന്ദ്രമോക്ഷത്തെ ഭക്തര്‍ കരുതുന്നത്.

മഹാവിഷ്ണുവിന്‍റെ അവതാരങ്ങളില്‍ ഒന്നായ ഹയഗ്രീവന്‍ അവതരിച്ചത് ആടിമാസത്തിലെ പൗര്‍ണ്ണമി നാളിലാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് അന്നേദിവസം വിഷ്ണുക്ഷേത്രങ്ങളില്‍ ഹയഗ്രീവന് പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു.

മഹാവിഷ്ണുവിന്‍റെ വാഹനമാണ് ഗരുഡന്‍. ഗരുഡനെ'ഗരുഡാഴ്വാര്‍' എന്നാണ് ഭക്തര്‍ വിശേഷിപ്പിക്കുന്നത്. ആടിമാസത്തിലെ ചോതിയാണ് ഗരുഡാഴ്വാരുടെ അവതാരദിവസം. ഈ ദിവസത്തെ 'ഗരുഡപഞ്ചമി' എന്ന പേരില്‍ വ്രതമനുഷ്ഠിച്ച് ഭക്തര്‍ കൊണ്ടാടുന്നു.

ഗുരുക്കന്മാരുടെയെല്ലാം ഗുരുവായി കരുതപ്പെടുന്ന ആളാണ് വ്യാസന്‍. ഓരോ വര്‍ഷവും വ്യാസനെ അനുസ്മരിച്ച് പ്രകീര്‍ത്തിക്കുംവിധം വ്യാസപൂജ നടത്തപ്പെടുന്നു. ആടിമാസത്തിലെ പൗര്‍ണ്ണമി നാളില്‍ വ്യാസനെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍, വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ സമര്‍ത്ഥരായി തീരും എന്നാണ് ഐതിഹ്യം.

നമ്മുടെ ഭക്ഷണത്തിന്‍റെ പഞ്ഞം തീരുവാന്‍, ഭൂമി സമൃദ്ധിയാവാന്‍ ജലം അത്യന്താപേക്ഷിതമാണ്. നമുക്ക് ജലം നല്‍കുന്ന നദികളെ ദൈവങ്ങളായി കരുതി പൂജിക്കുന്നു. തമിഴ്നാട്ടില്‍ കൃഷിക്കാരുടെ ജീവാധാരമാണ് 'കാവേരീനദി.' വര്‍ഷം തോറും ആടിമാസത്തിലെ പതിനെട്ടാം ദിവസം കാവേരിയില്‍ വെള്ളം കരകവിഞ്ഞ് ഒഴുകുന്ന അത്ഭുതം പണ്ടുകാലം തൊട്ടേ കണ്ടുവരുന്നു. ഇതിനെ'ആടിപ്പെരുക്ക്' എന്ന ഉത്സവമായി ജനങ്ങള്‍ ആഘോഷിക്കുന്നു.

ഇങ്ങനെ ആടി അഥവാ നമ്മുടെ കര്‍ക്കിടകത്തിന് ഒട്ടേറെ ആത്മീയ സവിശേഷതകളുണ്ട്. നാട്ടില്‍ മഴപെയ്ത് ഭാവിയിലേക്ക് കാര്‍ഷിക സമൃദ്ധിയേകുന്ന മാസമായിട്ടാണ് ഇതിനെ കരുതുന്നത്. അതിനാല്‍ തന്നെ ഈ മാസത്തെ പുണ്യമാസമായി ക്കണ്ട് ഏറെ മഹത്വവല്‍ക്കരിക്കുന്നു.