ഓണപൂജകൾക്കായി ശബരിമല നട നാളെ തുറക്കും

ഓണപൂജകൾക്കായി ശബരിമല നട നാളെ തുറക്കും

തിരുവനന്തപുരം∙ ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്രം ഓഗസ്റ്റ് 24ന് വൈകിട്ട് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

ഉത്രാട ദിനമായ ഓഗസ്റ്റ് 25ന് പുലർച്ചെ അഞ്ചിന് ഭക്തർക്ക് ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ക്ഷേത്ര ജീവനക്കാർക്കുമായി തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്. ഇത്തവണ മുതൽ തിരുവോണ സദ്യയുടെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നിർവഹിക്കും.

ഓണത്തോടനുബന്ധിച്ചുള്ള പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 28ന് രാത്രി 10ന് ശബരിമല നട അടയ്ക്കും.