രാമായണ പാരായണം- രണ്ടാം ദിവസം
രാമായണ മാസം രണ്ടാം ദിവസമാണ് ഇന്ന്. ബാലകാണ്ഡം- ശിവൻ പാർവതിയോട് കഥ പറയുന്നത് മുതൽ പുത്രകാമേഷ്ടി വരെയുള്ള രാമായണ ഭാഗമാണ് ഇന്ന് പാരായണം ചെയ്യേണ്ടത്. കർക്കിടകത്തിലെ രണ്ടാം ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങൾ ചുവടെ..
പുത്രലാഭാലോചന
അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമൻ കരുണാരത്നാകരൻ
കൗസല്യാദേവിയോടും ഭർത്തൃശ്രുശ്രൂഷയ്ക്കേറ്റം
കൗശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്
കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം.
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ-
മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും.'
വരിഷ്ഠതപോധനൻ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുൾചെയ്തുഃ
"നിനക്കു നാലു പുത്രന്മാരുണ്ടായ്വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം."
അശ്വമേധവും പുത്രകമേഷ്ടിയും
തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താൽ
മന്നവൻ വൈഭണ്ഡകൻതന്നെയും വരുത്തിനാൻ.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം.
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥൻ
വിശ്വനായകനവതാരംചെയ്വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം
ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ.
'താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ
ദേവനിർമ്മിത'മെന്നു പറഞ്ഞു പാവകനും
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്കരിച്ചു ഭക്തിപൂർവം
ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ
കൗസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാപാതി നൽകിനാൻ കൈകേയിക്കും.
അന്നേരം സുമിത്രയ്ക്കു കൗസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം.
തൽപ്രജകൾക്കു പരമാനന്ദംവരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു-
മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുംതോറു-
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും
തൽപ്രണയിനിമാർക്കുളളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
അൽപമായ് ചമഞ്ഞിതു സന്താപം ദിനംതോറു-
മൽപഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ...!
ശ്രീരാമാവതാരം
ഗർഭവും പരിപൂർണ്ണമായ് ചമഞ്ഞതുകാല-
മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ
ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ.
നക്ഷത്രം പുനർവസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി
കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
അർക്കനുമത്യുച്ചസ്ഥാനുദയം കർക്കടകം;
അർക്കജൻ തുലാത്തിലും, ഭാർഗ്ഗവൻ മീനത്തിലും,
വക്രനുമുച്ചസ്ഥനായ് മകരംരാശിതന്നിൽ
നിൽക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാൻ പരമാത്മാ മുകുന്ദൻ നാരായണൻ
ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ
ഭുവനേശ്വരൻ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോൾ കാണായീ കൗസല്യയ്ക്കും
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിർമ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൗസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാൽ ശ്രീനാരാണൻതാനിതെന്നറിഞ്ഞപ്പോൾ
സുന്ദരഗാത്രിയായ കൗസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാൾ.
കൗസല്യാസ്തുതി
"നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൗരേ! നമസ്തേ ജഗൽപതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാർക്കുപോലുമറിവാൻ വേലയത്രേ.
പരമൻ പരാപരൻ പരബ്രഹ്മാഖ്യൻ പരൻ
പരമാത്മാവു പരൻപുരുഷൻ പരിപൂർണ്ണൻ
അച്യുതനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദൻ നിത്യൻ
നിർമ്മലൻ നിരാമയൻ നിർവികാരാത്മാ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി
നിഷ്കളൻ നിരഞ്ജനൻ നീതിമാൻ നിഷ്കൽമഷൻ
നിർഗ്ഗുണൻ നിഗമാന്തവാക്യാർത്ഥവേദ്യൻ നാഥൻ
നിഷ്ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്കാമൻ നിയമിനാം ഹൃദയനിലയനൻ
അദ്വയനജനമൃതാനന്ദൻ നാരായണൻ
വിദ്വന്മാനസപത്മമധുപൻ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരൻ സനാതനൻ
സത്വസഞ്ചയജീവൻ സനകാദിഭിസ്സേവ്യൻ
തത്വാർത്ഥബോധരൂപൻ സകലജഗന്മയൻ
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കൽ നിത്യ-
മന്തമില്ലാതോളം ബ്രഹ്മാണ്ഡങ്ങൾ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ!
ഭക്തന്മാർവിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്ക്കാണായ്വന്നു മുഗ്ദ്ധയാമെനിക്കിപ്പോൾ.
ഭർത്തൃപുത്രാർത്ഥാകുലസംസാരദുഃഖാംബുധൗ
നിത്യവും നിമഗ്നയായത്യർത്ഥം ഭ്രമിക്കുന്നേൻ.
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിൻ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വൽക്കാരുണ്യത്താൽ നിത്യമുൾക്കാമ്പിൽ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്കൃതമൊടുങ്ങുവാൻ.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ!
കേവലമലൗകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്ക്കേണം മറ്റുളേളാർ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാർണ്ണവം."
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോൾ
ഭക്തവത്സലൻ പുരുഷോത്തമനരുൾചെയ്തുഃ
"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും.
ദുർമ്മദം വളർന്നോരു രാവണൻതന്നെക്കൊന്നു
സമ്മോദം ലോകങ്ങൾക്കു വരുത്തിക്കൊൾവാൻ മുന്നം
ബ്രഹ്മശങ്കരപ്രമുഖാമരപ്രവരന്മാർ
നിർമ്മലപദങ്ങളാൽ സ്തുതിച്ചു സേവിക്കയാൽ
മാനവവംശത്തിങ്കൽ നിങ്ങൾക്കു തനയനായ്
മാനുഷവേഷം പൂണ്ടു ഭൂമിയിൽ പിറന്നു ഞാൻ.
പുത്രനായ് പിറക്കണം ഞാൻതന്നെ നിങ്ങൾക്കെന്നു
ചിത്തത്തിൽ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂർവജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു.
ദുർല്ലഭം മദ്ദർശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊൾ-
കെന്നാൽ വന്നീടും മോക്ഷ,മില്ല സംശയമേതും.
യാതൊരു മർത്ത്യനിഹ നമ്മിലേ സംവാദമി-
താദരാൽ പഠിക്കതാൻ കേൾക്കതാൻ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോൾ മൽസ്മരണയുമുണ്ടാം."
ഇത്തരമരുൾചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോൻ
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതൻ ഭൂവി വന്നവതാരംചെയ്താൻ.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്ക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാൻ
പുത്രജന്മത്തെച്ചൊന്ന ഭൃത്യവർഗ്ഗത്തിനെല്ലാം
വസ്ത്രഭൂഷണാദ്യഖിലാർത്ഥദാനങ്ങൾചെയ്താൻ.
പുത്രവക്ത്രാബ്ജം കണ്ടു തുഷ്ടനായ് പുറപ്പെട്ടു
ശുദ്ധനായ് സ്നാനംചെയ്തു ഗുരുവിൻ നിയോഗത്താൽ
ജാതകകർമ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതൻ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകൻ ദശരഥനും യഥാവിധി
ചെയ്തിതു ജാതകർമ്മം ബാലന്മാർക്കെല്ലാവർക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കൾ ജനങ്ങൾക്കും.
സ്വർണ്ണരത്നൗഘവസ്ത്രഗ്രാമാദിപദാർത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവർനാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും.
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോർത്തു വസിഷ്ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുൾചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും
നാമധേയവും നാലുപുത്രർക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാൻ.
സാമോദം ബാലക്രീഡാതൽപരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാൽ
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവൻ
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവർണ്ണാലാപപീയൂഷം കൊണ്ടും
വിശ്വമോഹനമായ രൂപസൗന്ദര്യംകൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതി നൽകിനാൻ സമസ്തേന്ദ്രിയങ്ങൾക്കുമെല്ലാം.
ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്
മാലേയമണിഞ്ഞതിൽ പേറ്റെടും കരളവും
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
കർണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡങ്ങളും
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണികൾ മദ്ധേമദ്ധ്യേ
കോർത്തു ചാർത്തീടുന്നൊരു കാണ്ഠകണ്ഡോദ്യോതവും
മുത്തുമാലകൾ വനമാലകളോടുംപൂണ്ട
വിസ്തൃതോരസി ചാർത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഞ്ഛനവിലാസവും
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയങ്ങൾകൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ.
ഭർത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയിൽ
പൊൽത്താർമാനിനിതാനും കളിച്ചുവിളങ്ങിനാൾ.
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വർദ്ധിച്ചിതു ലോകവുമാനന്ദിച്ചു.
ബാല്യവും കൗമാരവും
ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൗമാരവും സമ്പ്രാപിച്ചിതു മെല്ലെ.
വിധിനന്ദനനായ വസിഷ്ഠമഹാമുനി
വിധിപൂർവകമുപനിച്ചിതു ബാലനമാരെ.
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങൾ
സ്മൃതികളുപസ്മൃതികളുമശ്രമമെല്ലാം
പാഠമായതു പാർത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങൾതന്നെയല്ലോ.
സകലചരാചരഗുരുവായ്മരുവീടും
ഭഗവാൻ തനിക്കൊരു ഗുരുവായ് ചമഞ്ഞീടും
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോർത്താൽ!
ധനുവേദാംഭോനിധിപാരഗന്മാരായ്വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥൻ
മനസി വളർന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്.
ആമോദം വളർന്നുളളിൽ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാർ
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം.
രാഘവനതുകാലമേകദാ കൗതൂഹലാൽ
വേഗമേറീടുന്നൊരു തുരഗരത്നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേർന്നു
ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട്
കാനനദേശേ നടന്നീടിനാൻ നായാട്ടിനാ-
യ്ക്കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താൻ.
ഹരിണഹരികരികരടിഗിരികിരി
ഹരിശാർദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകൻകാൽക്കൽവച്ചു
വിധിച്ചവണ്ണം സമസ്കരിച്ചു വണങ്ങിനാൻ.
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാർചരണാംബുജം വന്ദി-
ച്ചനുജനോടു ചേർന്നു പൗരകാര്യങ്ങളെല്ലാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കൽ
സന്തതം രഞ്ജിപ്പിച്ചു ധർമ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേർന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധർമ്മശാസ്ത്രാദിപുരാണേതിഹാസങ്ങൾ കേട്ടു
നിർമ്മലബ്രഹ്മാനന്ദലീനചേതസാ നിത്യം
പരമൻ പരാപരൻ പരബ്രഹ്മാഖ്യൻ പരൻ
പുരുഷൻ പരമാത്മാ പരമാനന്ദമൂർത്തി
ഭൂമിയിൽ മനുഷ്യനായവതാരംചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാൻ.
ചെതസാ വിചാരിച്ചുകാൺകിലോ പരമാർത്ഥ-
മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!
വിശ്വാമിത്രൻറെ യാഗരക്ഷ
അക്കാലം വിശ്വാമിത്രനാകിയ മുനികുല-
മുഖ്യനയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാൻ,
രാമനായവനിയിൽ മായയാ ജനിച്ചൊരു
കോമളമായ രൂപം പൂണ്ടൊരു പരാത്മാനം
സത്യജ്ഞാനന്താനന്ദാമൃതം കണ്ടുകൊൾവാൻ
ചിത്തത്തിൽ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ
കൌശികൻ തന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവും ചെയ്തു,
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരൻ തന്നോടു ചൊല്ലീടിനാൻ.
‘’അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്
നിന്തിരുവടിയെഴുന്നള്ളിയതുമൂലം കൃതാർ-
ത്ഥാന്തരാത്മാനായിതു ഞാനിഹ തപോനിധേ
ഇങ്ങനെയുള്ള നിങ്ങളെഴുന്നള്ളീടും ദേശം
മംഗലമായ്വന്നാശു സമ്പത്തും താനെ വരും
എന്തെന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോൾ
നിന്തിരുവടിയരുൾചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്ലാം ചെയ്വേൻ ഞാൻ മടിയാതെ
ചൊന്നാലും പരമാർത്ഥം താപസകുലപതേ!"
വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ
വിശ്വാസത്തോടു ദശരഥനോടതുനേരം
"ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോർ
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുളേളാരും.
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയയ്ക്കേണം.
പുഷ്കരോത്ഭവപുത്രൻതന്നോടു നിരൂപിച്ചു
ലക്ഷ്മണനേയുംകൂടെ നൽകേണം മടിയാതെ.
നല്ലതു വന്നീടുക നിനക്കു മഹീപതേ!
കല്യാണമതേ! കരുണാനിധേ! നരപതേ!"
ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപൻ
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാൻ
"എന്തു ചൊൽവതു ഗുരോ! നന്ദനൻതന്നെ മമ
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
നിർണ്ണയം മരിക്കും ഞാൻ രാമനെ നൽകീടാഞ്ഞാ-
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രൻ.
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം."
"എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമൻ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദൻ
പത്മസംഭവൻ മുന്നം പ്രാർത്ഥിക്കമൂലമായി
പത്മലോചനൻ ഭൂമീഭാരത്തെക്കളവാനായ്
നിന്നുടെ തനയനായ്ക്കൗസല്യാദേവിതന്നിൽ
വന്നവതരിച്ചിതു വൈകുണ്ഠൻ നാരായണൻ.
നിന്നുടെ പൂർവജന്മം ചൊല്ലുവൻ ദശരഥ!
മുന്നം നീ ബ്രഹ്മാത്മജൻ കശ്യപപ്രജാപതി
നിന്നുടെ പത്നിയാകുമദിതി കൗസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങൾ
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലൻ ദേവൻ വരദൻ ഭഗവാനും
പ്രത്യക്ഷീകരിച്ചു 'നീ വാങ്ങിക്കൊൾ വര'മെന്നാൻ.
'പുത്രനായ്പിറക്കേണമെനിക്കു ഭവാ'നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥൻ
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും.
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ് മിഥിലയിൽ
യാഗവേലായാമയോനിജയായുണ്ടായ്വന്നു.
ആഗതനായാൻ വിശ്വാമിത്രനുമവർതമ്മിൽ
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ."
സന്തുഷ്ടനായ ദശരഥനും കൗശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂർവം
'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്ക്കൊണ്ടാലു'മെ-
ന്നാമോദം പൂണ്ടു നൽകി ഭൂപതിപുത്രന്മാരെ.
'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ-
ന്നരികേ ചേർത്തു മാറിലണച്ചു ഗാഢം ഗാഢം
പുണർന്നുപുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ
'ഗുണങ്ങൾ വരുവാനായ്പോവിനെന്നുരചെയ്താൻ.
ജനകജനനിമാർചരണാംബുജം കൂപ്പി
മുനിനായകൻ ഗുരുപാദവും വന്ദിച്ചുടൻ
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ,
വിശ്വരക്ഷാർത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും.
ചാപതൂണീരബാണഖഡ്ഗപാണികളായ
ഭൂപതികുമാരന്മാരോടും കൗശികമുനി
യാത്രയുമയപ്പിച്ചാശീർവാദങ്ങളും ചൊല്ലി
തീർത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രൻ.
മന്ദം പോയ് ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
"രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേൾ
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങൾ.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിർമ്മിതകളീ വിദ്യക"ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ.
താടകാവധം
താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രൻഃ
"രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോൾ
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം.
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറിൽ കൊണ്ടിതു രാമബാണം.
പാരതിൽ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വർണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്വന്നു.
ശാപത്താൽ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ.
കൗശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്ലാ-
മാശു രാഘവനുമുപദേശിച്ചു സലക്ഷ്മണം.
നിർമ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവർ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലർകാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുൾക്കൊണ്ടു മുനിമാരും സൽക്കാരംചെയ്താർ.
വിശ്രമിച്ചനന്തരം രാഘവൻതിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുൾചെയ്തുഃ
"താപസോത്തമ, ഭവാൻ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാൽ
നഷ്ടമാക്കുവൻ ബാണംകൊണ്ടു ഞാൻ തപോനിധേ!"
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാർ പടയോടും.
മദ്ധ്യാഹ്നകാലേ മേൽഭാഗത്തിങ്കൽനിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാൻ.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവൻ.
അർണ്ണവംതന്നിൽ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാൻ.
ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലർകുലകാലനാകിയ സൗമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാൽ.
ദേവകൾ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താൽ
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധർവൻമാർ
തൽക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാർ.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണർ-
ന്നശ്രുപൂർണ്ണാർദ്രാകുലനേത്രപത്മങ്ങളോടും
ഉത്സംഗേ ചേർത്തു പരമാശീർവാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താൽ.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങൾ
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്.
അരുൾചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
"അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാൻ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു.
ശ്രീമഹാദേവൻതന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലർച്ചിതമനുദിനം
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാൻ
കാണണം മഹാസത്വമാകിയ ധനൂരത്നം."
താപസേന്ദ്രന്മാരോടുമീവണ്ണമരുൾചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രൻ
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാൽ
സർവമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൗതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി-
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുൾചെയ്തുഃ
"ആശ്രമപദമിദമാർക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുൾചെയ്യേണം താപോനിധേ!"
അഹല്യാമോക്ഷം
എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരൻതന്നോടു പരമാർത്ഥംഃ
"കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൗതമമുനി
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വർദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശൻ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൗതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൗതുകംപൂണ്ടു ഭാര്യാഭർത്താക്കന്മാരായവർ.
ഭർത്തൃശുശ്രൂഷാബ്രഹ്മചര്യാദിഗുണങ്ങൾ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൗതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖൻ
ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ
സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോർത്തു
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ
സന്ധ്യാവന്ദനത്തിനു ഗൗതമൻ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാൽ.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൗതമനും
മിത്രൻതന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്ഠനെ ബലാലപ്പോൾ
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാൻ.
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
'നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം.
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം?
നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്കിൽ ഭസ്മമാക്കുവേനിപ്പോൾ."
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
'സ്വർല്ലോകാധിപനായ കാമകിങ്കരനഹം
വല്ലായ്മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!'
'സഹസ്രഭഗനായി ബ്ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്കർമ്മഫലമെല്ലാം.'
തപസ്വീശ്വരനായ ഗൗതമൻ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്ക്കുന്നതുകണ്ടരുൾചെയ്തു
താപസോത്തമനായ ഗൗതമൻ കോപത്തോടെഃ
'കഷ്ടമെത്രയും തവ ദുർവൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമർത്ഥ്യം നന്നു പാരം.
ദുഷ്കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവൻ
നിഷ്കൃതിയായുളെളാരു ദുർദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവർഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ് വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും.
ശ്രീരാമപാദാംഭോജസ്പർശമുണ്ടായീടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോൾ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'
എന്നരുൾചെയ്തു മുനി ഹിമവൽപാർശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിർപ്പൊടിയേൽപാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളിൽ. 1
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്മനന്ദനയായ ഗൗതമപത്നിയുടെ
കൽമഷമശേഷവും നിന്നുടെ പാദങ്ങളാൽ
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിർമ്മലയായ്വന്നീടുമഹല്യാദേവിയെന്നാൽ."
ഗാഥിനന്ദനൻ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാൻ.
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാൺകെന്നു കാട്ടിക്കൊടുത്തു മുനിവരൻ.
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവൻ
ശ്രീപതി രഘുപതി സൽപതി ജഗൽപതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥൻ
കോമളരൂപൻ മുനിപത്നിയെ വണങ്ങിനാൻ.
അന്നേരം നാഥൻതന്നെക്കാണായിതഹല്യയ്ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്ഠനായ കൗശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും.
ശാപനാശനകരനായൊരു ദേവൻതന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൗഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലൻതന്നെക്കാണായിതഹല്യയ്ക്കും.
തന്നുടെ ഭർത്താവായ ഗൗതമതപോധനൻ
തന്നോടു മുന്നമുരചെയ്തതുമോർത്താളപ്പോൾ.
നിർണ്ണയം നാരായണൻതാനിതു ജഗന്നാഥ-
നർണ്ണോജവിലോചനൻ പത്മജാമനോഹരൻ
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമർഘ്യാദികൾകൊണ്ടു പൂജിച്ചീടിനാൾ.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീർന്നു ദണ്ഡനമസ്കാരവും ചെയ്താൾ.
ചിത്തകാമ്പിങ്കലേറ്റം വർദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്ഗദവർണ്ണത്തോടും.
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ് സ്തുതിചെയ്താൾ
"ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
ക്കാണായ്വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ!
മർത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം.
ആനന്ദമയനായോരതിമായികൻ പൂർണ്ണൻ
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി
സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വൽപാദസ്പർശമിപ്പോൾ.
പണ്ടു ഞാൻ ചെയ്ത പുണ്യമെന്തു വർണ്ണിപ്പതു വൈ-
കുണ്ഠ! തൽകുണ്ഠാത്മനാം ദുർല്ലഭമുർത്തേ! വിഷ്ണോ!
മർത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുർദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ,
ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
ഭാരതീരമണനും ഭാരതീദേവിതാനും
ബ്രഹ്മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
കൽമഷഹരം രാമചരിതം രസായനം
കാമരാഗാദികൾ തീർന്നാനന്ദം വരുവാനായ്
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേൻ.
ആദ്യനദ്വയനേകനവ്യക്തനനാകുലൻ
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ
പരമൻ പരാപരൻ പരമാത്മാവു പരൻ
പരബ്രഹ്മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
പൂരുഷൻ പുരാതനൻ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂർത്തി
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ.
സ്വതന്ത്രൻ പരിപൂർണ്ണനാനന്ദനാത്മാരാമ-
തനന്ദ്രൻ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികൾ ചെയ്വാ-
നഖണ്ഡൻ ബ്രഹ്മവിഷ്ണുരുദ്രനാമങ്ങൾ പൂണ്ടു
ഭേദരൂപങ്ങൾ കൈക്കൊണ്ടൊരു നിർഗ്ഗുണമൂർത്തി
വേദാന്തവേദ്യൻ മമ ചേതസി വസിക്കേണം.
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്മാർച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാർത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്മാവിൻ കരങ്ങളാൽ ക്ഷാളിതം പത്മോപമം
നിർമ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കൽമഷവിനാശനം
നിർമ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദിഭൂതനായതും ഭവാനല്ലോ.
സർവഭൂതങ്ങളിലുമസക്തനല്ലോ ഭവാൻ
നിർവികാരാത്മാ സാക്ഷിഭൂതനായതും ഭവാൻ.
അജനവ്യയൻ ഭവാനജിതൻ നിരഞ്ജനൻ
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയൻ
വാച്യനായ്വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകർത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാർക്കുപോലുമറിയാനരുതല്ലോ.
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങൾ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
സത്വങ്ങളുളളിൽ വാഴും ജീവാത്മാവായ നാഥൻ
ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ
തത്ത്വാധാരാത്മാ ദേവൻ സകലജഗന്മയൻ
തത്ത്വജ്ഞൻ നിരുപമൻ നിഷ്കളൻ നിരഞ്ജനൻ
നിർഗ്ഗുണൻ നിശ്ചഞ്ചലൻ നിർമ്മലൻ നിരാധാരൻ
നിഷ്ക്രിയൻ നിഷ്കാരണൻ നിരഹങ്കാരൻ നിത്യൻ
സത്യജ്ഞാനാനന്താനന്ദാമൃതാത്മകൻ പരൻ
സത്താമാത്രാത്മാ പരമാത്മാ സർവ്വാത്മാ വിഭൂ
സച്ചിദ്ബ്രഹ്മാത്മാ സമസ്തേശ്വരൻ മഹേശ്വര-
നച്യുതനാദിനാഥൻ സർവദേവതാമയൻ
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊൻത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നർത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ!
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകർമ്മാർപ്പണം ഭവതി കരോമി ഞാൻ
സമസ്തമപരാധം ക്ഷമസ്വ ജഗൽപതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ."
പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാൽ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്.
ഗൗതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീർത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാൻ
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടൻ
പരമം ബ്രഹ്മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം പുരുഷന്മാർക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടിൽ സാധിക്കും സകലവും.
പുത്രാർത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മർത്ഥാർത്ഥി ജപിച്ചീടിലർത്ഥവുമേറ്റമുണ്ടാം.
ഗുരുതൽപഗൻ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.
