ചങ്ങലയില്‍ ബന്ധിക്കപ്പെട്ട വിഷ്ണു

ചങ്ങലയില്‍ ബന്ധിക്കപ്പെട്ട വിഷ്ണു!

HIGHLIGHTS

രാമേശ്വരത്തെ രാമനാഥ സ്വാമി(ശിവന്‍) ക്ഷേത്രത്തില്‍ 'സേതുരാമര്‍' എന്ന വിഷ്ണു സന്നിധിയുണ്ട്. ഈ വിഷ്ണുവിന്‍റെ കാലില്‍ ചങ്ങല കെട്ടിയിട്ടുള്ളതും കാണാം. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ ഈ വിഷ്ണു സന്നിധിയില്‍ കടല്‍മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന നിറവേറുമെന്നാണ് ഭക്തവിശ്വാസം. 

രാമേശ്വരത്തെ രാമനാഥ സ്വാമി(ശിവന്‍) ക്ഷേത്രത്തില്‍ 'സേതുരാമര്‍' എന്ന വിഷ്ണു സന്നിധിയുണ്ട്. ഈ സന്നിധിയില്‍ അനുഗ്രഹം വര്‍ഷിക്കുന്ന വിഷ്ണുവിനെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നുണ്ട്. സുന്ദരപാണ്ഡ്യന്‍ എന്ന രാജാവിന് പുത്രഭാഗ്യം ഇല്ലായിരുന്നു. തീവ്ര വിഷ്ണുഭക്തനായ അദ്ദേഹം തന്‍റെ നിര്‍ഭാഗ്യതയെക്കുറിച്ച് ചിന്തിച്ച് വിഷമിച്ച് നിത്യവും വിഷ്ണു സന്നിധിയില്‍ എത്തി കരഞ്ഞ് പ്രാര്‍ത്ഥിക്കുമായിരുന്നു.

അതിന്‍റെ ഫലമായി വിഷ്ണു തന്‍റെ പത്നി മഹാലക്ഷ്മിയെ തന്നെ സുന്ദരപാണ്ഡ്യന്‍റെ മകളായി പിറക്കാന്‍ വരമരുളി. സുന്ദരപാണ്ഡ്യന്‍റെ പുത്രിയായി ജനിച്ച മഹാലക്ഷ്മി വളര്‍ന്ന് ഋതുമതിയായി വിവാഹപ്രായമെത്തിയപ്പോള്‍ ഭഗവാന്‍ ഒരു യുവാവിന്‍റെ വേഷത്തില്‍ രാജകുമാരിയോട് കുസൃതിയുമായി എത്തി. ഇത് അറിഞ്ഞ രാജാവ് യുവാവായി എത്തിയ വിഷ്ണുവിനെ കാരാഗൃഹത്തിലടച്ച് കാലുകള്‍ ചങ്ങലയാല്‍ ബന്ധിപ്പിച്ചു. അന്നേദിവസം സുന്ദരപാണ്ഡ്യരാജന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്‍, യുവാവായി വന്നത് താന്‍ തന്നെയാണെന്ന് ഉണര്‍ത്തിച്ചു.

അനന്തരം കാരാഗൃഹത്തിലായിരുന്ന വിഷ്ണുവിനെ മോചിപ്പിച്ച് തന്‍റെ മകള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. യുവാവായി വന്ന് മഹാലക്ഷ്മിയുടെ അവതാരമായ രാജകുമാരിയോട് കുസൃതി കാണിച്ച വിഷ്ണുവാണ് ഇവിടെ 'സേതുരാമന്‍' എന്ന പേരില്‍ അനുഗ്രഹം വര്‍ഷിച്ച് ദര്‍ശനമരുളുന്നത്.

ഈ വിഷ്ണുവിന്‍റെ കാലില്‍ ചങ്ങല കെട്ടിയിട്ടുള്ളതും കാണാം. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ ഈ വിഷ്ണു സന്നിധിയില്‍ കടല്‍മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന നിറവേറുമെന്നാണ് ഭക്തവിശ്വാസം. ഈ സന്നിധിക്ക് അടുത്തായി ലക്ഷ്മിനാരായണന്‍, യോഗനരസിംഹം എന്നിവരും ദര്‍ശനമരുളുന്നു.

Photo Courtesy - Google