ഗണപതിക്ക് തേങ്ങയുടയ്ക്കുന്ന പതിവ് എന്തുകൊണ്ട്? വിശ്വാസവും പ്രതീകാത്മകതയും അറിയാം...
ഗണപതിക്ക് മുന്നിൽ തേങ്ങയുടയ്ക്കുന്ന വഴിപാട് ഹിന്ദു ആരാധനാരീതികളിലെ സുപരിചിതമായ ആചാരമാണ്. എന്നാൽ, മാമ്പഴമോ വാഴപ്പഴമോ പോലുള്ള മറ്റ് ഫലങ്ങൾക്കുപകരം തേങ്ങയ്ക്ക് മാത്രമാണ് ഈ പ്രത്യേക സ്ഥാനം ലഭിച്ചതെന്ന കാര്യം പലർക്കും കൗതുകമുണർത്താറുണ്ട്. ആത്മീയ വിശ്വാസങ്ങളും പ്രതീകാത്മക അർഥങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ആത്മീയ വ്യാഖ്യാനമനുസരിച്ച് തേങ്ങ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും പ്രതിനിധീകരിക്കുന്നു. തേങ്ങയുടെ നാരുകളുള്ള പുറംഭാഗം മനുഷ്യന്റെ ലൗകിക മോഹങ്ങളെയും, കട്ടിയുള്ള ചിരട്ട അഹങ്കാരത്തെയും സൂചിപ്പിക്കുന്നു. അതിനുള്ളിലെ വെളുത്ത കാമ്പ് ശുദ്ധമായ മനസ്സിന്റെ പ്രതീകമാണെങ്കിൽ, തേങ്ങാവെള്ളം ആത്മാവിനെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ ദൈവസന്നിധിയിൽ തേങ്ങയുടയ്ക്കുന്നത് അഹങ്കാരവും അഹന്തയും ഉപേക്ഷിച്ച് സ്വയം ദൈവത്തിന് സമർപ്പിക്കുന്നതിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഗണപതിക്ക് തേങ്ങയുടയ്ക്കുന്ന പതിവും, ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ നെയ്‌ത്തേങ്ങ ഉൾപ്പെടുത്തുന്നതും തുടരുന്നത്. ജീവിതത്തിലെ വിഘ്നങ്ങൾ നീങ്ങി കാര്യങ്ങൾ വിജയകരമായി പൂർത്തിയാകട്ടെയെന്ന പ്രാർഥനയാണ് ഈ ആചാരങ്ങൾക്ക് പിന്നിലുള്ളത്.
തേങ്ങയെ ഏറ്റവും ശുദ്ധമായ ഫലമായി കണക്കാക്കുന്ന വിശ്വാസവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കട്ടിയുള്ള പുറന്തോടിനുള്ളിൽ സംരക്ഷിക്കപ്പെടുന്നതിനാൽ മറ്റുഫലങ്ങളെപ്പോലെ പക്ഷികളോ മറ്റ് ജീവികളോ എളുപ്പത്തിൽ സ്പർശിക്കാനോ എച്ചിലാക്കാനോ കഴിയില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ദൈവാരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ ഫലമായി തേങ്ങയെ കരുതുന്നു.
മറ്റൊരു പ്രത്യേകതയും തേങ്ങയ്ക്കുണ്ട്. സാധാരണ ഫലങ്ങളുടെ വിത്ത് വേർതിരിച്ച് നട്ടാലാണ് പുതിയ ചെടി വളരുക. എന്നാൽ തേങ്ങയുടെ കാര്യത്തിൽ അതിന്റെ സമ്പൂർണ രൂപം തന്നെയാണ് മുളച്ച് പുതിയ തെങ്ങായി വളരുന്നത്. ഈ പൂർണതയുടെ സവിശേഷതയാണ് ദൈവത്തിന് സമർപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഫലമായി തേങ്ങയെ വിശ്വാസപരമായി ഉയർത്തിക്കാട്ടുന്നതെന്നും ആചാരവിശ്വാസങ്ങൾ വിശദീകരിക്കുന്നു.
അതുകൊണ്ടുതന്നെ ഗണപതിക്ക് തേങ്ങയുടയ്ക്കുന്ന ആചാരം ഒരു സാധാരണ വഴിപാടല്ല; അഹന്തയെ ഉപേക്ഷിച്ച് ശുദ്ധമായ മനസ്സോടെ ദൈവസന്നിധിയിൽ സമർപ്പണമാകുന്ന ആത്മീയ സന്ദേശം ഉൾക്കൊള്ളുന്ന ഒരു വിശ്വാസാചാരമായാണ് അത് തലമുറകളായി തുടരുന്നത്.
