ശബരിമല- മാളികപ്പുറം   മേല്‍ശാന്തി സംഗമം

ശബരിമല- മാളികപ്പുറം മേല്‍ശാന്തി സംഗമം

HIGHLIGHTS

ശബരിമലയിലോ മാളികപ്പുറത്തോ മേല്‍ശാന്തിയാകുവാന്‍ അവസരം ലഭിക്കുക എന്നുള്ളത് ഒരു പൂജാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജന്മാഭിലാഷമാണ്. മുജ്ജന്മ സുകൃതവും, പൂര്‍വ്വപിതാമഹന്‍മാരുടെ അനുഗ്രഹവും, പൂജ കഴിക്കുന്ന മൂര്‍ത്തിയുടെ കടാക്ഷവുമൊക്കെക്കൊണ്ടാണ് ആ ജന്മാഭിലാഷം സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. ആ ജന്മാഭിലാഷം സാക്ഷാത്ക്കരിക്കുവാന്‍ അവസരം ലഭിച്ച ശബരിമലയിലേയും മാളികപ്പുറത്തേയും മുന്‍മേല്‍ശാന്തിമാര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 ന് വൈക്കം ബ്രാഹ്മണ സമൂഹമഠത്തില്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. മേല്‍ശാന്തി സമാജത്തിന്‍റെ മൂന്നാമത് വാര്‍ഷികവുമായി ബന്ധപ്പെട്ടുകൂടിയായിരുന്നു, പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള ഈ ഒത്തുചേരല്‍.

 

ബരിമലയിലോ മാളികപ്പുറത്തോ മേല്‍ശാന്തിയാകുവാന്‍ അവസരം ലഭിക്കുക എന്നുള്ളത് ഒരു പൂജാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജന്മാഭിലാഷമാണ്. മുജ്ജന്മ സുകൃതവും, പൂര്‍വ്വപിതാമഹന്‍മാരുടെ അനുഗ്രഹവും, പൂജ കഴിക്കുന്ന മൂര്‍ത്തിയുടെ കടാക്ഷവുമൊക്കെക്കൊണ്ടാണ് ആ ജന്മാഭിലാഷം സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങനൊരാഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോ  പൂജാരിയും തന്‍റെ പ്രവൃത്തി ഒരു തപസ്യയായിട്ടാണ് നോക്കിക്കാണുന്നത്. 

ആ ജന്മാഭിലാഷം സാക്ഷാത്ക്കരിക്കുവാന്‍ അവസരം ലഭിച്ച ശബരിമലയിലേയും മാളികപ്പുറത്തേയും മുന്‍മേല്‍ശാന്തിമാര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 ന് വൈക്കം ബ്രാഹ്മണ സമൂഹമഠത്തില്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. മേല്‍ശാന്തി സമാജത്തിന്‍റെ മൂന്നാമത് വാര്‍ഷികവുമായി ബന്ധപ്പെട്ടുകൂടിയായിരുന്നു, പുതിയ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള ഈ ഒത്തുചേരല്‍.

ഓരോരോ കാലഘട്ടത്തില്‍ ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിമാരായിരുന്ന പലരും പിന്നീട് പരസ്പരം കാണാന്‍ പോലും കഴിയാത്തവിധം അകന്നുപോകുന്നു എന്നു കണ്ടിട്ടാണ് 2022 ല്‍ മേല്‍ശാന്തി സമാജം രൂപീകരിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശനവിഷയം കത്തിനില്‍ക്കുകയും, വിശ്വാസിസമൂഹം നാമജപവുമായി തെരുവിലിറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്പരം അറിയുന്നതിനും സഹകരിക്കുന്നതിനും ഒത്തുചേരുന്നതിനുമൊക്കെ ഒരു വേദി അനിവാര്യമാണെന്നുള്ള ചിന്ത മേല്‍ശാന്തിമാര്‍ക്ക് ബോധ്യപ്പെട്ടത്. 

ശബരിമലയിലെ ആചാരങ്ങള്‍ സമൂഹത്തില്‍ വലിച്ചിഴക്കപ്പെടുന്നു എന്നും, അതിനെതിരെ ആചാരസംരക്ഷണത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മേല്‍ശാന്തിമാര്‍കൂടി അണിചേരണമെന്നുമുള്ള അഭിപ്രായം പല ഭാഗത്തുനിന്നും ഉയര്‍ന്നതും ഒരു കാരണമായി.

അതേത്തുടര്‍ന്ന് ശബരിമല വിശ്വാസസംരക്ഷണത്തിന്‍റെ ഭാഗമായി നാടൊട്ടുക്കുനടന്ന പല യോഗങ്ങളിലും മേല്‍ശാന്തിമാര്‍ സജീവമായിത്തന്നെ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി. മേല്‍ശാന്തിമാരെ സംബന്ധിച്ചിടത്തോളം അതൊരു നല്ല ബോധ്യപ്പെടലായിരുന്നു. 

പിന്നീട് പെരുമ്പാവൂര്‍ ഏഴിക്കോട് ശനി നമ്പൂതിരിയുടെ മഠത്തില്‍ ആചാര സംരക്ഷണത്തിന്‍റെ ഭാഗമായി പതിനഞ്ചോളം മേല്‍ശാന്തിമാര്‍ ഒത്തുചേര്‍ന്നു. നല്ല നിലയില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഒത്തുചേരലായിരുന്നു അത്. തുടര്‍ന്ന്, സാമൂഹ്യമായി ഒത്തുചേരുന്നതിന്‍റെ ഗുണവും ബലവും ആവശ്യകതയുമൊക്കെ തിരിച്ചറിഞ്ഞ മേല്‍ശാന്തിമാര്‍ പലരും കൂട്ടായ്മയുടെ ഭാഗമായി മാറുവാന്‍ സ്വയം സന്നദ്ധരായി.

അതിനുശേഷം അങ്കമാലിയില്‍ ഒരു മേല്‍ശാന്തിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയപ്പോള്‍ അവിടെവച്ച് ഒരു കമ്മിറ്റി രൂപീകരിച്ചു. രണ്ടുമാസം കഴിഞ്ഞ്(2022 ല്‍) തിരുനാവായില്‍ നാവാമുകുന്ദന്‍റെ സന്നിധിയില്‍ വച്ചാണ് മേല്‍ശാന്തി സമാജം എന്ന് നാമകരണം നല്‍കി സംഘടന രൂപീകരിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മേല്‍ശാന്തിമാര്‍ ആ രൂപീകരണ വേളയില്‍ സന്നിഹിതരായിരുന്നു. ഒരു മണ്ഡലകാലം മുഴുവന്‍ അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പൂജിച്ച തങ്ങള്‍ ഒന്നോ രണ്ടോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ അപ്രസക്തരായി മാറുന്നു എന്നും, പുതിയ പുതിയ ആളുകള്‍ വരുമ്പോള്‍ തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നും, ദേവസ്വം ബോര്‍ഡുപോലും തങ്ങളെ അറിയുന്നില്ല എന്നൊക്കെയുള്ള പരാതികള്‍ പരസ്പരം പങ്കുവച്ചു.

ആ ഒരു സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അയ്യപ്പധര്‍മ്മം പ്രചരിപ്പിക്കുവാന്‍ മുന്‍കൈ എടുക്കണമെന്നും തിരുനാവായില്‍ കൂടിയ യോഗം തീരുമാനം കൈക്കൊള്ളുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

തുടര്‍ന്ന് 2023 ല്‍ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ വച്ച് ഒന്നാം വാര്‍ഷികവും, 2024 ല്‍ മാവേലിക്കരയില്‍ വച്ച് രണ്ടാം വാര്‍ഷികവും നടത്തിയശേഷം മൂന്നാം വാര്‍ഷികത്തിനാണ് വൈക്കത്ത് കൂടിച്ചേര്‍ന്നത്. കൂടുതല്‍ മേല്‍ശാന്തിമാരെ സംഭാവനചെയ്ത പ്രദേശങ്ങള്‍ എന്ന നിലയിലാണ് മാവേലിക്കരയും വൈക്കവും തെരഞ്ഞെടുത്തത്. രണ്ട് സ്ഥലത്തുനിന്നും എട്ട് മേല്‍ശാന്തിമാര്‍ വീതം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ ജീവിച്ചിരിക്കുന്ന 66 പേരില്‍ നാല്‍പ്പതോളം പേരാണ് പ്രായാധിക്യം, അവശതകള്‍ മറന്നു ഒത്തുചേരാന്‍ എത്തിച്ചേര്‍ന്നത്. മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പ്രായത്തില്‍ മൂത്തത്. 83-84 കാലത്ത് തന്‍റെ നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ ശബരിമല മേല്‍ശാന്തിയായ മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിക്ക് നിലവില്‍ എണ്‍പത്തിയെട്ടാണ് പ്രായം.
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മേല്‍ശാന്തിയായ, പാലക്കാട് ലക്കിടി സ്വദേശി പൂന്തോട്ടം നാരായണന്‍ നമ്പൂതിരിയും സന്നിഹിതനായിരുന്നു. 82-83 കാലത്ത് തന്‍റെ 24-ാമത്തെ വയസ്സിലാണ് നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായത്. അന്ന് പ്രായപരിധി ഇല്ലാതിരുന്നതിനാലാണ് നാരായണന്‍ നമ്പൂതിരിക്ക് അങ്ങനൊരു സൗഭാഗ്യം ലഭിച്ചത്. ഇന്ന് 35 നും 58 നും ഇടയിലാണ് അപേക്ഷിക്കേണ്ട പ്രായം.

95-96 കാലത്ത് ആദ്യത്തെ പുറപ്പെടാശാന്തിയായി ശബരിമലയിലെത്തിയ കണ്ടിയൂര്‍ നീലമന ഗോവിന്ദന്‍ നമ്പൂതിരി, ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിയായിരുന്ന(93-94 മാളികപ്പുറം, 94-95 ശബരിമല) വിഷ്ണു നമ്പൂതിരി, ജയരാജന്‍ പോറ്റി(2005-06 മാളികപ്പുറം, 20-21 ശബരിമല), ആത്രശ്ശേരി രാമന്‍ നമ്പൂതിരി(2001-02 ശബരിമല) എന്നിവരും പങ്കെടുത്തു.
ഏഴിക്കോട് ശശി നമ്പൂതിരി, ഏഴിക്കോട് കൃഷ്ണദാസ്, കൃഷ്ണന്‍ കുഞ്ഞുണ്ണി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ശബരിമലയിലും ഗുരുവായൂരിലും മേല്‍ശാന്തിമാരായി ഇരുന്നവരാണ്.

എല്ലാവര്‍ഷവും തുലാം 4 ന് ശബരിമലയില്‍ ഒത്തുകൂടി വഴിപാടും അയ്യപ്പന് ലക്ഷാര്‍ച്ചനയും നടത്തുന്ന ഈ മുന്‍ മേല്‍ശാന്തിമാര്‍, സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചൊരഭിപ്രായം പ്രകടിപ്പിച്ചില്ല. എങ്കിലും ശബരിമലയ്ക്ക് സംഭവിച്ച കളങ്കം നീക്കം ചെയ്യണമെന്നും, ആചാരങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കാന്‍ മറന്നില്ല.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ തങ്ങളെക്കൂടി വിളിച്ച് തങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നാണ് ഈ മുന്‍ മേല്‍ശാന്തിമാര്‍ ദേവസ്വം അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നത്.