നവരാത്രിയില്‍ രാവണനെ പൂജിക്കുന്ന ഗ്രാമം

നവരാത്രിയില്‍ രാവണനെ പൂജിക്കുന്ന ഗ്രാമം

HIGHLIGHTS

ദസറ അഥവാ നവരാത്രിയുടെ കാലത്ത് വടക്കേ ഇന്ത്യയില്‍ എല്ലാം 10 തലകള്‍ ഉള്ള രാവണന്‍റെ രൂപം കത്തിക്കുക പതിവാണ്. എന്നാല്‍ നവരാത്രിയുടെ അവസാനദിവസം രാവണനെ കത്തിക്കാത്ത ഒരേയൊരു ഗ്രാമമാണ് രാജ്യത്തുള്ളത്. അന്ന് രാജ്യത്താകമാനം രാവണന്‍റെ രൂപം കത്തിക്കുമ്പോള്‍ ഈ ഗ്രാമത്തിലുള്ളവര്‍ രാവണന്‍റെ ആത്മാവിന് ശാന്തി നേടുന്നതിന് വേണ്ടി പ്രത്യേക പൂജകളാണ് നടത്തുന്നത്. ബിസ്റാക്കിലെ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഭക്തജനങ്ങളുടെ വലിയ തിരക്കും ഉണ്ടാവുക പതിവ് കാഴ്ചയാണ്.

 

നവരാത്രി കാലമാണ് വരുന്നത്. നവരാത്രി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നത് രാവണനെയാണ്. ദസറ എന്ന ആഘോഷം വലിയ വിപുലമായാണ് വടക്കേ ഇന്ത്യയില്‍ ആഘോഷിക്കുന്നത്. ശ്രീരാമന്‍ രാവണനു മേല്‍ നേടിയ വിജയമാഘോഷിക്കുന്ന ഉത്സവമാണ് ദസറ എന്നത്. വടക്കേ ഇന്ത്യയില്‍ രാമലീല എന്നും ദസറയെ പറയാറുണ്ട്.

നവരാത്രിയോട് അനുബന്ധിച്ച് വടക്കേ ഇന്ത്യയില്‍ ദസറ ആഘോഷം വലിയ വിപുലമായാണ് നടക്കുന്നത്. രാമന്‍റെയും സീതയുടെയും കഥയായ രാമായണം പല പ്രദേശങ്ങളിലും നാടകമായി അവതരിപ്പിക്കുക പതിവാണ്. രാവണന്‍റെയും കുംഭകര്‍ണ്ണന്‍റെയും ഇന്ദ്രജിത്തിന്‍റെയും കോലങ്ങള്‍ക്ക് അവസാനദിവസം പടക്കങ്ങള്‍ നിറച്ച് തീകൊളുത്തി പൊട്ടിക്കുന്നത് ഒരു പ്രധാന ആഘോഷമായി തന്നെ വടക്കേ ഇന്ത്യയില്‍ ഉണ്ട്. ദസ് എന്നത് ഹിന്ദിയിലാണ്. പത്ത് എന്ന് മലയാളത്തില്‍ പറയും. 

ദസറ എന്നു പറഞ്ഞാല്‍ 10 ദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണസിയിലൊക്കെ ദസറ  30 ദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച ചടങ്ങുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു. 10 തലയുള്ള രാവണനെ തോല്‍പ്പിച്ചതിനാലാണ് ദസറ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.

ബ്രഹ്മാവിന്‍റെ മാനസപുത്രന്‍മാരായ സനത്കുമാരന്മാര്‍ ഒരിക്കല്‍ വൈകുണ്ഠം സന്ദര്‍ശിച്ചപ്പോള്‍ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ ദ്വാരപാലകരായ ജയവിജയന്മാര്‍ അവരെ തടഞ്ഞുനിര്‍ത്തി. ഇതില്‍ കോപിച്ച് സനത് കുമാരന്‍മാര്‍ അവര്‍ മൂന്നു ജന്‍മം അസുരന്‍മാരായി ഭൂമിയില്‍ പിറക്കുമെന്ന് ശപിച്ചു. ഈ മൂന്നു ജന്‍മങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും സനത്കുമാരന്‍മാര്‍ ശപിച്ചു. ഈ ശാപത്താല്‍ ആദ്യത്തെ ജന്‍മം അവര്‍ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. 

വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജന്‍മം ഇവര്‍ രാവണനും കുംഭകര്‍ണ്ണനും ആയി പിറന്നു. രാമാവതാരത്തില്‍ ഇവര്‍ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം കംസനും ശിശുപാലനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തില്‍ ഇവരും നിഗ്രഹിക്കപ്പെട്ടു.

വിശ്രവസ്സ് എന്ന ബ്രാഹ്മണമുനിയുടെ മകനായാണ് രാവണന്‍ ജനിച്ചത്. വിശ്രവസ്സ് മുനി ശിവ ഭക്തനായിരുന്നു. അദ്ദേഹം പൂജകള്‍ നടത്തുന്നതിനായി സ്ഥാപിച്ച ശിവക്ഷേത്രം ഈ ഗ്രാമത്തിലുണ്ട്. വിശ്രവസ്സ് മുനിയുടെ നാടായതിനാലാണ് ഇവിടം ബിസ്റാക്ക്  എന്ന് അറിയപ്പെടുന്നത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്‍റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ സുമാലി തന്‍റെ മകള്‍ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാള്‍ ശക്തികുറഞ്ഞവര്‍ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയില്‍ തിരഞ്ഞ് ഒടുവില്‍ വിശ്രവസ്സിനെ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണന്‍ ഭാഗികമായി അസുരനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.

 ദസറ അഥവാ നവരാത്രിയുടെ കാലത്ത് വടക്കേ ഇന്ത്യയില്‍ എല്ലാം 10 തലകള്‍ ഉള്ള രാവണന്‍റെ രൂപം കത്തിക്കുക പതിവാണ്. എന്നാല്‍ നവരാത്രിയുടെ അവസാനദിവസം രാവണനെ കത്തിക്കാത്ത ഒരേയൊരു ഗ്രാമമാണ് രാജ്യത്തുള്ളത്. അത് രാവണ ജന്മഭൂമിയായ ഗ്രേറ്റര്‍ നോയിഡയിലെ ബിസ്റാക്ക് എന്ന ഗ്രാമമാണ്. അന്ന് രാജ്യത്താകമാനം രാവണന്‍റെ രൂപം കത്തിക്കുമ്പോള്‍ ഈ ഗ്രാമത്തിലുള്ളവര്‍ രാവണന്‍റെ ആത്മാവിന് ശാന്തി നേടുന്നതിന് വേണ്ടി പ്രത്യേക പൂജകളാണ് നടത്തുന്നത്. ബിസ്റാക്കിലെ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഭക്തജനങ്ങളുടെ വലിയ തിരക്കും ഉണ്ടാവുക പതിവ് കാഴ്ചയാണ്.

 നവരാത്രി നാളില്‍ രാവണനെ വീരാരാധന നടത്തുന്ന ഒരു പ്രദേശമാണ് ബിസ്റാക്ക് ഗ്രാമം. ഈ ഗ്രാമത്തില്‍ ദസറയില്‍ എല്ലാ ഗ്രാമീണരും രാവണനെ പൂജിക്കുന്നു എന്നുള്ളത് എടുത്തുപറയണം. അവിടെയുള്ള ഒരു പ്രത്യേകത ശിവക്ഷേത്രത്തിലെ ശിവലിംഗത്തിലേക്ക് ഭക്തര്‍ ഒഴിക്കുന്ന ജലം വറ്റുന്നില്ല എന്നുള്ളതാണ്. അങ്ങനെയാണ് ഗ്രാമത്തിലുള്ളവര്‍ വിശ്വസിക്കുന്നത്. വീണ്ടും ഒരു ദസറ വരുമ്പോള്‍ ബിസ്റാക്ക് എന്ന ഗ്രാമത്തെ ഓര്‍ക്കുന്നത് നല്ലതാണ്. രാവണന്‍റെ ജന്മഭൂമി ബിസ്റാക്കാണെന്ന ഒരു വിഭാഗം ജനങ്ങളുടെ വിശ്വസത്തിന് നമുക്കും സാക്ഷിയാവാം. തലസ്ഥാനത്തിന് തൊട്ടടുത്ത് കിടക്കുന്ന ഗ്രേറ്റര്‍ നോയിഡയുടെ അടുത്തുള്ള ബിസ്റാക്ക് എന്ന ഗ്രാമം പുരാണങ്ങളിലെ ഒരിടം ആണെന്ന് നമുക്ക് തിരിച്ചറിയാം.

               സുധീര്‍നാഥ്

Photo Courtesy - Google