ദുഷ്ടതകള്‍ നിവാരണം ചെയ്യുന്ന പുണ്യമാസം

ദുഷ്ടതകള്‍ നിവാരണം ചെയ്യുന്ന പുണ്യമാസം

HIGHLIGHTS

മിഥുനം വന്നാല്‍ ദുരിതം വന്നു, കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണ് പഴമക്കാര്‍ പറയാറ്. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ള കര്‍ക്കിടകത്തെ പണ്ട് പലര്‍ക്കും ഭയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പുണ്യദായകമായ രാമായണമാസമായി മാറി. രാമനാമ ജപത്തിലൂടെ സമസ്ത ദുരിതങ്ങളില്‍ നിന്നും വിമോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കര്‍ക്കിടക മാസത്തെ രാമായണ മാസമാക്കി തീര്‍ത്തത്.

 

രാമായണപാരായണം, രാമായണശ്രവണം തുടങ്ങിയവ ഇരുമാര്‍ഗ്ഗങ്ങളാണെങ്കില്‍ രാമായണ കഥാപാത്ര ദര്‍ശനം മോക്ഷകവാടമാകുന്നു. അതിനെത്തുടര്‍ന്നാണ് നാലമ്പല ദര്‍ശനത്തിന് പ്രാധാന്യം ലഭിച്ചതും. പുതുവര്‍ഷത്തില്‍ ഉത്തമജീവിതം നയിക്കാനുള്ള തയ്യാറെടുപ്പായും ഈ രാമായണ മാസത്തെ ആചരിക്കാം. തൃപ്രയാര്‍ ശ്രീരാമനും, ഇരിങ്ങാലക്കുട ഭരതനും മൂഴിക്കുളത്ത് ലക്ഷ്മണനും പായമ്മല്‍ ശത്രുഘ്നനും വാണരുളുന്ന ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്നുപറയുന്നത്.

രാമായണധ്വനിയും, ഗണപതിഹോമവും ത്രികാല പൂജയും നിറഞ്ഞുനില്‍ക്കുന്ന കര്‍ക്കിടകത്തില്‍ മംഗല്യവതികളും കന്യകമാരും എല്ലാദിവസവും തലമുടിയില്‍ ദശപുഷ്പം ചൂടണമെന്നത് നിര്‍ബന്ധമാണ്. എന്നും രാവിലെ കുളി കഴിഞ്ഞ് കണ്ണെഴുതി ചാന്ത് ചാര്‍ത്തി ചന്ദനം തൊട്ട് ദശപുഷ്പം ചൂടി ശ്രീഭഗവതിയുടെ പ്രതിരൂപം 
എന്നപോലെ മംഗല്യവതികള്‍ ഒരുങ്ങണം.

കര്‍ക്കിടകത്തില്‍ കല്യാണം ആകാമോ?

പൊതുവെ കര്‍ക്കിടകത്തില്‍ കല്യാണം നടത്താറില്ല. എത്ര സമയമില്ലെങ്കിലും കര്‍ക്കിടമാസത്തില്‍ കല്യാണം നടത്തുന്നതിനോട് മുന്‍തലമുറയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. മലയാള മാസങ്ങളില്‍ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ കര്‍ക്കിടകമാസത്തെ കള്ളക്കര്‍ക്കിടകമെന്നാണ് പണ്ട് വിശേഷിപ്പിച്ചിരുന്നത്. ഈ പ്രയോഗത്തില്‍ നിന്നുതന്നെ എന്തോ ഒന്ന് ഇതിനുപിന്നില്‍ ഒളിച്ചിരിക്കുന്നുവെന്ന് ബോധ്യമാകും.

കര്‍ക്കിടകത്തിനുശേഷം വരുന്ന മാസം നറുനിലാവിന്‍റെ കുളിര്‍മ്മ പോലെ ചിങ്ങമാണെന്നതും അതിനാല്‍ പ്രസ്തുത മാസത്തിലാകാം കല്യാണമെന്നുമാണ് സങ്കല്‍പ്പം. കല്യാണമെന്നല്ല പല പ്രധാനപ്പെട്ട ചടങ്ങുകളും കര്‍ക്കിടകത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

വിവാഹമെന്നാല്‍ മാനസികമായും ശാരീരികമായും ഏറെ ബദ്ധപ്പാടുള്ള ഒന്നാണ്. അതിനാല്‍ ഇതിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കര്‍ക്കിടകമാസത്തില്‍ പൊതുവെ പ്രകൃതി പ്രതികൂലമായതിനാല്‍ ആരോഗ്യവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ആരോഗ്യപരമായി ഈ മാസം അത്ര നല്ലതല്ലാത്തതുകൊണ്ടാണ് കര്‍ക്കിടകത്തില്‍ കല്യാണം പാടില്ലെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയത്.

മോക്ഷം ലഭിക്കുവാന്‍ വേണ്ടി ഈശ്വരപ്രാര്‍ത്ഥനകളില്‍ മുഴുകുമ്പോള്‍ മറ്റുപല ആഘോഷങ്ങളും മാറ്റിവയ്ക്കുക തന്നെ വേണം. ഒരുപക്ഷേ ഈ മോക്ഷലക്ഷ്യത്തെ തിരിച്ചറിഞ്ഞതിനാലാവാം കര്‍ക്കിടകം ആഘോഷങ്ങളില്‍ നിന്ന് മാറിനിന്നത്. മറ്റൊരു മാസങ്ങളിലും കാണാത്ത അനവധി വിശേഷദിനങ്ങള്‍ നിറഞ്ഞതാണ് കര്‍ക്കിടകം. ദുഷ്ടതകള്‍ നിവാരണം ചെയ്യുന്ന പുണ്യമാസം കൂടിയാണ് കര്‍ക്കിടകം. ഈ മാസത്തില്‍ ഈശ്വരഭജനം ചെയ്താല്‍ ദേവപദം ലഭിക്കും.

കര്‍ക്കിടക സംക്രമത്തിലെ ഭഗവതിക്ക് വരവേല്‍പ്പ്

പഴയകാല നാട്ടാചാരത്തിന്‍റെ ഓര്‍മ്മകളുമായി പല വീടുകളിലും കര്‍ക്കിടക സംക്രാന്തിയുടെ ചടങ്ങുകള്‍ നടക്കും. വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കി കര്‍ക്കിടക സംക്രമസന്ധ്യയില്‍ ചേട്ടയെ പുറത്താക്കും.

ചേട്ടേ പോ... ശീപോതി വാ...

എന്ന വായ്ത്താരിയുമായാണ് ഗൃഹനാഥ നേതൃത്വം നല്‍കി കുടുംബത്തില്‍ കര്‍ക്കിടകസംക്രമസന്ധ്യാചടങ്ങുകള്‍ നടത്തുക. ശീപോതിയെന്നാല്‍ ഐശ്വര്യത്തിന്‍റെ പ്രതീകമായ മഹാലക്ഷ്മി. ചേട്ടയെ പുറത്താക്കി മഹാലക്ഷ്മിയായ ശ്രീഭഗവതിയെ വരവേല്‍ക്കുന്ന ദിവസമാണ് കര്‍ക്കിടക സംക്രമം.

ഭഗീരഥന്‍റെ തപസ്സാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാന്‍ തുടങ്ങിയത് കര്‍ക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ശ്രീഭഗവതിയെ മഹാലക്ഷ്മിയായി പൂജിക്കുന്ന ഇല്ലംനിറ

കര്‍ക്കിടകമാസത്തിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ് ഇല്ലംനിറ. ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടേയും വരവറിയിക്കുന്ന ഇല്ലം നിറകള്‍ കര്‍ക്കിടകത്തിലെ അത്തം നാളിലാണ് മിക്ക ക്ഷേത്രങ്ങളിലും ആചരിക്കുന്നത്. കേരളത്തില്‍ പൊതുവേ വിളവെടുപ്പിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും അരിമാവ് കൊണ്ടണിഞ്ഞ് അലങ്കരിച്ച് മുഹൂര്‍ത്ത സമയത്ത് ശ്രീ ഭഗവതിയെ ഭക്ത്യാദരപൂര്‍വ്വം വരവേറ്റ് മഹാലക്ഷ്മിയായി പൂജിക്കുന്ന ചടങ്ങാണ് ഇല്ലംനിറ.

മഹാലക്ഷ്മിയുടെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ഈ ആചാരത്തില്‍ പങ്കുകൊള്ളുന്നതും പൂജിച്ച നെല്‍ക്കതിര്‍ ഭവനങ്ങളില്‍ സൂക്ഷിക്കുന്നതും ജീവിതത്തില്‍ സമസ്ത സൗഭാഗ്യങ്ങളും തരുമെന്നാണ് വിശ്വാസം.

പത്തിലക്കറിയുടെ ദിവസം

കര്‍ക്കിടകമാസാചരണ ഭാഗമായി മുപ്പെട്ട് വെള്ളിയാഴ്ച പത്തിലകള്‍ കൊണ്ട് തയ്യാറാക്കുന്ന ഉപ്പേരി കഴിക്കുന്ന ദിവസമാണ്. താള്, തകര, ചേമ്പ്, ചേന, ചീര, പയര്‍, നെയ്യുണ്ണി, മത്തന്‍, കുമ്പളം, കരിക്കൊടി അല്ലെങ്കില്‍ തഴുതാമ എന്നീ പത്തിലകള്‍ കൊണ്ടുള്ളതാണ് ഉപ്പേരി. പത്തില ഉപ്പേരി പേരുപറയാതെ കഴിക്കണമെന്നാണ് ചൊല്ല്.

കറുത്ത വാവിന്‍ നാളിലെ ഔഷധസേവ

കര്‍ക്കിടകത്തിലെ കറുത്ത വാവിന്‍ നാളിലെ ഔഷധസേവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉണക്കലരി വറുത്തത്, ശര്‍ക്കര, തേങ്ങ, ചുക്ക് എന്നിവ ചേര്‍ത്ത് പൊടിച്ച് കൊടുവേലി ക്കിഴങ്ങും ചേര്‍ത്ത് പൊടിച്ചെടുക്കുന്ന അരിപ്പൊടി കറുത്ത വാവിന്‍നാള്‍ കഴിച്ചാല്‍ ശാരീരികമായ അസ്വസ്ഥതകള്‍ എല്ലാം മാറും.

ഔഷധക്കഞ്ഞി

പണ്ടുകാലം മുതല്‍തന്നെ കര്‍ക്കിടമാസത്തില്‍ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന ഒരു പതിവുണ്ട്. അരിമധുരം, ജീരകം, ചുവന്ന ഉള്ളി, ത്രികടുക്, തിപ്പലി മൂലം, കുന്നിവേര്, ഉഴിഞ്ഞവേര്, ചിറ്റാമുട്ടി, കടലാടിവേര് ഇവ സമമെടുത്ത് ചതച്ച് കിഴികെട്ടുകയാണ് പതിവ്. ഈ കിഴിയിട്ട് പഴനെല്ലരി കഞ്ഞിവെച്ച് കിഴി പിഴിഞ്ഞശേഷം കഴിക്കും.

മര്‍മ്മക്ഷതം കൊണ്ടുണ്ടായ ചുമ, ശ്വാസംമുട്ടല്‍ എന്നിവ തടയാന്‍ ഈ ഔഷധക്കഞ്ഞിക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടതോടെ ശീതീകരണ ഹോട്ടലുകളിലും ഔഷധക്കഞ്ഞി വിളമ്പാന്‍ തുടങ്ങി എന്നത് പഴമക്കാരുടെ ആത്മാവ് സ്വാഗതം ചെയ്യുന്നു. ഇന്ന് പല ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ് കര്‍ക്കിടകത്തില്‍ നടക്കുക.

കയ്യില്‍ മൈലാഞ്ചിയണിയുന്ന ദിവസം

സ്ത്രീകള്‍ കൈയ്യില്‍ മൈലാഞ്ചിയണിയുന്ന ദിവസം കൂടിയാണ് കര്‍ക്കിടകത്തിലെ ആദ്യവെള്ളിയാഴ്ച. വെള്ളിലതാളിതേച്ചു കുളിക്കുന്നതും വെള്ളില തലയില്‍ ചൂടുന്നതും ഈ ദിവസം തന്നെ. ഉപ്പുചേര്‍ക്കാതെ തവിടുകൊണ്ട് ചുട്ട അട കഴിക്കുന്ന പ്രത്യേകതയും കര്‍ക്കിടകത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളിലുണ്ട്.

കര്‍ക്കിടകക്കഞ്ഞിയും ഔഷധസേവയും ദശപുഷ്പധാരണവും മൈലാഞ്ചി അണിയലുമെല്ലാം ശാരീരികമായ ആരോഗ്യത്തെ പ്രധാനം ചെയ്യുന്നതാണ്.

കറുത്തവാവിന്‍ നാളിലെ ബലിയിടല്‍

കര്‍ക്കിടകത്തിലെ കറുത്ത വാവ് പിതൃക്കളുടെ ദിനമാണ്. പൊതുവില്‍ അമാവാസികള്‍ എല്ലാം തന്നെ പിതൃക്കള്‍ക്ക് പ്രാധാന്യമുള്ളതാണല്ലോ. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കും ഉള്ളതാണെന്നാണ് ശാസ്ത്രം. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തേയ്ക്ക് പോകുന്നത്. ഇതിന്‍റെ ആരംഭമാണ് കര്‍ക്കിടകമാസം. കര്‍ക്കിടകത്തിലെ കറുത്ത പക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. അതില്‍ ആദ്യത്തെ കറുത്തവാവ് പിതൃബലിക്ക് ഏറ്റവും അനുഗുണവുമാണ്. പിതൃക്കളുടെ തൃപ്തിക്കും അനുഗ്രഹത്തിനും വേണ്ടി അവരോടുള്ള നന്ദി കൃതജ്ഞതാസ്മരണാദി ബഹുമാനങ്ങള്‍ ഭക്തിപൂര്‍വ്വം അനുഷ്ഠിക്കേണ്ടത് ആ പരമ്പരയില്‍പ്പെടുന്ന ജീവിച്ചിരിക്കുന്ന ആളുകളുടെ ജീവിത ധര്‍മ്മമാണ്. ഈ നിലയില്‍ സമര്‍പ്പിക്കുന്ന അന്ന-
പാനാദി-ഭോജനദാനമാണ് ബലി.

കറുത്തവാവ് എന്നാല്‍

കറുത്തവാവ് എന്നുപറയുന്നത് അപരപക്ഷത്തെ പതിനഞ്ചാം തിഥിയാകുന്നു. ഒരു വെളുത്തവാവ് കഴിഞ്ഞുവരുന്ന കാലമാണ് അപരപക്ഷം. അതില്‍ ചന്ദ്രന്‍റെ അപ്രത്യക്ഷമാകല്‍ പൂര്‍ണ്ണമാകുന്നത് അഥവാ ചന്ദ്രന്‍റെ കലകള്‍ പൂര്‍ണ്ണമായും മായുന്നത് പതിനഞ്ചാം തിഥിയിലാണ്. അതാണ് അമാവാസി അഥവാ കറുത്ത വാവ്. ഈ തിഥിയെന്നത് പരലോകത്തേക്കുള്ള ഒരു വാതായനമായി കരുതപ്പെടുന്നു. 

അതുകൊണ്ടുതന്നെ കര്‍ക്കിടകമാസത്തിലെ കറുത്തവാവിന് ചെയ്യുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും പൂര്‍വ്വിത സവിതത്തില്‍ എത്തുകതന്നെ ചെയ്യുന്നതാണ്.

കര്‍ക്കിടകവും കൊടുങ്ങല്ലൂരും തിരുമാന്ധാംകുന്നും

കര്‍ക്കിടകമാസത്തില്‍ ക്ഷേത്രങ്ങളിലും വിശേഷങ്ങള്‍ ധാരാളമുണ്ട്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. കൊടുങ്ങല്ലൂരമ്മയ്ക്ക് ചാന്താട്ടത്തിനായി ദേവിയുടെ ജന്മനാളായ മേടത്തിലെ കാര്‍ത്തികയ്ക്ക് അഴിച്ചുവെച്ച തിരുവാഭരണങ്ങള്‍ ചാന്താട്ടം കഴിഞ്ഞ് പിന്നീട് ചാര്‍ത്തുന്നത് കര്‍ക്കിടകം ഒന്നിനാണ്. അന്ന് സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ് ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. അന്നേദിവസം ഭഗവതിക്ക് പട്ടും താലിയും സമര്‍പ്പിക്കാന്‍ വന്‍ഭക്തജനത്തിരക്കാണനുഭവപ്പെടുക.

കൊടുങ്ങല്ലൂരമ്മയ്ക്ക് ചാന്താട്ടം കഴിഞ്ഞ് കര്‍ക്കിടകം ഒന്നിനാണ്  തിരുവാഭരണങ്ങള്‍ ചാര്‍ത്തുക എന്നാല്‍ പെരിന്തല്‍ മണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയ്ക്ക് കര്‍ക്കിടകം ഒന്നിനാണ് ചാന്താട്ടം നടക്കുക. പിന്നീട് കന്നി ഒന്നിനാണ് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദര്‍ശനമുണ്ടാകുക.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010