മേടമാസ - വിഷുപൂജകൾക്കായി ശബരിമല നട തുറന്നു, വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 4 മണി മുതൽ

മേടമാസ - വിഷുപൂജകൾക്കായി ശബരിമല നട തുറന്നു, വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 4 മണി മുതൽ

മേടമാസ - വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്നലെ വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത് .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ്  മോഹനരുടെ   മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു.ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍  അഗ്നി പകരുകയായിരുന്നു.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്  അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ആയിരക്കണക്കിന്‌ അയ്യപ്പഭക്തരാണ് നട തുറന്ന ദിവസം ശബരീശദർശനത്തിനായെത്തിയത്.മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി  മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിച്ചു. നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 5.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും.ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും  ഉണ്ടായിരിക്കും.ഏപ്രിൽ 15ന് ആണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 4 മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും. ഏപ്രിൽ 19 ന് രാത്രി തിരുനട അടയ്ക്കും.