പാദസരവും ദുർദേവതാദോഷവും:പാദസരമണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദീപാരാധനയും തൊഴുത് ക്ഷേത്രപ്പടവുകൾ ഇറങ്ങിവരുന്ന അവളേയും പ്രതീക്ഷിച്ച് അവൻ ആൽത്തറയിൽ ഇരുപ്പുണ്ടായിരുന്നു. ഓരോ പടവുകളിൽ നിന്നും ഉയരുന്ന പാദസരത്തിന്റെ ശബ്ദം അവന്റെ തൊട്ടരികിലെത്തി. നിമിഷാർദ്ധത്തിൽ ഒരു ചിരി സമ്മാനിച്ച് ആ കിലുക്കം അകന്നുപോയി. ആദിശങ്കരന് മുമ്പിൽ ദേവി പ്രത്യക്ഷപ്പെട്ട കഥയാണ് അപ്പോഴവൻ ഓർത്തത്. ആ കഥയും പാദസരവും തമ്മിൽ എന്ത് ബന്ധമെന്നല്ലേ..? പറയാം.
മൂകാംബിക ക്ഷേത്രത്തിന് അൽപ്പമകലെയാണ് കുടജാദ്രി മലനിര. ഈ മലനിരയുമായി ബന്ധപ്പെട്ട് മൂകാംബിക ക്ഷേത്രത്തിന് ഒരു ഐതിഹ്യം നിലവിലുണ്ട്. കുടജാദ്രി മലനിരയിലാണ് ആദിശങ്കരൻ തപസ്സ് ചെയ്തതെന്നും ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെയൊപ്പം വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കണമെന്നുമുള്ള ആഗ്രഹം ആദിശങ്കരൻ അറിയിച്ചുവെന്നുമാണ് ഐതിഹ്യം. ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ തിരിഞ്ഞ് നോക്കരുത് എന്ന വ്യവസ്ഥയിൽ ആദിശങ്കരനെ പിന്തുടർന്നു. ദേവിയുടെ വെള്ളിക്കൊലുസിന്റെ കിലുക്കമാണ് ദേവി തന്നെ പിന്തുടരുന്നു എന്നതിന്റെ തെളിവായി ശങ്കരൻ മനസ്സിൽ കണ്ടിരുന്നത്. എന്നാൽ ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂർ എത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിച്ചു. പാദസരത്തിന്റെ കിലുക്കം കേൾക്കാതായപ്പോൾ ശങ്കരൻ തിരിഞ്ഞ് നോക്കിയത്രേ. അതോടെ ദേവി സ്വയംഭൂവിൽ വലയം പ്രാപിച്ചെന്നും കൊല്ലൂരിൽ സ്ഥാനമുറപ്പിച്ചു എന്നുമാണ് ഐതിഹ്യം.
പാദസരവുമായി ബന്ധപ്പെട്ട ഇനിയുള്ള കഥ രാമായണത്തിൽ നിന്നുമാണ്.
രാവണൻ സീതയെ അപഹരിച്ചതിനുശേഷം രാമലക്ഷ്മണൻമാർ സീതയെ അന്വേഷിച്ച് ലങ്കയിലെ കാനനത്തിൽ അലയുന്ന കാലം. ഹനുമാൻ, സുഗ്രീവൻ തുടങ്ങിയ വാനരസേനയെ ഇവർ കാട്ടിനുള്ളിൽ വച്ച് കണ്ടുമുട്ടുന്നു. ഒരു സ്ത്രീയെ രാക്ഷസൻ വിമാനത്തിൽ തട്ടിക്കൊണ്ടുപോകുന്നതായി സുഗ്രീവൻ രാമനെ അറിയിക്കുന്നു. ഈ മലയുടെ മുകളിൽ ഞങ്ങളെ കണ്ടപ്പോൾ ആ സ്ത്രീ അവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരി, താഴേയ്ക്കിട്ടു. ഇതാണ് ആ ആഭരണങ്ങൾ എന്നുപറഞ്ഞ് താഴേയ്ക്ക് വീണ ആഭരണങ്ങൾ രാമനെ സുഗ്രീവൻ കാണിച്ചു.
ആഭരണങ്ങൾ കണ്ടപാടെ സീതാവിരഹം കൊണ്ടുള്ള ദുഃഖത്താൽ രാമൻ തളർന്നിരുന്നു. ആഭരണങ്ങൾ സീതയുടേ താണോയെന്ന് പരിശോധിക്കാൻ ശ്രീരാമൻ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. 'നാഹം ജാനാദി കേയൂരേ നാഹം ജാനാദി കുണ്ഡലേ നൂപുരേ ത്വഭിജാനാമി നിത്യം പാദാഭിവന്ദനാത്'
ജ്യേഷ്ഠാ... ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന ആഭരണങ്ങളും തോൾവളകളും, കമ്മലുകളും എനിക്ക് തിരിച്ചറിയാൻ കഴിയില്ല.പക്ഷേ ഈ പാദസരം എനിക്ക് നന്നായി അറിയാം എന്നും ആ കാൽക്കൽ നമസ്ക്കരിക്കുമ്പോൾ ഞാൻ കാണുന്നവയാണല്ലോ അവ.. ഇതായിരുന്നു ലക്ഷ്മണന്റെ മറുപടി.
ഒരു സ്ത്രീയും ഭർതൃസഹോദരനും തമ്മിലുള്ള ബന്ധത്തിലെ ഉദാത്തമായ സദാചാരമൂല്യമാണ് വാൽമീകി ലക്ഷ്മണന്റെ വാക്കുകളിലൂടെ രാമായണത്തിൽ പറയുന്നത്.
പാദസരമണിയുമ്പോൾ ശ്രദ്ധിക്കേണ്ടത്
സ്വർണ്ണം സാക്ഷാൽ ലക്ഷ്മിദേവിയാണ്. അതിനാൽ സ്വർണ്ണം ധരിക്കുമ്പോൾ ദൈവികമായ സ്ഥാനമാണ് നൽകേണ്ടത്. സ്വർണ്ണത്തിൽ ശുഭഗ്രഹമായ വ്യാഴത്തിന്റെ ദൈവിക തേജസുകൾ കൊണ്ടിട്ടുണ്ട്. ഇത് അര മുതൽ ശിരസ്സുവരെ ശരീരമാസകലം വ്യാപിച്ചുകിടക്കണം. സ്വർണ്ണപാദസരം അണിയുന്നത് ലക്ഷ്മിദേവിയെ നിന്ദിക്കുന്നതിന് തുല്യമാണത്രേ. അതുകൊണ്ടാണ് വിവാഹവേളയിൽ സ്വർണ്ണപാദസരം അണിയരുതെന്ന് പറയുന്നത്. കാലിൽ വെള്ളി പാദസരമാണ് അണിയേണ്ടത്. വെള്ളിക്ക് ഭാഗ്യത്തെ ആകർഷിക്കാനുള്ള കഴിവുണ്ട്. വെള്ളിക്കൊലുസണിഞ്ഞ വധു ഭർതൃഗൃഹത്തിൽ ഭാഗ്യത്തെ ക്ഷണിച്ചു വരുത്തുമെന്ന് വിശ്വാസം. സ്വർണ്ണം ധരിക്കുന്നതുകൊണ്ട് ശ്രീത്വം വർദ്ധിക്കും. വെള്ളി ധരിക്കുന്നതുകൊണ്ട് ആസക്തി വർദ്ധിക്കും. തൻമൂലം അരയ്ക്ക് താഴെ ആസക്തിക്കും അരയ്ക്കുമേലേ ശ്രീത്വത്തിനും സ്ഥാനം നൽകുന്നു. കാലിൽ വെള്ളി പാദസരമണിയുന്നത് ദുർദേവതാദോഷത്തിന് പരിഹാരമാണ്. സർപ്പങ്ങളുടെ വാസസ്ഥലമായ പാതാളം ഭൂമിക്കടിയിൽ ആയതിനാലും കാലുകൾക്ക് ഭൂമിയുമായി സമ്പർക്കം ഉള്ളതിനാലും പാതാളലോക വാസികളായ ദുർദേവതകൾ പാദങ്ങളിലൂടെ സ്ത്രീകളുടെ ശരീരത്തിൽ പ്രവേശിക്കാനിടയുണ്ടത്രേ. ഇതിനെ പ്രതിരോധിക്കാൻ സർപ്പാകൃതിയിലുള്ള ആഭരണമായ പാദസരങ്ങൾ അണിയുന്നതാണ് പരിഹാരമെന്ന് ആചാര്യ നിഗമനം.
കിലുക്കമില്ലാത്ത പാദസരങ്ങൾ കാലിൽ അണിയരുതെന്നാണ് പഴമക്കാരുടെ വാദം. പാദസരത്തിലെ മുത്തുകളുടെ ശബ്ദം ശുഭലക്ഷണമാണ്. നാദം ദൈവികമാണെന്നുള്ള വിശ്വാസമാണ് ഈ അഭിപ്രായത്തിന് പിന്നിൽ.
