രോഗങ്ങള്‍ വഴിപാടുകള്‍ ക്ഷേത്രങ്ങള്‍

രോഗങ്ങള്‍ വഴിപാടുകള്‍ ക്ഷേത്രങ്ങള്‍

HIGHLIGHTS

 ഇന്ന് നമുക്ക് ലഭ്യമാകുന്ന ആധുനിക ചികിത്സാസമ്പ്രദായങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് രോഗചികിത്സകള്‍ കൂടി നടത്തിയിരുന്ന ആതുരാലയങ്ങള്‍ ആയിരുന്നു മിക്ക ക്ഷേത്രങ്ങളും.  നിവേദ്യങ്ങളായും തീര്‍ത്ഥങ്ങളായും എണ്ണകളും കുഴമ്പുകളുമായും ഒക്കെ ദൈവികതയുടെ ഇലക്കുമ്പിളില്‍ ഭക്തര്‍ക്ക് നല്‍കിയിരുന്നത് അപൂര്‍വ്വങ്ങളായ ഔഷധക്കൂട്ടുകള്‍ അടങ്ങിയ ഒറ്റമൂലികള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ നാം ഏറെ വൈകിയിരിക്കുന്നു.  എങ്കിലും കാലത്തിന്‍റെ കുത്തൊഴുക്കില്‍ മലക്കം മറിയാതെ ഇന്നും പൗരാണികതയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന ചില ക്ഷേത്രങ്ങള്‍ ഉണ്ട്.

 

നവധി കാലഘട്ടങ്ങളിലൂടെ നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായവയാണ് നമ്മള്‍ ഇന്ന് കാണുന്ന നമ്മുടെ ക്ഷേത്രങ്ങള്‍. ഇന്ന് നമുക്ക് ലഭ്യമാകുന്ന ആധുനിക ചികിത്സാസമ്പ്രദായങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് രോഗചികിത്സകള്‍ കൂടി നടത്തിയിരുന്ന ആതുരാലയങ്ങള്‍ ആയിരുന്നു മിക്ക ക്ഷേത്രങ്ങളും. എന്നാല്‍ കാലാകാലങ്ങളില്‍ സംഭവിച്ചതും സംഭവിപ്പിച്ചതുമായ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അമൂല്യമായ അറിവിന്‍റെ ശേഖരങ്ങള്‍ നമ്മളില്‍ നിന്നും മായിച്ചുകളഞ്ഞു.

നിവേദ്യങ്ങളായും തീര്‍ത്ഥങ്ങളായും എണ്ണകളും കുഴമ്പുകളുമായും ഒക്കെ ദൈവികതയുടെ ഇലക്കുമ്പിളില്‍ ഭക്തര്‍ക്ക് നല്‍കിയിരുന്നത് അപൂര്‍വ്വങ്ങളായ ഔഷധക്കൂട്ടുകള്‍ അടങ്ങിയ ഒറ്റമൂലികള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ നാം ഏറെ വൈകിയിരിക്കുന്നു.

ആധുനികതയുടെ പുതിയ മേച്ചില്‍പുറങ്ങളില്‍ കൂടി നാം യാത്ര തുടങ്ങിയപ്പോള്‍ മഹര്‍ഷീശ്വരന്മാര്‍ കാത്തുവച്ച അറിവിന്‍റെ അമൃതബിന്ദുക്കള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോവുകയും നഷ്ടപ്പെടുകയും ചെയ്തു. അവയൊന്നും തിരികെ പിടിക്കാന്‍ കഴിയാത്തവിധത്തില്‍ ലോകക്രമത്തില്‍ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. എങ്കിലും കാലത്തിന്‍റെ കുത്തൊഴുക്കില്‍ മലക്കം മറിയാതെ ഇന്നും പൗരാണികതയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന ചില ക്ഷേത്രങ്ങള്‍ ഉണ്ട്.

അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം

പാമ്പുവിഷത്തിന് ദിവസം മുഴുവന്‍ അഭിഷേകതീര്‍ത്ഥവും ചന്ദനവും നല്‍കുന്ന ക്ഷേത്രമാണ് അച്ചന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്നും ജലം എടുത്ത് മന്ത്രം ജപിച്ച് ശാസ്താവിനെ അഭിഷേകം ചെയ്യുന്നതോടുകൂടി ഈ തീര്‍ത്ഥജലം ദിവ്യൗഷധം ആയി മാറുന്നു. ശാസ്താവിന്‍റെ വലതുകയ്യില്‍ ചന്ദനഉരുള എപ്പോഴും നിറച്ചുവയ്ക്കും. വിഷബാധയേറ്റ് ആരെങ്കിലും വന്നാല്‍ ഈ തീര്‍ത്ഥജലവും ചന്ദനഉരുളയും നല്‍കും. ഇതോടെ അയാളുടെ വിഷബാധ ഇല്ലാതെയാകും. വിഷബാധ ഏറ്റ ആളെ എപ്പോള്‍ കൊണ്ടുവന്നാലും നേരം നോക്കാതെ മേല്‍ശാന്തി കുളികഴിഞ്ഞു ശ്രീകോവില്‍ തുറന്നു തീര്‍ത്ഥവും ചന്ദനവും എടുത്ത് കൊള്ളണം എന്നാണ് അനുശാസന.

തകഴി  ശ്രീധര്‍മ്മശാസ്താക്ഷേത്രം

വാതം, മഞ്ഞപ്പിത്തം എന്നിവയ്ക്ക് വലിയെണ്ണ നല്‍കുന്ന തകഴി ശ്രീധര്‍മ്മശാസ്താക്ഷേത്രം. എണ്‍പത്തിനാലുതരം പച്ചമരുന്നുകളും അറുപത്തിനാലുകൂട്ടം അങ്ങാടിമരുന്നുകളും ചേര്‍ത്താണ് എണ്ണകാച്ചുന്നത്. വേപ്പെണ്ണ, ഓടയെണ്ണ, മരോട്ടിയെണ്ണ, പുന്നയ്ക്കയെണ്ണ, പൂവത്തെണ്ണ തുടങ്ങിയ പലതരം എണ്ണകള്‍ ചേര്‍ക്കുമെങ്കിലും എള്ളെണ്ണ ചേര്‍ക്കാറില്ല. എണ്ണ കഴിക്കുമ്പോള്‍ പഥ്യം പാലിക്കണം. 91 ദിവസമാണ് പഥ്യം. പച്ചവെള്ളം കുടിക്കരുത്. എണ്ണകാച്ചുന്ന സമയത്ത് തൊട്ടടുത്ത അടുപ്പില്‍ പാല്‍പ്പായസവും വയ്ക്കും. പായസത്തില്‍ പാടകെട്ടി കഴിഞ്ഞാല്‍ എണ്ണ പാകം ആയി എന്നാണ് വിശ്വാസം.

കുളത്തൂപ്പുഴ ശാസ്താക്ഷേത്രം

അരിമ്പാറയ്ക്ക് മീനൂട്ട് നടത്തുന്ന കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിനോട് ചേര്‍ന്നാണ് കല്ലടയാര്‍ ഒഴുകുന്നത്. ആറിലെ മീനുകള്‍ ബാലശാസ്താവിന്‍റെ തിരുമക്കള്‍ ആണെന്നാണ് വിശ്വാസം. പലതരത്തിലുള്ള ത്വക്ക്രോഗങ്ങളും മീനൂട്ട് കൊണ്ട് മാറും. ശാസ്താവിന്‍റെ ആജ്ഞ അനുസരിക്കാന്‍ ഒരു മത്സ്യകന്യകയും ആറില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം

ഉദരരോഗത്തിന് താളുകറി നല്‍കുന്ന മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം. കര്‍ക്കിടകം, കുംഭം, തുലാം മാസങ്ങളിലെ അമാവാസി ദിവസമാണ് ഇവിടെ താളുകറി തയ്യാറാക്കുന്നത്. കാട്ടുചേമ്പാണ് താളുകറി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തുനിന്നും ശേഖരിക്കുന്ന താള്‍ അരിഞ്ഞുവൃത്തിയാക്കി വലിയ വാര്‍പ്പുകളില്‍ വേവിച്ച് വറുത്തു പൊടിച്ച മുളക്, മല്ലി എന്നിവ ചേര്‍ത്ത് പുളിപിഴിഞ്ഞ് ഒഴിച്ച് കടുക് കൂടി വറുത്ത് ചേര്‍ക്കുമ്പോള്‍ കറി തയ്യാറാകും. ക്ഷേത്രത്തിലെ നിവേദ്യമായ ഉണക്കലരിച്ചോറില്‍ ചേര്‍ത്താണ് താളുകറി കഴിക്കേണ്ടത്.

ആനക്കല്‍ ധന്വന്തരിക്ഷേത്രം

ചൊറിയും ത്വക്ക്രോഗങ്ങളും മാറാന്‍ ആനക്കല്‍ ധന്വന്തരിക്ഷേത്രത്തില്‍ ചെയ്യുന്ന വഴിപാടാണ് കടുകും വെള്ളരിയും സമര്‍പ്പണം. ഇടങ്ങഴിയില്‍ കടുക് നിറച്ച് അതിനുമുകളില്‍ വെള്ളരിയും വച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ എല്ലാ ത്വക്ക്രോഗങ്ങളും മാറുമെന്നാണ് വിശ്വാസം. പത്താമുദയത്തിന് ഇടങ്ങഴിക്ക് പകരം പറയില്‍ കടുക് നിറച്ച് കടുക് പറ എന്ന പേരിലാണ് ഈ വഴിപാട് നടത്തുന്നത്.

ഏറ്റുമാനൂരപ്പന്‍

അപസ്മാരം മാറ്റുന്ന ദേവനാണ് ഏറ്റുമാനൂരപ്പന്‍. പരമശിവന്‍റെ ഏറ്റവും രൗദ്രഭാവമായ ശരഭേശ്വരമൂര്‍ത്തിയായിട്ടാണ് ഇവിടെ സങ്കല്‍പ്പം. ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നെയ്യും പഞ്ചഗവ്യവും സേവിച്ചു ഭജനം ഇരിക്കലാണ് പ്രതിവിധി. സര്‍വ്വരോഗങ്ങളും ഏറ്റുമാനൂരപ്പന്‍റെ മുന്നില്‍ ഭജനം ഇരുന്നാല്‍ മാറും എന്നാണ് വിശ്വാസം. ബാധാ ഉപദ്രവം ഉള്ളവരെ കൊണ്ട് ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന് മുന്നിലുള്ള വലിയ വിളക്കില്‍ പിടിച്ചു സത്യം ചെയ്യിച്ചാല്‍ അതോടെ ബാധ ഒഴിഞ്ഞുപോകും. ഈ വിളക്കിന്‍റെ മൂടിയില്‍ ദീപനാളം തട്ടി കരിമഷിപോലെ പിടിച്ചിരിക്കും. ഈ മഷികൊണ്ട് കണ്ണെഴുതുന്നത് നേത്രരോഗങ്ങള്‍ മാറാന്‍ നല്ലതാണ്. പാര്‍വതിദേവി ഈ വിളക്കിലെ മഷികൊണ്ട് കണ്ണെഴുതിയത് കൊണ്ടാണ് ഇതിന് ഔഷധഗുണം വന്നതെന്നാണ് വിശ്വാസം.

വെന്നിക്കല്‍ ശിവക്ഷേത്രം

ശ്വാസംമുട്ടിന് കയര്‍ സമര്‍പ്പിക്കുന്ന വഴിപാട് നടത്തുന്ന ക്ഷേത്രമാണ് വെന്നിക്കല്‍ ശിവക്ഷേത്രം. തൃശൂര്‍ ജില്ലയിലെ വലപ്പാടിനടുത്താണ് വളരെ പുരാതനമായ ഈ ക്ഷേത്രം.

തിരുവിഴ ശിവക്ഷേത്രം

കൈവിഷത്തിനും മാനസിക വിഭ്രാന്തിക്കും ഏറെ ഉത്തമമാണ് ചേര്‍ത്തലയ്ക്ക് സമീപമുള്ള തിരുവിഴ ശിവക്ഷേത്രത്തിലെ മരുന്നു സേവ. മരുന്നുസേവിക്കാനെത്തുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുന്‍പ് ക്ഷേത്രത്തിലെത്തണം. ദീപാരാധനകഴിഞ്ഞ് യക്ഷിക്ക് നടത്തുന്ന ഗുരുതിയുടെ പ്രസാദം കഴിക്കണം. അന്ന് അവിടെ താമസിച്ചു പിറ്റേദിവസം പന്തീരടിപൂജയ്ക്ക് ശേഷമാണ് മേല്‍ശാന്തി മരുന്ന് നല്‍കുന്നത്. ക്ഷേത്രത്തിനകത്ത് മാത്രം വളരുന്ന ഒരു പ്രത്യേക ചെടി ഇടിച്ചുപിഴിഞ്ഞ് നീരെടുത്തു ദേവനുനേദിച്ച പാലില്‍ ചേര്‍ക്കുന്നു. ഇതാണ് മരുന്നായി ഒരു കിണ്ടിയില്‍ ഭക്തര്‍ക്ക് കൊടുക്കുന്നത്. മരുന്ന് കഴിച്ചതിനുശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിച്ചുപോകും. അതിനുശേഷം ക്ഷേത്രത്തില്‍നിന്ന് പാല്‍പ്പായസം നല്‍കും. മരുന്നുസേവ കൈവിഷത്തിന് പുറമെ കുഷ്ഠം, മഹോദരം, അര്‍ശസ് തുടങ്ങിയ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ്.

കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം

സംസാരശേഷിക്ക് കദളിപ്പഴം നിവേദിക്കുന്ന ക്ഷേത്രമാണ് കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം. തപസ്സനുഷ്ഠിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. അതിനാല്‍ ആഘോഷങ്ങളോ ശബ്ദഘോഷങ്ങളോ ഇവിടെ പാടില്ല. കദളിപ്പഴം നിവേദിക്കുന്നതാണ് പ്രധാന വഴിപാട്. ജന്മനാ മൂകരായവര്‍ക്ക് പോലും ഫലപ്രാപ്തി ലഭിക്കുന്നതാണ് ഇവിടുത്തെ വഴിപാട്.

പള്ളിയറ ദേവിക്ഷേത്രം

ചിലന്തിവിഷമേറ്റവര്‍ക്ക് ചികിത്സയുള്ള കേരളത്തിലെ ഏകക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പള്ളിയറ ദേവിക്ഷേത്രം. ചിലന്തിവിഷമേറ്റവര്‍ ക്ഷേത്രത്തിലെത്തി മലര്‍നിവേദ്യം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ജപിച്ച ഭസ്മം ശരീരമാസകലം പുരട്ടണം. ഒരാഴ്ചയ്ക്കകം ചിലന്തിവിഷം പൂര്‍ണ്ണമായും ഇല്ലാതെയാകും.

മാനസികരോഗത്തിനും ബാധാ ഉപദ്രവങ്ങള്‍ക്കും ഭജനം ഇരിക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, വിക്കുമാറാനും വാക്സാമര്‍ത്ഥ്യത്തോടെ സംസാരിക്കാനും കദളിപ്പഴം നിവേദിക്കുന്ന മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലുള്ള വാഴേങ്കട നരസിംഹസ്വാമിക്ഷേത്രം കൈപ്പുണ്യമുള്ള ഡോക്ടറാകാന്‍ ഭജനം ഇരിക്കുന്ന നെല്ലുവായ്  ധന്വന്തരിക്ഷേത്രം മുതല്‍ അനവധി രോഗങ്ങള്‍ക്ക് വഴിപാടുകള്‍ നടത്തി സുഖമായും സന്തോഷമായും ജീവിക്കാനും മരിക്കാനും നമ്മളെ സഹായിക്കുന്ന നൂറുകണക്കിന് ഇതുപോലുള്ള ക്ഷേത്രങ്ങളുണ്ട്. എത്രയൊക്കെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിച്ചാലും ഒരു ദിവസം ഇവിടെ നിന്നുപോകേണ്ടവരാണ് നാം എന്ന തിരിച്ചറിവ് സൂചിപ്പിക്കുന്നതാണ് തിരുനാവായ നാവാമുകുന്ദക്ഷേത്രത്തിലെ സുഖമരണത്തിനുള്ള താമരമാല വഴിപാട്.

രതീഷ് രാജന്‍
(9495400896)