രാമായണ പാരായണം: പതിനെട്ടാം ദിവസം
ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം
‘വന്നു നിൽക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ
തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു
മർക്കടവീരരിക്കാണായതൊക്കവേ
നാനാകുലാചലസംഭവന്മാരിവർ
നാനാസരിദ്ദ്വീപശൈലനിവാസികൾ
പർവ്വതതുല്യശരീരികളേവരു-
മുർവ്വീപതേ!കാമരൂപികളെത്രയും
ഗർവ്വം കലർന്ന നിശാചരന്മാരുടെ
ദുർവ്വീര്യമെല്ലാമടക്കുവാൻ പോന്നവർ
ദേവാശസംഭന്മാരിവരാകയാൽ
ദേവാരികളെയൊടുക്കുമിവരിനി
കേചിൽ ഗജബലന്മാരതിലുണ്ടുതാൻ
കേചിൽ ദശഗജശക്തിയുള്ളോരുണ്ട്
കേചിദമിതപരാക്രമമുള്ളവർ
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
കേചിന്മഹേന്ദ്രനീലോപലരൂപികൾ
കേചിൽകനകസമാനശരീരികൾ
കേചന രക്താന്തനേത്രം ധരിച്ചവർ
കേചന ദീർഘവാലന്മാരഥാപരേ
ശുദ്ധസ്ഫടികസങ്കാശശരീരികൾ
യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും
നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ
സംഖ്യയില്ലാതോളമുണ്ടു കപിബലം
മൂലഫലദലപക്വശനന്മാരായ്
ശീലഗുണമുള്ള വാനരന്മാരിവർ
താവകജ്ഞാകാരികളെന്നു നിർണ്ണയം
ദേവദേവേശ! രഘുകുലപുംഗവ!
ഋക്ഷകുലാധിപനായുള്ള ജാംബവാൻ
പുഷ്കരസംഭവപുത്രനിവനല്ലോ
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢിമതി ഹനൂമാനിവനെന്നുടെ
മന്ത്രിവരൻ മഹാസത്വപരാക്രമൻ
ഗന്ധവാഹാത്മജനീശാശംസംഭവൻ
നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ-
വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും
കേസരിമാരുതി താതൻ മഹാബലി
വീരൻ പ്രമാഥി ശരഭൻ സുഷേണനും
ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ
ശ്വേതൻ വലീമുഖനും ഗന്ധമാദനൻ
താരൻ വൃഷഭൻ നളൻ വിനതൻ മമ
താരാതനയനാമംഗദനിങ്ങനെ
ചൊല്ലുള്ള വാനരവംശരാജാക്കന്മാർ
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ
വേണുന്നതെന്തെന്നിവരോടരുൾചെയ്ക
വേണമെന്നാലിവർ സാധിക്കുമൊക്കവെ’
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു-
മന്തർഗ്ഗതമരുൾചെയ്തിതു സാദരം
‘മൽക്കാര്യഗൌരവം നിങ്കലു നിർണ്ണയ-
മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വനീ
ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!’
ശ്രീരാമവാക്യമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
‘നൂറായിരം കപിവീരന്മാർ പോകണ-
മോരോ ദിശി പടനായന്മാരൊടും
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാർ പലരും പോയ്ത്തിരയണം
അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും
തുംഗൻ നളനും ശരഭൻ സുഷേണനും
വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു
ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം
ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം’
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാൻ
രാഘവൻ തന്നെത്തോഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാൻ
ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴൂതിതു വായുതനയനും
അപ്പോളവനെ വേറെ വിളിച്ചാദരാ-
ലത്ഭുതവിക്രമൻ താനുമരുൾ ചെയ്തു
‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയിൽ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ-
യെന്നിയേ മരാരുമില്ലെന്നു നിർണ്ണയം’
പിന്നെയടയാളവാകുമരുൾചെയ്തു
മന്നവൻ പോയാലുമെന്നയച്ചീടിനാൻ
ലക്ഷ്മീഭഗവതിയാകിയ സീതയാം
പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്ഷോവരനായ രാവണൻ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്കരസംഭവപുത്രനും നീലനും
പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള
മർക്കടസേനാപതികളുമായ് ദ്രുതം
നാനാനഗനഗരഗ്രാമദേശങ്ങൾ
കാനനരാജ്യപുരങ്ങളിലും തഥാ
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി-
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
ക്രൂരനായോരു നിശാചരവീരനെ-
ക്കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം
നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ
പംക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവർ
സ്വയംപ്രഭാഗതി
അന്ധകാരാരണ്യമാശുപുക്കീടിനാ-
രന്തരാ ദാഹവും വർദ്ധിച്ചിതേറ്റവും
ശുഷ്കകണ്ഠോഷ്ഠതാലു പ്രദേശത്തൊടും
മർക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാൽ
വല്ലീതൃണഗണച്ഛന്നമായോന്നതി-
ലല്ലയല്ലീ ജലമൊന്നോർത്തുനിൽക്കുമ്പോൾ
ആർദ്ദ്രപക്ഷകൗഞ്ചഹംശാദി പക്ഷിക-
ലൂർദ്ധ്വദേശേ പറന്നാരതിൽ നിന്നുടൻ
പക്ഷങ്ങളിൽ നിന്നു വീണു ജലകണം
മർക്കടന്മാരുമതു കണ്ടു കൽപിച്ചാർ
‘നല്ല ജലമതിലുണ്ടെന്നു നിർണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക’
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാൽ മറ്റുള്ളവർകളും
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോൾ
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര-
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാൽ
ഖിന്നതയോടും നടന്നുനടന്നു പോയ്-
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
സ്വർണ്ണമയം മനോമോഹനം കാണ്മവർ-
കണ്ണിനുമേറ്റമാനന്ദകരം പരം
വാപികളുണ്ടു മണിമയവാരിയാ-
ലാപൂർണ്ണകളായതീവ വിശദമായ്
പക്വഫലങ്ങളാൽ നമ്രങ്ങളായുള്ള
വൃക്ഷങ്ങളുണ്ടു കൽപ്ദ്രുമതുല്യമായ്
പൂയ്ഷസാമ്യമധുദ്രോണസംയുത
പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവർജ്ജിതം ദേവഗേഹോപമം
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ
യോഗം ധരിച്ചു ജടവൽക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്
പാവകജ്വാലാസമാഭകലർന്നതി-
പാവനയായ മഹാഭാഗയെക്കണ്ടു
തൽക്ഷണേ സന്തോഷപൂർണ്ണ മനസ്സോടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാർ
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്ലിനാൾ
‘നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം
എങ്ങനെ മാർഗ്ഗമറിഞ്ഞുവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നു പറയണം’
എന്നിവ കേട്ടൊരു വായുതനയനും
നന്നായ് വണങ്ങി വിനീതനായ് ചൊല്ലിനാൻ
‘വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാൻ
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
തത്രൈവ വാണു ദശരഥനാം നൃപൻ
പുത്രരുമുണ്ടായ് ചമഞ്ഞിതു നാലുപേർ
നാരായണസമൻ ജ്യേഷ്ഠനവർകളിൽ
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
താതാജ്ഞയാ വനവാസാർത്ഥമായവൻ
ഭ്രാതാവിനൊടും ജനകാത്മജയായ
സീതയാം പത്നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
ദുഷ്ടനായുള്ള ദശാസ്യനിശാചരൻ
കട്ടുകൊണ്ടാശു പോയീടിനാൻ പത്നിയെ
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോൾ
അർക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്
എന്നതിന്നഗ്രജനാകിയ ബാലിയെ-
ക്കൊന്നു സുഗ്രീവനു രാജ്യവും നൽകിനാൻ
ശ്രീരാമനുമതിൽ പ്രത്യുപകാരമാ-
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്ലാടവും
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു
മോഹേൻ ഗഹ്വരം പുക്കിതറൊയാതെ
ദൈവവശാലിവിടെപ്പോന്നു വന്നിഹ
ദേവിയെക്കാണായതൗം ഭാഗ്യമെത്രയും
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുൾ ചെയ്കവേണമതും ശുഭേ!’
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾ
‘പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്
ബുദ്ധി തെളിഞ്ഞു വരുവിനെന്നാൽ മമ
വൃത്താന്തമാദിയേ ചൊല്ലിത്തരുവൻ ഞാൻ’
എന്നതു കേട്ടവർ മൂലഫലങ്ങളും
നന്നായ് ഭുജിച്ചു മധുപാനവും ചെയ്തു
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാൾ
‘വിശ്വവിമോഹനരൂപിണിയാകിയ
വിസ്വകർമ്മാത്മജാ ഹേമാ മനോഹരീ
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാൾ
മുഗ്ദ്ധേന്ദുശേഖരൻ തന്നെയതുമൂലം
ദിവ്യപുരമിദം നൽകിനാനീശ്വരൻ
ദിവ്യസംവത്സരാണാമയുതായുതം
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ
സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു
ഗന്ധർവ്വപുത്രി സദാ വിഷ്ണു തൽപരാ
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും
നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ
‘സന്തതം നീ തപസ്സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്ലല്ലോ
ത്രേതായുഗേ വിഷ്ണു നാരായണൻ ഭുവി
ജാതനായീടും ദശരഥ പുത്രനായ്
ഭൂഭാരനാശനാർത്ഥം വിപിനിസ്ഥലേ
ബൂപതി സഞ്ചരിച്ചീടും ദശാന്തരേ
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-
ക്രൂരനായീടും ദശാനനനക്കാലം
ജാനകീദേവിയെയന്വേഷണത്തിനായ്
വാനരന്മാർ വരും നിൻ ഗുഹാമന്ദിരേ
സൽക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മർക്കടന്മാർക്കുപ്രകാരവും ചെയ്തു പോയ്
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമൻ
ഭക്ത്യാപരനെ സ്തുതിച്ചാൽ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാൽ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴി കൂട്ടുവൻ
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ’
ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ
സത്വരം പൂർവ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ
പദ്ധതിയൂടെ നടന്നു തുടങ്ങിനാർ
സ്വയംപ്രഭാസ്തുതി
യോഗിനിയും ഗുഹാവാസമുപേക്ഷിച്ചു
യോഗേശസന്നിധിപുക്കാളതിദ്രുതം
ലക്ഷ്മണ സുഗ്രീവസേവിതനാകിയ
ലക്ഷ്മീശനെക്കണ്ടു കൃത്വാ പ്രദക്ഷിണം
ഭക്ത്യാ സഗദ്ഗദം രോമാഞ്ചസംയുതം
നത്വാ മുഹുർമ്മുഹുസ്തുത്വ ബഹുവിധം
‘ദാസീ തവാഹം രഘുപതേ രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാൻ
സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!
ഞാനനേകായിരം സംവത്സരം തവ
ധ്യാനേന നിത്യം തപസ്സു ചെയ്തീടിനേൻ
ത്വദ്രൂപസന്ദർശനാർത്ഥം തപോബല-
മദ്യൈവ നൂനം ഫലിതം രഘുപതേ!
ആദ്യനായോരു ഭവന്തം നമസ്യാമി
വേദ്യനല്ലാരാലുമേ ഭവാൻ നിർണ്ണയം
അന്തർബ്ബഹിഃസ്ഥിതം സർവ്വഭൂതേഷ്വപി
സന്തമലക്ഷ്യമാദ്യന്തഹീനം പരം
മായായവനികാച്ഛനാനായ് വാഴുന്ന
മായാമയനായ മാനുഷവിഗ്രഹൻ
അജ്ഞാനികളാലറിഞ്ഞുകൂടാതൊരു
വിജ്ഞാനമൂർത്തിയല്ലോ ഭവാൻ കേവലം
ഭാഗവതന്മാർക്കു ഭക്തിയോഗാർത്ഥമായ്
ലോകേശമുഖ്യാമരൗഘമർത്ഥിയ്ക്കയാൽ
ഭൂമിയിൽ വന്നവതീർണ്ണനാം നാഥനെ-
ത്താമസിയായ ഞാനെന്തറിയുന്നതും!
സച്ചിന്മയം തവ തത്ത്വം ജഗത്ത്രയേ
കശ്ചിൽ പുരുഷനറിയും സുകൃതിനാം
രൂപം തവേദം സദാ ഭാതു മാനസേ
താപസാന്തഃസ്ഥിതം താപത്രയാപഹം
നാരായണ തവ ശ്രീപാദദർശനം
ശ്രീരാമ! മോക്ഷൈകദർശനം കേവലം
ജന്മമരണഭീതാനാമദർശനം
സന്മാർഗ്ഗദർശനം വേദാന്തദർശനം
പുത്രകളത്രമിത്രാർത്ഥവിഭൂതികൊൻ-
ണ്ടെത്രയും ദർപ്പിതരായുള്ള മാനുഷർ
രാമരാമേതി ജപിക്കയില്ലെന്നുമേ
രാമനാമം മേ ജപിയ്ക്കായ്‌വരേണമേ!
നിത്യം നിവൃത്തഗുണത്രയമാർഗ്ഗായ
നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ
സ്വാത്മാഭിരാമായ നിർഗ്ഗുണായ ത്രിഗു-
ണാത്മേ സീതാഭിരാമായ തേ നമഃ
വേദാത്മകം കാമരൂപിണമീശാന-
മാദിമദ്ധ്യാന്തവിവർജ്ജിതം സർവ്വത്ര
മന്യേ സമം ചരന്തം പുരുഷം പരം
നിന്നെ നിനക്കൊഴിഞ്ഞാർക്കറിഞ്ഞീടാവു?
മർത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം
ചിത്തേ നിരൂപിക്കിലെന്തറിയാവതും?
ത്വന്മായയാ പിഹിതാത്മാക്കൾ കാണുന്നു
ചിന്മയനായ ഭവാനെബ്ബഹുവിധം
ജന്മവും കർത്തൃത്വവും ചെറുതില്ലാത
നിർമ്മലാത്മാവാം ഭവാനവസ്ഥാന്തരേ
ദേവതിര്യങ്മനുജാദികളിൽ ജനി-
ച്ചേവമാദ്യങ്ങളാം കർമ്മങ്ങൾ ചെയ്‌വതും
നിന്മഹാമായാവിഡംബനം നിർണ്ണയം
കൽമഷഹീന! കരുണാനിധേ! വിഭോ!
മേദിനിതന്നിൽ വിചിത്രവേഷത്തൊടും
ജാതനായ് കർമ്മങ്ങൾ ചെയ്യുന്നതും ഭവാൻ
ഭക്തരായുള്ള ജനങ്ങൾക്കു നിത്യവും
ത്വൽക്കഥാപീയൂഷപാനസിദ്ധിക്കെന്നു
ചൊല്ലുന്നിതു ചിലർ മറ്റും ചിലരിഹ
ചൊല്ലുന്നിതു ഭുവി കോസലഭൂപതി-
തന്നുടെ ഘോരതപോബലസിദ്ധയേ
നിർണ്ണയമെന്നു ചിലർ പറയുന്നിതു
കൗസല്യയാൽ പ്രാർത്ഥമാനനായിട്ടിഹ
മൈഥിലീഭാഗ്യസിദ്ധിക്കെന്നിതു ചിലർ
സ്രഷ്ടാവുതാനപക്ഷിയ്ക്കയാൽ വന്നിഹ
ദുഷ്ടനിശാചരവംശമൊടുക്കുവാൻ
മർത്ത്യനായ്‌വന്നു പിറന്നിതു നിർണ്ണയം
പൃത്ഥ്വിയിലെന്നു ചിലർ പറയുന്നിതു
ഭൂപാലപുത്രനായ് വന്നു പിറന്നിതു
ഭൂഭാരനാശത്തിന്നെന്നിതു ചിലർ
ധർമ്മത്തെ രക്ഷിച്ചധർമ്മത്തെ നീക്കുവാൻ
കർമ്മസാക്ഷീകുലത്തിങ്കൽ പിറന്നിതു
ദേവശത്രുക്കളെ നിഗ്രഹിച്ചൻപൊടു
ദേവകളെപ്പരിപാലിച്ചുകൊള്ളുവാൻ
എന്നു ചൊല്ലുന്നിതു ദിവ്യമുനിജന-
മൊന്നും തിരിച്ചറിയാവതുമല്ല മേ
യാതൊരുത്തൻ ത്വൽക്കഥകൾ ചൊല്ലുന്നതു-
മാദരവോടു കേൾക്കുന്നതും നിത്യമായ്
നൂനം ഭവാർണ്ണവത്തെക്കടന്നീടുവോൻ
കാണാമവനു നിൻ പാദപങ്കേരുഹം
ത്വന്മഹാമായാഗുണബദ്ധനാകയാൽ
ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ
എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-
തെങ്ങനെ ചൊല്ലിസ്തുതിക്കുന്നതുമഹം!
ശ്യാമളം കോമളം ബാണധനുർദ്ധരം
രാമം സഹോദരസേവിതം രാഘവം
സുഗ്രീവമുഖ്യകപികുലസേവിത-
മഗ്രേ ഭവന്തം നമസ്യാമി സാമ്പ്രതം
രാമായ രാമഭദ്രായ നമോ നമോ
രാമചന്ദ്രായ നമസ്തേ നമോ നമഃ’
ഇങ്ങനെ ചൊല്ലി സ്വയംപ്രഭയും വീണു
മംഗലവാചാ നമസ്കരിച്ചീടിനാൾ
മുക്തിപ്രദനായ രാമൻ പ്രസന്നനായ്
ഭക്തയാം യോഗിനിയോടരുളിചെയ്തു
‘സന്തുഷ്ടനായേനഹം തവ ഭക്തികൊ-
ണ്ടെന്തോന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?’
എന്നതു കേട്ടവളും പറഞ്ഞീടിനാൽ
‘ഇന്നു വന്നു മമ കാംക്ഷിതമൊക്കവെ
യത്രകുത്രാപി വസിക്കിലും ത്വൽപാദ-
ഭക്തിക്കിളക്കമുണ്ടാകാതിരിയ്ക്കണം
ത്വൽപാദഭക്തഭൃത്യേഷു സംഗം പുന-
രുൾപൂവിലെപ്പോഴുമുണ്ടാകയും വേണം
പ്രാകൃതന്മാരാം ജനങ്ങളിൽ സംഗമ-
മേകദാ സംഭവിച്ചീടായ്ക മാനസേ
രാമരാമേതി ജപിയ്ക്കായ് വരേണമേ
രാമപാദേ രമിക്കേണമെന്മാനസം
സീതാസുമിത്രാത്മജാന്വിതം രാഘവം
പീതവസ്ത്രം ചാപബാണാസനധരം
ചാരുമകുട കടകകടിസൂത്ര-
ഹാരമകരമണിമയകുണ്ഡല-
നൂപുരഹേമാംഗദാദി വിഭൂഷണ-
ശോഭിതരൂപം വസിക്ക മേ മാനസേ
മറ്റെനിയ്ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും’
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
‘ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
ചേരുമെങ്കൽ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും’
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ
നാരായണപദം പ്രാപിച്ചിതവ്യയം
അംഗദാദികളുടെ സംശയം
മർക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃക്ഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ-
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതൻ നിജ-
ബന്ധുക്കളായുള്ളവരോടു ചൊല്ലിനാൻ
‘പാതാളമുൾപുക്കുഴന്നു നടന്നു നാ-
മേതുമറിഞ്ഞീല വാസരം പോയതും
മാസമതീതമായ് വന്നിതു നിർണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്ല നാം
രാജനിയോഗമനുഷ്ഠിയാതെ വൃഥാ
രാജധാനിയ്ക്കു നാം ചെല്ലുകിലെന്നുമേ
നിഗ്രഹിച്ചീടുമതിനില്ല സംശയം
സുഗ്രീവശാസനം നിഷ്ഫലമായ് വരാ
പിന്നെ വിശേഷിച്ചു ശത്രുതനയനാ-
മെന്നെ വധിയ്ക്കുമതിനില്ലൊരന്തരം
എന്നിലവന്നൊരു സമ്മതമെന്തുള്ള-
തെന്നെ രക്ഷിച്ചതു രാമൻ തിരുവടി
രാമകാര്യത്തെയും സാധിയാതെ ചെൽകിൽ
മാമകജീവനം രക്ഷിയ്ക്കയില്ലവൻ
മാതാവിനോടു സമാനയാകും നിജ-
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ
പാപി ദുരാത്മാവിവനെന്തരുതാത്തതും?
തൽപാർശ്വദേശേ ഗമിയ്ക്കുന്നതില്ല ഞാ-
നിപ്പോളിവിടെ മരിക്കുന്നതേയുള്ളു
വല്ലപ്രകാരവും നിങ്ങൾ പോയ്ക്കൊൾകെന്നു
ചൊല്ലിക്കരയുന്ന നേരം കപികളും
തുല്യദുഃഖേന ബാഷ്പം തുടച്ചൻപോടു
ചൊല്ലിനാർ മിത്രഭാവത്തോടു സത്വരം
‘ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ
ഇന്നും നാം പോന്ന ഗുഹയിലകം പുക്കു
നന്നായ് സുഖിച്ചു വസിക്കാം വയം ചിരം
സർവ്വസൗഭാഗ്യസമന്വിതമായൊരു
ദിവ്യപുരമതു ദേവലോകോപമം
ആരാലുമില്ലൊരുനാളും ഭയം സഖേ!
തരേയ പോക നാം വൈകരുതേതുമേ’
അംഗദൻ തന്നോടിവണ്ണം കപികുല-
പുംഗവന്മാർ പറയുന്നതു കേൾക്കയാൽ
ഇംഗിതജ്ഞൻ നയകോവിദൻ വാതജ-
നംഗദനെത്തഴുകിപ്പറഞ്ഞീടിനാൻ
‘എന്തൊരു ദുർവ്വിചാരം? യോഗ്യമല്ലിദ-
മന്ധകാരങ്ങൾ നിനയായ്‌വിനാരുമേ
ശ്രീരാമനേറ്റം പ്രിയൻ ഭവാനെന്നുടെ-
താരാസുതനെന്നു തന്മാനസേ സദാ
പാരം വളർന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയൻ നീ തവ
സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആകയാൽ ഭീതി ഭവാനൊരുനാളുമേ
രാഘവൻ പക്കൽനിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായാ സുഗ്രീവനും
ഭാഗവതോത്തമൻ വൈരമില്ലാരിലും
വ്യാകുലമുള്ളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം
ഞാനും തവ ഹിതത്തിങ്കൽ പ്രസക്തന-
ജ്ഞാനികൾ വാക്കു കേട്ടേതും ഭ്രമിയ്ക്കൊലാ
ഹാനി വരായ്‌വാൻ ഗുഹയിൽ വസിയ്ക്കെന്നു
വാനരൗഘം പറഞ്ഞീലയോ ചൊല്ലു നീ
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ
അൽപമതികൾ പറഞ്ഞു ബോധിപ്പിച്ചു
ദുർബ്ബോധമുണ്ടായ് ചമയരുതാരുമേ
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിയ്ക്കയില്ലേടോ സജ്ജനഭാഷിതം
ദുർജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധർമ്മവിദ്വേഷവും
പൂർവ്വബന്ധുക്കളിൽ വാച്ചൊരു വൈരവും
വർദ്ധിച്ചു വർദ്ധിച്ചു വംശനാസത്തിനു
കർത്തൃത്വവും തനിക്കായ് വന്നുകൂടുമേ
അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു
വൃത്താന്തമമ്പോടു ചൊല്ലുവൻ കേൾക്ക നീ
ശ്രീരാമദേവൻ മനുഷ്യനല്ലോർക്കെടോ!
നാരായണൻ പരമാത്മാ ജഗന്മയൻ
മായാഭഗവതി സാക്ഷാൽ മഹാവിഷ്ണു-
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു ലക്ഷ്മണനും ജഗ-
ദാധാരഭൂതനായുള്ള ഫണീശ്വരൻ
ശേഷൻ ജഗത്സ്വരൂപൻ ഭുവി മാനുഷ-
വേഷമായ് വന്നു പിറന്നതയോദ്ധ്യയിൽ
രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ-
രക്ഷവരുത്തുവാൻ പണ്ടു വിരിഞ്ചനാൽ
പ്രാർത്ഥിതനാകയാൽ പാർത്ഥിവപുത്രനായ്
മാർത്താണ്ഡഗോത്രത്തിലാർത്തപരായണൻ
ശ്രീകണ്ഠസേവ്യൻ ജനാർദ്ദനൻ മാധവൻ
വൈകുണ്ഠവാസി മുകുന്ദൻ ദയാപരൻ
മർത്ത്യനായ് വന്നിങ്ങവതരിച്ചീടിനാൻ
ഭൃത്യവർഗ്ഗം നാം പരിചരിച്ചീടുവാൻ
ഭർത്തൃനിയോഗേന വാനരവേഷമായ്
പൃത്ഥ്വിയിൽ വന്നു പിറന്നിരിയ്ക്കുന്നതും
പണ്ടു നാമേറ്റം തപസ്സുചെയ്തീശനെ-
ക്കന്റു വണങ്ങി പ്രസാദിച്ചു മാധവൻ
തന്നുടെ പാരിഷദന്മാരുടെ പദം
തന്നതിപ്പോഴും പരിചരിച്ചിന്നിയും
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാൻ
വൈകേണ്ടതേതുമില്ലെന്നറിഞ്ഞീടു നീ’
അംഗദനോടിവണ്ണം പവനാത്മജൻ
മംഗലവാക്കുകൾ ചൊല്ലിപ്പലതരം
ആശ്വസിപ്പിച്ചുടൻ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ
ദുസ്തരമേറ്റമഗാധം ഭയങ്കരം
ദുഷ്പ്രാപമാലോക്യ മർക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടൻ
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ-
‘മെന്തിനിച്ചെയ്‌വതു സന്തതമോർക്ക നാം
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ് കഴിഞ്ഞിതു മാസവും
തണ്ടാരിൽമാതിനെ കണ്ടീല നാം ദശ-
കണ്ഠനേയും കണ്ടു കിട്ടീല കുത്രചിൽ
സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവൻ നമ്മെ നിർണ്ണയം
ക്രുദ്ധനായുള്ള സുഗ്രീവൻ വധിക്കയിൽ
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിയ്ക്കു നല്ലു നമുക്കു പാർത്തോള’മെ-
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദർഭ വിരിച്ചു കിടന്നിതെല്ലാവരും
കൽപിച്ചതിങ്ങനെ നമ്മെയെന്നോർത്തവർ
