അയ്യപ്പസന്നിധിയിലെ നിവേദ്യങ്ങള്‍

 

അയ്യപ്പസന്നിധിയിലെ നിവേദ്യങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. പുലര്‍ച്ചെ 4 ന് നടതുറന്നാല്‍ മുന്തിരി, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ത്രിമധുരം ഭഗവാന് നിവേദിക്കും. ഗണപതിഹോമത്തിന് അഷ്ടദ്രവ്യമാണ് ഹോമിക്കുക. അവല്‍, മലര്‍, ശര്‍ക്കര, കൊട്ടത്തേങ്ങ, കരിമ്പ്,  നെയ്യ്, എള്ള്, കദളിപ്പഴം എന്നിവയാണ് ചേരുവകള്‍. തന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് മഹാഗണപതിഹോമം നടക്കുന്നത്.

ഉഷ:പൂജയ്ക്ക് അരി, ശര്‍ക്കര, നെയ്യ്, കദളിപ്പഴം, തേങ്ങാപ്പാല്‍ എന്നിവ ഇടിച്ചുപിഴിഞ്ഞ പായസമാണ് നിവേദ്യം. ഉഷ:പൂജ കഴിഞ്ഞാല്‍ തിടപ്പള്ളിയില്‍ നിന്ന് ഭക്തര്‍ക്ക് ഈ പായസം പ്രസാദമായി ലഭിക്കും.
ഉച്ചപൂജയ്ക്ക് മഹാനിവേദ്യമായി വെള്ളച്ചോറും അരവണയുമുണ്ട്. ശര്‍ക്കര, അരി, നെയ്യ്, തേങ്ങ വറുത്തത്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് പ്രത്യേക കൂട്ടായിട്ടാണ് അരവണ തയ്യാറാക്കുന്നത്. അയ്യപ്പന് നിവേദിച്ച ഈ അരവണ വില്‍പ്പന ഉണ്ടായിരിക്കില്ല.

വൈകിട്ട് 4 ന് നട തുറക്കുമ്പോള്‍ നിവേദിക്കുന്നത് മലരാണ്. അത്താഴപൂജയ്ക്കാണ് പാനകം നിവേദിക്കുന്നത്. ഒപ്പം ഉണ്ണിയപ്പവും നിവേദിക്കും. ഔഷധഗുണമുള്ള മഹാപ്രസാദമാണത്രേ പാനകം. സര്‍വ്വരോഗ ശമനിയാണ് പാനകം. ഉദരവ്യാധികള്‍ക്ക് സിദ്ധൗഷധമാണ്. പാനം, ശര്‍ക്കര, നാരങ്ങ, ചുക്കുപൊടി, കുരുമുളക് എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് പാനകം. കീഴ്ശാന്തിമാരാണ് പാനകം തയ്യാറാക്കുന്നത്. അരിയും നെയ്യും, വറുത്ത തേങ്ങാക്കൊത്തും ചേര്‍ത്താണ് ഉണ്ണിയപ്പം തയ്യാറാക്കുന്നത്.

അയ്യപ്പനിവേദ്യത്തില്‍ പൊതിയുന്ന ഭസ്മവും ദിവ്യൗഷധമാണ്. ശബരിമലയിലെ പൂജകള്‍ കഴിഞ്ഞ് നടയടയ്ക്കുന്ന ദിവസം അത്താഴപൂജ കഴിഞ്ഞാണ് അയ്യപ്പവിഗ്രഹത്തില്‍ ശുദ്ധമായ ഭസ്മം പൊതിയുന്നത്. 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവയെടുത്ത് മാറ്റുന്നത്.  ഭസ്മം ഭക്തിയോടെ നെറ്റിയില്‍ തൊടുന്നവര്‍ക്കും, കഴിക്കുന്നവര്‍ക്കും രോഗദുരിതങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ഇവിടെ പൂജിച്ച മണികളും പ്രധാനമാണ്. സന്നിധാനത്ത് പൂജിച്ച മണി വീട്ടില്‍ വച്ച് ആരാധിച്ച ദമ്പതികള്‍ക്ക് സന്താനഭാഗ്യം ലഭിക്കുന്നതായി നൂറുകണക്കിനാളുകള്‍ അറിയിക്കുന്നുണ്ട്.

Photo Courtesy - Google