പ്രശ്നത്തില്‍ തെളിയുന്ന രാഹുദോഷം
പ്രശ്നചിന്തയില്‍ മിക്കപ്പോഴും വിഷമതകള്‍ക്ക് കാരണമായി രാഹുദോഷത്തെ പറയാറുണ്ട്. കാരണവും പരിഹാരവും ഇനി പറയുന്നു.
വളരെയേറെ ശ്രദ്ധിക്കേണ്ട ഗ്രഹമാണ് രാഹു. പ്രത്യക്ഷത്തില്‍ കാണുന്ന ദൈവമാണ് സര്‍പ്പം. അനിഷ്ടത്തിലായാല് സുകൃതക്ഷയം, സന്താനങ്ങള്‍ക്ക് ദുരിതം. ത്വക്ക്രോഗങ്ങള്‍, ഓപ്പറേഷന്, തൊലിപ്പുറത്ത് ചൊറിച്ചില്‍, അന്യജാതിപ്രണയം, മാതാപിതാക്കളെ ധിക്കരിക്കുക, വിദ്യാനാശം, മാറാരോഗങ്ങള്‍, ബന്ധുകലഹം ഇതെല്ലാം ഒന്നിനുപിറകെ ഒന്നായി അനുഭവിക്കാനിടയാകാം.
വ്യാഴം ബാധകാധിപനായി 12 ലോ 8 ലോ 6 ലൊ നിന്നാല്‍ ഉത്തമസര്‍പ്പങ്ങളുടെ ബാധ പറയണം.
രാഹു ബാധയില്നിന്നാലും സര്‍പ്പബാധ പറയണം.
ഗുളികന് വ്യാഴകേന്ദ്രത്തില്നിന്നാല് അധമസര്പ്പബാധയാണ് പറയേണ്ടത്.
രാഹുവിന് ചന്ദ്രന്റെയോ രവിയുടെയോ ദൃഷ്ടിവന്നാല് സര്‍പ്പദോഷം പറയണം.
രാഹുവിന് സൂര്യന്റെ ദൃഷ്ടിവന്നാല് ഉത്തമസര്പ്പബാധ.
രാഹുവിന് ചന്ദ്രന്റെ ദൃഷ്ടികണ്ടാല് അധമസര്പ്പബാധ.
പൃഛകന്റെ ദേഹം ചൊറിഞ്ഞ് തടിച്ചാലും സര്‍പ്പബാധ പറയണം.
ദൃഷ്ടിയും പരിഹാരവും
രാഹു 6,8,10 ല്‍ നിന്നാല്‍ സര്‍പ്പദോഷം പറയണം. ദോഷം മാറാന്‍ സര്‍പ്പബലി നടത്തണം. രാഹു ലഗ്നത്തിലോ ഏഴിലോ നിന്നാല്‍ നൂറുംപാലും നടത്തണം. രാഹു നാലില്നിന്നാല് ചിത്രകൂടം പണിയണം.
ഏഴില്‍ നിന്നാല്‍ സര്‍പ്പംതുള്ളല്‍ നടത്തണം.
2 ല്‍ നിന്നാല്‍ പുള്ളോന്‍പാട്ട് നടത്തണം.
ലഗ്നം, 6,7,8,10,12 എന്നീ ഭാവങ്ങളില്‍ രാഹുനിന്നാല് സര്‍പ്പബാധ ഉറപ്പിക്കണം.
സര്‍പ്പബാധ എങ്ങനെ സംഭവിച്ചു?
എപ്പോഴെങ്കിലും സര്‍പ്പത്തിന്റെ മുട്ടകള്‍ കിളച്ചപ്പോള്‍ നശിച്ചിട്ടുണ്ട്. ബോധപൂര്‍വ്വം സംഭവിച്ചതായിരിക്കണമെന്നില്ല.
സര്‍പ്പക്കുഞ്ഞുങ്ങള്‍ മരിച്ചിട്ടുള്ള കാരണത്താല്‍ ലഗ്നത്തില്‍ ബാധയായിനിന്നാല് മുട്ടയും കുഞ്ഞുങ്ങളും മരിച്ചത് ബാധയായി തീരുന്നു എന്നുവേണം കരുതാന്‍.
രാഹു സ്ഥിരരാശിയില്നിന്നാല് വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ചത് ബാധയ്ക്ക് കാരണമാണ് എന്നു പറയാം. സര്പ്പഹിതംനോക്കി മാത്രമെ വൃക്ഷം മുറിക്കാന്‍ പാടുള്ളൂ എന്നാണ് ശാസ്ത്രമതം.
മുട്ടയും കുഞ്ഞും നഷ്ടപ്പെട്ടാല്‍ ജ്യോതിഷവിധിയനുസരിച്ച് ഉത്തമസര്‍പ്പങ്ങള്‍ക്ക് സ്വര്‍ണ്ണംകൊണ്ടും അധമസര്പ്പത്തിന് ചെമ്പുകൊണ്ടും രൂപം ഉണ്ടാക്കി സമര്‍പ്പിക്കണം. വൃക്ഷം നശിപ്പിച്ചത് ബാധയായാല്‍ വൃക്ഷം വച്ചുപിടിപ്പിക്കണം എന്നുമാണ് ഇതിന് പരിഹാരം.
രാഹു ഗുളികനോടുകൂടി 7,5,9 ല്‍ നിന്നാല്‍ പ്രഷ്ഠാവിന് സര്‍പ്പബാധ ഉറപ്പാണ്. ചൊവ്വ രാഹുവിന്റെ കേന്ദ്രത്തില്നിന്നാല് പാമ്പിന് കാവില്‍ മരം മുറിച്ചതും കാവില്‍ കിളച്ചതും പാമ്പിനെ കൊന്നതും പാമ്പിന്റെ പുറ്റ് ഉടച്ചതും സര്പ്പബാധയ്ക്ക് കാരണമാണെന്ന് പറയണം.
ശനി ഗുളികനോടുകൂടി രാഹുവിന്റെ കേന്ദ്രത്തില്നിന്നാല് പാമ്പിന്കാവില് മലമൂത്ര വിസര്‍ജ്ജനം ചെയ്തതും തുപ്പിയതും കാവില്‍ ചണ്ഡാലന്മാര് കയറിയതും, കാവില്‍ ആന, കാള, പോത്ത് കയറി ഉലച്ചതും, പട്ടി പ്രസവിച്ചതും ഇവ ബാധയ്ക്ക് കാരണമായിട്ടുണ്ട് എന്നുപറയാം.
ഗുളികന് കേന്ദ്രത്തില്നിന്നാല് പാമ്പിന്കാവിലോ സമീപത്തോ മുറുക്കിത്തുപ്പുക, മൈഥുനം, മലമൂത്രവിസര്‍ജ്ജനം, എച്ചില്, പട്ടി, പൂച്ച ഇവ മരണം സംഭവിച്ചതിനാല്‍ സര്‍പ്പബാധ സംഭവിച്ചതായി പറയണം.
ഇക്കാര്യത്തില്‍ മലമൂത്രവിസര്‍ജ്ജനം, എച്ചില് മുതലായവമൂലം അശുദ്ധിവന്നാല്‍ പൂണ്യാഹകര്മ്മം ചെയ്യണം. ചിത്രകൂടം പൊളിഞ്ഞാല്‍ പൊളിച്ചുപണിയണം. പുറ്റുപിടിച്ചാല് വൃത്തിയാക്കി പതിവിന്‍പടി പൂജാകര്‍മ്മം ചെയ്യണം.
നമ്മള് നടത്തുന്ന സര്‍പ്പപൂജയും നൂറുംപാലും സര്‍പ്പം സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതറിയുവാന്‍ രാശിപ്പലകയും കവടിയും മാത്രമെ മാര്‍ഗ്ഗമുള്ളൂ.
തനിക്ക് സര്‍പ്പ-ശാപ-താപ-കോപ ദോഷങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. അതേ ഈ വിഷയത്തില്‍ മുന്വിധിയായിട്ടുള്ളൂ.
