രാമായണ പാരായണം: പതിമൂന്നാം ദിനം

രാമായണ പാരായണം: പതിമൂന്നാം ദിനം

ആരണ്യകാണ്ഡത്തിലെ പതിമൂന്നാം ദിന പാരായണം ശൂർപ്പണഖയുടെ വിലാപത്തോടെയാണ് ആരംഭിക്കുന്നത്. ലക്ഷ്‌മണൻ തന്റെ അംഗഭംഗം വരുത്തിയത് സഹോദരനായ രാവണന്റെ അഹങ്കാരവും തെറ്റായ തീരുമാനങ്ങളുമാണ് കാരണമെന്ന് ശൂർപ്പണഖ കുറ്റപ്പെടുത്തുന്നു. രാമനെയും ലക്ഷ്‌മണനെയും കണ്ടുമുട്ടിയ സാഹചര്യങ്ങളും സീതയുടെ അതുല്യസൗന്ദര്യവും അവൾ രാവണനോട് വിവരിക്കുന്നു. സീതയെ ലങ്കയുടെ പട്ടമഹിഷിയാക്കണമെന്ന ആഗ്രഹവും ശൂർപ്പണഖ പ്രകടിപ്പിക്കുന്നു. അനിയന്ത്രിതമായ മോഹങ്ങളുടെ ദോഷഫലങ്ങളും ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യവും ഈ ഭാഗം ഓർമ്മിപ്പിക്കുന്നു.

രാവണ–മാരീച സംവാദം

സീതയെ അപഹരിക്കാനുള്ള പദ്ധതിയുമായി രാവണൻ മാരീചനെ സമീപിക്കുന്നു. സ്വർണവർണമാർന്ന മാനായി രൂപം മാറി സീതയെ ആകർഷിക്കണമെന്നാണ് രാവണന്റെ നിർദേശം. എന്നാൽ രാമന്റെ ദൈവികശക്തിയെക്കുറിച്ചും ഈ നീക്കത്തിന്റെ ഭീഷണിയെക്കുറിച്ചും മാരീചൻ മുന്നറിയിപ്പ് നൽകുന്നു. ജ്ഞാനപൂർണമായ ഉപദേശം അവഗണിച്ച് അഹങ്കാരത്തിന് വഴങ്ങുന്ന രാവണന്റെ സ്വഭാവമാണ് ഈ ഭാഗത്ത് പ്രതിഫലിക്കുന്നത്.

മാരീച നിഗ്രഹം

സ്വർണമാനിനെ പിന്തുടർന്ന രാമൻ ഒടുവിൽ മാരീചനെ വധിക്കുന്നു. മരണാസന്നനായ മാരീചൻ രാമന്റെ ശബ്ദം അനുകരിച്ച് "ഹാ സീതേ, ഹാ ലക്ഷ്മണാ" എന്ന് വിളിച്ച് സീതയെയും ലക്ഷ്‌മണനെയും തെറ്റിദ്ധരിപ്പിക്കുന്നു. രാവണന്റെ കൈയിൽ മരിക്കുന്നതിനേക്കാൾ രാമന്റെ കൈയിൽ മരിക്കുന്നതാണ് ശ്രേയസ്കരമെന്ന് മാരീചൻ കരുതിയിരുന്നു. വിധിയെ മറികടക്കാനാകില്ലെന്ന സന്ദേശവും ധാർമ്മികതയുടെ സങ്കീർണതയും ഈ സംഭവത്തിലൂടെ വ്യക്തമാകുന്നു.

സീതാപഹരണം

രാമന്റെയും ലക്ഷ്‌മണന്റെയും അഭാവം മുതലെടുത്ത് സന്യാസിയുടെ വേഷത്തിലെത്തിയ രാവണൻ സീതയെ അപഹരിക്കുന്നു. രാവണന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സീത പരമാവധി ശ്രമിക്കുകയും രാമനെയും ലക്ഷ്‌മണനെയും സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ രാവണൻ സീതയെ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. രാമായണത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവുകളിലൊന്നാണ് ഈ സംഭവം. വിശ്വാസം, ധൈര്യം, വഞ്ചന, അധർമ്മത്തിന്റെ അനന്തരഫലങ്ങൾ എന്നിവയാണ് ഈ ഭാഗത്തിന്റെ പ്രധാന സന്ദേശങ്ങൾ.

സീതാന്വേഷണം

സീതയെ കാണാതായതോടെ രാമനും ലക്ഷ്‌മണനും അന്വേഷണത്തിന് തുടക്കം കുറിക്കുന്നു. പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട രാമന്റെ വേദനയും മാനുഷിക വികാരങ്ങളും ഈ ഭാഗത്ത് ശക്തമായി ആവിഷ്കരിക്കപ്പെടുന്നു. ഏത് പ്രതിസന്ധിയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും വിശ്വാസത്തിന്റെ ശക്തിയും സീതാന്വേഷണ ഭാഗം ഓർമ്മപ്പെടുത്തുന്നു.

ശൂർപ്പണഖാവിലാപം

രാവണഭഗിനിയും രോദനംചെയ്തു പിന്നെ

രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ.

സാക്ഷാലഞ്ജനശൈലംപോലെ ശൂർപ്പണഖയും

രാക്ഷസരാജൻമുമ്പിൽ വീണുടൻമുറയിട്ടാൾ.

മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-

യലറും ഭഗിനിയോടവനുമുരചെയ്‌താൻ:

“എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം

ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ?

ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ

ദുഷ്‌കൃതംചെയ്തതവൻതന്നെ ഞാനൊടുക്കുവൻ.

സത്യംചൊ”ല്ലെന്നനേരമവളുമുരചെയ്താ-

“ളെത്രയും മൂഢൻ ഭവാൻ പ്രമത്തൻ പാനസക്തൻ

സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?

രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?

ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം

നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.

കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കൾ

കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?

പ്രഹരാർദ്ധേന രാമൻ വേഗേന ബാണഗണം

പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോർത്താൽ .”

എന്നതു കേട്ടു ചോദിച്ചീടിനാൻ ദശാനന-

നെന്നോടു ചൊല്ലീ’ടേവൻ രാമനാകുന്നതെന്നും

എന്തൊരുമൂലമവൻ കൊല്ലുവാനെന്നുമെന്നാ-

ലന്തകൻതനിക്കു നല്‌കീടുവനവനെ ഞാൻ.’

സോദരി ചൊന്നാളതുകേട്ടു രാവണനോടു

“യാതുധാനാധിപതേ! കേട്ടാലും പരമാർത്ഥം.

ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കൽ നി-

ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം

കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേൻ;

സാനന്ദം പഞ്ചവടി കണ്ടു ഞാൻ നില്‌ക്കുന്നേരം.

ആശ്രമത്തിങ്കൽ തത്ര രാമനെക്കണ്ടേൻ ജഗ-

ദാശ്രയഭൂതൻ ജടാവല്‌ക്കലങ്ങളും പൂണ്ടു

ചാപബാണങ്ങളോടുമെത്രയും തേജസ്സോടും

താപസവേഷത്തോടും ധർമ്മദാരങ്ങളോടും

സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി

സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.

ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാൽ

നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കൽ.

ദേവഗന്ധർവ്വനാഗമാനുഷനാരിമാരി-

ലേവം കാണ്മാനുമില്ല കേൾപ്പാനുമില്ല നൂനം.

ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-

മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവർഗ്ഗവും

നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ

കാണുമ്പോളനംഗനും ദേവതയവളല്ലോ.

തൽപതിയാകും പുരുഷൻ ജഗൽപതിയെന്നു

കൽപിക്ക‍ാം വികൽപമില്ലൽപവുമിതിനിപ്പോൾ.

ത്വൽപത്നിയാക്കീടുവാൻ തക്കവളവളെന്നു

കൽപിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേൻ.

മൽകുചനാസാകർണ്ണച്ഛേദനം ചെയ്താനപ്പോൾ

ലക്ഷ്‌മണൻ കോപത്തോടെ രാഘവനിയോഗത്താൽ.

വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേൻ

യുദ്ധാർത്ഥം നക്തഞ്ചരാനീകിനിയോടുമവൻ

രോഷവേഗേന ചെന്നു രാമനോടേറ്റനേരം

നാഴിക മൂന്നേമുക്കാൽകൊണ്ടവനൊടുക്കിനാൻ.

ഭസ്‌മമാക്കീടും പിണങ്ങീടുകിൽ വിശ്വം ക്ഷണാൽ

വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാൽ!

കന്നൽനേർമിഴിയാള‍ാം ജാനകിദേവിയിപ്പോൾ

നിന്നുടെ ഭാര്യയാകിൽ ജന്മസാഫല്യം വരും.

ത്വത്സകാശത്തിങ്കലാക്കീടുവാൻ തക്കവണ്ണ-

മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാൻ.

തത്സാമർത്ഥ്യങ്ങളെല്ല‍ാം പത്മാക്ഷിയാകുമവ-

ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!

രാമനോടേറ്റാൽ നിൽപാൻ നിനക്കു ശക്തിപോരാ

കാമവൈരിക്കും നേരേ നില്‌ക്കരുതെതിർക്കുമ്പോൾ.

മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ

മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു.”

സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം

സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂർണ്ണം

തന്നുടെ മണിയറതന്നിലങ്ങകംപുക്കാൻ

വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം.

‘എത്രയും ചിത്രം ചിത്രമോർത്തോളമിദമൊരു

മർത്ത്യനാൽ മൂന്നേമുക്കാൽ നാഴികനേരംകൊണ്ടു

ശക്തന‍ാം നക്തഞ്ചരപ്രവരൻ ഖരൻതാനും

യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും

പത്തികൾ പതിന്നാലായിരവും മുടിഞ്ഞുപോൽ!

വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.

ഭക്തവത്സലനായ ഭഗവാൻ പത്മേക്ഷണൻ

മുക്തിദാനൈകമൂർത്തി മുകുന്ദൻ മുക്തിപ്രിയൻ

ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു

ഭൂതലേ രഘുകുലേ മർത്ത്യനായ്‌ പിറന്നിപ്പോൾ

എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ

ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.

അല്ലെങ്കിലെന്നും വാഴ‍ാം രാക്ഷസരാജ്യ,മെന്നാ-

ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ.

കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-

നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.

ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥൻ

തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാൻ.

സാക്ഷാൽ ശ്രീനാരായണൻ രാമനെന്നറിഞ്ഞഥ

രാക്ഷസപ്രവരനും പൂർവ്വവൃത്താന്തമോർത്താൻ.

‘വിദ്വേഷബുദ്ധ്യാ രാമൻതന്നെ പ്രാപിക്കേയുളളു

ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലഖിലേശൻ.’

രാവണമാരീചസംവാദം

ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു

ചിത്രഭാനുവുമുദയാദ്രിമൂർദ്ധനി വന്നു.

തേരതിലേറീടിനാൻ ദേവസഞ്ചയവൈരി

പാരാതെ പാരാവാരപാരമ‍ാം തീരം തത്ര

മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം

ഘോരന‍ാം ദശാനനൻ കാര്യഗൗരവത്തോടും.

മൗനവുംപൂണ്ടു ജടാവല്‌ക്കലാദിയും ധരി-

ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളിൽ

രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-

ണ്ടാമോദത്തോടു മരുവീടിന മാരീചനും

ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ

ലോകോപദ്രവകാരിയായ രാവണൻതന്നെ

കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്‌തു പൂണ്ടു-

കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും

പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്‌ഠൻ

യോജിച്ചു ചിത്തമപ്പോൾ ചോദിച്ചു മാരീചനും:

“എന്തൊരാഗമനമിതേകനായ്‌തന്നെയൊരു

ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കൽ.

ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ

നല്ലതു വരുത്തുവാനുളളതിൽ മുമ്പനല്ലോ.

ന്യായമായ്‌ നിഷ്‌കൽമഷമായിരിക്കുന്ന കാര്യം

മായമെന്നിയേ ചെയ്‌വാൻ മടിയില്ലെനിക്കേതും.”

മാരീചവാക്യമേവം കേട്ടു രാവണൻ ചൊന്നാ-

“നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.

സാകേതാധിപനായ രാജാവു ദശരഥൻ

ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോൽ

രാമലക്ഷ്‌മണന്മാരെന്നിരുവരിതുകാലം

കോമളഗാത്രിയായോരംഗനാരത്നത്തോടും

ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വർ ബലാ

ലെന്നുടെ ഭഗിനിതൻ നാസികാകുചങ്ങളും

കർണ്ണവും ഛേദിച്ചതു കേട്ടുടൻ ഖരാദികൾ

ചെന്നിതു പതിന്നാലായിരവുമവരെയും

നിന്നു താനേകനായിട്ടെതിർത്തു രണത്തിങ്കൽ

കോന്നിതു മൂന്നേമുക്കാൽ നാഴികകൊണ്ടു രാമൻ.

തൽപ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-

മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ

ഹേമവർണ്ണം പൂണ്ടോരു മാനായ്‌ ചെന്നടവിയിൽ

കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം.

രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ

വാമഗാത്രിയെയപ്പോൾ കൊണ്ടു ഞാൻ പോന്നീടുവൻ.

നീ മമ സഹായമായിരിക്കിൽ മനോരഥം

മാമകം സാധിച്ചീടുമില്ല സംശയമേതും.”

പംകതികന്ധരവാക്യം കേട്ടു മാരീചനുളളിൽ

ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്‌താൻഃ

“ആരുപദേശിച്ചിതു മൂലനാശനമായ

കാരിയം നിന്നോടവൻ നിന്നുടെ ശത്രുവല്ലോ.

നിന്നുടെ നാശം വരുത്തീടുവാനവസരം-

തന്നെപ്പാർത്തിരിപ്പോരു ശത്രുവാകുന്നതവൻ.

നല്ലതു നിനക്കു ഞാൻ ചൊല്ലുവൻ കേൾക്കുന്നാകിൽ

നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.

രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരിൽ

മാമകേ രാജരത്നരമണീരഥാദികൾ

കേൾക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം;

രാക്ഷസവംശം പരിപാലിച്ചുകൊൾക നീയും.

ശ്രീനാരായണൻ പരമാത്മാവുതന്നെ രാമൻ

ഞാനതിൽ പരമാർത്ഥമറിഞ്ഞേൻ കേൾക്ക നീയും.

നാരദാദികൾ മുനിശ്രേഷ്‌ഠന്മാർ പറഞ്ഞു പ-

ണ്ടോരോരോ വൃത്താന്തങ്ങൾ കേട്ടേൻ പൗലസ്ത്യ‍പ്രഭോ!

പത്മസംഭവൻ മുന്നം പ്രാർത്ഥിച്ചകാലം നാഥൻ

പത്മലോചനനരുൾചെയ്‌തിതു വാത്സല്യത്താൽ

എന്തു ഞാൻ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു

ചിന്തിച്ചു വിധാതാവുമർത്ഥിച്ചു ദയാനിധേ!

‘നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു

പംക്തികന്ധരൻതന്നെക്കൊല്ലണം മടിയാതെ.’

അങ്ങനെതന്നെയെന്നു സമയംചെയ്‌തു നാഥൻ

മംഗലം വരുത്തുവാൻ ദേവതാപസർക്കെല്ല‍ാം.

മാനുഷനല്ല രാമൻ സാക്ഷാൽ ശ്രീനാരായണൻ-

താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ.

പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ

മായാമാനുഷൻതന്നെസ്സേവിച്ചുകൊൾക നിത്യം.

എത്രയും പരമകാരുണികൻ ജഗന്നാഥൻ

ഭക്തവത്സലൻ ഭജനീയനീശ്വരൻ നാഥൻ.”

മാരീചൻ പറഞ്ഞതു കേട്ടു രാവണൻ ചൊന്നാൻഃ

“നേരത്രേ പറഞ്ഞതു നിർമ്മലനല്ലോ ഭവാൻ.

ശ്രീനാരായണസ്വാമി പരമൻ പരമാത്മാ-

താനരവിന്ദോത്ഭവൻ തന്നോടു സത്യംചെയ്‌തു

മർത്ത്യനായ്‌ പിറന്നെന്നെക്കൊല്ലുവാൻ ഭാവിച്ചതു

സത്യസങ്കൽപനായ ഭഗവാൻതാനെങ്കിലോ

പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?

നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോർത്തീലൊട്ടും

ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം

ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.

ഉത്തിഷ്‌ഠ മഹാഭാഗ പൊന്മാനായ്‌ ചമഞ്ഞു ചെ-

ന്നെത്രയുമകറ്റുക രാമലക്ഷ്‌മണന്മാരെ.

അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവൻ

പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.

ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-

ലെന്നുടെ വാൾക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ.”

എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ

‘നന്നല്ല ദുഷ്‌ടായുധമേറ്റു നിര്യാണംവന്നാൽ

ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കണം,

പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമല്ലോ

രാമസായകമേറ്റു മരിച്ചാ’ലെന്നു ചിന്തി-

ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാൻഃ

“രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കിൽ

സാക്ഷാൽ ശ്രീരാമൻ പരിപാലിച്ചുകൊൾക പോറ്റീ!”

എന്നുരചെയ്‌തു വിചിത്രാകൃതി കലർന്നൊരു

പൊൻനിറമായുളെളാരു മൃഗവേഷവും പൂണ്ടാൻ.

പങ്‌ക്തികന്ധരൻ തേരിലാമ്മാറു കരേറിനാൻ

ചെന്താർബാണനും തേരിലേറിനാനതുനേരം.

ചെന്താർമാനിനിയായ ജാനകിതന്നെയുളളിൽ

ചിന്തിച്ചു ദശാസ്യനുമന്ധനായ്‌ ചമഞ്ഞിതു.

മാരീചൻ മനോഹരമായൊരു പൊന്മാനായി

ചാരുപുളളികൾ വെളളികൊണ്ടു നേത്രങ്ങൾ രണ്ടും

നീലക്കൽകൊണ്ടു ചേർത്തു മുഗ്‌ദ്ധഭാവത്തോടോരോ

ലീലകൾ കാട്ടിക്കാട്ടിക്കാട്ടിലുൾപ്പുക്കും പിന്നെ

വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-

രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും

രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ

രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാൾ.

രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥൻ

ദേവിയോടരുൾചെയ്താനേകാന്തേ, “കാന്തേ! കേൾ നീ

രക്ഷോനായകൻ നിന്നെക്കൊണ്ടുപോവതിനിപ്പോൾ

ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!

നീയൊരു കാര്യം വേണമതിനു മടിയാതെ

മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം.

വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞു വസിക്ക നീ

ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം.

ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-

ദാശ്രയഭൂതേ! സീതേ! ധർമ്മരക്ഷാർത്ഥം പ്രിയേ!”

രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും

കോമളഗാത്രിയായ മായാസീതയെത്തത്ര

പർണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കൽ

ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോൾ .

മാരീചനിഗ്രഹം

മായാനിർമ്മിതമായ കനകമൃഗം കണ്ടു

മായാസീതയും രാമചന്ദ്രനോടുരചെയ്താൾഃ

“ഭർത്താവേ! കണ്ടീലയോ കനകമയമൃഗ-

മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം.

പേടിയില്ലിതിനേതുമെത്രയുമടുത്തു വ-

ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.

കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു

വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.

പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ

മടിച്ചീടരുതേതും ഭർത്താവേ! ജഗൽപതേ!”

മൈഥിലീവാക്യം കേട്ടു രാഘവനരുൾചെയ്‌തു

സോദരൻതന്നോടു “നീ കാത്തുകൊളളുകവേണം

സീതയെയവൾക്കൊരു ഭയവുമുണ്ടാകാതെ;

യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.”

എന്നരുൾചെയ്‌തു ധനുർബാലങ്ങളെടുത്തുടൻ

ചെന്നിതു മൃഗത്തെക്കയ്‌ക്കൊളളുവാൻ ജഗന്നാഥൻ.

അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-

ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോൾ മന്ദംമന്ദം

അടുത്തുവരു,മപ്പോൾ പിടിപ്പാൻ ഭാവിച്ചീടും,

പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോൾ.

ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-

മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം

എന്നുറച്ചാശവിട്ടു രാഘവനൊരുശരം

നന്നായിത്തൊടുത്തുടൻ വലിച്ചു വിട്ടീടിനാൻ.

പൊന്മാനുമതു കൊണ്ടു ഭൂമിയിൽ വീണനേരം

വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാൻ.

മാരീചൻതന്നെയിതു ലക്ഷ്‌മണൻ പറഞ്ഞതു

നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.

ബാണമേറ്റവനിയിൽ വീണപ്പോൾ മാരീചനും

പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ

“ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!

ഹാ! ഹാ! മേ വിധിബലം പാഹി മ‍ാം ദയാനിധേ!”

ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാൾ

സീതയുംഃ “സൗമിത്രേ! നീ ചെല്ലുക വൈകിടാതേ.

അഗ്രജനുടെ വിലാപങ്ങൾ കേട്ടീലേ ഭവാൻ?

ഉഗ്രന്മാരായ നിശാചരന്മാർ കൊല്ലുംമുമ്പെ

രക്ഷിച്ചുകൊൾക ചെന്നു ലക്ഷ്‌മണ! മടിയാതെ

രക്ഷോവീരന്മാരിപ്പോൾ കൊല്ലുമല്ലെങ്കിലയ്യോ!”

ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാൻഃ

“ദുഃഖിയായ്‌ കാര്യേ! ദേവി! കേൾക്കണം മമ വാക്യം.

മാരീചൻതന്നേ പൊന്മാനായ്‌വന്നതവൻ നല്ല

ചോരനെത്രയുമേവം കരഞ്ഞതവൻതന്നെ.

അന്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്പോൾ

നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ

പങ്‌ക്തികന്ധരൻ തനിക്കതിനുളളുപായമി-

തെന്തറിയാതെയരുൾചെയ്യുന്നി,തത്രയല്ല

ലോകവാസികൾക്കാർക്കും ജയിച്ചുകൂടായല്ലൊ

രാഘവൻതിരുവടിതന്നെയെന്നറിയണം.

ആർത്തനാദവും മമ ജ്യേഷ്‌ഠനുണ്ടാകയില്ല

രാത്രിചാരികളുടെ മായയിതറിഞ്ഞാലും

വിശ്വനായകൻ കോപിച്ചീടുകിലരക്ഷണാൽ

വിശ്വസംഹാരംചെയ്‌വാൻപോരുമെന്നറിഞ്ഞാലും.

അങ്ങനെയുളള രാമൻതന്മുഖ‍ാംബുജത്തിൽനി-

ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!”

ജാനകിയതു കേട്ടു കണ്ണുനീർ തൂകിത്തൂകി

മാനസേ വളർന്നൊരു ഖേദകോപങ്ങളോടും

ലക്ഷ്‌മണൻതന്നെ നോക്കിച്ചൊല്ലിനാളതുനേരംഃ

“രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.

ഭ്രാതൃനാശത്തിനത്രേ ക‍ാംക്ഷയാകുന്നു തവ

ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോർത്തീലയല്ലോ.

രാമനാശാക‍ാംക്ഷിതനാകിയ ഭരതന്റെ

കാമസിദ്ധ്യർത്ഥമവൻതന്നുടെ നിയോഗത്താൽ

കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാൽ

ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാൻ നൂനം.

എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-

മിന്നു മൽപ്രാണത്യാഗംചെയ്‌വേൻ ഞാനറിഞ്ഞാലും.

ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-

സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.

രാമനെയൊഴിഞ്ഞു ഞാൻ മറ്റൊരു പുരുഷനെ

രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ.”

ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും

സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താൻഃ

“നിനക്കു നാശമടുത്തിരിക്കുന്നിതു പാര-

മെനിക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും.

ഇത്തരം ചൊല്ലീടുവാൻ തോന്നിയതെന്തേ ചണ്ഡി!

ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ല‍ാം.

വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ

മനുവംശാധീശ്വരപത്നിയെ വഴിപോലെ.”

ദേവിയെ ദേവകളെബ്‌ഭരമേൽപിച്ചു മന്ദം

പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും

സീതാപഹരണം

അന്തരം കണ്ടു ദശകന്ധരൻ മദനബാ-
ണാന്ധനായവതരിച്ചീടിനാനവനിയിൽ .
ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും.
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തൽക്ഷണം മായാസീതാദേവിയും വിനീതയായ്‌
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാൾ .
അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
ഭർത്താവു വരുമിപ്പോൾ ത്വൽപ്രിയമെല്ല‍ാം ചെയ്യും
ക്ഷുത്തൃഡാദിയും തീർത്തു വിശ്രമിച്ചാലും ഭവാൻ.”
ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങൾ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താൻഃ
“കമലവിലോചനേ! കമനീയ‍ാംഗി! നീയാ-
രമലേ! ചൊല്ലീടു നിൻ കമിതാവാരെന്നതും.
നിഷ്‌ഠുരജാതികള‍ാം രാക്ഷസരാദിയായ
ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നിൽ
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
രായുധപാണികളുമില്ലല്ലോ സഹായമായ്‌.
നിന്നുടെ പരമാർത്ഥമൊക്കവേ പറഞ്ഞാൽ ഞാ-
നെന്നുടെ പരമാർത്ഥം പറയുന്നുണ്ടുതാനും.”
മേദിനീസുതയതുകേട്ടുരചെയ്‌തീടിനാൾഃ
“മേദിനീപതിവരനാമയോദ്ധ്യാധിപതി
വാട്ടമില്ലാത ദശരഥന‍ാം നൃപാധിപ-
ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യൻ-
തന്നുടെ ധർമ്മപത്നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.
ഞങ്ങൾ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നിൽ.
പതിന്നാലാണ്ടു കഴിവോളവും വേണംതാനു-
മതിനു പാർത്തീടുന്നു സത്യമെന്നറിഞ്ഞാലും.
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
രെന്തിനായെഴുന്നളളി ചൊല്ലണം പരമാർത്ഥം.”
“എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
പൗലസ്ത്യ‍തനയന‍ാം രാക്ഷസരാജാവു ഞാൻ
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!
നിർമ്മലേ! കാമപരിതപ്തനായ്‌ ചമഞ്ഞു ഞാൻ
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
ലങ്കയ‍ാം രാജ്യം വാനോർനാട്ടിലും മനോഹരം
കിങ്കരനായേൻ തവ ലോകസുന്ദരി! നാഥേ!
താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
താപമുൾക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട.
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
മരുണാധരി! മഹാഭോഗങ്ങൾ ഭുജിച്ചാലും.”
രാവണവാക്യമേവം കേട്ടതി ഭയത്തോടും
ഭാവവൈവർണ്ണ്യംപൂണ്ടു ജാനകി ചൊന്നാൾ മന്ദംഃ
“കേവലമടുത്തിതു മരണം നിനക്കിപ്പോ-
ളേവം നീ ചൊല്ലുന്നാകിൽ ശ്രീരാമദേവൻതന്നാൽ.
സോദരനോടുംകൂടി വേഗത്തിൽ വരുമിപ്പോൾ
മേദിനീപതി മമ ഭർത്താ ശ്രീരാമചന്ദ്രൻ.
തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
കഷ്‌ടമായുളള വാാ‍ക്കു ചൊല്ലാതെ ദുരാത്മാവേ!
രാമബാണങ്ങൾകൊണ്ടു മാറിടം പിളർന്നു നീ
ഭൂമിയിൽ വീഴ്‌വാനുളള കാരണമിതു നൂനം.”
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധംപൂണ്ടു മൂർച്ഛിതനായന്നേരം
തന്നുടെ രൂപം നേരേ കാട്ടിനാൻ മഹാഗിരി-
സന്നിഭം ദശാനനം വിംശതിമഹാഭുജം
അഞ്ജനശൈലാകാരം കാണായനേരമുളളി-
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
രാഘവപത്നിയേയും തേരതിലെടുത്തുവെ-
ച്ചാകാശമാർഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും.
“ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
ഹാ! ഹ! മൽ പ്രാണേശ്വര! പാഹി മ‍ാം ഭയാതുര‍ാം.”
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാൻ ജടായുവും.
“തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതൻപത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
അദ്ധ്വരത്തിങ്കൽ ചെന്നു ശുനകൻ മന്ത്രംകൊണ്ടു
ശുദ്ധമ‍ാം പുരോഡാശം കൊണ്ടുപോകുന്നപോലെ.”
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു
കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാൻ.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്‌ ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേർത്തടം തകർത്തിതു
കാൽക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു.
യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങിയെ-
ന്നാർത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോൾ
ധാത്രീപുത്രിയെത്തത്ര ധാത്രിയിൽ നിർത്തിപ്പുന-
രോർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷങ്ങൾ ഛേദിച്ചപ്പോ-
ളക്ഷിതിതന്നിൽ വീണാനക്ഷമനായിട്ടവൻ.
രക്ഷോനായകൻ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാൻ;
മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ-
ർത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോൾ
കറ്റവാർകുഴലിയ‍ാം ജാനകീദേവിതാനും,
‘ഭർത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ’ന്നു
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി
പൃത്ഥ്വീമണ്ഡലമകന്നാശു മേൽപോട്ടു പോയാൾ.
“അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭർത്താവേ! നാഥാ!
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം!
ലക്ഷ്‌മണാ! നിന്നോടു ഞാൻ പരുഷം ചൊന്നേനല്ലോ
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
പ്രാണവല്ലഭ! പരിത്രാഹി മ‍ാം ജഗൽപതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
സത്വരം വന്നു പരിപാലിച്ചുകൊളേളണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!”
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരൻ
ചിത്തവേഗേന നടന്നീടിനാ,നതുനേരം
പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
ന്നുത്തരീയാർദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
ഭദ്രനു കാണ്മാൻ യോഗംവരികെന്നകതാരിൽ
സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തന‍ാം നക്തഞ്ചരനറിഞ്ഞീലതുമപ്പോൾ.
അബ്ധിയുമുത്തീര്യ തൻപത്തനം ഗത്വാ തൂർണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
നിത്യവും പാലിച്ചുകൊൾകെന്നുറപ്പിച്ചു തന്റെ
വസ്ത്യ‍മുൾപ്പുക്കു വസിച്ചീടിനാൻ ദശാനനൻ.
ഉത്തമോത്തമയായ ജാനകീദേവി പാതി-
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
വസ്‌ത്രകേശാദികളുമെത്രയും മലിനമായ്‌
വക്ത്രവും കുമ്പിട്ടു സന്തപ്തമ‍ാം ചിത്തത്തോടും
രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ
നീഹാരശീതാതപവാതപീഡയും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
ലങ്കയിൽ വസിച്ചിതാതങ്കമുൾക്കൊണ്ടു മായാ-
സങ്കടം മനുഷ്യജന്മത്തിങ്കലാർക്കില്ലാത്തു?

സീതാന്വേഷണം

രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
രാഗമക്കാതലായ രാഘവൻതിരുവടി.
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകൻവരവീഷദ്ദൂരവേ കാണായ്‌വന്നു.
ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-
മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.
“ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-
ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ
കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീട‍ാം.
പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-
യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും
ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ
പ്രാകൃതപുരുഷനെപ്പോലെ”യെന്നകതാരിൽ
നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻഃ
“പർണ്ണശാലയിൽ സീതയ്‌ക്കാരൊരു തുണയുളളൂ?
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
കണ്ടകജാതികൾക്കെന്തോന്നരുതാത്തതോർത്താൽ?”
അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണൻതാനു-
മഗ്രേ നിന്നുടനുടൻ തൊഴുതു വിവശനായ്‌
ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ
ദുർഗ്രഹവചനങ്ങൾ ബാഷ്പവും തൂകിത്തൂകി.
“ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ
ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു
മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാൽ
അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്‌തു.
‘ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
രാക്ഷസനുടെ മായാഭാഷിതമിതു നൂനം
കാൽക്ഷണം പൊറുക്കെ’ന്നു ഞാൻ പലവുരു ചൊന്നേൻ.
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-
ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ
നിന്തിരുമുമ്പിൽനിന്നു ചൊല്ലുവാൻ പണിയെന്നാൽ
സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു
ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ്‌
നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ.”
“എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?
യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ
രക്ഷസ‍ാം പരിഷകൾ കൊണ്ടുപൊയ്‌ക്കളകയോ
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.”
ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ-
ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാൻ
നിഷ്‌കളനാത്മാരാമൻ നിർഗ്ഗുണനാത്മാനന്ദൻ.
“ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മൽപ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ.”
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തൽപൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്‌
“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
മൃഗലോചനയായ ജനകപുത്രിതന്നേ?
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?”
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
സർവദൃക്‌ സർവേശ്വരൻ സർവജ്ഞൻ സർവാത്മാവ‍ാം
സർവകാരണനേകനചലൻ പരിപൂർണ്ണൻ
നിർമ്മലൻ നിരാകാരൻ നിരഹംകാരൻ നിത്യൻ
ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ.
മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്‌.
തത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാൽ .