രാമായണ പാരായണം - മൂന്നാം ദിവസം
മലയാള മാസമായ കർക്കിടകത്തിൽ ആചരിക്കുന്ന രാമായണ മാസാചരണം കേരളത്തിന്റെ ആത്മീയ-സാംസ്‌കാരിക പാരമ്പര്യത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ്. ഈ മാസത്തിലെ ഓരോ ദിവസവും തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അധ്യാത്മ രാമായണത്തിലെ നിശ്ചിത ഭാഗങ്ങൾ ഭക്തർ പാരായണം ചെയ്യുന്നു. എന്നാൽ വായിക്കുന്ന അധ്യായങ്ങളുടെ സന്ദേശവും ആത്മീയ പ്രാധാന്യവും പലർക്കും പരിചിതമല്ല.
രാമായണ മാസത്തിന്റെ മൂന്നാം ദിനത്തിൽ ബാലകാണ്ഡത്തിലെ വിശ്വാമിത്രന്റെ യാഗരക്ഷ, താടകാവധം, അഹല്യയുടെ ശാപമോക്ഷം, അഹല്യസ്തുതി എന്നീ ഭാഗങ്ങളാണ് പാരായണം ചെയ്യുന്നത്. ധർമ്മനിഷ്ഠ, തിന്മയുടെ നാശം, ദൈവകൃപ, മോക്ഷം എന്നീ ആശയങ്ങൾ പ്രമേയമാക്കുന്ന അധ്യായങ്ങളാണിവ.
വിശ്വാമിത്രന്റെ യാഗരക്ഷ (1.7)
മാരീചനും സുബാഹുവും ഉൾപ്പെടെയുള്ള രാക്ഷസന്മാരുടെ ആക്രമണത്തിൽ നിന്ന് തന്റെ യാഗം സംരക്ഷിക്കാൻ വിശ്വാമിത്ര മഹർഷി ശ്രീരാമന്റെ സഹായം അഭ്യർഥിക്കുന്നു. ദശരഥൻ രാമനെയും ലക്ഷ്മണനെയും മുനിയോടൊപ്പം അയക്കുന്നു. ധർമ്മസംരക്ഷണത്തിനായി കടമ നിർവഹിക്കുന്ന രാമന്റെ മാതൃകയും തിന്മയ്‌ക്കെതിരായ നന്മയുടെ വിജയവുമാണ് ഈ ഭാഗത്തിന്റെ പ്രധാന സന്ദേശം.
താടകാവധം (1.8)
വിശ്വാമിത്രന്റെ നിർദേശപ്രകാരം യാഗത്തിന് വിഘാതമായിരുന്ന താടകയെ രാമൻ വധിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കും ധർമ്മത്തിന്റെ പുനഃസ്ഥാപനത്തിനുമായി ദുഷ്ടശക്തികളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ അധ്യായം ഓർമ്മപ്പെടുത്തുന്നത്. ലോകക്രമം നിലനിർത്തുന്നതിൽ ദൈവിക ഇടപെടലിന്റെ പ്രസക്തിയും ഇവിടെ പ്രതിപാദിക്കുന്നു.
അഹല്യയുടെ ശാപമോക്ഷം (1.9)
ശാപഫലമായി ശിലയായി മാറിയ അഹല്യ, ശ്രീരാമന്റെ ദിവ്യസ്പർശനത്തിലൂടെ വീണ്ടും മനുഷ്യരൂപം പ്രാപിക്കുന്നു. ആത്മാർഥമായ ഭക്തിയും ദൈവാനുഗ്രഹവും ഉണ്ടെങ്കിൽ പാപങ്ങളിൽ നിന്ന് മോചനം സാധ്യമാണെന്ന ആത്മീയ സന്ദേശമാണ് ഈ സംഭവത്തിലൂടെ നൽകുന്നത്.
അഹല്യസ്തുതി (1.10)
ശാപവിമോചനം നേടിയ അഹല്യ, ശ്രീരാമന്റെ മഹത്വം പുകഴ്ത്തി സ്തുതിക്കുന്നു. ഭക്തിയുടെയും ദൈവകൃപയുടെയും ശക്തിയിലൂടെ മോക്ഷം കൈവരിക്കാമെന്ന വിശ്വാസം ഈ ഭാഗം കൂടുതൽ ദൃഢമാക്കുന്നു.
ധർമ്മം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം, തിന്മയ്‌ക്കെതിരായ പോരാട്ടം, ദൈവാനുഗ്രഹത്തിന്റെ മഹത്വം, ഭക്തിയുടെ ശക്തി എന്നിവയെ ഓർമ്മിപ്പിക്കുന്ന അധ്യായങ്ങളാണ് രാമായണ മാസത്തിലെ മൂന്നാം ദിന പാരായണമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
വിശ്വാമിത്രൻറെ യാഗരക്ഷ
അക്കാലം വിശ്വാമിത്രനാകിയ മുനികുല-
മുഖ്യനയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാൻ,
രാമനായവനിയിൽ മായയാ ജനിച്ചൊരു
കോമളമായ രൂപം പൂണ്ടൊരു പരാത്മാനം
സത്യജ്ഞാനന്താനന്ദാമൃതം കണ്ടുകൊൾവാൻ
ചിത്തത്തിൽ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ
കൌശികൻ തന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവും ചെയ്തു,
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരൻ തന്നോടു ചൊല്ലീടിനാൻ.
‘’അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്
നിന്തിരുവടിയെഴുന്നള്ളിയതുമൂലം കൃതാർ-
ത്ഥാന്തരാത്മാനായിതു ഞാനിഹ തപോനിധേ
ഇങ്ങനെയുള്ള നിങ്ങളെഴുന്നള്ളീടും ദേശം
മംഗലമായ്‌വന്നാശു സമ്പത്തും താനെ വരും
എന്തെന്നു ചിന്തിച്ചെഴുന്നള്ളിയതെന്നുമിപ്പോൾ
നിന്തിരുവടിയരുൾചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്ലാം ചെയ്‌വേൻ ഞാൻ മടിയാതെ
ചൊന്നാലും പരമാർത്ഥം താപസകുലപതേ!”
വിശ്വാമിത്രനും പ്രീതനായരുൾചെയ്തീടിനാൻ
വിശ്വാസത്തോടു ദശരഥനോടതുനേരം
“ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോർ
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുളേളാരും.
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയയ്ക്കേണം.
പുഷ്കരോത്ഭവപുത്രൻതന്നോടു നിരൂപിച്ചു
ലക്ഷ്മണനേയുംകൂടെ നൽകേണം മടിയാതെ.
നല്ലതു വന്നീടുക നിനക്കു മഹീപതേ!
കല്യാണമതേ! കരുണാനിധേ! നരപതേ!”
ചിന്താചഞ്ചലനായ പങ്ക്തിസ്യന്ദനനൃപൻ
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാൻ
“എന്തു ചൊൽവതു ഗുരോ! നന്ദനൻതന്നെ മമ
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
നിർണ്ണയം മരിക്കും ഞാൻ രാമനെ നൽകീടാഞ്ഞാ-
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രൻ.
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം.”
“എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമൻ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദൻ
പത്മസംഭവൻ മുന്നം പ്രാർത്ഥിക്കമൂലമായി
പത്മലോചനൻ ഭൂമീഭാരത്തെക്കളവാനായ്
നിന്നുടെ തനയനായ്ക്കൗസല്യാദേവിതന്നിൽ
വന്നവതരിച്ചിതു വൈകുണ്ഠൻ നാരായണൻ.
നിന്നുടെ പൂർവജന്മം ചൊല്ലുവൻ ദശരഥ!
മുന്നം നീ ബ്രഹ്‌മാത്മജൻ കശ്യപപ്രജാപതി
നിന്നുടെ പത്നിയാകുമദിതി കൗസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങൾ
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലൻ ദേവൻ വരദൻ ഭഗവാനും
പ്രത്യക്ഷീകരിച്ചു ‘നീ വാങ്ങിക്കൊൾ വര’മെന്നാൻ.
‘പുത്രനായ്പിറക്കേണമെനിക്കു ഭവാ’നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥൻ
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷൻതന്നെ ലക്ഷ്മണനാകുന്നതും.
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ് മിഥിലയിൽ
യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
ആഗതനായാൻ വിശ്വാമിത്രനുമവർതമ്മിൽ
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ.”
സന്തുഷ്ടനായ ദശരഥനും കൗശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂർവം
‘രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്ക്കൊണ്ടാലു’മെ-
ന്നാമോദം പൂണ്ടു നൽകി ഭൂപതിപുത്രന്മാരെ.
‘വരിക രാമ! രാമ! ലക്ഷ്മണാ! വരിക’യെ-
ന്നരികേ ചേർത്തു മാറിലണച്ചു ഗാഢം ഗാഢം
പുണർന്നുപുണർന്നുടൻ നുകർന്നു ശിരസ്സിങ്കൽ
‘ഗുണങ്ങൾ വരുവാനായ്പോവിനെന്നുരചെയ്താൻ.
ജനകജനനിമാർചരണാംബുജം കൂപ്പി
മുനിനായകൻ ഗുരുപാദവും വന്ദിച്ചുടൻ
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാർ,
വിശ്വരക്ഷാർത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും.
ചാപതൂണീരബാണഖഡ്ഗപാണികളായ
ഭൂപതികുമാരന്മാരോടും കൗശികമുനി
യാത്രയുമയപ്പിച്ചാശീർവാദങ്ങളും ചൊല്ലി
തീർത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രൻ.
മന്ദം പോയ് ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
“രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേൾ
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങൾ.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിർമ്മിതകളീ വിദ്യക”ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ.
താടകാവധം
താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രൻഃ
“രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ”മെന്നു മാമുനി പറഞ്ഞപ്പോൾ
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം.
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറിൽ കൊണ്ടിതു രാമബാണം.
പാരതിൽ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വർണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താൽ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ.
കൗശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുമുപദേശിച്ചു സലക്ഷ്മണം.
നിർമ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവർ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലർകാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുൾക്കൊണ്ടു മുനിമാരും സൽക്കാരംചെയ്താർ.
വിശ്രമിച്ചനന്തരം രാഘവൻതിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുൾചെയ്തുഃ
“താപസോത്തമ, ഭവാൻ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാൽ
നഷ്ടമാക്കുവൻ ബാണംകൊണ്ടു ഞാൻ തപോനിധേ!”
യാഗവും ദീക്ഷിച്ചിതു കൗശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാർ പടയോടും.
മദ്ധ്യാഹ്നകാലേ മേൽഭാഗത്തിങ്കൽനിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം.
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാൻ.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവൻ.
അർണ്ണവംതന്നിൽ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാൻ.
ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലർകുലകാലനാകിയ സൗമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാൽ.
ദേവകൾ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താൽ
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധർവൻമാർ
തൽക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാർ.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണർ-
ന്നശ്രുപൂർണ്ണാർദ്രാകുലനേത്രപത്മങ്ങളോടും
ഉത്സംഗേ ചേർത്തു പരമാശീർവാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താൽ.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങൾ
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്.
അരുൾചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
“അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാൻ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിദേഹരാജ്യത്തിങ്കലിരിക്കുന്നു.
ശ്രീമഹാദേവൻതന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലർച്ചിതമനുദിനം
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാൻ
കാണണം മഹാസത്വമാകിയ ധനൂരത്നം.”
താപസേന്ദ്രന്മാരോടുമീവണ്ണമരുൾചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രൻ
പ്രാപിച്ചു ഗംഗാതീരം ഗൗതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാൽ
സർവമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൗതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി-
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുൾചെയ്തുഃ
“ആശ്രമപദമിദമാർക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുൾചെയ്യേണം താപോനിധേ!”
അഹല്യാമോക്ഷം
എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരൻതന്നോടു പരമാർത്ഥംഃ
“കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൗതമമുനി 990
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വർദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശൻ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൗതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൗതുകംപൂണ്ടു ഭാര്യാഭർത്താക്കന്മാരായവർ.
ഭർത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങൾ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൗതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖൻ
ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ
സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോർത്തു
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ
സന്ധ്യാവന്ദനത്തിനു ഗൗതമൻ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാൽ.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൗതമനും
മിത്രൻതന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോൾ
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാൻ.
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
‘നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം.
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം?
നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്‌കിൽ ഭസ്മമാക്കുവേനിപ്പോൾ.”
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
‘സ്വർല്ലോകാധിപനായ കാമകിങ്കരനഹം
വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!’
‘സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കർമ്മഫലമെല്ലാം.’
തപസ്വീശ്വരനായ ഗൗതമൻ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുൾചെയ്തു
താപസോത്തമനായ ഗൗതമൻ കോപത്തോടെഃ
‘കഷ്ടമെത്രയും തവ ദുർവൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമർത്ഥ്യം നന്നു പാരം.
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവൻ
നിഷ്‌കൃതിയായുളെളാരു ദുർദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവർഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ് വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും.
ശ്രീരാമപാദാംഭോജസ്പർശമുണ്ടായീടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോൾ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.’
എന്നരുൾചെയ്തു മുനി ഹിമവൽപാർശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിർപ്പൊടിയേൽപാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളിൽ.
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്‌മനന്ദനയായ ഗൗതമപത്നിയുടെ
കൽമഷമശേഷവും നിന്നുടെ പാദങ്ങളാൽ
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിർമ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാൽ.”
ഗാഥിനന്ദനൻ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാൻ.
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാൺകെന്നു കാട്ടിക്കൊടുത്തു മുനിവരൻ.
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവൻ
ശ്രീപതി രഘുപതി സൽപതി ജഗൽപതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥൻ
കോമളരൂപൻ മുനിപത്നിയെ വണങ്ങിനാൻ.
അന്നേരം നാഥൻതന്നെക്കാണായിതഹല്യയ്‌ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്‌ഠനായ കൗശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും.
ശാപനാശനകരനായൊരു ദേവൻതന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൗഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലൻതന്നെക്കാണായിതഹല്യയ്‌ക്കും.
തന്നുടെ ഭർത്താവായ ഗൗതമതപോധനൻ
തന്നോടു മുന്നമുരചെയ്തതുമോർത്താളപ്പോൾ.
നിർണ്ണയം നാരായണൻതാനിതു ജഗന്നാഥ-
നർണ്ണോജവിലോചനൻ പത്മജാമനോഹരൻ
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമർഘ്യാദികൾകൊണ്ടു പൂജിച്ചീടിനാൾ.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീർന്നു ദണ്ഡനമസ്‌കാരവും ചെയ്താൾ.
ചിത്തകാമ്പിങ്കലേറ്റം വർദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവർണ്ണത്തോടും.
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ് സ്തുതിചെയ്താൾ
“ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ!
മർത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം.
ആനന്ദമയനായോരതിമായികൻ പൂർണ്ണൻ
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി
സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വൽപാദസ്പർശമിപ്പോൾ.
പണ്ടു ഞാൻ ചെയ്ത പുണ്യമെന്തു വർണ്ണിപ്പതു വൈ-
കുണ്‌ഠ! തൽകുണ്‌ഠാത്മനാം ദുർല്ലഭമുർത്തേ! വിഷ്ണോ!
മർത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുർദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ,
ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
ഭാരതീരമണനും ഭാരതീദേവിതാനും
ബ്രഹ്‌മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
കൽമഷഹരം രാമചരിതം രസായനം
കാമരാഗാദികൾ തീർന്നാനന്ദം വരുവാനായ്
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേൻ.
ആദ്യനദ്വയനേകനവ്യക്തനനാകുലൻ
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ
പരമൻ പരാപരൻ പരമാത്മാവു പരൻ
പരബ്രഹ്‌മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
പൂരുഷൻ പുരാതനൻ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂർത്തി
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ.
സ്വതന്ത്രൻ പരിപൂർണ്ണനാനന്ദനാത്മാരാമ-
തനന്ദ്രൻ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികൾ ചെയ്‌വാ-
നഖണ്ഡൻ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങൾ പൂണ്ടു
ഭേദരൂപങ്ങൾ കൈക്കൊണ്ടൊരു നിർഗ്ഗുണമൂർത്തി
വേദാന്തവേദ്യൻ മമ ചേതസി വസിക്കേണം.
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാർച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാർത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിൻ കരങ്ങളാൽ ക്ഷാളിതം പത്മോപമം
നിർമ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കൽമഷവിനാശനം
നിർമ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദിഭൂതനായതും ഭവാനല്ലോ.
സർവഭൂതങ്ങളിലുമസക്തനല്ലോ ഭവാൻ
നിർവികാരാത്മാ സാക്ഷിഭൂതനായതും ഭവാൻ.
അജനവ്യയൻ ഭവാനജിതൻ നിരഞ്ജനൻ
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയൻ
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകർത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാർക്കുപോലുമറിയാനരുതല്ലോ.
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങൾ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
സത്വങ്ങളുളളിൽ വാഴും ജീവാത്മാവായ നാഥൻ
ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ
തത്ത്വാധാരാത്മാ ദേവൻ സകലജഗന്മയൻ
തത്ത്വജ്ഞൻ നിരുപമൻ നിഷ്‌കളൻ നിരഞ്ജനൻ
നിർഗ്ഗുണൻ നിശ്ചഞ്ചലൻ നിർമ്മലൻ നിരാധാരൻ
നിഷ്‌ക്രിയൻ നിഷ്‌കാരണൻ നിരഹങ്കാരൻ നിത്യൻ
സത്യജ്ഞാനാനന്താനന്ദാമൃതാത്മകൻ പരൻ
സത്താമാത്രാത്മാ പരമാത്മാ സർവ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരൻ മഹേശ്വര-
നച്യുതനാദിനാഥൻ സർവദേവതാമയൻ
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊൻത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നർത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ!
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകർമ്മാർപ്പണം ഭവതി കരോമി ഞാൻ
സമസ്തമപരാധം ക്ഷമസ്വ ജഗൽപതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ.”
പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാൽ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്.
ഗൗതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീർത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാൻ
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടൻ
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം പുരുഷന്മാർക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടിൽ സാധിക്കും സകലവും.
പുത്രാർത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മർത്ഥാർത്ഥി ജപിച്ചീടിലർത്ഥവുമേറ്റമുണ്ടാം.
ഗുരുതൽപഗൻ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.
