ഇടത്താവളങ്ങളില്‍ വിരിവച്ച് അയ്യപ്പ സന്നിധിയിലേയ്ക്ക്...
ശബരിമലയാത്ര ഭക്തിയുടെ മഹാതീര്‍ത്ഥാടനമാണ്. യാത്രാമദ്ധ്യേയുള്ള പുണ്യക്ഷേത്രങ്ങളില്‍ വിരിവച്ചും വിശ്രമിച്ചും പ്രാര്‍ത്ഥിച്ചും നേടിയെടുക്കുന്ന ആനന്ദലഹരിയിലാണ് കാനനവാസനരികിലണയുന്നത്. കേരളത്തിലെ പ്രധാന നിരവധി ക്ഷേത്രങ്ങള്‍ മണ്ഡല- മകരവിളക്ക് കാലയളവില്‍ അയ്യപ്പന്‍മാരെ ഹൃദയപൂര്‍വ്വം സ്വീകരിക്കുകയും, അവര്‍ക്കായി വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാറുമുണ്ട്.
രാജരാജേശ്വരക്ഷേത്രം തളിപ്പറമ്പ്
പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള ക്ഷേത്ര സന്നിധിയാണിത്. രാജാക്കന്മാരുടെ രാജാവായിട്ടാണ് രാജരാജേശ്വര സങ്കല്‍പ്പം. രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവപ്രതിമ ഇവിടെയാണ്. സ്ത്രീകള്‍ക്ക് അത്താഴപൂജയ്ക്കുശേഷം(7.5) മാത്രമാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനുള്ള അനുവാദമുള്ളത്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. ശിവരാത്രിക്ക് പകല്‍ നേരം സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.
രാവണനിഗ്രഹത്തിനുശേഷം അയോദ്ധ്യയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ രാജരാജേശ്വര ക്ഷേത്രമണ്ഡപത്തില്‍ കയറി ശിവഭഗവാനെ നമസ്ക്കരിച്ചു എന്ന് ഐതീഹ്യം.
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി രാജരാജേശ്വര ക്ഷേത്രത്തില്‍ നടത്തുന്ന പൊന്നുംകുടം വഴിപാട് ഏറെ പ്രശസ്തം. കൂടാതെ വെള്ളിക്കുടം, സ്വര്‍ണ്ണപ്പട്ട്, താലി, നെയ്യമൃത്, പുഷ്പാഞ്ജലി, നെയ്വിളക്ക്, അശ്വമേധ നമസ്ക്കാരം, നിറമാല, ദീപസ്തംഭം, ചുറ്റുവിളക്ക് എന്നിവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
ശതസോമരാജാവ് അഗസ്ത്യമഹര്‍ഷിയെക്കൊണ്ട് കൃതയുഗത്തില്‍ ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായി വിശ്വാസം. പ്രതിഷ്ഠാദിനം ബുധനാഴ്ച ആയിരുന്നതിനാല്‍ ഇവിടെ ബുധനാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ രാജരാജേശ്വര സന്നിധിയില്‍ ദര്‍ശനം നടത്തിയാണ് ശബരിമലയാത്ര തുടരുന്നത്.
വര്‍ഷങ്ങളായി ശബരിമല യാത്രികര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ രാജരാജേശ്വര സന്നിധിയില്‍ ലഭിക്കുന്നു.
എല്ലാ ദിവസവും ശബരിമല യാത്രികര്‍ക്കായി അന്നദാനം ഉണ്ടാകും. ദേവസ്വം റെസ്റ്റ്ഹൗസില്‍ 50 രൂപ നിരക്കില്‍ വിരിവയ്ക്കാനും പ്രഭാതകൃത്യങ്ങള്‍ക്കുമായി സൗകര്യം ഉണ്ട്. ക്ഷേത്രത്തിന്‍റെ ചിറവക്ക് ചിറ, ജലവന്തി എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് കുളിക്കുവാനുള്ള സൗകര്യം ഉണ്ട്. ക്ഷേത്രത്തിന്‍റെ ഭാഗമായിട്ടുള്ള കൊട്ടാരത്തില്‍ വിരിവയ്ക്കാനുള്ള അനുവാദം ഇല്ലെങ്കിലും ഇവിടെ വിശ്രമിക്കാവുന്നതാണ്. കൊട്ടാരത്തിന്‍റെ അരികിലുള്ള അരവത്ത് ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് മാലയിട്ട് കെട്ടുനിറ നടത്താനുള്ള സൗകര്യമുണ്ട്. പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങോട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ 'മൂന്നിടം തൊഴല്‍' എന്ന ചടങ്ങും ഈ ക്ഷേത്രദര്‍ശനത്തിനൊപ്പമുണ്ട്. ഈ ക്ഷേത്രങ്ങളിലേക്ക് പോകാനുള്ള ഓട്ടോ ക്ഷേത്രപരിസരത്ത് ഉണ്ടാകും.
കണ്ണൂരില്‍ നിന്നും ദേശീയ പാതയിലൂടെ തളിപ്പറമ്പിലെത്തി ചിറവക്ക് വഴിയും പയ്യന്നൂരില്‍ നിന്ന് ചിറവക്കില്‍ എത്തിയും ഇരിട്ടി സംസ്ഥാന ഹൈവേയിലേക്ക് തിരിഞ്ഞ് നൂറ് മീറ്ററോളം മുമ്പോട്ട് പോയാല്‍ കപ്പാലത്തിന് സമീപം ക്ഷേത്രം റോഡിലെത്താം. ചിറവക്കില്‍ ബസ് ഇറങ്ങുന്നവര്‍ക്ക് ചിറയുടെ സമീപത്തുകൂടി നടന്നും ക്ഷേത്രത്തിലെത്തിലെത്താം. ക്ഷേത്രത്തിന്‍റെ ഫോണ്‍നമ്പര്‍: 04602203457.
കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം
കണ്ണൂര്‍ ജില്ലയുടെ ദക്ഷിണ കാശിയാണത്രേ കൊട്ടിയൂര്‍ ക്ഷേത്രം. അക്കര കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരുമുണ്ട്. അക്കരെ കൊട്ടിയൂരിലെ വൈശാഖമഹോത്സവം ഏറെ പ്രശസ്തം. ഭഗവാന്‍ പരമശിവന്‍ സ്വയംഭൂവായി വസിക്കുന്ന പുണ്യസ്ഥലമാണിത്. 27 ദിവസം മാത്രമുള്ള വൈശാഖ മഹോത്സവം മാത്രമാണ് അക്കരെ കൊട്ടിയൂരിലുള്ളത്. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ഇക്കരെ കൊട്ടിയൂരിലാണ് നിത്യപൂജകള്‍ നടക്കുന്നത്. ഉത്സവകാലം കഴിഞ്ഞാല്‍ അടുത്ത ഉത്സവം വരെ അക്കരെ ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശനമില്ല. ത്രിമൂര്‍ത്തികളും മുപ്പത്തിമുക്കോടി ദൈവങ്ങളും ഇവിടെ വാണരുളുന്നു. ബാവലിപ്പുഴയുടെ ഇരുകരകളിലുമായാണ് ഈ ക്ഷേത്രസന്നിധികള്‍.
ഇടത്താവള സങ്കേതമല്ലെങ്കിലും മണ്ഡലകാലത്ത് നാട്ടുകാരായ അയ്യപ്പഭക്തര്‍ ഇക്കരെ കൊട്ടിയൂരെത്താറുണ്ട്. മാലയിടുന്നതും, ശബരിമല യാത്രയ്ക്കായ് കെട്ടുനിറ നടത്തുന്നതും ഇവിടെയാണ്. ഇവര്‍ക്കായി ഈ ക്ഷേത്രത്തില്‍ ഉച്ചനിവേദ്യം നല്‍കുന്നു. അയ്യപ്പദര്‍ശനത്തിനുശേഷം വ്രതം അവസാനിപ്പിക്കുന്നതും ഇക്കരെ കൊട്ടിയൂരില്‍ വച്ചാണ്.
കുറ്റിപ്പുറം മിനിപമ്പ
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഭാരതപ്പുഴയോരത്താണ് ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പ. മണ്ഡല- മകരമാസ കാലയളവില്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ ഇവിടെത്തുന്നു. മിനിപമ്പയിലുള്ള ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് തീര്‍ത്ഥാടകര്‍ ശബരിമലയ്ക്ക് യാത്ര തുടരുന്നത്. പത്നീ- പുത്രസമേതനായ പരമശിവനാണ് പ്രധാന പ്രതിഷ്ഠ. കിഴക്ക് പുഴയിലേക്ക് ദര്‍ശനമുള്ള ശിവഭഗവാന്‍റെ വലത് വശത്തായി ഗണപതിയും അയ്യപ്പനും, ഇടതുവശത്തായി പാര്‍വ്വതി ദേവിയും സുബ്രഹ്മണ്യനും. ഖരമഹര്‍ഷി പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം.
കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് അധികവും മിനിപമ്പയില്‍ എത്തുന്നത്. അയ്യപ്പദര്‍ശനത്തിനുശേഷം മാലയൂരി വ്രതം അവസാനിപ്പിക്കാനും ഇവര്‍ ഇവിടെ എത്താറുണ്ട്. വൃശ്ചികം 1 മുതല്‍ മകരവിളക്ക് ശേഷം തീര്‍ത്ഥാടകര്‍ മടങ്ങും വരെ ഇവിടെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാവും.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള നാവാമുകുന്ദ ക്ഷേത്രം തെക്കന്‍കാശി എന്നാണ് അറിയപ്പെടുന്നത്. മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കുന്നതിനും വഴിപാടുകള്‍, പൂജകള്‍ എന്നിവ നടത്തുന്നതിനുമുള്ള സൗകര്യം ഉണ്ട്. നാവാമുകുന്ദ ക്ഷേത്രത്തോട് ചേര്‍ന്ന് അയ്യപ്പക്ഷേത്രവുമുണ്ട്. അയ്യപ്പയാത്രികര്‍ക്ക് ക്ഷേത്രവകയായി പ്രാതല്‍ നല്‍കുന്നു. ഇഡ്ഡലി, സാമ്പാര്‍, ഉപ്പുമാവ്, ചെറുപയര്‍കറി എന്നിവയാണ് പ്രാതലായി നല്‍കുന്നത്.
ത്രിമൂര്‍ത്തിസംഗമമായ തിരുനാവായയില്‍ മണ്ഡലകാലത്ത് പ്രത്യേക പൂജകളും വഴിപാടുകളും നടത്താം. അയ്യപ്പക്ഷേത്രത്തില്‍ വര്‍ഷം തോറും അയ്യപ്പന്‍വിളക്ക്, അഖണ്ഡനാമജപം, കെട്ടുനിറ എന്നിവയും നടത്താറുണ്ട്.
തിരൂര്‍, കുറ്റിപ്പുറം, തിരുനാവായ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് നാവാമുകുന്ദ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. തിരൂരില്‍ നിന്ന് 11 കിലോമീറ്റര്‍, കുറ്റിപ്പുറത്തുനിന്ന് 7 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തിരുനാവായില്‍ എത്താം. തിരുനാവായ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് 2 കിലോമീറ്റര്‍. ചക്രം പാലം വഴി വരുന്നവര്‍ക്ക് ആലത്തിയൂരിലോ ബിപി അങ്ങാടിയിലോ എത്തി തിരൂര്‍- കുറ്റിപ്പുറംബസില്‍ തിരുനാവായില്‍ എത്താം.ഫോണ്‍: 9497188647
വൈക്കം മഹാദേവക്ഷേത്രം
വടക്കന്‍ ജില്ലകളില്‍ നിന്നും എത്തുന്ന അയ്യപ്പഭക്തരെ ആദ്യം വരവേല്‍ക്കുന്ന ക്ഷേത്രസന്നിധിയാണ് വൈക്കം മഹാദേവ ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റേയും ക്ഷേത്ര ഉപദേശ സമിതിയുടെയും നേതൃത്വത്തിലാണ് അയ്യപ്പതീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ക്രമീകരിക്കുന്നത്. വൈക്കത്തഷ്ടമിയോട് അനുബന്ധമായി നിര്‍മ്മിക്കുന്ന അഷ്ടമിപ്പന്തലില്‍ അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കാം. ഊട്ടുപുര, കലാമണ്ഡലം(സ്റ്റേജ്) എന്നിവിടങ്ങളിലും അയ്യപ്പന്മാര്‍ വിരിവയ്ക്കും. കുടിവെള്ള വിതരണവും ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കും.
ക്ഷേത്രക്കുളത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സ്നാനം നടത്താം. ക്ഷേത്രത്തിലെ പ്രാതലും അന്നദാനവും, അത്താഴവും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകും. പോലീസ്, എയ്ഡ് പോസ്റ്റ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനവും ഇക്കാലയളവില്‍ ഇവിടുണ്ടാകും.
ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രം
രൗദ്രഭാവത്തിലുള്ള ശിവഭഗവാനാണ് ഇവിടെ പ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തിയായും ഉച്ചയ്ക്ക് ശരഭമൂര്‍ത്തിയായും, വൈകിട്ട് അര്‍ദ്ധനാരീശ്വരനായും ഭഗവാന്‍ ഇവിടെ വാണരുളുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴരപ്പൊന്നാനകള്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. ഗണപതി, ദക്ഷിണാമൂര്‍ത്തി,(ശിവന്‍), ദുര്‍ഗ്ഗ, ശാസ്താവ്, നാഗദൈവങ്ങള്‍, യക്ഷിയമ്മ എന്നിവ ക്ഷേത്രത്തിന്‍റെ ഉപപ്രതിഷ്ഠകളാണ്. അന്തിമഹാകാളന്‍, ശ്രീകൃഷ്ണന്‍ എന്നീ ക്ഷേത്രങ്ങളും മഹാദേവ ക്ഷേത്രത്തിനരികിലുണ്ട്. ദേവസ്വത്തിന്‍റേയും ക്ഷേത്ര ഉപദേശക സമിതിയുടേയും നേതൃത്വത്തില്‍ അയ്യപ്പതീര്‍ത്ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നു.
ആലുവ ശിവക്ഷേത്രം
ക്ഷേത്രത്തിലെ മഹാശിവരാത്രിയും പിതൃതര്‍പ്പണവും ഏറെ പ്രശസ്തം. പെരിയാര്‍ നദീതീരത്തുള്ള ഈ ക്ഷേത്രത്തില്‍ പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പെരിയാര്‍ നദി കരകവിഞ്ഞ് ഒഴുകി വിഗ്രഹം മുങ്ങുമ്പോഴാണ് ആറാട്ട് നടക്കുന്നത്. സ്വാഭാവിക ആറാട്ട് നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാറുണ്ട്. വൈകിട്ട് 6 മണി മുതല്‍ അത്താഴക്കഞ്ഞി വിതരണം നടക്കും. ക്ഷേത്രത്തിന് സമീപമുള്ള ഭജനമഠത്തിലും അത്താഴക്കഞ്ഞി വിതരണം ഉണ്ടാകും. തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിരിവയ്ക്കാനുള്ള സൗകര്യം, ശുചിമുറി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പുഴയില്‍ സ്നാനസൗകര്യവും ഉണ്ട്. 24 മണിക്കൂറും പോലീസ് സേവനം ലഭിക്കും. ക്ഷേത്രത്തിലെ മൊബൈല്‍ നമ്പര്‍: 9645053097
ദേവീക്ഷേത്രം- ചോറ്റാനിക്കര
ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ആദിപരാശക്തിയായ ദേവി കുടികൊള്ളുന്ന ചോറ്റാനിക്കര ദേവീക്ഷേത്രം. വടക്കന്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടക- ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മണ്ഡല-മകരവിളക്ക് കാലയളവില്‍ ദിനവും ഇവിടെത്തി ദേവിയുടെ അനുഗ്രഹം നേടുന്നത്.
ചോറ്റാനിക്കര ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ വര്‍ഷംതോറും നല്‍കാറുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള കല്യാണമണ്ഡപത്തിലും നവരാത്രിമണ്ഡപത്തിലും അയ്യപ്പന്മാര്‍ക്ക് വിരിവച്ച് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രത്തില്‍ നിന്നും അയ്യപ്പന്മാര്‍ക്ക് രാവിലെ ഉപ്പുമാവ്, പപ്പടം, പഴം എന്നിവയും ഉച്ചയ്ക്ക് ഊണും അത്താഴമായി കഞ്ഞിയും, കപ്പപ്പുഴുക്കും പയറും, അച്ചാറും നല്‍കുന്നു.
ക്ഷേത്രത്തിന്‍റെ തെക്കുഭാഗം, വടക്കേ പൂരപ്പറമ്പ്, കീഴ്ക്കാവ് ക്ഷേത്രത്തിന്‍റെ തെക്കു ഭാഗം എന്നിവിടങ്ങളില്‍ കുളിക്കാനുള്ള സൗകര്യവും ശുചിമുറികളും ഉണ്ട്. ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തായി ചെറിയ വാഹനപാര്‍ക്കിംഗ് സൗകര്യവും, വടക്കേ പൂരപ്പറമ്പില്‍ വലിയ വാഹനപാര്‍ക്കിംഗ് സൗകര്യവും ഉണ്ട്. ദേവസ്വം മാനേജര്‍, ചോറ്റാനിക്കര ക്ഷേത്രം ഫോണ്‍: 04842711032.
ഗണപതിക്ഷേത്രം, കൊട്ടാരക്കര
കിഴക്കോട്ട് ദര്‍ശനമായി ശിവഭഗവാനും, പടിഞ്ഞാറോട്ട് ദര്‍ശനമായി പാര്‍വ്വതിദേവിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഉപപ്രതിഷ്ഠയായ ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ബാലഗണപതിയാണ് സങ്കല്‍പ്പം. കേരളത്തിലെ പ്രസിദ്ധിയാര്‍ജ്ജിച്ച 5 ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പം ഏറെ പ്രശസ്തം.
ക്ഷേത്രത്തോട് ചേര്‍ന്നുള്ള ആഡിറ്റോറിയത്തില്‍ അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ അന്നദാനം ലഭിക്കും. വൈകിട്ട് കഞ്ഞിയും ലഭിക്കും. ഭക്തരുടെ വഴിപാടായും ദേവസ്വവും അന്നദാനം നടത്തുന്നു.
ക്ഷേത്രത്തിന്‍റെ തെക്ക്- പടിഞ്ഞാറാണ് കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ശാസ്താവിന്‍റെ നടയിലാണ് അയ്യപ്പന്മാര്‍ മാലയിടുന്നതും, കെട്ടുനിറ നടത്തുന്നതും. ചൂട് ചുക്കുവെള്ള വിതരണം 24 മണിക്കൂറും ലഭിക്കും. ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൗണ്ടറിലൂടെ ലഭിക്കും. ക്ഷേത്ര പരിസരത്തുനിന്ന് എപ്പോഴും പമ്പയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നു.
ഓച്ചിറ പരബ്രഹ്മക്ഷേത്രം
ദക്ഷിണകാശി എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശ്രീകോവില്‍, പ്രതിഷ്ഠ, പൂജ എന്നിവ ഇല്ലാത്ത ക്ഷേത്രം എന്ന പേരില്‍ പ്രശസ്തി നേടിയ പുണ്യസന്നിധിയാണിത്. ശൈവ- വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള രണ്ട് ആല്‍ത്തറകളും ചില കാവുകളും ഉള്‍പ്പെട്ടതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പ്പം. ശിവഭഗവാനേയും, ഭഗവാന്‍ മഹാവിഷ്ണുവിനേയും രണ്ട് ആല്‍ത്തറകളില്‍ ആരാധിക്കുന്നു.
മണ്ഡല- മകരവിളക്ക് കാലയളവില്‍ ദിവസേന ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ ഓച്ചിറ ക്ഷേത്രത്തിലെത്തും. സേവപ്പന്തല്‍, ഒണ്ടിക്കാവ് എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് വിരിവയ്ക്കാനുള്ള ഇടങ്ങള്‍. ദേവസ്വം ഭജനമഠം, സത്രം എന്നിവിടങ്ങളില്‍ താമസിക്കാന്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
പരബ്രഹ്മ ക്ഷേത്രത്തില്‍ നടതുറപ്പോ, അടപ്പോ ഇല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും അയ്യപ്പന്മാര്‍ക്ക് ഇവിടെത്തി പരബ്രഹ്മത്തെ ദര്‍ശിച്ചുവരിവയ്ക്കാം.
ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ച് വൃശ്ചികം 1 മുതല്‍ 12 വരെ പടനിലത്ത് കുടില്‍കെട്ടി ഭജനം ഇരുന്നതിന് ശേഷം ശബരിമലയ്ക്ക് പോകുന്നവരുണ്ട്. ഓണാട്ടുകരക്കാര്‍ അയ്യപ്പന്‍റെ പിതാവായ ശിവഭഗവാന്‍റെ സന്നിധിയില്‍ വച്ച് മാലയിടുകയും കെട്ടുമുറുക്കുകയും ചെയ്യാന്‍ അനുഗ്രഹിക്കുന്നവരാണ്. രാവിലെ 10 മണിക്ക് കഞ്ഞി വഴിപാട് ഉണ്ട്. ഉച്ചയ്ക്ക് സദ്യയും ലഭിക്കും. അന്നദാനവഴിപാട് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അന്നദാനമന്ദിര ഓഫീസില്‍ ബന്ധപ്പെടുക. പടനിലത്ത് പരമ്പരാഗത രീതിയില്‍ ഗുരുസ്വാമിമാര്‍ കെട്ടുനിറച്ച് തരും.
മലയാലപ്പുഴ ദേവീക്ഷേത്രം
ദേവീക്ഷേത്രങ്ങളില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ആദിപരാശക്തിയായ ദേവി അവിടെ മലയാലപ്പുഴ അമ്മ എന്ന പേരില്‍ ആരാധിക്കപ്പെടുന്നു. എട്ട് കൈകള്‍ ഉള്ള അഞ്ചരയടി വലിപ്പമുള്ള ഭദ്രകാളിരൂപമാണ് പ്രതിഷ്ഠ. ദാരികവധത്തിന് ശേഷമുള്ള ഭഗവതിയുടെ വിശ്വരൂപമാണിത്.
ക്ഷേത്രത്തിലെ സ്വയംഭൂവായ ശിവലിംഗം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണത്രേ വിശ്വാസം. കൊന്നമരച്ചുവട്ടില്‍ വാണരുളുന്ന ഈ ശിവലിംഗത്തിന് പ്രത്യേക ക്ഷേത്രമില്ല. പാര്‍വ്വതിദേവിയുടെ മടിയില്‍ ഉപവിഷ്ടനായിരിക്കുന്ന ബാലഗണപതിയും ഇവിടുത്തെ ഉപദേവതയാണ്. ക്ഷേത്രമതിലിന് കിഴക്കായി ആല്‍മരച്ചുവട്ടില്‍ 'മലനാട് സ്വാമി' എന്ന മലദൈവസങ്കല്‍പ്പമുണ്ട്. വെറ്റില, അടയ്ക്ക, പുകയില എന്നിവയാണ് ഇവിടുത്തെ വഴിപാട്.
രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്ക്കുവയ്ക്കല്‍, ചുവന്ന പട്ട്, മഞ്ഞളഭിഷേകം, നെയ്വിളക്ക്, നിറപറ (അരി, നെല്ല്, പഞ്ചസാര തുടങ്ങിയവ പറ നിറച്ച് നിവേദിക്കല്‍) എന്നിവയാണ് വഴിപാടുകള്‍. പൂക്കള്‍, മഞ്ചാടിക്കുരു തുടങ്ങിയവയാണ് കാണിക്കയായി ഭക്തര്‍ സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തിന്‍റെ വടക്ക് വശത്തുള്ള ഊട്ടുപുരയുടെ മുകളില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലം മുഴുവന്‍ വൈകിട്ട് അന്നദാനം ഉണ്ട്. ഇക്കാലയളവില്‍ ദിവസവും കളമെഴുത്തുപാട്ടുണ്ടാകും. വിപുലമായ രീതിയില്‍ മണ്ഡലച്ചിറപ്പും ഉണ്ട്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും പദയാത്രികരായി എത്തുന്ന സ്വാമി ഭക്തര്‍ തമിഴ്നാട്, ആന്ധ്രാ സ്വാമിമാരും മലയാലപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇവിടെ വിരിവെച്ചാണ് അയ്യപ്പസന്നിധിയിലേക്കുള്ള യാത്ര തുടരുന്നത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം
ഇന്ത്യയിലെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. പാതാളാഞ്ജനശിലയിലുള്ള ചതുര്‍ബാഹുവായ വിഷ്ണുഭഗവാനാണ് പ്രതിഷ്ഠാദേവതയെങ്കിലും ശ്രീകൃഷ്ണക്ഷേത്രമെന്ന പേരിലാണ് അറിയപ്പെടുന്നത്.
മണ്ഡല- മകരവിളക്ക് കാലയളവില്‍ 3.30 ന് നട തുറക്കും. അയ്യപ്പന്മാര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേകം ക്യൂ ഉണ്ടാവും. അയ്യപ്പതീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ വടക്കേനടയിലാണ് ദേവസ്വം സ്ഥലം തയ്യാറാക്കിയിരിക്കുന്നത്. അഖില ഭാരത ശ്രീഗുരുവായൂരപ്പ സമിതിയാണ് അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കാനുള്ള പുല്‍പ്പായകള്‍ ഇക്കുറി നല്‍കിയത്. അന്നലക്ഷ്മി ഹാളിലും, പ്രത്യേകം തയ്യാറാക്കിയ പന്തലിലും അയ്യപ്പന്മാര്‍ക്കായി പ്രസാദ ഊട്ട് നല്‍കും. കിഴക്കേനടയില്‍ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തിലെ മണ്ഡലവിശേഷ ശീവേലിക്ക് ഏറെ സവിശേഷതകളുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെത്തെ ശീവേലിക്ക് ഒരു ആനപ്പുറത്ത് കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നെള്ളിക്കുന്നു. മണ്ഡലകാലത്തുള്ള ശീവേലിക്ക് മൂന്നാനകളെയാണ് എഴുന്നെള്ളിക്കുന്നത്. എല്ലാ ആനകള്‍ക്കും വെള്ളി നെറ്റിപ്പട്ടം, മദ്ധ്യഭാഗത്തുള്ള ആനയുടെ മുകളില്‍ ചെറിയ വെള്ളിക്കോലത്തില്‍ തങ്കത്തിടമ്പ് ഉറപ്പിച്ചാണ് ശീവേലി പ്രദക്ഷിണം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനീയരാണ് അമ്പലപ്പുഴക്കാര്‍. ശബരിമലയില്‍ മീനമാസത്തിലെ ഉത്രം നാളില്‍ നടക്കുന്ന പൈങ്കുനി ഉത്സവത്തില്‍ അമ്പലപ്പുഴക്കാര്‍ക്കാണ് എള്ള് നിവേദിക്കാനുള്ള അവകാശം. അയ്യപ്പന്‍ അയച്ച ശരം കണ്ടെത്തിയത് അമ്പലപ്പുഴ ഭക്തസംഘമാണെന്നാണ് ഐതിഹ്യം.
ഇടത്താവളമെന്ന നിലയില്‍ വൃശ്ചികാരംഭത്തോടെ ക്ഷേത്രത്തില്‍ കെട്ടുനിറ നടത്താന്‍ പ്രത്യേകമണ്ഡപം ഒരുക്കി അയ്യപ്പചിത്രം വച്ച് വിളക്ക് തെളിക്കും. രാത്രിയില്‍ നട അടച്ചതിനുശേഷവും അമ്പലപ്പുഴ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകും. വാഹനത്തിലും, കാല്‍നടയായും വരുന്ന അയ്യപ്പന്മാര്‍ ക്ഷേത്രത്തിലെത്തി വിശ്രമിച്ച് പ്രാര്‍ത്ഥിച്ചാണ് ശബരിമലയിലേക്ക് പോകുന്നത്. ക്ഷേത്രത്തിലെ നാടകശാലയിലാണ് അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമുള്ളത്.
അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്‍റെ നേതൃത്വത്തിലാണ് എല്ലാവര്‍ഷവും അന്നദാനം നടത്തുന്നത്. ഉച്ചയ്ക്കും, വൈകിട്ടും ക്ഷേത്ര ഊട്ടുപുരയില്‍ അന്നദാനം ഉണ്ടാവും. എരുമേലി വാവര് പള്ളി വകയായും ഓരോ ദിവസത്തെ അന്നദാനം ഉണ്ടാകും. വഴിപാടായി അന്നദാനം നടത്തുന്ന ദിവസം രാവിലെ പ്രഭാതഭക്ഷണവും നല്‍കും. ദേവസ്വത്തില്‍ നിന്നും രസീത് എടുക്കുന്നവര്‍ക്ക് പെരിയോന്മാരുടെ കാര്‍മ്മികത്വത്തില്‍ കെട്ടുനിറ നടത്താനുള്ള സൗകര്യവും ലഭിക്കും. ചുക്കുവെള്ള വിതരണവും ക്ഷേത്രത്തിലുണ്ട്.
