രാഹുകേതു മാറ്റം ഏതൊക്കെ രാശികള്‍ക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.

രാഹുകേതു മാറ്റം ഏതൊക്കെ രാശികള്‍ക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.

HIGHLIGHTS

ഒരു ജാതകത്തില്‍ ഏറ്റവും അധികം നമ്മുടെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കുന്ന ഗ്രഹങ്ങള്‍ രാഹുകേതുക്കളാണ്. ശനി പോലും അത്ര ദോഷകാരിയല്ല. കാരണം ശനീശ്വരന്‍ നമ്മുടെ സ്വഭാവരൂപീകരണത്തിലും ജീവിതത്തിലെ അധര്‍മ്മപാതകളില്‍ നിന്നും നമ്മെ ശരിയായ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കുന്ന ഒരു അധ്യാപകനാണ് അല്ലെങ്കില്‍ മാസ്റ്ററാണ്. പക്ഷേ രാഹുകേതുക്കള്‍ അങ്ങനെയല്ല. നന്നായി ദോഷം ചെയ്യാന്‍ കഴിയുന്ന തമോഗ്രഹങ്ങളാണ് രാഹുകേതുക്കള്‍. സൂര്യചന്ദ്രന്മാര്‍ക്ക് എങ്ങനെ ഗ്രഹണം ഉണ്ടാക്കുന്നുവോ അതുപോലെ നമ്മുടെ ഗുണ അനുഭവങ്ങളെയെല്ലാം ഗ്രഹണം ചെയ്തുമറക്കാന്‍ ഇവര്‍ക്ക് കഴിയും. മറ്റ് ഗ്രഹങ്ങള്‍ ക്ലോക്ക് വൈസ് സഞ്ചരിക്കുമ്പോള്‍ രാഹുകേതുക്കള്‍ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക് വൈസ് ആയിട്ടാണ്. ചാരവശാല്‍ 18 മാസത്തില്‍ ഒരിക്കല്‍ രാശി മാറുന്നു. ഛായാഗ്രഹങ്ങളാണ് രാഹുകേതുക്കള്‍.
സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് രാഹുകേതുക്കള്‍.

രാഹു- കേതു രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെ ?

 

2025 മെയ് 18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേയ്ക്കും രാശി മാറുകയാണ്. ഇതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കള്‍ ഉപചയഭാവങ്ങളില്‍(3,6,11) ചാരവശാല്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങള്‍ നല്‍കുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും കൂടി ഉണ്ടാവുക ആണെങ്കില്‍ രാഹുകേതുമാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചെന്നുവരില്ല. കൂടെ ജാതകാല്‍ ഉള്ള ബലാബലങ്ങളും ചിന്തിക്കണം.

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

മേടക്കൂറുകാര്‍ക്ക് ശനിമാറ്റവും വ്യാഴം മാറ്റവും ഏല്‍പ്പിക്കുന്ന പ്രഹരങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്ന സ്ഥാനമാണ് രാഹു-കേതു മാറ്റം കൊണ്ടുള്ളത്. രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നാം ഭാവത്തിലേയ്ക്കും കേതു ആറാം ഭാവത്തില്‍ നിന്നും അഞ്ചിലേക്കും മാറുകയാണ്. വിദേശഗുണം, ഉപരിപഠനം, ബിസിനസ്സിലും ജോലിയിലും ഗുണകരമായ മാറ്റം. വിവാഹ പരിശ്രമങ്ങള്‍ ഫലവത്താകും. പുതിയ സൗഹൃദങ്ങള്‍, പ്രണയം, യാത്രകള്‍ ഇവയാല്‍ വീണ്ടും ജീവിതം സന്തോഷഭരിതമാകും. ദാമ്പത്യസുഖം, അകന്നിരുന്നവര്‍ അടുക്കും. സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാവും. പ്രശ്‌നങ്ങള്‍ തുല്യമായി പരിഹരിക്കും. ഭൂമിലാഭം, ബന്ധുസഹായം, ലോണ്‍, സര്‍ക്കാര്‍ സഹായം ഇവ ആശ്വാസകരമാകും. സുഹൃത്തുക്കള്‍ സഹായിക്കും. ചിര കാലസ്വപ്നങ്ങള്‍ പൂവണിയും. വാഹനഭാഗ്യം, സന്താനഗുണം, ജീവിതത്തില്‍ മാറ്റങ്ങളുടെ പുതുമഴ, കലാസാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അവസരം അംഗീകാരം. ബിസിനസ് വിപുലീകരിക്കും. ഉദരരോഗസാധ്യത.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ഇടവക്കൂറുകാര്‍ക്ക് ശനി, വ്യാഴം മാറ്റം പോലെ അത്ര ഗുണകരമല്ല രാഹുകേതു മാറ്റം. രാഹു പതിനൊന്നാം ഭാവത്തില്‍ നിന്നും പത്താം ഭാവത്തിലേക്കും, കേതു അഞ്ചാം ഭാവത്തില്‍ നിന്നും നാലാം ഭാവത്തിലേക്കും മാറുകയാണ്. കുടുംബസ്വസ്ഥത കുറയും. കുടുംബസംബന്ധമായ തര്‍ക്കങ്ങള്‍ വീണ്ടും തലപൊക്കും. ജോലിമാറ്റം ഉടനെ വേണ്ട. അന്യരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പഴികേള്‍ക്കരുത്. കേസ്, തര്‍ക്കം ഇവ നയപരമായി പരിഹരിക്കണം. പലവഴിയില്‍ ധനലാഭം, ജോലി ഭാരം കൂടും. പുതിയ സൗഹൃദങ്ങളില്‍ ജാഗ്രത. തീരുമാനവൈകല്യങ്ങള്‍ വരാതെ സൂക്ഷിക്കുക. ഒപ്പം നിന്നവരില്‍ നിന്ന് വിശ്വാസവഞ്ചനവരാതെ ശ്രദ്ധിക്കുക. യാത്രകള്‍ കഴിയുന്നതും ഒഴിവാക്കുക. വാക്കുതര്‍ക്കം, ചിട്ടി, ജാമ്യം, മധ്യസ്ഥത പാടില്ല. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് പണി വാങ്ങരുത്. ജോലിയില്‍ പ്രശ്‌നസാധ്യത. മേലുദ്യോഗസ്ഥരുടെ താക്കീത് വരാതെ ശ്രദ്ധിക്കുക. അമിത വൈകാരികതയോടെ പ്രശ്‌നങ്ങളെ സമീപിക്കരുത്. മുന്‍പ് പറ്റിപ്പോയ ചില അബദ്ധങ്ങള്‍ തിരുത്താന്‍ ശ്രമിക്കുക. ആരോഗ്യകാര്യങ്ങളില്‍ നല്ല ക്രദ്ധ വേണം. പാഴ്‌ച്ചെലവുകള്‍ നിയന്ത്രിക്കണം.

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

മിഥുനക്കൂറുകാര്‍ക്ക് രാഹു പത്താം ഭാവത്തില്‍ നിന്നും ഒന്‍പതാം ഭാവത്തിലേക്കും കേതു നാലാം ഭാവത്തില്‍ നിന്ന് മൂന്നിലേക്കും മാറുകയാണ്. പൊതുവില്‍ നല്ല കാലം. തര്‍ക്കങ്ങള്‍ നയപരമായി ഒത്തുതീര്‍പ്പാക്കണം. അകന്നുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കുന്നത് ഗുണകരം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ആലോചിക്കണം. പുതിയ അവസരങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പുതിയ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വെല്ലുവിളികളെ അതിജീവിക്കും. ഈശ്വരാധീനവും മനോധൈര്യവും കൈവിടരുത്. തൊഴില്‍മാറ്റത്തിന് വഴി തെളിയും. വസ്തുസംബന്ധമായ കാര്യങ്ങളില്‍ തീരുമാനമാകും. നിക്ഷേപങ്ങളില്‍ നിന്നും ഗുണം കിട്ടും. ആരോഗ്യശ്രദ്ധ വേണം. പകര്‍ച്ചവ്യാധികളെ കരുതിയിരിക്കുക. സൗഹൃദങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം.

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ക്ക് രാഹു ഒന്‍പതാം ഭാവത്തില്‍ നിന്നും എട്ടാം ഭാവത്തിലേക്കും കേതു മൂന്നാം ഭാവത്തില്‍ നിന്നും രണ്ടിലേക്കും മാറുകയാണ്. വ്യാഴമാറ്റവും നഷ്ടസ്ഥാനത്തേക്ക് ആയിരുന്നു. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത വേണ്ട കാലം. ആരോഗ്യശ്രദ്ധ വേണം. ശത്രുക്കള്‍ ബുദ്ധിമുട്ടിക്കുവാന്‍ സാദ്ധ്യത. ബന്ധുക്കളെ അവഗണിക്കരുത്. സാമ്പത്തിക ഇടപാടുകളില്‍ അതീവജാഗ്രത. വിശ്വസ്തരെ സൂക്ഷിക്കുക. ധനനഷ്ടം വളരെ കൂടുതലാണ്. വരവിനേക്കാള്‍ ചെലവ് കൂടും. വാക്തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. ശത്രുക്കളില്‍ നിന്നും കള്ളന്മാരില്‍ നിന്നും ഉപദ്രവം വരാം. ജാമ്യം, മധ്യസ്ഥത ഒഴിവാക്കുക. പരപീഢ ഏല്‍ക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് സാഹചര്യം വരാം. കൂട്ടുകാരും കുടുംബവുമായി ചെലവഴിക്കാന്‍ കുറച്ച്  സമയമെങ്കിലും കണ്ടെത്തണം. നിഷേധസ്വഭാവം നിയന്ത്രിക്കുക.

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

ചിങ്ങക്കൂറുകാര്‍ക്ക് രാഹു എട്ടാം ഭാവത്തില്‍ നിന്നും ഏഴിലേക്കും കേതു രണ്ടാം ഭാവത്തില്‍ നിന്നും ജന്മത്തിലേക്കും മാറുകയാണ്. വിവാഹം നടക്കും. പ്രണയസാഫല്യം. കുടുംബസ്വസ്ഥത നിലനിറുത്താന്‍ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകളില്‍ നിന്നും അകന്നുനില്‍ക്കണം. ഭാഗ്യപരീക്ഷണത്തിന് പണം മുടക്കരുത്. പുതിയ പദ്ധതികള്‍ ഉടന്‍ വേണ്ട. ബിസിനസ്സിലും കര്‍മ്മത്തിലും വിജയം. റിയല്‍ എസ്റ്റേറ്റ് വഴി ലാഭം. പുതിയ സൗഹൃദങ്ങള്‍ ഗുണകരം. കൃഷിയില്‍ ലാഭം നേടാനാകും. വിദേശവാസം, ഉപരിപഠനം ഇവയ്ക്ക് കാലം അനുകൂലം. ആദ്യം പ്രശ്‌നങ്ങളുണ്ടായാലും ക്രമേണ കാര്യസാദ്ധ്യം. യാത്രകള്‍ മനസ്സിന് സന്തോഷം നല്‍കും. പുതിയ പ്രണയത്തിന് വഴിതെളിയും. വിശ്വസ്തരില്‍ നിന്ന് വഞ്ചനവരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത. കൂട്ടുകെട്ടുകള്‍ ദുഷിച്ചതല്ല എന്ന് ഉറപ്പുവരുത്തണം. ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. രോഗസാദ്ധ്യതകളെ അവഗണിക്കരുത്.

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

കന്നിക്കൂറുകാര്‍ക്ക് രാഹു ഏഴാം ഭാവത്തില്‍ നിന്നും ആറിലേക്കും കേതു ജന്മത്തില്‍ നിന്നും പന്ത്രണ്ടിലേക്കും മാറുന്നത് ഗുണകരം. ധനപരമായി ഉയര്‍ച്ച പ്രതീക്ഷിക്കാം. പുതിയ ജോലി സാധ്യതകള്‍ തെളിയും. വിചാരിച്ച പോലെ കാര്യങ്ങള്‍ നടത്തിയെടുക്കാനാവും. ശത്രുക്കള്‍ അകലും. തര്‍ക്കങ്ങളില്‍ പരിഹാരം കാണും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കും. പുതിയ പദ്ധതികള്‍ വിജയിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും വേതനവര്‍ദ്ധനവും ഉണ്ടാവും. വീടുപണി പൂര്‍ത്തിയാക്കാനും മെയിന്റനന്‍സിനും സമയം അനുകൂലം. കലാസാമൂഹിക രംഗത്തുള്ളവര്‍ക്ക് പരിശ്രമങ്ങള്‍ക്ക് ഗുണഫലം. വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടക്കാന്‍ കഴിയും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. പുതിയ ഭൂമി, വീട്/ വാഹനം വാങ്ങാന്‍ കഴിയും. ചിരകാല സ്വപ്നങ്ങല്‍ പൂവണിയും. പ്രണയത്തില്‍ ആഗ്രഹങ്ങല്‍ നിറവേറ്റപ്പെടും. പരീക്ഷാവിജയം. ഏത് കാര്യത്തിലും പ്രായോഗിക സമീപനം സ്വീകരിക്കണം.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം

 1,2,3 പാദങ്ങള്‍)തുലാക്കൂറുകാര്‍ക്ക് രാഹു ആറാം ഭാവത്തില്‍ നിന്നും അഞ്ചിലേക്കും കേതു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നിലേക്കും മാറുകയാണ്. ധനപരമായി ഗുണകാലം. കടബാധ്യതകള്‍ ക്രമേണ ഒഴിയും. സന്താനങ്ങളുടെ വിദേശപഠനം. വിവാഹം ഇവയ്ക്ക് തടസം നേരിടും. തീര്‍ത്ഥയാത്ര, ദൈവിക കര്‍മ്മങ്ങള്‍ ഇവ മന:സംതൃപ്തി നല്‍കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് മന:ശാന്തി തകര്‍ക്കരുത്. സന്താനങ്ങളുടെ ആവശ്യങ്ങളും സാധിച്ചുകൊടുക്കേണ്ട കാര്യമില്ല എന്ന് തിരിച്ചറിയണം. ആര്‍ക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കരുത്. ചെലവ് നിയന്ത്രിക്കണം. സാമൂഹ്യ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ നന്നായി നിരീക്ഷിക്കണം. ജോലിയിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ വിജയിക്കും. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഈശ്വരാധീനത്താല്‍ ചതി തിരിച്ചറിയാനാവും. പരീക്ഷാ വിജയത്തിന് നല്ല കഠിനാദ്ധ്വാനം വേണ്ടിവരും. യാത്രകള്‍ ഗുണകരം. നേട്ടങ്ങള്‍ക്ക് ജാഗ്രതയോടെ ശ്രമിക്കണം. വ്യാപാരത്തില്‍ വിജയം. പ്രണയസാഫല്യം.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് രാഹു അഞ്ചാം ഭാവത്തില്‍ നിന്നും നാലിലേക്കും കേതു പതിനൊന്നാം ഭാവത്തില്‍ നിന്ന് പത്തിലേക്കും മാറുകയാണ്. ധനപരമായി വളരെ ജാഗ്രത വേണം. കടബാധ്യത വരാന്‍ സൂക്ഷിക്കുക. പൊതുവില്‍ സമയം അത്ര നന്നല്ല. എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. യാത്രകള്‍ കഴിയുന്നതും ഒഴിവാക്കുക. ബിസിനസ്സില്‍ മാന്ദ്യം അനുഭവപ്പെടും. ഇഷ്ടക്കാരും അകന്നുമാറാന്‍ സാധ്യത ഉണ്ട്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ സൂക്ഷിക്കണം. മുതിര്‍ന്നവരുടെ ഉപദേശം ചെവിക്കൊള്ളണം. മാതാവിന് കാലം നന്നല്ല. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ വാക്കിലും പ്രവര്‍ത്തിയിലും ക്ഷമ പാലിക്കുക. പൊതുപ്രവര്‍ത്തകര്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. സന്താനങ്ങളെക്കൊണ്ടുള്ള വിഷമങ്ങള്‍ സഹിക്കേണ്ടിവരും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഉദ്യോഗത്തിന് കാലതാമസം. ഈശ്വര പ്രാര്‍ത്ഥനമുടക്കരുത്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ധനുക്കൂറുകാര്‍ക്ക് രാഹു നാലാം ഭാവത്തില്‍ നിന്നും മൂന്നിലേക്കും കേതു പത്താം ഭാവത്തില്‍ നിന്ന് ഒന്‍പതിലേക്കും മാറുകയാണ്. പൊതുവേ അനൂകൂലമാണ്. ധനപരമായി ഗുണം വരുന്ന കാലം. ജോലിയിലും ബിസിനസ്സിലും പൊതുപ്രവര്‍ത്തനരംഗത്തും ഉയര്‍ച്ചയും മാറ്റങ്ങളും. ചിരകാല സ്വപ്നങ്ങള്‍ സഫലമാകും. ചെറിയ തടസ്സങ്ങള്‍ വന്നാലും ദൈവാധീനം വര്‍ദ്ധിപ്പിച്ചാല്‍ കാര്യസാധ്യം. ശരീരക്ലേശങ്ങള്‍ അനുഭവപ്പെടാം. ബിസിനസ്സില്‍ സാഹചര്യം അനുകൂലമാക്കി നേട്ടങ്ങള്‍ കൈവരിക്കുന്നതിന് യോഗം ഉണ്ട്. ഗൃഹത്തില്‍ സമാധാനവും ശ്രേയസ്സും വരും. ധനം വരുന്നതോടൊപ്പം ചെലവ് വര്‍ദ്ധിക്കും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാവിജയം ഉന്നത വിദ്യാഭാഗ്യം. യോഗ്യതയ്ക്കനുസരിച്ച പുതിയ ജോലി സിദ്ധിക്കും. ഉദരരോഗ സാധ്യത. ആത്മീയ ശീലങ്ങള്‍ നല്ലതായിരിക്കും.

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

മകരക്കൂറുകാര്‍ക്ക് രാഹു മൂന്നാം ഭാവത്തില്‍ നിന്നും രണ്ടിലേക്കും കേതു ഒന്‍പതാം ഭാവത്തില്‍ നിന്നും എട്ടിലേക്കും മാറുകയാണ്. എല്ലാ കാര്യത്തിലും ജാഗ്രത വേണം. അന്യരുടെ കാര്യങ്ങള്‍ ഇടപെട്ട് സ്വസ്ഥത കളയരുത്.  അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഓഫീസിലും ബിസിനസ്സിലും ചെറിയ അശ്രദ്ധ പോലും പാടില്ല. ശരിയല്ലാത്ത തീരുമാനങ്ങള്‍ വലിയ സാമ്പത്തിക നഷ്ടത്തിന് വഴിതെളിക്കും. ധൃതിപിടിച്ച് ഒന്നും ചെയ്യാതിരിക്കുക. പുതിയ സൗഹൃദങ്ങളെ നിരീക്ഷിക്കുക. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ ശരിയായി നിറവേറ്റുക. ജാമ്യം, തര്‍ക്കം, മധ്യസ്ഥത ഇവ നന്നല്ല. നിയമവിരുദ്ധമായ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുക. കുടുംബപരമായ ബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. യാത്രകള്‍ ഗുണകരമല്ല. പാഴ്‌ച്ചെലവുകള്‍ നിയന്ത്രിക്കുക. മനഃശാന്തി നല്‍കുന്ന ധ്യാനം ജപം ചെയ്യാന്‍ ശ്രമിക്കണം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍  ശ്രദ്ധിക്കണം. വിജയം കൈവരിക്കാന്‍ സാധിക്കും.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

കുംഭക്കൂറുകാര്‍ക്ക് രാഹു രണ്ടാം ഭാവത്തില്‍ നിന്നും ഒന്നാം ഭാവത്തിലേക്ക് അഥവാ ജന്മത്തിലേക്കും,കേതു എട്ടാം ഭാവത്തില്‍ നിന്ന് ഏഴിലേക്കും മാറുകയാണ്. പൊതുപ്രവര്‍ത്തകരും കലാസാഹിത്യകാരന്മാരും വിശ്വസ്തരില്‍ നിന്ന് ചതിവരാതെ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. ദാമ്പത്യം വാക്കിലും പ്രവൃത്തിയിലും സംയമനം വേണം. ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കി മാറ്റാതെ ശ്രദ്ധിക്കുക. ആരെയും കുറ്റപ്പെടുത്താതിരിക്കുക. പ്രണയബന്ധത്തില്‍ പെടാന്‍ സാധ്യത ഉള്ളതിനാല്‍ അനാവശ്യ ബന്ധങ്ങളില്‍ പെട്ടുപോവാതിരിക്കാന്‍ ശ്രദ്ധിക്കുക. ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ആദ്യം മുടങ്ങിയാലും പിന്നീട് നടക്കും. ബിസിനസ്സില്‍ പുതിയ മാറ്റങ്ങള്‍ വരും. ടെന്‍ഷന്‍ ആവാതെ നന്നായി ശ്രമിച്ചാല്‍ പലവിധ ഗുണാനുഭവങ്ങളും വരുന്ന കാലം. തലവേദന, തലസംബന്ധമായി ഉണ്ടാവുന്ന അസുഖം ബുദ്ധിമുട്ടിച്ചേക്കാം. ശത്രുക്കളെ അവഗണിക്കാതെ കരുതിയിരിക്കുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് രാഹു ജന്മത്തില്‍ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ഏഴാം ഭാവത്തില്‍ നിന്ന് ആറിലേക്കും, മാറുകയാണ്. ഗുണദോഷ സമ്മിശ്രം. ധനപരമായി വെല്ലുവിളികള്‍ വരാം. ആര്‍ഭാടം കുറയ്ക്കണം. ജോലിയില്‍ താക്കീത് വരാതെ സൂക്ഷിക്കുക. ബിസിനസ്സില്‍ വെല്ലുവിളി നേരിടേണ്ടി വരാം. ജാമ്യം, മധ്യസ്ഥത, കടം കൊടുക്കല്‍ വാങ്ങല്‍ തുടങ്ങിയവയില്‍ നിന്നും ഒഴിഞ്ഞുമാറുക. യാത്രകള്‍ ഗുണകരമല്ല. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂല കാലത്തെ മറികടക്കണം. കലാസാഹിത്യ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉന്നതരുടെ അഭിനന്ദനം. വീണ്ടുവിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാലം അനുകൂലമാക്കാന്‍ സഹായിക്കും. ഓഹരി വിപണിയില്‍ നഷ്ടസാധ്യത. പുതിയ സൗഹൃദങ്ങളില്‍ അമിതമായ താല്‍പ്പര്യം കാട്ടരുത്. റിയല്‍ എസ്റ്റേറ്റില്‍ നഷ്ടസാധ്യത. ഈശ്വരാധീനത്താല്‍ ശത്രു ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടും.

ദോഷപരിഹാരത്തിനായി രാഹു കേതു പ്രീതിക്കായി സര്‍പ്പക്ഷേത്രങ്ങളില്‍ മഞ്ഞള്‍, പാല്‍ അഭിഷേകം, വിളക്ക്, നൂറും പാലും നിവേദിക്കുക, കവുങ്ങിന്‍ പൂക്കുല സമര്‍പ്പിക്കുക, ധൂമാവതി, കാളീ മന്ത്രജപങ്ങള്‍, ശിവപ്രീതി വരുത്തുക, കടുത്ത ദോഷമുള്ളവര്‍(ജാതകാല്‍ രാഹു-കേതു, ദോഷകാഠിന്യമോ, ദശാപഹാരാദികളോ ഉള്ളവര്‍) അഷ്ടദ്രവ്യാഭിഷേകം, അഷ്ടനാഗപൂജ നടത്തുക. നാഗരൂട്ട് നടത്തുക, പുള്ളുവരെ കൊണ്ട് പാടിക്കുക തുടങ്ങിയ വഴിപാടുകള്‍ നടത്തുക. നവഗ്രഹ ക്ഷേത്രത്തില്‍ രാഹുകേതുക്കള്‍ക്ക് അര്‍ച്ചനനടത്തുക. ഗണപതിപ്രീതി വരുത്തുന്നത് വഴി കേതുദോഷം കുറയും. ചാമുണ്ഡി ഭദ്രകാളി പ്രീതിയും നവാക്ഷരി മന്ത്രജപവും കേതുദോഷത്തിന് ഉത്തമം. ഗരുഢ യന്ത്രധാരണം, രാഹുകേതു നവഗ്രഹ അക്കപട യന്ത്രധാരണം ഇവയും ഗുണകരം.

ജ്യോതിഷരത്‌നം കാടാമ്പുഴ തിരുമേനി
(9847559786)