രാമായണ പാരായണം: 15-ാം ദിവസം

രാമായണ പാരായണം: 15-ാം ദിവസം

തിരുവനന്തപുരം: രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന പാരായണത്തിന്റെ 15-ാം ദിവസത്തിൽ കിഷ്‌കിന്ധ കാണ്ഡത്തിന്റെ ആരംഭം മുതൽ ബാലി–സുഗ്രീവ യുദ്ധം വരെയുള്ള ഭാഗങ്ങളാണ് വായിക്കുന്നത്. സൗഹൃദം, വിശ്വസ്തത, ധർമ്മം, നീതി എന്നിവയുടെ മഹത്ത്വം വ്യക്തമാക്കുന്ന നിർണായക അധ്യായങ്ങളാണ് ഇന്നത്തെ പാരായണത്തിൽ ഉൾപ്പെടുന്നത്.

പമ്പാ തീരത്തേക്ക് രാമനും ലക്ഷ്മണനും

സീതയെ തേടിയുള്ള യാത്രയിൽ രാമനും ലക്ഷ്മണനും മനോഹരമായ പമ്പാ തടാകത്തിലെത്തുന്നതും അവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതുമാണ് കിഷ്‌കിന്ധ കാണ്ഡത്തിന്റെ തുടക്കം. സീതാവിയോഗത്തിന്റെ വേദനയിലായിരുന്ന ഇരുവരും ഈ യാത്രയ്ക്കിടെയാണ് ഹനുമാനെ കണ്ടുമുട്ടുന്നത്. തുടർന്ന് നാടുകടത്തപ്പെട്ട വാനരരാജാവായ സുഗ്രീവനുമായി അവർ പരിചയപ്പെടുകയും ചെയ്യുന്നു.

ഹനുമാന്റെ ആദ്യസമാഗമം

സുഗ്രീവന്റെ നിർദേശപ്രകാരം ബ്രാഹ്മണവേഷത്തിൽ എത്തിയ ഹനുമാൻ ഋഷ്യമൂകപർവതത്തിന് സമീപം വിശ്രമിച്ചിരുന്ന രാമനെയും ലക്ഷ്മണനെയും സമീപിക്കുന്നു. അവരുടെ വ്യക്തിത്വവും ലക്ഷ്യവും മനസ്സിലാക്കിയ ശേഷം സീതയെ രാവണൻ അപഹരിച്ച സംഭവങ്ങൾ രാമൻ ഹനുമാനോട് വിവരിക്കുന്നു. അവരുടെ ദുരിതം മനസ്സിലാക്കിയ ഹനുമാൻ തന്റെ വിശ്വസ്തത പ്രകടിപ്പിക്കുകയും രാമനെയും ലക്ഷ്മണനെയും സുഗ്രീവനുമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെയാണ് ചരിത്രപ്രസിദ്ധമായ രാമ–സുഗ്രീവ സഖ്യത്തിന് തുടക്കമാകുന്നത്.

രാമ–സുഗ്രീവ സഖ്യം

സീതയെ കണ്ടെത്താൻ സഹായിക്കാമെന്ന് സുഗ്രീവൻ വാഗ്ദാനം ചെയ്യുമ്പോൾ, ബാലിയിൽ നിന്ന് രാജ്യം തിരിച്ചുപിടിക്കാൻ രാമൻ സുഗ്രീവനെ സഹായിക്കാമെന്ന് ഉറപ്പുനൽകുന്നു. ആചാരാനുഷ്ഠാനങ്ങളിലൂടെ ഇരുവരും സഖ്യം ഔപചാരികമാക്കുന്നു. ഇതിനിടെ ബാലിയുടെ പീഡനത്തെത്തുടർന്ന് തനിക്ക് രാജ്യം നഷ്ടമായ സാഹചര്യവും സുഗ്രീവൻ വിശദീകരിക്കുന്നു.

ബാലി–സുഗ്രീവ വൈരത്തിന്റെ കാരണം

മായാവി എന്ന രാക്ഷസനെ പിന്തുടർന്ന് ഗുഹയിലേക്ക് പോയ ബാലി മരിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് സുഗ്രീവൻ ഗുഹ അടച്ച് മടങ്ങിയത്. എന്നാൽ ജീവനോടെ തിരിച്ചെത്തിയ ബാലി അത് വിശ്വാസവഞ്ചനയായി കണ്ട് സുഗ്രീവനെ രാജ്യത്ത് നിന്ന് പുറത്താക്കുകയായിരുന്നു. ഈ തെറ്റിദ്ധാരണയാണ് സഹോദരന്മാർ തമ്മിലുള്ള കടുത്ത വൈരത്തിന് കാരണമായത്.

ബാലി–സുഗ്രീവ യുദ്ധം

സുഗ്രീവന്റെ അഭ്യർഥനപ്രകാരം ബാലിയെ യുദ്ധത്തിന് വെല്ലുവിളിക്കാൻ രാമൻ സഹായിക്കുന്നു. ആദ്യ ഏറ്റുമുട്ടലിൽ ബാലിയെയും സുഗ്രീവനെയും വേർതിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ രാമൻ അമ്പെയ്യുന്നില്ല. തുടർന്ന് സുഗ്രീവനെ ഒരു മാലയിലൂടെ തിരിച്ചറിയാവുന്ന വിധം അടയാളപ്പെടുത്തിയശേഷം നടന്ന രണ്ടാം യുദ്ധത്തിൽ രാമൻ ബാലിയെ അമ്പുകൊണ്ട് വീഴ്ത്തുന്നു.

മരണാസന്നനായ ബാലി രാമന്റെ ഇടപെടലിനെ ചോദ്യം ചെയ്യുമ്പോൾ, അധർമ്മത്തെ ശിക്ഷിക്കുകയും നീതി പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിച്ചതെന്ന് രാമൻ വിശദീകരിക്കുന്നു.

ഇന്ന് പാരായണം ചെയ്യുന്ന രാമായണ ഭാ​ഗം

കിഷ്കിന്ധാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

ശാരികപ്പൈതലേ! ചാരുശീലേ! വരി-

കാരോമലേ! കഥാശേഷവും ചൊല്ലു നീ.

ചൊല്ലുവനെങ്കിലനംഗാരി ശങ്കരൻ

വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ.

കല്യാണശീലൻ ദശരഥസൂനു കൗ-

സല്യാതനയനവരജൻതന്നോടും

പമ്പാസരസ്തടം ലോകമനോഹരം

സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാൻ.

ക്രോശമാത്രം വിശാലം വിശദാമൃതം

ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം

ഉൽഫുല്ലപത്മകൽഹാരകുമുദ നീ-

ലോൽപലമണ്ഡിതം ഹംസകാരണ്ഡവ

ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി

സർപ്പസിംഹവ്യാഘ്രസൂകരസേവിതം

പുഷ്പലതാപരിവേഷ്‌ടിതപാദപ-

സൽഫലസേവിതം സന്തുഷ്‌ടജന്തുകം

കണ്ടു കൗതൂഹലംപൂണ്ടു തണ്ണീർകുടി-

ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാർ.

ഹനൂമത്സമാഗമം

കാലേ വസന്തേ സുശീതളേ ഭൂതലേ

ഭൂലോകപാലബാലന്മാരിരുവരും.

ഋശ്യമൂകാദ്രിപാർശ്വസ്ഥലേ സന്തതം

നിശ്വാസമുൾക്കൊണ്ടു വിപ്രലാപത്തൊടും

സീതാവിരഹം പൊറാഞ്ഞു കരകയും

ചൂതായുധാർത്തി മുഴുത്തു പറകയും

ആധികലർന്നു നടന്നടുക്കുംവിധൗ

ഭീതനായ്‌വന്നു ദിനകരപുത്രനും,

സത്വരം മന്ത്രികളോടും കുതിച്ചു പാ-

ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാൻ.

മാരുതിയോടു ഭയേന ചൊല്ലീടിനാൻഃ

“ആരീ വരുന്നതിരുവർ സന്നദ്ധരായ്‌?

നേരേ ധരിച്ചു വരിക നീ വേഗേന

വീരന്മാരെത്രയുമെന്നു തോന്നും കണ്ടാൽ.

അഗ്രജൻ ചൊൽകയാലെന്നെബ്ബലാലിന്നു

നിഗ്രഹിപ്പാനായ്‌വരുന്നവരല്ലല്ലീ?

വിക്രമമുളളവരെത്രയും, തേജസാ

ദിക്കുകളൊക്കെ വിളങ്ങുന്നു കാൺക നീ.

താപസവേഷം ധരിച്ചിരിക്കുന്നിതു

ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ.

നീയൊരു വിപ്രവേഷംപൂണ്ടവരോടു

വായുസുത! ചെന്നു ചോദിച്ചറിയേണം.

വക്ത്രനേത്രാലാപഭാവങ്ങൾ കൊണ്ടവർ-

ചിത്തമെന്തെന്നതറിഞ്ഞാൽ വിരവിൽ നീ

ഹസ്തങ്ങൾകൊണ്ടറിയിച്ചീട നമ്മുടെ

ശത്രുക്കളെങ്കി,ലതല്ലെങ്കിൽ നിന്നുടെ

വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ

മിത്രമെന്നുളളതുമെന്നോടു ചൊല്ലണം.’

കർമ്മസാക്ഷിസുതൻ വാക്കുകൾ കേട്ടവൻ

ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം

അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ-

നഞ്ജനാപുത്രനും ഭർത്തൃപാദ‍ാംബുജം.

കഞ്ജവിലോചനന്മാരായ മാനവ-

കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌,

“അംഗജൻതന്നെജ്ജയിച്ചോരു കാന്തിപൂ-

ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും

ആരെന്നറികയിലാഗ്രഹമുണ്ടതു

നേരേ പറയണമെന്നോടു സാദരം.

ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-

മർക്കനിശാകരന്മാരെന്നു തോന്നുന്നു.

ത്രൈലോക്യകർത്തൃഭൂതന്മാർ ഭവാന്മാരെ-

ന്നാലോക്യ ചേതസി ഭാതി സദൈവ മേ.

വിശ്വൈകവീരന്മാരായ യുവാക്കളാ-

മശ്വിനിദേവകളോ മറ്റതെന്നിയേ

വിശ്വൈകകാരണഭൂതന്മാരായോരു

വിശ്വരൂപന്മാരാമീശ്വരന്മാർ നിങ്ങൾ

നൂനം പ്രധാനപുരുഷന്മാർ മായയാ

മാനുഷാകാരേണ സഞ്ചരിക്കുന്നിതു

ലീലയാ ഭൂഭാരനാശനാർത്ഥം പരി-

പാലനത്തിന്നു ഭക്താന‍ാം മഹീതലേ

വന്നു രാജന്യവേഷേണ പിറന്നൊരു

പുണ്യപുരുഷന്മാർ പൂർണ്ണഗുണവാന്മാർ

കർത്തും ജഗൽസ്ഥിതിസംഹാരസർഗ്ഗങ്ങ-

ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാർ.

മുക്തി നൽകും നരനാരായണന്മാരെ-

ന്നുൾത്താരിലിന്നു തോന്നുന്നു നിരന്തരം.”

ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന

ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമൻ:

“പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ!

നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം.

ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കൽ

നല്ല വൈയാകരണൻ വടു നിർണ്ണയം.”

മാനവവീരനുമപ്പോളരുൾചെയ്‌തു

വാനരശ്രേഷ്ഠനെ നോക്കി ലഘുതരം:

“രാമനെന്നെന്നുടെ നാമം ദശരഥ-

ഭൂമിപാലേന്ദ്രതനയ,നിവൻ മമ

സോദരനാകിയ ലക്ഷ്‌മണൻ, കേൾക്ക നീ

ജാതമോദം പരമാർത്ഥം മഹാമതേ!

ജാനകിയാകിയ സീതയെന്നുണ്ടൊരു

മാനിനിയെന്നുടെ ഭാമിനി കൂടവെ.

താതനിയോഗേന കാനനസീമനി

യാതന്മാരായി തപസ്സുചെയ്‌തീടുവാൻ.

ദണ്ഡകാരണ്യേ വസിക്കുന്നനാളതി-

ചണ്ഡനായോരു നിശാചരൻ വന്നുടൻ

ജാനകീദേവിയെക്കട്ടുകൊണ്ടീടിനാൻ,

കാനനേ ഞങ്ങൾ തിരഞ്ഞു നടക്കുന്നു.

കണ്ടീലവളെയൊരേടത്തുമിന്നിഹ

കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!

ചൊല്ലീടുകെ”ന്നതു കേട്ടൊരു മാരുതി

ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുതൂഹലാൽ:

സുഗ്രീവനാകിയ വാനരേന്ദ്രൻ പർവ്വ-

താഗ്രേ വസിക്കുന്നിതത്ര രഘുപതേ!

മന്ത്രികളായ്‌ ഞങ്ങൾ നാലുപേരുണ്ടല്ലോ

സന്തതംകൂടെപ്പിരിയാതെ വാഴുന്നു.

അഗ്രജനാകിയ ബാലി കപീശ്വര-

നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ.

സുഗ്രീവനുളള പരിഗ്രഹം തന്നെയു-

മഗ്രജൻതന്നെ പരിഗ്രഹിച്ചീടിനാൻ.

ഋശ്യമൂകാചലം സങ്കേതമായ്‌വന്നു

വിശ്വാസമോടിരിക്കുന്നിതർക്കാത്മജൻ

ഞാനവൻതന്നുടെ ഭൃത്യനായുളേളാരു-

വാനരൻ വായുതനയൻ മഹാമതേ!

നാമധേയം ഹനൂമാനഞ്ജനാത്മജ-

നാമയം തീർത്തു രക്ഷിച്ചുകൊളേളണമേ!

സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ

നിഗ്രഹിക്കാമിരുവർക്കുമരികളെ.

വേലചെയ്യാമതിനാവോളമാശു ഞാ,-

നാലംബനം മേറ്റ്നിക്കില്ല ദൈവമേ!

ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു-

കുൾത്താപമെല്ലാമകലും ദയാനിധേ!”

എന്നുണർത്തിച്ചു നിജാകൃതി കൈക്കൊണ്ടു

നിന്നു തിരുമുമ്പിലാമ്മാറു മാരുതി.

“പോക മമ സ്കന്ധമേറീടുവിൻ നിങ്ങ-

ളാകുലഭാവമകലെക്കളഞ്ഞാലും.”

അപ്പോൾ ശബരിതൻ വാക്കുകളോർത്തുക-

ണ്ടുൽപലനേത്രനനുവാദവും ചെയ്‌തു.

സുഗ്രീവസഖ്യം

ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ-

മ്മാറങ്ങെടുത്തു നടന്നിതു മാരുതി

സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ.

“വ്യഗ്രം കളക നീ ഭാസ്കരനന്ദന!

ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും.

ഭാസ്കരവംശസമുത്ഭവന്മാരായ

രാമനും ലക്ഷ്‌മണനാകുമനുജനും

കാമദാനാർത്ഥമിവിടേക്കെഴുന്നളളി.

സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-

രാഗ്രേ മഹാതരുച്ഛായാതലേ തദാ

വിശ്വൈകനായകന്മാര‍ാം കുമാരന്മാർ

വിശ്രാന്തചേതസാ നിന്നരുളീടിനാർ.

വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു

നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ:

“ഭീതി കളക നീ മിത്രഗോത്രേ വന്നു

ജാതന്മാരായോരു യോഗേശ്വരന്മാരീ-

ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ-

താരെയും പേടിക്കവേണ്ടാ ഭവാനിനി.

വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു

ഭാഗവതപ്രിയനായ്‌വസിച്ചീടുക.”

പ്രീതനായോരു സുഗ്രീവനുമന്നേര-

മാദരപൂർവ്വമുത്ഥായ സസംഭ്രമം

വിഷ്ടപനാഥനിരുന്നരുളീടുവാൻ

വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ

പൊട്ടിച്ചവനിയിലിട്ടാ,നതുനേര-

മിഷ്ടന‍ാം മാരുതി ലക്ഷ്‌മണനുമൊടി-

ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും

പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാൻ;

തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ

നഷ്‌ടമായ്‌വന്നിതു സന്താപസംഘവും.

മിത്രാത്മജനോടു ലക്ഷ്‌മണൻ ശ്രീരാമ-

വൃത്താന്തമെല്ലാമറിയിച്ചതുനേരം

ധീരനാമാദിത്യനന്ദനൻ മോദേന

ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ:

“നാരീമണിയായ ജാനകീദേവിയെ-

യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം.

ശത്രുവിനാശനത്തിന്നടിയനൊരു

മിത്രമായ്‌വേലചെയ്യ‍ാം തവാജ്ഞാവശാൽ.

ഏതുമിതു നിരൂപിച്ചു ഖേദിക്കരു-

താധികളൊക്കെയകറ്റുവൻ നിർണ്ണയം.

രാവണൻതന്നെസ്സകുലം വധംചെയ്‌തു

ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ.

ഞാനൊരവസ്ഥ കണ്ടേനൊരുനാളതു

മാനവവീര! തെളിഞ്ഞു കേട്ടീടണം.

മന്ത്രികൾ നാലുപേരും ഞാനുമായച-

ലാന്തേ വസിക്കുന്നകാലമൊരുദിനം

പുഷ്കരനേത്രയായോരു തരുണിയെ-

പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു

രക്ഷോവരനതുനേരമസ്സുന്ദരി

രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്‌

രാമരാമേതി മുറയിടുന്നോൾ, തവ

ഭാമിനിതന്നെയവളെന്നതേവരൂ.

ഉത്തമയാമവൾ ഞങ്ങളെപ്പർവ്വതേ-

ന്ദ്രോത്തമ‍ാംഗേ കണ്ടനേരം പരവശാൽ

ഉത്തരീയത്തിൽപൊതിഞ്ഞാഭരണങ്ങ-

ളദ്രീശ്വരോപരി നിക്ഷേപണംചെയ്താൾ.

ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-

ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.

ജാനകീദേവിതന്നാഭരണങ്ങളോ

മാനവവീര! ഭവാനറിയാമല്ലോ!”

എന്നു പറഞ്ഞതെടുത്തുകൊണ്ടുവന്നു

മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ.

അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം

കണ്ണുനീർതന്നെ കുശലം വിചാരിച്ചു.

“എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും

തന്വംഗിയാകിയ വൈദേഹിയോടയ്യോ!

സീതേ! ജനകാത്മജേ! മമ! വല്ലഭേ!

നാഥേ! നളിനദളായതലോചനേ!”

രോദനം ചെയ്തു വിഭൂഷണസഞ്ചയ-

മാധിപൂർവ്വം തിരുമാറിലമുഴ്ത്തിയും

പ്രാകൃതന്മാര‍ാം പുരുഷന്മാരെപ്പോലെ

ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ.

ശോകേന മോഹം കലർന്നു കിടക്കുന്ന

രാഘവനോടു പറഞ്ഞിതു ലക്ഷ്‌മണൻഃ

“ദുഃഖിയായ്കേതുമേ രാവണൻതന്നെയും

മർക്കണശ്രേഷ്ഠസഹായേന വൈകാതെ

നിഗ്രഹിച്ചംബുജനേത്രയ‍ാം സീതയെ-

കൈക്കൊണ്ടുകൊളള‍ാം പ്രസീദ പ്രഭോ! ഹരേ!”

സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻഃ

“വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും

നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ-

ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!”

ലക്ഷ്‌മണസുഗ്രീവവാക്കുകളിങ്ങനെ

തൽക്ഷണം കേട്ടു ദശരഥപുത്രനും

ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ;

മർക്കടശ്രേഷ്ഠന‍ാം മാരുതിയന്നേരം.

അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ

ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും

സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്‌.

സഖ്യവുംചെയ്തു പരസ്പരം കാര്യവും

സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-

ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ.

ബാലിയും താനും പിണക്കമുണ്ടായതിൻ-

മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ.

ബാലി സുഗ്രീവ വിരോധകാരണം

പണ്ടു മായാവിയെന്നൊരസുരേശ്വര-

നുണ്ടായിതു മയൻതന്നുടെ പുത്രനായ്‌.

യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-

നുദ്ധതനായ്‌ നടന്നീടും ദശാന്തരേ

കിഷ്കിന്ധയ‍ാം പുരിപുക്കു വിളിച്ചിതു

മർക്കടാധീശ്വരനാകിയ ബാലിയെ.

യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-

ക്രൂദ്ധന‍ാം ബാലി പുറപ്പെട്ടു ചെന്നുടൻ

മുഷ്‌ടികൾകൊണ്ടു താഡിച്ചതുകൊണ്ടതി-

ദുഷ്‌ടന‍ാം ദൈത്യനുമ പേടിച്ചു മണ്ടിനാൻ.

വാനരശ്രേഷനുമോടിയെത്തീടിനാൻ

ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.

ദാനവൻ ചെന്നു ഗുഹയിലുൾപ്പുക്കിതു

വാനരശ്രഷ്ഠനുമെന്നോടു ചൊല്ലിനാൻഃ

“ഞാനിതിൽപുക്കിവൻതന്നെയൊടുക്കുവൻ

നൂനം വിലദ്വാരി നിൽക്ക നീ നിർഭയം.

ക്ഷീരം വരികിലസുരൻ മരിച്ചീടും

ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ.”

ഇത്ഥം പറഞ്ഞതിൽ പുക്കിതു ബാലിയും

തത്ര വിലദ്വാരി നിന്നേനടിയനും.

പോയിതു കാലമൊരുമാസമെന്നിട്ടു-

മാഗതനായതുമില്ല കപീശ്വരൻ.

വന്നിതു ചോര വിലമുഖതന്നിൽനി-

ന്നെന്നുളളിൽനിന്നു വന്നു പരിതാപവും.

അഗ്രജൻതന്നെ മായാവി മഹാസുരൻ

നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ

ദു:ഖമുൾക്കൊണ്ടു കിഷ്കിന്ധപുക്കീടിനേൻ;

മർക്കടവീരരും ദുഃഖിച്ചതുകാലം

വാനരാധീശ്വരനായഭിഷേകവും

വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാർ

ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും

വന്നിതു ബാലി മഹാബലവാൻ തദാ.

കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു

കൊല്ലുവാനെന്നോർത്തു കോപിച്ചു ബാലിയും

കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-

നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും

നീളേ നടന്നുഴന്നീടും ദശാന്തരേ

–ബാലി വരികയില്ലത്ര ശാപത്തിനാൽ–

ഋശ്യമൂകാചലേ വന്നിരുന്നീടിനേൻ

വിശ്വാസമോടു ഞാൻ വിശ്വനാഥാ വിഭോ!

മൂഢന‍ാം ബാലി പരിഗ്രഹിച്ചീടിനാ-

നൂഢരാഗം മമ വല്ലഭതന്നെയും.

നാടും നഗരവും പത്നിയുമെന്നുടെ

വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാൻ.

ത്വൽപാദപങ്കേരുഹസ്പർശകാരണാ-

ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു.”

മിത്രാത്മജോക്തികൾ കേട്ടോരനന്തരം

മിത്രദുഃഖേന സന്തപ്തന‍ാം രാഘവൻ

ചിത്തകാരുണ്യം കലർന്നു ചൊന്നാൻ, “തവ

ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും

വിത്തവുമെല്ലാമടക്കിത്തരുവൻ ഞാൻ;

സത്യമിതു രാമഭാഷിതം കേവലം.”

മാനവേന്ദ്രോക്തികൾ കേട്ടു തെളിഞ്ഞൊരു

ഭാനുതനയനുമിങ്ങനെ ചൊല്ലിനാൻഃ

“സ്വർല്ലോകനാഥജനാകിയ ബാലിയെ-

ക്കൊല്ലുവാനേറ്റം പണിയുണ്ടു നിർണ്ണയം.

ഇല്ലവനോളം ബലം മറ്റൊരുവനും;

ചൊല്ലുവൻ ബാലിതൻ ബാഹുപരാക്രമം.

ദുന്ദുഭിയാകും മഹാസുരൻ വന്നു കി-

ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌

യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-

ക്രുദ്ധന‍ാം ബാലി പുറപ്പെട്ടു ചെന്നുടൻ

ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയിൽ

ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടൻ

ഉത്തമ‍ാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു

രക്തവും വീണു മതംഗാശ്രമസ്ഥലേ.

‘ആശ്രമദോഷം വരുത്തിയ ബാലി പോ-

ന്നൃശ്യമൂകാചലത്തിങ്കൽ വരുന്നാകിൽ

ബാലിയുടെ തല പൊട്ടിത്തെറിച്ചുടൻ

കാലപുരി പൂക മദ്വാക്യഗൗരവാൽ.’

എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-

മന്നുതുടങ്ങിയിവിടെ വരുവീല.

ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു

മാനസേ ഭീതികൂടാതെ നിരന്തരം.

ദുന്ദുഭിതന്റെ തലയിതു കാൺകൊരു

മന്ദരംപോലെ കിടക്കുന്നതു ഭവാൻ.

ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു

കൊന്നുകൂടും കപിവീരനെ നിർണ്ണയം.”

എന്നതു കേട്ടു ചിരിച്ചു രഘൂത്തമ

തന്നുടെ തൃക്കാൽപെരുവിരൽകൊണ്ടതു

തന്നെയെടുത്തു മേൽപോട്ടെറിഞ്ഞീടിനാൻ.

ചെന്നു വീണു ദശയോജനപര്യന്തം.

എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും

തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു

നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവർ

നന്നായ്തൊഴുതു തൊഴുതു നിന്നീടിനാർ.

പിന്നെയുമർക്കാത്മജൻ പറഞ്ഞീടിനാൻഃ

“മന്നവ!! സപ്തസാലങ്ങളിവയല്ലോ.

ബാലിക്കു മൽപിടിച്ചീടുവാനായുളള

സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.

വൃത്രാരിപുത്രൻ പിടിച്ചിളക്കുന്നേരം

പത്രങ്ങളെല്ല‍ാം കൊഴിഞ്ഞുപോമേഴിനും.

വട്ടത്തിൽ നിൽക്കുമിവേറ്റ്യൊരമ്പെയ്‌തു

പൊട്ടിക്കിൽ ബാലിയെക്കൊല്ലായ്‌വരും ദൃഢം.”

സൂര്യാത്മജോക്തികളീദൃശം കേട്ടൊരു

സൂര്യാന്വയോൽഭൂതനാകിയ രാമനും

ചാപം കുഴിയെക്കുലച്ചൊരു സായകം

ശോഭയോടെ തൊടുത്തെയ്തരുളീടിനാൻ.

സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു

ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും

ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തൻ-

തൂണീരമമ്പോടു പുക്കോരനന്തരം

വിസ്മിതനായോരു ഭാനുതനയനും

സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാൻ

“സാക്ഷാൽ ജഗന്നാഥന‍ാം പരമാത്മാവു

സാക്ഷിഭൂതൻ നിന്തിരുവടി നിർണ്ണയം.

പണ്ടു ഞാൻ ചെയ്തോരു പുണ്യഫലോദയം-

കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.

ജന്മമരണനിവൃത്തി വരുത്തിവാൻ

നിർമ്മലന്മാർ ഭജിക്കുന്നു ഭവൽപദം.

മോക്ഷദനായ ഭവാനെ ലഭിക്കയാൽ

മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാൻ.

പുത്രദാരാർത്ഥരാജ്യാദി സമസ്തവും

വ്യർത്ഥമത്രേ തവ മായാവിരചിതം.

ആകയാൽ മേ മഹാദേവ! ദേവേശ! മ-

റ്റാക‍ാംക്ഷയില്ല ലോകേശ! പ്രസീദ മേ.

വ്യാപ്തമാനന്ദാനുഭൂതികരം പരം

പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാൽ,

മണ്ണിനായൂഴി കുഴിച്ചനേരം നിധി-

തന്നെ ലഭിച്ചതുപോലെ രഘൂപതേ!

ധർമ്മദാനവ്രതതീർത്ഥതപ:ക്രതു

കർമ്മപൂർത്തേഷ്‌ട്യാദികൾ കൊണ്ടൊരുത്തനും

വന്നുകൂടാ ബഹു സംസാരനാശനം

നിർണ്ണയം ത്വൽപാദഭക്തികൊണ്ടെന്നിയേ.

ത്വൽപാദപത്മാവലോകനം കേവല-

മിപ്പോളകപ്പെട്ടതും ത്വൽകൃപാബലം.

യാതൊരുത്തന്നു ചിത്തം നിന്തിരുവടി-

പാദ‍ാംബുജത്തിലിളകാതുറയ്ക്കുന്നു

കാൽക്ഷണംപോലുമെന്നാകിലവൻ തനി-

ക്കൊക്ക നീങ്ങീടുമജ്ഞാനമനർത്ഥദം.

ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി-

ഭക്തിയോടെ രാമരാമേതി സാദരം

ചൊല്ലുന്നവന്നു ദുരിതങ്ങൾ വേരറ്റു

നല്ലനായേറ്റം വിശുദ്ധന‍ാം നിർണ്ണയം.

മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും

സദ്യോ വിമുക്തന‍ാം രാമജപത്തിനാൽ.

ശത്രുജയത്തിലും ദാരസുഖത്തിലും

ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.

ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല

മുക്തി വരുവാൻ മുകുന്ദ! ദയാനിധേ!

ത്വൽപാദഭക്തിമാർഗ്ഗോപദേശംകൊണ്ടു

മൽപാപമുൽപാടയത്രിലോകീപതേ!

ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം

ചിത്തത്തിൽ നഷ്‌ടമായ്‌വന്നിതു ഭൂപതേ!

ത്വൽപാദപത്മാവലോകനംകൊണ്ടെനി-

ക്കുൽപന്നമായിതു കേവലജ്ഞാനവും.

പുത്രദാരാദി സംബന്ധമെല്ല‍ാം തവ-

ശക്തിയ‍ാം മായാപ്രഭാവം ജഗൽപതേ!

ത്വൽപാദപങ്കജത്തിങ്കലുറയ്ക്കേണ-

മെപ്പോഴുമുൾക്കാമ്പെനിക്കു രമാപതേ!

ത്വന്നാമസങ്കീർത്തനപ്രിയയാകേണ-

മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.

ത്വച്ചരണ‍ാംഭോരുഹങ്ങളിലെപ്പൊഴു-

മർച്ചനംചെയ്യായ്‌വരിക കരങ്ങളാൽ.

നിന്നുടെ കണ്ണുകൾകൊണ്ടു നിരന്തരം.

കർണ്ണങ്ങൾകൊണ്ടു കേൾക്കായ് വരണം സദാ

നിന്നുടെ ചാരുചരിതം ധരാപതേ!

മച്ചരണദ്വയം സഞ്ചരിച്ചീടണ-

മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ!

ത്വത്പാദപ‍ാംസുതീർത്ഥങ്ങളേൽക്കാകണേ-

മെപ്പോഴുമംഗങ്ങൾകൊണ്ടു ജഗത്പതേ!

ഭക്ത്യാനമസ്കരിക്കായ്വരേണം മുഹു-

രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.’

ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവൻ

ചിത്തം കുളിർത്തു പിടിച്ചു പുൽകീടിനാൻ.

അംഗസംഗംകൊണ്ടു കൽമഷം വേരട്ട

മംഗലാത്മാവായ സുഗ്രീവനെത്തദാ

മായതാ തത്ര മോഹിപ്പിച്ചിതന്നേരം

കാര്യസിദ്ധിയ്ക്കു കരുണാജലനിധി.

ബാലിസുഗ്രീവയുദ്ധം

സത്യസ്വരൂപൻ ചിരിച്ചരുളിച്ചെയ്തു:

“സത്യമത്രേ നീ പറഞ്ഞതെടോ സഖേ!

ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു

കാലം കളയരുതേതുമിനിയെടോ!

ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു

പാലനംചെയ്തുകൊൾവൻ നിന്നെ നിർണ്ണയം.

അർക്കാത്മജനതു കേട്ടു നടന്നിതു

കിഷ്കിന്ധയ‍ാം പുരി നോക്കി നിരാകുലം,

അർക്കകുലോത്ഭവന്മാരായ രാമനും

ലക്ഷ്‌മണവീരനും മന്ത്രികൾ നാൽവരും.

മിത്രജൻ ചെന്നു കിഷ്കിന്ധാപുരദ്വാരി

യുദ്ധത്തിനായ്‌വിളിച്ചീടിനാൻ ബാലിയെ.

പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാർ

മിത്രഭാവേന രാമാദികളന്നേരം.

ക്രൂദ്ധന‍ാം ബാലിയലറിവന്നീടിനാൻ

മിത്രതനയനും വക്ഷസി കുത്തിനാൻ.

വൃത്രാരിപുത്രനും മിത്രതനയനെ-

പ്പത്തുനൂറാശു വലിച്ചുകുത്തീടിനാൻ.

ബദ്ധരോഷേണ പരസ്പരം തമ്മിലെ

യുദ്ധമതീവ ഭയങ്കരമായിതു.

രക്തമണിഞ്ഞേകരൂപധരന്മാരായ്‌

ശക്തികലർന്നവരൊപ്പം പൊരുന്നേരം

മിത്രാത്മജനേതു വൃത്രാരിപുത്രനേ-

തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.

മിത്രവിനാശനശങ്കയാ രാഘവ-

നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം.

വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു

രക്തവും ഛർദ്ദിച്ചു ഭീതനായോടിനാൻ

മിത്രതനയനും സത്വരമാർത്തനായ്‌;

വൃത്രാരിപുതനുമാലയംപുക്കിതു.

വിത്രസ്തനായ്‌വന്നു മിത്രതനയനും

പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന

മിത്രാന്വയോൽഭൂതനാകിയ രാമനോ-

ടെത്രയുമാർത്ത്യാ പരുഷങ്ങൾ ചൊല്ലിനാൻ:

“ശത്രുവിനെക്കൊണ്ടു കൊല്ലിക്കയ തവ

ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ!

വദ്ധ്യനെന്നാകിൽ വധിച്ചുകളഞ്ഞാലു-

മസ്‌ത്രേണ മ‍ാം നിന്തിരുവടി താൻതന്നെ.

സത്യം പ്രമാണമെന്നോർത്തേ,നതും പുന-

രെത്രയും പാരം പിഴച്ചു ദയാനിധേ!

സത്യസന്ധൻ ഭവാനെന്നു ഞാനോർത്തതും

വ്യർത്ഥമത്രേ ശരണാഗതവത്സല!”

മിത്രാത്മജോക്തികളിത്തരമാകുലാൽ

ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാൻ

ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തു:

“ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!

അത്യന്തരോഷവേഗങ്ങൾ കലർന്നൊരു

യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു

മിത്രഘാതിത്വമാശംക്യ ഞാനന്നേരം

മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ.

ചിത്തഭ്രമം വരായ്‌വാനൊരടയാളം

മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.

ശത്രുവായുളേളാരു ബാലിയെസ്സത്വരം

യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ.

വൃത്രവിനാശനപുത്രനാമഗ്രജൻ

മൃത്യുവശഗനെന്നുറച്ചീടു നീ.

സത്യമിദമഹം രാമനെന്നാകിലോ

മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം.”

ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-

ഭദ്രൻ സുമിത്രാത്മജനോടു ചൊല്ലിനാൻ:

“മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ

ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌.”

ശത്രുഘ്നപൂർവജൻ മാല്യവും ബന്ധിച്ചു

മിത്രാത്മജനെ മോദാലയച്ചീടിനാൻ.