സൂര്യകടാക്ഷമേകും രഥസപ്തമി വ്രതം
സൂര്യപ്രീതിക്കുള്ള വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് രഥസപ്തമി. സൂര്യജയന്തി എന്ന മറ്റൊരു പേരും ഈ വ്രതത്തിനുണ്ട്. സൂര്യോദയ വേളയില്‍ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ സമ്പല്‍സമൃദ്ധിയുണ്ടാവുമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. സൂര്യന് നമ്മള്‍ നല്‍കുന്ന ഏത് കര്‍മ്മവും നമ്മുടെ പിതൃക്കള്‍ക്ക് മോക്ഷം നല്‍കുന്നു. അതുകാരണം എത്ര കടുത്ത പാപങ്ങളും അകലുമെന്നാണ് വിശ്വാസം.
ലോകത്തുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ജീവിതാധാരം സൂര്യശക്തിയാണ്. സൂര്യശക്തിയെ ക്കൂടാതെ ആര്‍ക്കും ജീവിച്ചിരിക്കാനാവില്ല എന്നതുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ സൂര്യനെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടാക്കി നല്‍കിയത്. സൂര്യനെ ദൈവമായി ആരാധിക്കുന്ന മതത്തിന് 'സന്ദേശം' എന്നാണ് പേര്. സൂര്യന്‍ ശിവന്‍റെ വലതുകണ്ണാണെന്ന് ശിവ ആഗമങ്ങള്‍ പറയുന്നു.
കശ്യപ മഹര്‍ഷിക്കും അദ്ദേഹത്തിന്‍റെ പത്നി അദിതിക്കും വിശ്വാന്‍ മുതലായ പന്ത്രണ്ട് സൂര്യന്മാര്‍ പിറന്നു. അദിതിയുടെ പുത്രന്മാരാകയാല്‍ അവരെ ആദിത്യര്‍ എന്ന് വിളിച്ചുപോരുന്നു. സൂര്യന്‍ മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശികളിലും സഞ്ചരിക്കുന്നു. സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്തരാശിയിലേക്ക് പോകുന്നതാണ് മാസപ്പിറവി. സൂര്യന്‍ സഞ്ചരിക്കുന്ന രാശിയുടെ പേര് തന്നെയാണ് അതാത് മാസങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുള്ളത്.
മേടമാസത്തിലെ സൂര്യപ്പിറവിയെ മേടവിഷു എന്നും തുലാമാസപ്പിറവിയെ തുലാംവിഷു എന്നും പറയാറുണ്ട്. സൂര്യന്‍ ഒരാളെങ്കിലും പന്ത്രണ്ട് രാശികളിലും സഞ്ചരിക്കയാല്‍ പന്ത്രണ്ട് സൂര്യന്മാരായി കരുതപ്പെടുന്നു. സൂര്യന്‍ സഞ്ചരിക്കുന്ന തേരിനെ ഏഴ് കുതിരകള്‍ വലിച്ചുകൊണ്ടുപോകുന്നു.
ഈ തേരിന് ഒരു ചക്രം മാത്രമേയുള്ളൂ. സ്വര്‍ണ്ണമയമായി കാണപ്പെടുന്ന ഈ തേരിന് അരുണന്‍ എന്നയാളാണ് സാരഥി. ഗരുഡഭഗവാന്‍റെ ജ്യേഷ്ഠനാണ് ഈ അരുണന്‍. കാലിന് വൈകല്യമുള്ളയാളും കൂടിയാണ് അരുണന്‍. സൂര്യന്‍ ഈ തേരില്‍ ചുറ്റിവരുമ്പോഴാണ് ഉദയം, മദ്ധ്യാഹ്നം, അസ്തമയം, അര്‍ദ്ധരാത്രി എന്നീ നേരങ്ങള്‍ ഉണ്ടാവുന്നത്. സൂര്യന്‍ ശിവനെ ധ്യാനിച്ച് കടുത്ത തപസ്സനുഷ്ഠിച്ച് 'ഗ്രഹപദം' എന്ന ഭാഗ്യം നേടി.കൂടാതെ ആയിരം ഗ്രഹശോഭയോടെ പ്രകാശ മണ്ഡലത്തില്‍ നിലകൊള്ളാനുള്ള ഉന്നതിയും നേടി.
സൂര്യപ്രീതിക്കുള്ള വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് രഥസപ്തമി. സൂര്യജയന്തി എന്ന മറ്റൊരു പേരും ഈ വ്രതത്തിനുണ്ട്. സപ്തം എന്നാല്‍ ഏഴ്. അമാവാസിയോ, പൗര്‍ണ്ണമിയോ കഴിഞ്ഞ ഏഴാം നാളിനെ 'സപ്തമി തിഥി' എന്ന് പറയുന്നു. ഉത്തരായനപൂണ്യകാലത്തിന്‍റെ തുടക്കമായ, മകരമാസത്തെ വളര്‍പിറവിയെ തുടര്‍ന്ന് വരുന്ന 'സപ്തമി തിഥി'യാണ് 'രഥസപ്തമി.' ഈ ദിവസം സൂര്യന്‍റെ പ്രകാശത്തിന് പ്രത്യേകതകള്‍ ഏറെയാണെന്ന് പുരാണങ്ങള്‍ പറയുന്നു. ഈ ദിവസം സൂര്യന്‍ യാത്ര ചെയ്യുന്ന തേരിനെ വലിച്ചുകൊണ്ടുപോകുന്ന ഏഴ് കുതിരകളും ഒന്നിച്ച് വടക്കോട്ട് തിരിഞ്ഞുനിന്ന് യാത്ര തുടങ്ങുന്നു.
വ്രതം അനുഷ്ഠിക്കേണ്ട രീതി
സവിശേഷതയാര്‍ന്ന രഥസപ്തമി ദിവസം സൂര്യോദയത്തിന് മുമ്പായി ഉറക്കമുണര്‍ന്ന് പുഴയിലോ, കുളത്തിലോ കുളിക്കണം. അതല്ലെങ്കില്‍ വീട്ടില്‍ സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്തുനിന്നുകൊണ്ടും സ്നാനം ചെയ്യാവുന്നതാണ്. നീരാടുമ്പോള്‍ ഏഴ് എരിക്കിന്‍റെ ഇലയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അക്ഷത തലയ്ക്ക് മീതെ വെച്ചുകൊണ്ട് കുളിക്കണം. ഏഴ് എരിക്കിന്‍ ഇലകളും കാലില്‍ രണ്ട്, കൈകളില്‍ രണ്ട്, തോളില്‍ രണ്ട്, തലയില്‍ ഒന്ന് എന്നീ ക്രമത്തില്‍ വെച്ചുവേണം വെള്ളം ഒഴിക്കാന്‍. സ്ത്രീകള്‍ മഞ്ഞള്‍പ്പൊടിയും അക്ഷതയും പുരുഷന്മാര്‍ അക്ഷത മാത്രവും വച്ചുവേണം ചെയ്യാന്‍. ഇങ്ങനെചെയ്താല്‍ ആരോഗ്യവും സമ്പത്തും വര്‍ദ്ധിക്കും.
രഥസപ്തമിവ്രതം സൂര്യോദയവേളയില്‍ വേണം ചെയ്യാന്‍. രഥസപ്തമി ദിവസം ശുദ്ധമായ സ്ഥലത്ത് ചെമ്മണ്ണുപൂശി, അവിടെ സൂര്യരഥം വരയ്ക്കണം. അതില്‍ സൂര്യചന്ദ്രന്മാരെ വരച്ച് അവര്‍ എഴുന്നെള്ളുന്നതായി സങ്കല്‍പ്പിക്കണം. അതിന് ചന്ദനം, മഞ്ഞള്‍, കുങ്കുമം എന്നിവ തൊടുവിച്ച് ചുവന്ന നിറത്തിലുള്ളത് ഉള്‍പ്പെടെയുള്ള വാസനാപുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചനചെയ്ത് സൂര്യസ്തുതികള്‍ കീര്‍ത്തനം ചെയ്യണം. ശര്‍ക്കരപ്പായസം, ഉഴുന്നുവട എന്നിവ നേദിച്ച് പൂജ ചെയ്യണം.
ഗോതമ്പുമാവുകൊണ്ടുണ്ടാക്കിയ ചപ്പാത്തി, ചോറ് എന്നിവ പശുവിന് തിന്നാന്‍ കൊടുക്കുന്നതും നല്ല ഫലം നല്‍കും. വാതില്‍ക്കല്‍ സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലത്ത് രഥം വരച്ച് അരി, പരിപ്പ്, വെല്ലം(ശര്‍ക്കര) എന്നിവ നേദിക്കാം. സൂര്യോദയ വേളയില്‍ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ സമ്പല്‍സമൃദ്ധിയുണ്ടാവുമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
രഥസപ്തമിദിവസം തുടങ്ങുന്ന തൊഴില്‍, ജോലികള്‍ എന്നിവ ഭംഗിയായി നടക്കും. ഇങ്ങനെ ദിവസവും ചെയ്യുന്ന ദാന-ധര്‍മ്മങ്ങള്‍ക്ക് പലമടങ്ങ് പുണ്യം കിട്ടുന്നു. സൂര്യന് നമ്മള്‍ നല്‍കുന്ന ഏത് കര്‍മ്മവും നമ്മുടെ പിതൃക്കള്‍ക്ക് മോക്ഷം നല്‍കുന്നു. അതുകാരണം എത്ര കടുത്ത പാപങ്ങളും അകലുമെന്നാണ് വിശ്വാസം.
