കര്‍ക്കിടകം എങ്ങനെ രാമായണമാസമായി?
ഹിന്ദുധര്‍മ്മത്തിന്‍റെ മാഹാത്മ്യം ഏതാണ്ട് പൂര്‍ണ്ണമായും വിളിച്ചറിയിക്കുന്ന ഒന്നാണ് രാമായണ കഥ. ആദികവി വാല്‍മീകിയുടെ വാക്കുകളില്‍ അത് വര്‍ണ്ണിക്കപ്പെടുമ്പോള്‍ ഉത്കൃഷ്ടമായ ഈ മനുഷ്യജന്മത്തിന്‍റെ ഉദ്ദേശമെന്ത്, ഈ ജന്മത്തില്‍ പാലിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെ, ചെയ്യാന്‍ അരുതാത്തവ എന്തൊക്കെ, തിന്മയേത്, മോക്ഷപ്രാപ്തി എങ്ങനെ കൈവരിക്കാം എന്നിങ്ങനെ മനുഷ്യന്‍റെ നിത്യജീവിതത്തില്‍ അവന് നേരിടേണ്ടി വരുന്ന നൂറായിരം പ്രശ്നങ്ങളില്‍ ഓരോന്നിനും വ്യക്തവും സത്യനിഷ്ഠവുമായ മറുപടി തരുന്ന അതിവിശിഷ്ടഗ്രന്ഥമാണ് രാമായണം.
ജൂലൈ 17 രാമായണമാസാരംഭം
വീണ്ടും ഒരു രാമായണമാസം കൂടി വരവായി....
ഭാരതത്തിന്‍റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്‍റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം. വാല്‍മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യകൃതിയാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. അഞ്ഞൂറ് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴുകാണ്ഡങ്ങളിലാണ് രാമായണകഥ രചിച്ചിരിക്കുന്നത്.
പണ്ടുപണ്ടുകാലം മുതല്‍ക്കേ കേരളത്തില്‍ കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണ പാരായണം ആചാരപരമായിത്തന്നെ ചെയ്തുവരുന്നു. ശ്രീഭഗവതിക്ക് വയ്ക്കുക, മുക്കുറ്റി ച്ചാറെടുത്ത് കുറിയായി തൊടുക, നാലമ്പലദര്‍ശനം നടത്തുക(തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നന്‍സ്വാമി ക്ഷേത്രം) എന്നിവയെല്ലാം കര്‍ക്കിടകമാസാചരണത്തില്‍പ്പെടുന്നു.
ഹിന്ദുധര്‍മ്മത്തിന്‍റെ മാഹാത്മ്യം ഏതാണ്ട് പൂര്‍ണ്ണമായും വിളിച്ചറിയിക്കുന്ന ഒന്നാണ് രാമായണ കഥ.
ആദികവി വാല്‍മീകിയുടെ വാക്കുകളില്‍ അത് വര്‍ണ്ണിക്കപ്പെടുമ്പോള്‍ ഉത്കൃഷ്ടമായ ഈ മനുഷ്യജന്മത്തിന്‍റെ ഉദ്ദേശമെന്ത്, ഈ ജന്മത്തില്‍ പാലിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെ, ചെയ്യാന്‍ അരുതാത്തവ എന്തൊക്കെ, തിന്മയേത്, മോക്ഷപ്രാപ്തി എങ്ങനെ കൈവരിക്കാം എന്നിങ്ങനെ മനുഷ്യന്‍റെ നിത്യജീവിതത്തില്‍ അവന് നേരിടേണ്ടി വരുന്ന നൂറായിരം പ്രശ്നങ്ങളില്‍ ഓരോന്നിനും വ്യക്തവും സത്യനിഷ്ഠവുമായ മറുപടി തരുന്ന അതിവിശിഷ്ടഗ്രന്ഥമാണ് രാമായണം.
എന്തുകൊണ്ട് രാമായണ മാസം?
ശ്രീരാമന്‍ എന്ന ഉത്കൃഷ്ട ഭരണാധികാരിയുടെയും, പുത്രധര്‍മ്മമെന്ന പാവനധര്‍മ്മം അതിന്‍റെ പൂര്‍ണ്ണമായ അളവില്‍ ലോകത്തിന് കാട്ടിത്തന്ന സത്പുത്രന്‍റെ ജീവിതകഥയാണ് രാമായണം. എന്നാല്‍ എന്തുകൊണ്ട് കര്‍ക്കിടകത്തെ രാമായണമാസമെന്ന് വിളിക്കുകയും, മാസാരംഭം മുതല്‍ അവസാനംവരെ എല്ലാ ഗൃഹങ്ങളിലും ആരാധനാലയങ്ങളിലും മുടങ്ങാതെ രാമായണ പാരായണം നടത്തുകയും ചെയ്യുന്നു. അതുപോലെ മറ്റ് മതാനുഷ്ഠാനങ്ങളും നടത്തിവരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം നിരന്തരമായ അധ്വാനത്തിന്‍റെ അവസാനനാളുകളാണ് കര്‍ക്കിടകം.
കര്‍ഷകരാജ്യമായി അറിയപ്പെടുന്ന ഇന്‍ഡ്യയില്‍, വിശിഷ്യ കേരളത്തില്‍ മകരം, കുംഭം മാസങ്ങളില്‍ വിളവെടുപ്പ് കഴിയുന്നതോടെ അല്‍പ്പം വിശ്രമം തേടുകയാണ് കൃഷിക്കാര്‍. ആ കാലഘട്ടത്തില്‍ വിളവെടുപ്പിലൂടെ സംഭരിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുതീരുന്ന ഒരു ഘട്ടം കൂടിയാണ്. അതായത് ഭക്ഷ്യദൗര്‍ലഭ്യം അഥവാ പട്ടിണി അനുഭവപ്പെടാന്‍ തുടങ്ങുന്ന കാലം. ഈ സമയം സ്വാഭാവികമായും മനുഷ്യന്‍റെ മനസ്സ് ഈശ്വരചിന്തയിലേക്ക് തിരിയുന്നു.
അപ്പോള്‍ ഹിന്ദുമത വിശ്വാസികളായവര്‍ ശ്രീരാമന്‍റെ ജന്മമാസമായ കര്‍ക്കിടകം ഒന്ന് മുതല്‍ രാമായണ പാരായണവും രാമകഥാകഥനവും നടത്തി ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയുന്നു. അങ്ങനെ വിശ്വാസികളുടെ മനസ്സിലെ ക്ലേശങ്ങളും നിരാശകളും സ്വയം വിസ്മരിക്കപ്പെടുന്നു. അവര്‍ക്ക് ഈശ്വരനില്‍ പൂര്‍ണ്ണവിശ്വാസം ഉറയ്ക്കാനും ഈ സന്ദര്‍ഭം ഉപകരിക്കും. സാമൂഹ്യജീവിതത്തിന്‍റെ ഏത് തുറയില്‍ ചരിക്കുന്നവരായാലും, അവര്‍ക്ക് വേണ്ട എല്ലാ നല്ല മാതൃകകളും രാമായണത്തിലുണ്ട്.
നല്ല പിതാവ് എങ്ങനെയായിരിക്കണം എന്നതിന് ദശരഥ മഹാരാജാവ് മാതൃകയാകുന്നുണ്ട്. ഉത്തമഭാര്യയ്ക്ക് സീതയും ഊര്‍മ്മിളയും മണ്ഡോദരിയുമുണ്ട്. സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹവിശ്വാസത്തിനും പരസ്പരം ബഹുമാനത്തിനും രാമ-ലക്ഷ്മണ-ഭരത- ശത്രുഘ്നന്മാരുമുണ്ട്. ഉത്തമ ദാസന് ഉദാഹരണമായി ഹനുമാനും സുഗ്രീവനുമുണ്ട്. സന്നിഗ്ധഘട്ടങ്ങളില്‍ സാരോപദേശം നല്‍കുവാന്‍ ഗുരുശ്രേഷ്ഠന്മാരായ വസിഷ്ഠനും വിശ്വാമിത്രനുമുണ്ട്.
ദുഷ്ടനിഗ്രഹത്തിനും ശിഷ്ടസംരക്ഷണത്തിനും വില്ലാളിവീരന്മാരായ രാമലക്ഷ്മണന്മാരുണ്ട്. ഉത്തമഭരണാധികാരികള്‍ എങ്ങനെയായിരിക്കണം എന്നതിന് അനുപമമായ രാമനും ഭരതനുമുണ്ട്. ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമാണ് സീതയും ഊര്‍മ്മിളയും. സത്യപരിപാലനം എത്ര മഹത്തായ ധര്‍മ്മമാണെന്ന് ദശരഥന്‍ ലോകത്തിന് കാട്ടിത്തരുന്നു. എത്ര ശക്തിമാനായാലും അഹങ്കാരവും അധര്‍മ്മചിന്തയും വ്യക്തികളെ എങ്ങനെ നാശത്തിലേക്ക് തള്ളിവിടുന്നു എന്നതിന് രാവണനും ഇന്ദ്രജിത്തും ഉത്തമോദാഹരണങ്ങളാണ്. അങ്ങനെ നോക്കിയാല്‍ ഒരു സാധാരണ വ്യക്തിയെപ്പോലും ഉത്തമജീവിതത്തിലൂടെ മോക്ഷപ്രാപ്തിയിലെത്തിക്കുവാന്‍ പ്രാപ്തനാക്കുന്ന സാരോപദേശങ്ങളും ജീവിത സന്ദര്‍ഭങ്ങളും എത്ര വേണമെങ്കിലുമുണ്ട് രാമായണത്തില്‍.
ആയുര്‍വേദത്തിലും
ആചാരങ്ങള്‍ക്ക് പുറമെ ആയുര്‍വേദത്തിലും കര്‍ക്കിടകമാസത്തിന് വളരെ പ്രാധാന്യമുണ്ട്. കര്‍ക്കിടകം മഴക്കാലമാണല്ലോ. ശാരീരിക ദോഷങ്ങളെ കോപിപ്പിക്കുകയും അതുമൂലം ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ മറ്റൊരു കാലം വേറെയില്ല എന്നുതന്നെ പറയാം. അതുകൊണ്ടാണ് ആയുര്‍വേദചികിത്സയ്ക്കായി കര്‍ക്കിടകമാസം തെരഞ്ഞെടുക്കുന്നത്. പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവര്‍ സന്ധ്യാസമയത്ത് നിലവിളക്കിന് സമീപമിരുന്ന് രാമായണം വായിച്ചിരുന്നു.
രാമായണം വായിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുമെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. അതിനാലാവണം കര്‍ക്കിടകമാസത്തിന് പഞ്ഞക്കര്‍ക്കിടകം എന്നും രാമായണ മാസം എന്നു പേരുവീണത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടെയും അസ്വസ്ഥതകളുടെയും മാസമാണ്. കര്‍ക്കിടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പ്പാന്തസുഖം എന്നതാണ്
ആയുര്‍വേദത്തിന്‍റെ ശാന്തിമന്ത്രം.
ആയുര്‍വേദത്തിന്‍റെ മഹിമയും ആചാരസൂക്തങ്ങളുടെ കുളിര്‍മയും ഔഷധസേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാകുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍വേദത്തില്‍ വിസര്‍ഗ്ഗകാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്ത് വേണം ആരോഗ്യപരിപാലനത്തിനുള്ള സ്വയം ചികിത്സ അഥവാ സുഖചികിത്സ നടത്തുവാന്‍.
കര്‍ക്കിടകത്തില്‍ ആഹാരത്തില്‍ പഥ്യം പാലിക്കുകയും ചെയ്യാറുണ്ട്. കര്‍ക്കിടകമാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയുമാണ് ഈ ഗൃഹഔഷധ സേവയുടെ ഉദ്ദേശം. മുന്‍പ് തൊടിയില്‍ നിന്ന് ഔഷധങ്ങള്‍ പറിച്ച് അവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് ആയുര്‍വേദ കടകളില്‍ നിന്നും മരുന്നിനങ്ങള്‍ വാങ്ങി കഞ്ഞിയിലിട്ട് ഉപയോഗിച്ചുപോരുന്നു.
ഇപ്പോള്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. 23 മുതല്‍ 30 വരെ ആയുര്‍വേദ ഔഷധങ്ങളുടെ കൂട്ടാണ് ഇതിലുള്ളത്. കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈയോന്നി, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ചേര്‍ക്കാറുണ്ട്.
ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. കര്‍ക്കിടകം മുഴുവന്‍ ഇത് കഴിക്കാനായാല്‍ നല്ലതാണ്. കരള്‍വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും കര്‍ക്കിടകക്കഞ്ഞി ശ്രേഷ്ഠമായ പ്രതിവിധിയാണ്. ഇത് കഴിക്കുന്നതുമൂലം വാതസംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുകയും സുഖവിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യത്തിനുമായി ഔഷധക്കഞ്ഞി കഴിക്കുന്നതും ഈ മാസത്തിലാണ്.
കാവ്യകൃതിയിലുള്ള ആദ്യത്തെ സൃഷ്ടിയാണ് വാല്‍മീകി രാമായണം. ഹിന്ദുമതത്തിലെ രണ്ടാമത്തെ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കാം. ബ്രഹ്മര്‍ഷിമാരില്‍ ഒരാളായ വാല്‍മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് ധൈര്യം, വീര്യം, ക്ഷമ, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം തുടങ്ങിയ ഗുണങ്ങളോടുകൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാല്‍മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചുകൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്. രാമായണത്തിന്‍റെ പൊരുള്‍ അനുസരിച്ച് ശ്രീരാമന്‍ മനുഷ്യകുലത്തിലുള്ള ഉത്തമപുരുഷനായും സീതാദേവിയെ ഉത്തമസ്ത്രീയായും കരുതപ്പെടുന്നു.
