ജാതകത്തില്‍ പുനര്‍വിവാഹയോഗമുണ്ടെങ്കില്‍

ജാതകത്തില്‍ പുനര്‍വിവാഹയോഗമുണ്ടെങ്കില്‍

HIGHLIGHTS

വിവാഹജീവിതത്തിലെ താളപ്പിഴകളും തകര്‍ച്ചകളും പലപ്പോഴും വേര്‍പിരിയലില്‍ വരെ ചെന്നെത്തുന്നു. തുടര്‍ന്ന് പുനര്‍വിവാഹത്തെക്കുറിച്ച് പുരുഷന്‍ ചിന്തിക്കുന്നതാണ്. ജാതകം കാലേക്കൂട്ടി പരിശോധിച്ച് പുനര്‍വിവാഹയോഗമുണ്ടോ എന്ന് കണ്ടെത്തുവാന്‍ കഴിയുന്നതാണ്. ഇത്തരത്തില്‍ ജാതകം സസൂക്ഷ്മം വിലയിരുത്തി പുനര്‍വിവാഹസാധ്യത കണ്ടെത്താനും അത് പരിഹരിക്കാനും 

 

വിവാഹജീവിതത്തിലെ താളപ്പിഴകളും തകര്‍ച്ചകളും പലപ്പോഴും വേര്‍പിരിയലില്‍ വരെ ചെന്നെത്തുന്നു. തുടര്‍ന്ന് പുനര്‍വിവാഹത്തെക്കുറിച്ച് പുരുഷന്‍ ചിന്തിക്കുന്നതാണ്. ജാതകം കാലേക്കൂട്ടി പരിശോധിച്ച് പുനര്‍വിവാഹയോഗമുണ്ടോ എന്ന് കണ്ടെത്തുവാന്‍ കഴിയുന്നതാണ്. ദോഷങ്ങള്‍ കടുത്തതല്ലെങ്കില്‍ അവയ്ക്ക് പരിഹാരം ചെയ്യുന്നതിലൂടെ അപാകതകള്‍ പരിഹരിക്കാന്‍ കഴിയുകയും ചെയ്യും.

ജയപരാജയങ്ങള്‍

ഏഴാം ഭാവം കൊണ്ടും സ്ത്രീജാതകത്തില്‍ ഏഴും എട്ടും ഭാവം കൊണ്ടും ശുക്രനെ ക്കൊണ്ടുമാണ് ദാമ്പത്യ ബന്ധത്തിന്‍റെ ജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. പുനര്‍വിവാഹയോഗം ഉണ്ടെങ്കിലും എല്ലാപേര്‍ക്കും ഒന്നിലധികം വിവാഹം നടക്കണമെന്നില്ല എന്നത് നാം കാണേണ്ട പ്രധാന വസ്തുതയാണ്.  വിവാഹത്തിലെ പൊരുത്ത നിര്‍ണ്ണയത്തില്‍ വിട്ടുവീഴ്ചയ്ക്ക് വശംവദരാകാതെ പൊരുത്തം ഉത്തമമെന്ന് ഉറപ്പാക്കി മാത്രം വിവാഹം നടത്തുക. പക്ഷേ എന്തെങ്കിലും ദോഷം കണ്ടാല്‍ അവയ്ക്ക് യഥാസമയം പരിഹാരം ചെയ്യുകയും വേണം. അങ്ങനെ ആയാല്‍ പലപ്പോഴും വൈവാഹിക ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ്. ദൈവികമായ പിന്‍ബലമുണ്ടെങ്കില്‍ തീര്‍ച്ചയായും അത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാനാവുമെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

പ്രധാന ചില പുനര്‍വിവാഹ യോഗങ്ങള്‍

1. ശുക്രന്‍ ബലഹീനനായിരിക്കുകയും ഏഴാം ഭാവാധിപന്‍ അനിഷ്ടസ്ഥാനത്ത് നില്‍ക്കുകയും ചെയ്താല്‍ അവന്‍റെ ഭാര്യ ഉത്തമയായിരിക്കുകയില്ല. പണത്തിനുവേണ്ടി ഭര്‍ത്താവിനെ സദാ അലട്ടുന്നവളായിരിക്കും. ഇത് കുടുംബബന്ധത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകും.

2. ഏഴാം ഭാവാധിപന്‍ ശുഭയോഗം ചെയ്ത് ദുസ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്താല്‍ ജാതകന്‍ രണ്ട് വിവാഹം കഴിക്കും.

3. ലഗ്നാധിപന്‍ പന്ത്രണ്ടിലും പാപഗ്രഹങ്ങള്‍ ഏഴിലും ഏഴാം ഭാവാധിപന്‍ പാപയോഗം ചെയ്ത് രണ്ടിലും സ്ഥിതി ചെയ്താല്‍ ജാതകന് രണ്ട് ഭാര്യയുണ്ടാകും.

4. ഏഴാം ഭാവാധിപന്‍റെ നവാംശകാധിപന്‍ നീചത്തില്‍ നില്‍ക്കുക, അല്ലെങ്കില്‍ നീചത്തില്‍ അംശിക്കുക, അല്ലെങ്കില്‍ ശത്രുക്ഷേത്രത്തില്‍ നില്‍ക്കുക, അല്ലെങ്കില്‍ ശത്രുക്ഷേത്രത്തില്‍ അംശിക്കുക ഇതില്‍ ഒന്നുഭവിച്ചാല്‍ ജാതകന്‍ പുനര്‍വിവാഹം ചെയ്യും.

5. ഏഴാം ഭാവാധിപന്‍റെ നവാംശകാധിപന് മൗഢ്യമോ പാപവീക്ഷണത്തോടുകൂടിയ പാപമധ്യസ്ഥിതിയോ വന്നാലും ജാതകന്‍ പുനര്‍വിവാഹം ചെയ്യും.

6. രണ്ടാം ഭാവത്തിലോ, ഏഴാം ഭാവത്തിലോ പാപഗ്രഹയോഗമോ പാപവീക്ഷണമോ വരികയും ഭാവാധിപന്‍ ദുര്‍ബലനായിരിക്കുകയും ചെയ്താല്‍ ജാതകന്‍ പുനര്‍വിവാഹം ചെയ്യും.

7. ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപന്മാര്‍ നില്‍ക്കുകയും പന്ത്രണ്ടില്‍ ചൊവ്വ നില്‍ക്കുകയും, ഏഴാം ഭാവത്തിലേയ്ക്ക് ഏഴാം ഭാവാധിപന്‍റെ ദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്താല്‍ ജാതകന്‍ പുനര്‍വിവാഹം ചെയ്യും.
ശുക്രനും ഏഴാം ഭാവാധിപനും അത്യുച്ചത്തില്‍ വന്നാല്‍ ബഹുഭാര്യാത്വവും വിധിക്കണം. എന്നാല്‍ ആദ്യഭാര്യയെ ഉപേക്ഷിക്കണമെന്നില്ല.

8. ഏഴാം ഭാവാധിപന് ശത്രുക്ഷേത്രസ്ഥിതിയോ നീചമോ മൗഢ്യമോ ഉണ്ടാവുകയും, ഏഴാം ഭാവത്തിന് പാപയോഗമോ, പാപദൃഷ്ടിയോ സംഭവിക്കുകയും ചെയ്താല്‍ കളത്രനാശം സംഭവിക്കും.

9. ശുക്രന് പാപമധ്യസ്ഥിതി വരികയോ ശുക്രന്‍റെ നാല്, എട്ട് ഭാവങ്ങളില്‍ പാപയോഗം വരികയോ ചെയ്താല്‍ ഭാര്യാമരണം ഉണ്ടാകും.

10. പാപദൃഷ്ടിയുള്ള പാപന്‍ രണ്ടാമെടത്തു നില്‍ക്കുക, ബലഹീനനായ പാപന്‍ മൂന്നില്‍ നില്‍ക്കുക, അഷ്ടമാധിപന്‍ ആറില്‍ നില്‍ക്കുക, ഗുളിക ഭവനാധിപന്‍ ഏഴില്‍ നില്‍ക്കുക, വൃശ്ചികത്തില്‍ പാപനോടുകൂടി ശുക്രന്‍ നില്‍ക്കുക. ഇവയെല്ലാം ഭാര്യാസുഖത്തിന് അസുഖവും അസ്വസ്ഥതയും ചിലപ്പോള്‍ ഹാനിയും സംഭവിക്കുന്നതിന് കാരണമാകും.

11. ഏഴാം ഭാവാധിപനോ ശുക്രനോ ഇവരില്‍ ഒരാള്‍ ബലവാനായി ഇഷ്ടഭാവത്തില്‍ നിന്നാല്‍ ഒരു വിവാഹവും രണ്ടുപേരും ബലവാന്മാരായി ഇഷ്ടഭാവത്തില്‍ നിന്നാല്‍ രണ്ട് വിവാഹവും നടക്കും.

12. ഏഴാം ഭാവാധിപനോ ശുക്രനോ അത്യുച്ചവും ഏഴാം ഭാവത്തില്‍ ശുഭദൃഷ്ടിയും വന്നാല്‍ ജാതകന് രണ്ടിലധികം ഭാര്യമാരുണ്ടാകും.

13. ചൊവ്വയും ശനിയും ശുക്രനും കൂടി ഏഴാം ഭാവത്തിലും ലഗ്നാധിപന്‍ എട്ടിലും നിന്നാല്‍ ജാതകന് മൂന്ന് വിവാഹം നടക്കും. ഏഴാം ഭാവാധിപന്‍ ഉച്ചസ്ഥിതി ശുഭവര്‍ഗ്ഗസ്ഥിതി ഇവയോടുകൂടി പത്താം ഭാവാധിപനോട് ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളില്‍ നിന്നാല്‍ ജാതകന് ഒന്നിലധികം ഭാര്യമാരുണ്ടാകും.

14. കന്നിലഗ്നത്തില്‍ ആദിത്യനും, ഏഴാം ഭാവത്തില്‍ ശനിയും നിന്നാല്‍ കളത്രനാശം സംഭവിക്കും.

15. മകരത്തില്‍ ഏഴാമെടത്ത് വ്യാഴം നിന്നാലും, വൃശ്ചികത്തില്‍ ഏഴാമെടത്ത് ശുക്രന്‍ നിന്നാലും, ഇടവത്തില്‍ ഏഴാമെടത്ത് ബുധന്‍ നിന്നാലും ജാതകന്‍റെ പ്രഥമ ഭാര്യ അകാലമരണം പ്രാപിക്കും. ഇടവത്തില്‍ ഏഴാമെടത്തുനില്‍ക്കുന്ന ബുധന്‍ നിശ്ചയമായും ഭാര്യയെ നശിപ്പിക്കും.

കളത്രനാശകാരണമായ മറ്റ് ചില ഗ്രഹസ്ഥിതികള്‍

1. രണ്ട്, നാല്, ഏഴ് ഈ ഭാവനാഥന്മാരായ പാപികള്‍ ആരെങ്കിലും ആറ്, എട്ട് പന്ത്രണ്ട് ഈ ഭാവങ്ങളില്‍ ശത്രുക്ഷേത്രസ്ഥിതിയോ നീചസ്ഥിതിയോ ഭവിച്ചുനില്‍ക്കുകയും പാപദൃഷ്ടനായി തീരുകയും ചെയ്താല്‍ കളത്രനാശം സംഭവിക്കും.

2. ശുക്രന്‍റെ പാപമധ്യസ്ഥിതിയും ശത്രുക്ഷേത്രസ്ഥിതിയും കളത്രനാശകാരണങ്ങളാണ്.

3. കുജന്‍ രണ്ട്, ഏഴ്, എട്ട്, നാല്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ നിന്നാലും ഭാര്യാനാശത്തെ ചിന്തിക്കണം.

4. ഏഴാം ഭാവം പാപക്ഷേത്രമായും അവിടെ കുജന്‍ പാപവീക്ഷിതനായി നില്‍ക്കുകയും ചെയ്താല്‍ ഭാര്യാനാശം സംഭവിക്കും.

5. ലഗ്നത്തില്‍ ശുക്രനും പന്ത്രണ്ടാം ഭാവത്തില്‍ കുജനും നിന്നാല്‍ ഭാര്യാനാശം നിശ്ചയമാണ്. കുജന്‍ ബലഹീനനാണെങ്കില്‍ നാശം ഉണ്ടാവുകയില്ല.

8. ബലഹീനനായ കുജന്‍ ഏഴാം ഭാവത്തില്‍ നില്‍ക്കുകയും ശനി ആ കുജനെ വീക്ഷിക്കുകയും ചെയ്താല്‍ ഭാര്യാനാശം നിശ്ചയമാണ്.

7. ഏതൊരു ജാതകത്തില്‍ അഞ്ചാമിടത്ത് അഷ്ടമാധിപനും ചന്ദ്രന്‍റെ ഏഴാമെടത്ത് ബുധശുക്രന്മാരും നില്‍ക്കുന്നുവോ അവന്‍റെ വിവാഹത്തിനുശേഷം 10-ാം വര്‍ഷത്തില്‍ ആദ്യഭാര്യയും 22-ാം വര്‍ഷത്തില്‍ രണ്ടാമെടത്ത ഭാര്യയും 33-ാമത്തെ വര്‍ഷത്തില്‍ മൂന്നാമത്തെ ഭാര്യയും മരണം പ്രാപിക്കും.

മേല്‍പ്പറഞ്ഞ ഫലങ്ങള്‍ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ചിന്തിക്കാവുന്നതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി പറയാവുന്ന ഫലങ്ങളെക്കുറിച്ച് നോക്കാം.

1. ഒരു സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും. ഇല്ലെങ്കില്‍ ഭര്‍ത്തൃസുഖത്തില്‍ നിന്ന് വിരക്തിയുണ്ടാകും.

2. ഏഴാമെടത്ത് കുജന്‍ നിന്നാല്‍ ബാല്യത്തില്‍ തന്നെ വൈധവ്യം അനുഭവപ്പെടും.

3. ഏഴാമെടത്ത് ചൊവ്വ നിന്നാല്‍ വൈധവ്യദോഷമുണ്ടെങ്കിലും ചിലപ്പോള്‍ അവളുടെ ജാരനായിട്ട് വരുന്നവനായിരിക്കും അവളുടെ ഭര്‍ത്താവ് ആകുന്നത്.

നീചസംസര്‍ഗ്ഗയോഗം

1. ഒരു സ്ത്രീജാതകത്തില്‍ കുജനും ശുക്രനും ചന്ദ്രനും കൂടി ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ അവള്‍ ഭര്‍ത്താവിന്‍റെ അനുവാദത്തോടുകൂടി വ്യഭിചരിക്കുന്നവളായി ഭവിക്കും.

2. കുജക്ഷേത്രത്തില്‍ ശുക്രനും ശുക്രക്ഷേത്രത്തില്‍ കുജനും പരസ്പരം നവാംശകം ചെയ്തു നിന്നാല്‍ അവള്‍ ജാരനെ പ്രാപിക്കുന്നവളായിരിക്കും.

3. കുജന്‍റെയും ശനിയുടെയും ക്ഷേത്രങ്ങളില്‍ ഒന്ന് ലഗ്നമാവുകയും അവിടെ പാപദൃഷ്ടിയോടുകൂടി ചന്ദ്രശുക്രന്മാര്‍ നില്‍ക്കുകയും ചെയ്താല്‍ അവളും അവളുടെ മാതാവും വ്യഭിചാരിണികളായിരിക്കും.

4. പാപദൃഷ്ടിയോടുകൂടി ശുക്രനും ചന്ദ്രനും കുജനൊഴിച്ച് മറ്റേതെങ്കിലും ഒരു ഗ്രഹത്തോട് ചേര്‍ന്ന് കുജന്‍റെയോ ശനിയുടെയോ ക്ഷേത്രങ്ങളില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ കുജനോ ശനിയോ അംശകം ചെയ്യുന്ന രാശിയില്‍ നില്‍ക്കുകയോ ചെയ്താല്‍ മാതാവോടുകൂടി അവളും വ്യഭിചരിക്കുന്നവളായിരിക്കും.

5. ഏഴാം ഭാവം പാപക്ഷേത്രമാവുകയും അവിടെ ബലഹീനരായ ചന്ദ്രന്‍ നില്‍ക്കുകയും ചെയ്താല്‍ ജാതകയും അവളുടെ ഭര്‍ത്താവും വ്യഭിചാരം ചെയ്യുന്നവരായിരിക്കും.


ഇത്തരത്തില്‍ ജാതകം സസൂക്ഷ്മം വിലയിരുത്തിയാല്‍ പുനര്‍വിവാഹസാധ്യത കണ്ടെത്തുകയും പരിഹാരങ്ങള്‍ ചെയ്ത് പരിഹരിക്കാവുന്നതാണെങ്കില്‍ അതിന് ശ്രമിക്കുന്നതും ഉത്തമമാണ്.

ജി. അനില്‍കുമാര്‍
9388491051

Photo Courtesy - Google